കോവിഡ് മരുന്നിന്റെ അമിത വിലയും അവകാശവാദവും: ഗ്ലെന്‍മാര്‍ക്കിന് നോട്ടീസ്

കോവിഡ് 19 പ്രതിരോധത്തിന് 'ഫാരിഫ്ളൂ' എന്ന തങ്ങളുടെ മരുന്ന് ഫലപ്രദമാണെന്ന ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അവകാശവാദത്തില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ വി.ജി സോമാനി വിശദീകരണം തേടി.ഈ ആന്റിവൈറല്‍ മരുന്നിന്റെ വില നിശ്ചയിക്കുന്നതിനെക്കുറിച്ചും കമ്പനി വിശദീകരിക്കണമെന്ന് ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ പ്രതിരോധത്തിന് 14 ദിവസം മരുന്ന് കഴിക്കണമെന്നാണ് കമ്പനി പറയുന്നത്. ആദ്യ ദിവസം 18 ഗുളികയും പിന്നീടുള്ള ദിവസങ്ങളില്‍ പ്രതിദിനം 8 ഗുളിക വീതവും. ഇതനുസരിച്ചാണെങ്കില്‍ 122 ഗുളിക ആകെ കഴിക്കേണ്ടി വരും. 200 എം ജി ഗുളികയുടെ വില 103 രൂപയാണ്. ഇതിനായി മാത്രം ഏകദേശം 12,500 രൂപ ചെലവ് വരും. ഈ തുക സാധാരണക്കാരന് താങ്ങാവുന്നതിന് അപ്പുറമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയോട് ഡിസിജിഐ വിശദീകരണം തേടിയത്.ഗുളികയുടെ വില കുറയ്ക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പരാതി വ്യാപകമായതിനെത്തുടര്‍ന്ന് ഗുളികയുടെ വില 75 രൂപയാക്കി കുറച്ചിരുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങളുള്ള കൊറോണ ബാധിതര്‍ക്കും മരുന്ന് ഫലപ്രദമാണെന്നാണ് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദം ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞതിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ ഗ്ലെന്‍മാര്‍ക്കിന് കഴിഞ്ഞിട്ടില്ലെന്ന് ഡിസിജിഐ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it