ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 05, 2020

സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി.

പാലക്കാട്ട് മാത്രം ഇന്ന് നാല്‍പ്പത് പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കോവിഡ് . പത്തനംതിട്ടയില്‍ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് സംസ്ഥാനത്ത് എത്തിയത്. 30363 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,46670 പേര്‍ വന്നു. ഇവരില്‍ 93783 പേര്‍ തീവ്രരോഗവ്യാപന മുള്ള മേഖലയില്‍ നിന്ന് എത്തിയവരാണ്. 63 ശതമാനം പേര്‍. റോഡ് വഴി 79 ശതമാനവും റെയില്‍ വഴി 10.81, വിമാനം വഴി 9.41 ശതമാനം പേരും വന്നു. തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍ വന്നത്.

ഇന്ത്യയില്‍

രോഗികള്‍ : 229,594 (ഇന്നലെ 2,16,919)

മരണം : 6,381 (ഇന്നലെ6,075 )

ലോകത്ത്

രോഗികള്‍: 6,737,606 (ഇന്നലെ 6,535,019)

മരണം: 393,775 (ഇന്നലെ 386, 484)

ഓഹരി വിപണിയിൽ ഇന്ന്

തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഓഹരി സൂചിക നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ആറു ശതമാനം നേട്ടമാണ് ഈ ആഴ്ചകളില്‍ ഉണ്ടാക്കിയത്. തുടര്‍ച്ചയായ ആറു ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ വിപണി സൂചിക താഴ്‌ന്നെങ്കിലും ഇന്നു നേട്ടം വീണ്ടെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ദേശീയ തലത്തില്‍ സ്വാധീനിക്കത്തക്ക ഘടകങ്ങളുടെ അഭാവത്തില്‍ ആഗോള വിപണിയെ പിന്‍പറ്റിയതാണ് വിപണിയെ ഇന്ന് നേട്ടത്തിലെത്തിച്ചത്. ധനകാര്യ സ്ഥാപനങ്ങളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഏകദേശം 2028 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 505 ഓഹരികളുടെ വിലിയിടിഞ്ഞു. 131 ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. രണ്ടു കമ്പനികളുടെ ഓഹരി വിലമാത്രമാണ് ഇടിഞ്ഞത്. നേട്ടമുണ്ടാക്കിയ ഓഹരികളില്‍ കിറ്റെക്‌സാണ് മുന്നില്‍. 13.8 ശതമാനം നേട്ടം. ഓഹരി വിലയില്‍ 13.85 രൂപയാണ് ഇന്ന് വര്‍ധനയുണ്ടായത്. വില 114 രൂപയിലെത്തി. കേരള ആയുര്‍വേദയുടെ ഓഹരി വില 4.70 രൂപ ഉയര്‍ന്ന് (9.16 ശതമാനം) 56 രൂപയിലും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വില 10.95 രൂപ ഉയര്‍ന്ന് (8.22 രൂപ) 144.20 രൂപയിലും എത്തി. ഇന്‍ഡിട്രേഡ് 8.19 ശതാനം നേട്ടമുണ്ടാക്കി. 1.85 രൂപ വര്‍ധിച്ച് വില 24.45 രൂപയിലെത്തി. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 4.20 രൂപ വര്‍ധിച്ച് (6.69 ശതമാനം)66.95 രൂപയിലും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വില 1.25 രൂപ ഉയര്‍ന്ന് (5.95 ശതമാനം) 22.25 രൂപയിലും എത്തി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം: 4280 രൂപ (ഇന്നലെ: 4,280 രൂപ )

ഒരു ഡോളര്‍ : 75.62 രൂപ (ഇന്നലെ: 75.56 രൂപ)

ക്രൂഡ് ഓയിൽ നിരക്ക്

WTI Crude 39.00 +4.25%

Brent Crude 41.96 +4.93%

Natural Gas 1.833 +0.60%

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

കോവിഡ് ചികിത്സാ ചെലവ് നികത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തോട് മറുപടി തേടി സുപ്രീം കോടതി

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ചെലവ് നികത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ട ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ് കേസില്‍ ഒരാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.

