ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 04, 2020

കേരളത്തില്‍ കോവിഡ് മൂലം ഇന്ന് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.94 കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രോഗബാധിതരില്‍ 37 പേര്‍ വിദേശത്തു നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 7 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.മഹാരാഷ്ട്രയില്‍ നിന്നു വന്ന 23 പേര്‍ക്കും രോഗം ബാധിച്ചു.

ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍ എന്നവരാണു മരിച്ചത്.മൂന്ന് പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ജില്ല തിരിച്ച് പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്.

ഇന്ത്യയില്‍

രോഗികള്‍ :2,16,919 (ഇന്നലെ 2,07,615)

മരണം : 6,075 (ഇന്നലെ 5,815 )

ലോകത്ത്

രോഗികള്‍: 6,535,019 (ഇന്നലെ 6,378,238 )

മരണം: 386, 484 (ഇന്നലെ 380,250)

ഓഹരി വിപണിയില്‍ ഇന്ന്

തുടര്‍ച്ചയായ ആറു ദിവസങ്ങളിലെ ഉയര്‍ച്ചയ്‌ക്കൊടുവില്‍ ഓഹരി വിപണിക്ക് തിരിച്ചടി. സെന്‍സെക്‌സും നിഫ്റ്റിയും അടക്കം എല്ലാ സൂചികകളിലും ഇന്ന് തകര്‍ച്ചയായിരുന്നു. നിഫ്റ്റി 10000 ത്തില്‍ നിന്ന് താഴേക്ക് പോയില്ല എന്നതു മാത്രമാണ് ആശ്വാസം. 128.84 പോയ്ന്റ് (0.38 ശതമാനം) താഴ്ന്ന് സെന്‍സെക്‌സ് 33980.70 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 32.40 പോയ്ന്റ് (0.32 ശതമാനം) ഇടിഞ്ഞ്. 10029.10 പോയ്ന്റിലെത്തി. ഏകദേശം 1287 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1132 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 156 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

മിക്ക കേരള കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാകെ പോയ ദിവസമാണിന്ന്. എട്ടു കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 17 കമ്പനികളുടെ ഓഹരിവില കുറഞ്ഞപ്പോള്‍ നിറ്റ ജലാറ്റിന്റെയും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെയും വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ 8.15 ശതമാനം നേട്ടത്തോടെ റബ്ഫില ഇന്റര്‍നാഷണലാണ് മുന്നില്‍. ഓഹരി വില 2.25 രൂപ ഉയര്‍ന്ന് 29.85 രൂപയിലെത്തി. വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സിന്റെ ഓഹരി വില 5.20 രൂപ ഉയര്‍ന്ന് (8.13 ശതമാനം) 69.20 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 42 പൈസ ഉയര്‍ന്ന് (6.19 ശതമാനം) 7.20 രൂപയിലും കേരള ആയുര്‍വേദയുടേത് 2.70 രൂപ ഉയര്‍ന്ന് (5.48 ശതമാനം) 52 രൂപയിലും എത്തി. കെഎസ്ഇയുടെ ഓഹരി വിലയില്‍ 66.80 രൂപയുടെ (അഞ്ചു ശതമാനം) ഉയര്‍ച്ചയുണ്ടായി. 1402.80 രൂപയാണ് ഇന്ന്.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം: 4,280 രൂപ (ഇന്നലെ: 4,290 രൂപ )

ഒരു ഡോളര്‍ : 75.56 രൂപ (ഇന്നലെ: 75.41 രൂപ)

ക്രൂഡ് ഓയ്ല്‍ നിരക്ക്

WTI Crude 36.85 0.44
Brent Crude 39.57 0.22
Natural Gas 1.830 +0.009

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് ബാധ

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടില്‍ ഏകാന്ത നിരീക്ഷണത്തിലാണ്. കോവിഡ് ബാധിച്ച കേന്ദ്രസര്‍ക്കാരിലെ ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍. മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സേനാ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ തുടങ്ങിവര്‍ ആരെങ്കിലും അജയ് കുമാറുമായി അടുത്ത് ഇടപഴകിയോ എന്ന് വ്യക്തമല്ല. സൗത്ത് ബ്ലോക്കിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 35 പേരോട് വീടുകളില്‍നിന്ന് ജോലിചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലഡാക്കില്‍ സൈനിക പിന്മാറ്റം; ഇന്ത്യാ, ചൈന കമാന്‍ഡര്‍ തല ചര്‍ച്ച 6ന്

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ, ചൈന പ്രശ്‌നപരിഹാരത്തിന് ശനിയാഴ്ച കമാന്‍ഡര്‍ തല ചര്‍ച്ച നടക്കാനിരിക്കെ ഇരു സൈന്യവും നിയന്ത്രണ രേഖയില്‍ നിന്നു പിന്മാറ്റം നടത്തി. ചൈനീസ് സൈന രണ്ടു കിലോ മീറ്ററും ഇന്ത്യന്‍ സേന ഒരു കിലോമീറ്ററുമാണ് ഗാല്‍വാന്‍ താഴ് വര മേഖലയില്‍ പിന്മാറിയത്.

