ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബർ 01, 2020

സെപ്റ്റംബറില്‍ മാത്രം സര്‍ക്കാര്‍ ശേഖരിച്ചത് 95,480 കോടി ജിഎസ്ടി തുക

ചരക്ക് സേവന നികുതിയായി സെപ്റ്റംബറില്‍ സര്‍ക്കാര്‍ ശേഖരിച്ചത് 95.480 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാനമാണിത്. ഓഗസ്റ്റ് മാസത്തെക്കാള്‍ 10.4 ശതമാനം കൂടുതലാണ് സെപ്റ്റംബറിലേത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ നാല് ശതമാനം അധികവരുമാനവുമാണ് ഇത്തവണത്തേതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ധനകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ ജിഎസ്ടി 17,741 കോടി രൂപ, സ്റ്റേറ്റ് ജിഎസ്ടി 23,131 കോടി രൂപ, സംയോജിത ജിഎസ്ടി 47,484 കോടി രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഇറക്കുമതി തീരുവ 22, 442 കോടി രൂപയും ഉള്‍പ്പെടുന്നു. സെസ് പിരിവ് 7,124 കോടി രൂപയും ചരക്ക് ഇറക്കുമതിയില്‍ നിന്നും 788 കോടി രൂപയും നേടി.

പെട്രോള്‍ വില്‍പ്പനയില്‍ രണ്ടുശതമാനം വര്‍ധന

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായി പെട്രോള്‍ വില്‍പ്പനയില്‍ വര്‍ധന. സെപ്തംബറില്‍ പെട്രോള്‍ വില്‍പ്പനയില്‍ രണ്ടുശതമാനം വര്‍ധനയുണ്ടായതായാണ് പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഡീസല്‍ വില്‍പ്പന ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. പെട്രോള്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ പറയുന്നു. തൊട്ടുമുന്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.5 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25നുശേഷം ഇതാദ്യമായാണ് പെട്രോള്‍ വില്‍പ്പനയില്‍ ശുഭസൂചന കാണുന്നത്. പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിക്കാതെ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ടാണ് ഇതുണ്ടായിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിലും ചരക്ക് നീക്കത്തിലുമെല്ലാം മാന്ദ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ഡീസല്‍ വില്‍പ്പന കൂടാത്തത്.

അനുയോജ്യമായ സമയത്ത് ഉത്തേജക പാക്കേജ്: നിര്‍മല സീതാരാമന്‍

സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് ശിഥിലമായാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബിസിനസ് സ്റ്റാര്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. സമ്പദ് വ്യവസ്ഥയില്‍ എന്ന് തിരിച്ചുകയറ്റമുണ്ടാകുമെന്ന് പറയാനാകില്ലെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കുന്നു. ഡിമാന്റും കണ്‍സ്യൂമര്‍ സ്പെന്‍ഡിംഗും കൂട്ടാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ലെന്ന ആരോപണം തള്ളിയ കേന്ദ്രധനമന്ത്രി അനുയോജ്യമായ സമയത്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നും ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പ്രശ്നത്തിന്റെ സ്വഭാവം ഗൗരവമുള്ളതാണ്. സര്‍ക്കാര്‍ എല്ലാവരുമായി കൂടിയാലോചിച്ച് വരികയാണ്. എന്നിരുന്നാലും ഈ ഘട്ടത്തില്‍ പുതിയ ഉത്തേജക പാക്കേജുകളെ കുറിച്ച് ഉറപ്പ് പറയാനാകില്ലെന്ന് നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചു. ഇപ്പോഴത്തെ പ്രതിസന്ധികള്‍ സര്‍ക്കാര്‍ അവസരമാക്കി മാറ്റിയെന്നും വിവിധ രംഗങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബഹുരാഷ്ട്ര കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍; സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു

ലോക സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരല്‍ അത്ര എളുപ്പമല്ലെന്ന സൂചന നല്‍കി അമേരിക്കയില്‍ നിന്ന് കൂട്ട പിരിച്ചുവിടല്‍ വാര്‍ത്തകള്‍. 24 മണിക്കൂറിനിടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത് നിരവധി ബ്ലൂ ചിപ് കമ്പനികളാണ്. എനര്‍ജി രംഗം മുതല്‍ ഫിനാന്‍സ് രംഗത്തുവരെയുള്ള കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കയിലെ റിസോര്‍ട്ട് ബിസിനസ് രംഗത്തെ മാന്ദ്യത്തെ തുടര്‍ന്ന് വാള്‍ട്ട് ഡിസ്‌നി 28,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനമാണിത്.

