ആമസോണ്‍ തീ കെടുത്താന്‍ 5 മില്യണ്‍ ഡോളര്‍ നല്‍കി ലിയനാഡോ ഡി കാപ്രിയോ

വന്‍ തീപിടുത്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ബ്രസീലിലെ ആമസോണ്‍ വനത്തിന്റെ സംരക്ഷണ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടന്‍ ലിയനാഡോ ഡി കാപ്രിയോ
അഞ്ച് മില്യണ്‍ ഡോളര്‍ (36 കോടിയിലേറെ രൂപ) സംഭാവന നല്‍കി. ആഗോള പരിസ്ഥിതിക്ക് കടുത്ത ഭീഷണിയായി മാറിയ ആമസോണ്‍ കാട്ടു തീ ഒതുക്കാന്‍ ബ്രസീല്‍ ഭരണകൂടം വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് താന്‍ നേതൃത്വം നല്‍കുന്ന പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലൈന്‍സ് വഴി ഡി കാപ്രിയോ ഈ തുക നല്‍കിയത്.

ആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ എന്തുകൊണ്ട് എല്ലാവരും മൗനം ഭജിക്കുന്നുവെന്ന് എന്ന് ഡി കാപ്രിയോ ചോദിച്ചിരുന്നു. അതേസമയം, ലോകത്തിന്റെ ആശങ്കകള്‍ ഏറിയപ്പോള്‍ ബ്രസില്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ഉണര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി. ഇതോടെ ജി7 അംഗരാജ്യങ്ങളുടെ 2.2 കോടി ഡോളര്‍ (157 കോടി രൂപ) അടിയന്തര സഹായം ഉള്‍പ്പെടെ ലോകമെമ്പാടുനിന്നും സഹായവര്‍ഷമെത്താനാരംഭിച്ചിട്ടുണ്ട്. കാട്ടുതീ അണയ്ക്കാനുള്ള വിമാനങ്ങള്‍ക്കായാണു ജി7 സഹായിക്കുക.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആമസോണ്‍ മഴക്കാടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതാനായി 1 കോടി പൗണ്ട് പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍. പൊതുസഭാസമ്മേളനത്തില്‍ ആമസോണ്‍കാടുകളെ സംരക്ഷിക്കാനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ജി-7 രാഷ്ട്രനേതാക്കള്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്ക് തീ പടര്‍ന്നിരുന്നു. തീയുടെ തീവ്രത കുറഞ്ഞെങ്കിലും സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്ന്് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വര്‍ഷം ഉണ്ടായതെന്ന് ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) ശേഖരി സാറ്റലൈറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആമസോണ്‍ മഴക്കാടുകളില്‍ 72000ത്തിലധികം തീ പിടിത്തങ്ങളുണ്ടായതായി ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും 40,000 അധികമാണിത്. ആമസോണ്‍ കാടുകളുടെ നശീകരണം അന്തരീക്ഷത്തിലേയ്ക്ക് വന്‍ തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളാന്‍ കാരണമാകുന്നു. വര്‍ദ്ധിച്ച കാര്‍ബണ്‍ പുറന്തള്ളല്‍ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നു എന്നും വെബ് സൈറ്റ് പറയുന്നു.

ഭൂമിയുടെ ശ്വാസകോശമെന്ന് ആമസോണ്‍ വനങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുമ്പോള്‍ ബ്രസീലിന്റെ മാത്രം സ്വത്താണതെന്നും ആമസോണ്‍ വനങ്ങളെ എങ്ങനെ ഉപയോഗിക്കാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പറയുന്നത്. വനനശീകരണത്തിനു മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്ന് വനസംരക്ഷണ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it