ആര്‍സിഇപി ചര്‍ച്ചകളിലേക്ക് ഇന്ത്യ മടങ്ങിയേക്കും

മേഖല സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത(ആര്‍സിഇപി) കരാറില്‍ ഒപ്പിടാനുള്ള ചര്‍ച്ചകളിലേക്ക് ഇന്ത്യ മടങ്ങിയേക്കും. അംഗരാജ്യങ്ങള്‍ ഇന്ത്യയെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായി കേന്ദ്രം സ്ഥിരീകരിച്ചു.ആര്‍സിഇപി സ്വതന്ത്ര്യവ്യാപാര കരാറില്‍ 16-ാമത്തെ അംഗമായി ഇന്ത്യയെ ചേര്‍ക്കാന്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍ അടക്കമുള്ള അംഗരാജ്യങ്ങള്‍ ശ്രമം തുടരുകയാണ്. കര്‍ഷകരുടെയും വ്യവസായികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് നവംബറിലാണ് മോദി സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.

ഇന്ത്യയും ഓസ്ട്രേലിയയും നിര്‍ണായക സൈനിക ഉടമ്പടിയില്‍ ഒപ്പിട്ടു.

ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരിക്കെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നിര്‍ണായക സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടെ ഒപ്പുവെച്ചത്. ഇതുള്‍പ്പെടെ ഏഴ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

കൊറോണ വൈറസ് നവംബറില്‍ തന്നെ ഇന്ത്യയില്‍ എത്തിയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍

ചൈനയിലെ വുഹാനില്‍നിന്ന് വ്യാപിച്ച കൊറോണ വൈറസിന്റെ പൂര്‍വ്വിക രൂപം 2019 നവംബര്‍ മുതല്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, വൈറസിന്റെ ഇന്ത്യന്‍ വിഭാഗത്തിലെ ഏറ്റവും പുതിയ പൊതുപൂര്‍വ്വികന്‍ (എംആര്‍സിഎ) 2019 ഡിസംബര്‍ 11-ഓടെ രാജ്യത്തെത്തിയിരുന്നു. നവംബര്‍ 26-നും ഡിസംബര്‍ 25-നും ഇടയില്‍ തെലങ്കാനയിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ അക്കാലത്ത് വലിയ തോതിലുള്ള കൊറോണ വൈറസ് പരിശോധനകള്‍ നടന്നിട്ടില്ലാത്തതിനാല്‍ തന്നെ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ വഴിയാണോ ഇത് ഇന്ത്യയിലെത്തിയത് എന്ന കാര്യം വ്യക്തമല്ല. ജനുവരി 30-നാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് -19 കേസ് സ്ഥിരീകരിക്കുന്നത്, കേരളത്തില്‍.

നാട്ടുകാര്‍ക്കു തൊഴില്‍ നല്‍കാന്‍ പകുതിയിലേറെ വിദേശികളെ കുവൈത്ത് ഒഴിവാക്കും

സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ ആസൂത്രിത നടപടിയുടെ ഭാഗമായി രാജ്യത്തെ പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടിവരുമെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ. കൊറോണ വൈറസ് ബാധയും എണ്ണ വിലയിടിവും ചേര്‍ന്ന് ഗള്‍ഫ് സമ്പദ്വ്യവസ്ഥയെ ഉലച്ചതോടെയാണ് ലക്ഷക്കണക്കിനു പ്രവാസി മലയാളികളുടെ ഉള്ളില്‍ തീ കോരിയിടുന്ന നിലപാട് രാജ്യത്തെ മാധ്യമ എഡിറ്റര്‍മാരുടെ മുന്നില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ബ്രിട്ടനില്‍ അഭയം തേടി മടക്കയാത്ര മല്യ വൈകിപ്പിക്കുന്നു

കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടനില്‍ രാഷ്ട്രീയാഭയത്തിനായി നല്‍കിയിട്ടുള്ള അപേക്ഷയുടെ മറവില്‍ ഇന്ത്യയിലേക്കുള്ള നിര്‍ബന്ധിത മടക്ക യാത്ര വൈകിപ്പിക്കുന്നതായി സൂചന. അദ്ദേഹത്തെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ലണ്ടനിലെ ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ തള്ളി.