ജിയോ വരിക്കാരില്‍ 87 ദശലക്ഷം പേരും ജൂണില്‍ 4ജി സേവനം ഉപയോഗിച്ചില്ല

റിലയന്‍സ് ജിയോ വരിക്കാരില്‍ 87 ദശലക്ഷം പേരും 2020 ജൂണില്‍ 4ജി സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് റിപ്പോര്‍ട്ട്. 397 ദശലക്ഷം ആക്റ്റീവ് ഉപയോക്താക്കള്‍ ജിയോയ്ക്ക് വരുമാനം നേടിക്കൊടുക്കുന്നുണ്ടെങ്കിലും ജൂണില്‍ രേഖപ്പെടുത്തിയ ആകെ വരിക്കാരില്‍ 87 ദശലക്ഷം നിര്‍ജീവ സിമ്മുകള്‍ ആണെന്നാണ് കണ്ടെത്തല്‍. ഭാരതി എയര്‍ടെല്ലിന് വരുമാനം നേടിക്കൊടുക്കുന്ന ഉപയോക്താക്കളേക്കാള്‍ 10 ശതമാനം കൂടുതലാണ് സജീവമായി സിം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരെന്നും റിപ്പോര്‍ട്ട്. കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍മാസത്തിലെ ജിയോയുടെ വരുമാനവും എയര്‍ടെല്ലിന്റെ വരുമാനവും തമ്മില്‍ അന്തരമുണ്ടെങ്കിലും 4ജി സിം സേവനം തുടര്‍ച്ചയായി ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ജിയോയുടേത് 310 ദശലക്ഷവും എയര്‍ടെല്ലിന്റേത് 311 ദശലക്ഷവുമാണ്.

കണ്ടന്റ് പബ്ലിഷേഴ്‌സിന് ഒരു ലക്ഷം കോടി ഡോളര്‍ നല്‍കാനൊരുങ്ങി ഗൂഗ്ള്‍

ആല്‍ഫബെറ്റ് ഇന്‍കിന്റെ ഗൂഗ്ള്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ കണ്ടന്റ് പബ്ലിഷേഴ്‌സിനായി ഒരു ലക്ഷം കോടി ഡോളര്‍ നല്‍കാന്‍ ഒരുങ്ങുന്നു. വരുന്ന മൂന്നു വര്‍ഷത്തേക്കാകും ഇത് സംബന്ധിച്ച് കരാര്‍ തയ്യാറാകുക എന്ന് സിഇഓ സുന്ദര്‍ പിച്ചൈ വ്യാഴാഴ്ച അറിയിച്ചു. ഗൂഗ്ള്‍ ന്യൂസ് ഷോ കേസ് എന്ന പേരില്‍ വാര്‍ത്തകളെത്തിക്കുന്ന പുതിയ സംരംഭത്തിന് ജെര്‍മനിയില്‍ തുടക്കം കുറിക്കുമെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

സെപ്റ്റംബറില്‍ ഏറ്റവും ഉയര്‍ന്ന റീട്ടെയ്ല്‍ സെയ്ല്‍സ് സ്വന്തമാക്കി കിയ മോട്ടോഴ്‌സ്

സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന റീട്ടെയ്ല്‍ സെയ്ല്‍സ് സ്വന്തമാക്കിയതായി കിയ മോട്ടോഴ്‌സ് ഇന്ത്യ. കോപാക്റ്റ് എസ് യു വി വിഭാഗത്തിലെ ഏറ്റവും പുതിയ കിയ മോഡല്‍ സോണെറ്റ് ബുക്കിംഗിലൂടെയാണ് തങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നു. സെപ്റ്റംബര്‍ 2019 ല്‍ 7554 യൂണിറ്റുകള്‍ സെയ്ല്‍സ് രേഖപ്പെടുത്തിയ കമ്പനി ഈ വര്‍ഷം സെപ്റ്റംബറില്‍ 18, 676 യൂണിറ്റുകള്‍ സെയ്ല്‍ നടത്തിയതായി കണക്കുകള്‍. ലോഞ്ച് നടന്ന് വെറും 12 ദിവസത്തില്‍ തന്നെ സോണെറ്റ് 9,266 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടതായി കമ്പനി പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കുന്നു.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30

2018-19 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ വൈകി സമര്‍പ്പിക്കാനും തിരുത്തി സമര്‍പ്പിക്കാനുമുള്ള സമയം നവംബര്‍ 30 വരെ നീട്ടി. 2019-20 ലെ റിട്ടേണ്‍ നല്‍കാനുള്ള അവസാന തീയ്യതിയും നവംബര്‍ 30 ആണ്. ലൈസന്‍സും ആര്‍സിയും ഡിജിറ്റലായി സൂക്ഷിക്കാം, മധുരത്തിന് കാലാവധി; അറിയാം ഇന്നുമുതലുള്ള പത്ത് മാറ്റങ്ങള്‍.