അതിഥി തൊഴിലാളികളുടെ മടക്കത്തോടെ ഗ്രാമീണ ഇന്ത്യ കൊറോണയുടെ പിടിയിലേക്ക്

അതിഥി തൊഴിലാളികളുടെ മടക്കത്തോടെ ഗ്രാമീണ ഇന്ത്യ കൊറോണ വൈറസിന്റെ പിടിയിലാകുന്നുവെന്ന് ആശങ്ക. പല സംസ്ഥാനങ്ങളിലും ഗ്രാമീണ ജില്ലകളില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. അതിഥി തൊഴിലാളികള്‍ പല സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലേക്കു മടങ്ങിയെത്തുന്നതാണ് ഇത്തരത്തില്‍ കുതിച്ചുകയറ്റത്തിനു കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.സംസ്ഥാനങ്ങളുമായി ആലോചിച്ച് അതിഥിതൊഴിലാളികളെ മടക്കിയെത്തിച്ചതിനുശേഷമാണ് കര്‍ശന ലോക്ഡൗണ്‍ നടപ്പാക്കേണ്ടിയിരുന്നതെന്ന വിമര്‍ശനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഗ്രാമീണമേഖലയില്‍നിന്ന് എത്തുന്നത്.

ഇന്ത്യ- ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച നാളെ

ലഡാക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ നാളെ രാവിലെ എട്ടു മണിക്ക് ചുസുള്‍- മോള്‍ദൊ അതിര്‍ത്തി പോയിന്റില്‍ നടക്കും. ഇരുസേനകളുടെയും ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള സൈനികോദ്യോഗസ്ഥരാകും ചര്‍ച്ചയില്‍ പങ്കെടുക്കുക. സൈനിക തലത്തില്‍ നടന്ന വിവിധ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ലഫ്റ്റനന്റ് ജനറല്‍ തലത്തില്‍ ചര്‍ച്ച നടക്കുന്നത്.

ഡാമുകളുടെ കാര്യത്തില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടന്ന് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും

സംസ്ഥാനത്തെ ഡാമുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടന്ന് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.ഡാമുകളിലെ ജലനിരപ്പ് സുഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി അടിയന്തരഘട്ടങ്ങളില്‍ വെള്ളം ഒഴുക്കിവിടാന്‍ ജില്ലാ ഭരണകുടങ്ങള്‍ക്ക് നിര്‍ദേശം നല്‍കയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചതായി പഠനത്തില്‍ വ്യക്തമായി. മാര്‍ച്ച് ആദ്യം മുതല്‍ മെയ് വരെയുള്ള കാലയളവില്‍ വായുവിലെ അപകടകരമായ രാസസംയുക്തങ്ങളുടെ അളവ് വലിയ തോതില്‍ കുറഞ്ഞതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ തെളിയിക്കുന്നു. അടച്ചുപൂട്ടലില്‍ നിരത്തില്‍ വാഹനങ്ങള്‍ കുറഞ്ഞതും ഫാക്ടറികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതുമാണ് വായുവിന്റെ ഗുണനിലവാരം (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പോയിന്റ്-എക്യൂഐപി) ഉയര്‍ത്തിയത്.പ്രാഥമിക കണക്കുകള്‍ പ്രകാരം 35-40 ശതമാനം വരെ മലിനീകരണം കുറഞ്ഞു. സംസ്ഥാനത്തെ 38 സ്റ്റേഷനുകളിലാണ് വായുഗുണനിലവാരം അളക്കുന്നത്. അവിടങ്ങളിലെല്ലാം നല്ല മാറ്റം കാണുന്നതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയണ്‍മെന്റ് എന്‍ജിനിയര്‍ പി കെ ബാബുരാജന്‍ പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്തു. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ നേതാവായിരുന്ന ഖാര്‍ഗെ 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് ഖാര്‍ഗെ. ജൂണ്‍ 19 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.

കോവിഡ് മൂലം മാറ്റിയ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിന്

കോവിഡ്-19 ഭീതിയെ തുടര്‍ന്നു മാറ്റിവയ്‌ക്കേണ്ടിവന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനായിരിക്കും പരീക്ഷ. നേരത്തേ മേയ് 31ന് നടത്തുന്നതിനായിരുന്നു തീരുമാനം. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും.

പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കോവിഡ്

പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജാബിനും കോവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ പേഴ്സണ്‍ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതര്‍ ക്വാറന്റീനിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നാണ് വിവരങ്ങള്‍.
2003-ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

എസ്.ബി.ഐ ത്രൈമാസ ലാഭം നാലിരട്ടി വര്‍ദ്ധിപ്പിച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 2019-20 മാര്‍ച്ച് പാദത്തില്‍ നാലരിട്ടി വര്‍ധന രേഖപ്പെടുത്തി. 3,580.81 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 838.40 കോടി രൂപയായിരുന്നു അറ്റാദായം.

കോവിഡ്: 82 % പേര്‍ സാമ്പത്തിക തളര്‍ച്ചയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കോവിഡ് സാരമായി ബാധിച്ചെന്ന നിരീക്ഷണവുമായുള്ള രാജ്യവ്യാപക സര്‍വേ റിപ്പോര്‍ട്ട് ഡിജിറ്റല്‍ ലെന്റിങ് പ്ലാറ്റ്‌ഫോം ഇന്ത്യലെന്‍ഡ്‌സ് പ്രസിദ്ധീകരിച്ചു.ശമ്പളം വെട്ടിക്കുറയ്ക്കലും മാറ്റിവയ്ക്കലും സാധാരണമായതും ബിസിനസ്സിലെ വരുമാനനഷ്ടവും മൂലം സാമ്പത്തിക തകര്‍ച്ച നേരിട്ടതായി 82 ശതമാനം ആളുകളും വ്യക്തമാക്കി.

ലോക്ഡൗണ്‍ കോവിഡിനെ തടഞ്ഞില്ല; പകരം ജി.ഡി.പിയെ തളര്‍ത്തി - രാജീവ് ബജാജ്

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ഡൗണ്‍ കോവിഡിനെ തുരത്തുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയാണ് ചെയ്തതെന്ന് പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ എംഡിയുമായ രാജീവ് ബജാജ്. രാഹുല്‍ ഗാന്ധി എംപിയുമായി നടത്തിയ വിഡിയോ സംഭാഷണത്തിലാണു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ രാജീവ് ചൂണ്ടിക്കാട്ടിയത്

ആമസോണ്‍ ബലത്തില്‍ സുനില്‍ മിത്തലിന്റെ തിരിച്ചുവരവ്

ടെലികോം വ്യവസായത്തിലെ അനിശ്ചിത സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വന്‍ തിരിച്ചുവരവിലേക്ക് ഭാരതി എയര്‍ടെല്‍. 2 ബില്യണ്‍ ഡോളര്‍ ഓഹരി വാങ്ങാന്‍ ആമസോണ്‍ ഡോട്ട് കോം താത്പര്യം പ്രകടിപ്പിച്ചതിന്റെ ആവേശത്തിലാണ് ജിയോയ്ക്ക് മുമ്പ് വരെ ടെലികോം രംഗത്തെ രാജാവായിരുന്ന എയര്‍ടെല്‍ ഇപ്പോള്‍. ആമസോണുമായി ഒരു കരാറിലും ഭാരതി എയര്‍ടെല്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുള്ള പ്രചാരണം ഇതിനിടെ തുടരുന്നുമുണ്ട്.പേയ്‌മെന്റുകള്‍, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഇ-കൊമേഴ്‌സ് ഡിവിഷനുകളില്‍ ബിസിനസ് വ്യാപിപ്പിക്കാനാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം. യുഎസ് ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണുമായുള്ള കരാര്‍ ഭാവിയില്‍ നടന്നാല്‍ ഇന്ത്യന്‍ വയര്‍ലെസ് കാരിയറിന്റെ 300 ദശലക്ഷം വരിക്കാരെ ആമസോണിന് ലഭിച്ചേക്കും.

മൂല്യമേറിയ 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണും

ഓഹരിവില ഒരു മാസത്തിനിടെ ഇരട്ടിയിലേറെ വര്‍ധിച്ചതിലൂടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍ ഐഡിയ വീണ്ടും സ്ഥാനം പിടിച്ചു. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96-ാംസ്ഥാനത്താണ് വോഡാഫോണ്‍ ഐഡിയ ഇപ്പോള്‍. 2019 നവംബര്‍ 11-ലെ കണക്കുപ്രകാരം 243-ാമത്തെ റാങ്കായിരുന്നു കമ്പനിക്കുണ്ടായിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it