ഭാരതി എയര്‍ടെലില്‍ ആമസോണ്‍ 200 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഡോട്ട്കോം ഭാരതി എയര്‍ടെല്ലില്‍ 200 കോടി ഡോളര്‍(15,105 കോടി രൂപ) നിക്ഷേപം നടത്തിയേക്കും. വളര്‍ന്നുവരുന്ന രാജ്യത്തെ ഡിജിറ്റല്‍ ഇക്കോണമിയെ ലക്ഷ്യമിട്ടാണ് യുഎസ് ടെക് ഭീമന്റെ വരവെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഭാരതി എയര്‍ടെലിന്റെ ഉടമസ്ഥാവകാശത്തില്‍ അഞ്ചു ശതമാനം വിഹിതമാകും ആമസോണിന് ലഭിക്കുക. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍ടെലിന് 30 കോടി വരിക്കാരുണ്ട്.

മോറട്ടോറിയം: പലിശ എഴുതിത്തള്ളാനാവില്ലെന്ന് സുപ്രീം കോടതിയോട് ആര്‍ബിഐ

ആറു മാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കരുതെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിര്‍ബന്ധിത പലിശ എഴുതിത്തള്ളല്‍ ബാങ്കുകള്‍ക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുമെന്നും ആര്‍ബിഐ മുന്നറിയിപ്പു നല്‍കി.

റബറിന്റെ ആഗോള ഉല്‍പാദനവും ഉപഭോഗവും ഈ വര്‍ഷം കുറയും

പ്രകൃതിദത്ത റബറിന്റെ ആഗോള ഉല്‍പാദനവും ഉപഭോഗവും ഈ വര്‍ഷം ഗണ്യമായി കുറയുമെന്ന് റബര്‍ ഉല്‍പാദകരാജ്യങ്ങളുടെ രാജ്യാന്തര സംഘടനയായ എ.എന്‍.ആര്‍.പി.സി. കൊറോണ പശ്ചാത്തലത്തില്‍ പുതുക്കിയ കാഴ്ചപ്പാട് അനുസരിച്ച് 2020 ല്‍ ലോക ആഗോള ഉല്‍പാദനം 4.7 ശതമാനം ഇടിഞ്ഞ് 13.130 ദശലക്ഷം ടണ്ണാകും. ഏപ്രിലില്‍ കണക്കാക്കിയതിനേക്കാള്‍ 3,03,000 ടണ്‍ കുറഞ്ഞ ആഗോള ഉല്‍പാദനമാണ് മെയ് മാസത്തെ എ.എന്‍.ആര്‍.പി.സി ബുള്ളറ്റിനിലെ അനുമാനത്തിലുള്ളത്.

'ഫോഴ്സ് മജ്യൂര്‍' പ്രകാരം അദാനി ഗ്രൂപ്പ് വിമാനത്താവള ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നു

കൊറോണ പ്രതിസന്ധിയുടെ പിടിയില്‍ അദാനി ഗ്രൂപ്പും. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ ഏറ്റെടുക്കാനുള്ള കരാര്‍ നടപ്പാക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് 'ഫോഴ്സ് മജ്യൂര്‍' വ്യവസ്ഥ പ്രകാരം സമയ പരിധി നീട്ടി ആവശ്യപ്പെട്ടിരിക്കുകയാണ് അദാനി.

14,000 ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനും മാറ്റം വരുത്താനും അവസരമൊരുക്കി രാജ്യത്തൊട്ടാകെ 14,000ത്തോളം ആധാര്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബാങ്ക്, ബിഎസ്എന്‍എല്‍ തുടങ്ങിയവയ്ക്കാണ് ആധാര്‍ കേന്ദ്രങ്ങളുടെ ചുമതല. വിലാസം പുതുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ ചെയ്യാന്‍ കഴിയുമെങ്കിലും പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ആധാര്‍ സെന്ററിലെത്തണം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ഇവിടെയെത്തി സേവനം തേടാം.

എം.പി ദിനേശ് കെഎസ്ആര്‍ടിസി മാനേജിങ് ഡയറ്കടര്‍ സ്ഥാനം ഒഴിയുന്നു

കെഎസ്ആര്‍ടിസി മാനേജിങ് ഡയറ്കടര്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് ഓഫീസറായ എം.പി ദിനേശ് സര്‍ക്കാരിന് കത്ത് നല്‍കി.ലോക്ക്ഡൗണിന്റെ പശ്താത്തലത്തില്‍ കെഎസ്ആര്‍സിയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുമ്പോഴാണ് ദിനേശ് വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നത്. നാല് വര്‍ഷത്തിനിടെ വന്ന അഞ്ചാമത്തെ എം.ഡിയാണദ്ദേഹം.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല

സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് പരീക്ഷണ സംപ്രേഷണമാണന്നും യഥാര്‍ത്ഥ ക്ലാസുകള്‍ ജൂണ്‍ 14 നേ തുടങ്ങു എന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയ കോടതി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവെയ്ക്കണമെന്ന ആവശ്യം നിരസിച്ചു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it