ലോക്ഡൗണില്‍ വിമാനയാത്ര റദ്ദാക്കിയവര്‍ക്ക് പണം പോകില്ല; റീഫണ്ട് നല്‍കാന്‍ തീരുമാനമായി

ലോക്ക് ഡൗണില്‍ വിമാന സര്‍വീസ് റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. പല റൂട്ടിലേക്കും വിമാനയാത്ര പുനസ്ഥാപിക്കപ്പെട്ടതുമുതല്‍ റീഫണ്ട് സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നത് സംബന്ധിച്ച അപേക്ഷകളുടെ പ്രളയമായിരുന്നു. പ്രവാസി ലീഗല്‍ സെല്‍, എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ എന്നിവര്‍ റീഫണ്ട് സംബന്ധിച്ച് പെറ്റീഷനും ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വിമാന കമ്പനികള്‍ സ്വീകരിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ )അറിയിക്കുകയായിരുന്നു. ഈ ശുപാര്‍ശയ്ക്ക് ഇപ്പോള്‍ സുപ്രീംകോടതി അംഗീകാരം ലഭിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ മൂലം വിമാനക്കമ്പനികള്‍ റദ്ദാക്കിയ ഫ്ളൈറ്റ് യാത്രയുടെ ടിക്കറ്റ് നിരക്കാകും യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുക. മാര്‍ച്ച് 25 ന് ശേഷം മെയ് 24 വരെ ക്യാന്‍സല്‍ ആക്കിയ എല്ലാ വിമാന യാത്രാ നിരക്കും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് അറിയുന്നത്. റീഫണ്ട് നല്‍കിയില്ലെങ്കില്‍ 2021 മാര്‍ച്ച് 31 ന് മുമ്പായി നടത്തുന്ന യാത്രകളില്‍ ഈ ഫണ്ട് മറ്റ് യാത്രാ ബുക്കിംഗില്‍ ഇളവ് ചെയ്യാനുള്ള 'ക്രെഡിറ്റ് ഷെല്‍' ഓപ്പണ്‍ ചെയ്യാനാണ് കമ്പനികള്‍ക്ക് കോടതിയുടെ നിര്‍ദേശം.

ഗാന്ധി ജയന്തിയും വിജയദശമിയും മറ്റ് പൊതു അവധികളും; ഈ മാസം 14 ദിവസത്തോളം പല ബാങ്കുകളും അവധി

ഗാന്ധിജയന്തി, വിജയദശമി, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, ഞായറാഴ്ച തുടങ്ങി ഈ മാസം ബാങ്കുകള്‍ക്ക് 14 ദിവസം വരെ അവധി ദിനങ്ങളായേക്കും. എല്ലാ മാസത്തെയും ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഇന്ത്യയിലെ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ക്ക് അവധിയാണ്. ഇതോടൊപ്പം ഈ മാസത്തെ മറ്റ് പൊതു അവധികള്‍ കൂടിയാകുമ്പോള്‍ മിക്ക ബാങ്കുകളും ഒക്റ്റോബറില്‍ 14 ദിവസത്തോളം അടച്ചിടും. 14 ദിവസം അവധി ചിലപ്പോള്‍ റീജ്യന്‍, ബാങ്ക് എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.എങ്കിലും ഏഴ് ദിവസങ്ങള്‍ എല്ലാ സംസ്ഥാനത്തെയും എല്ലാ ബാങ്കിനും അവധിയാണ്.

സംരംഭങ്ങളിലെ കയറ്റിറക്കിന് ഇനിമുതല്‍ ഇഷ്ടമുള്ള യന്ത്രങ്ങളും ജോലിക്കാരെയും ഉപയോഗിക്കാം

വ്യവസായ സ്ഥാപനങ്ങളില്‍ കയറ്റിറക്ക് സംബന്ധിച്ച് യൂണിയന്‍ പ്രവര്‍ത്തകരുടെ ഇടപെടലുകളും വാക്കു തര്‍ക്കങ്ങളും പതിവായത് സംരംഭകര്‍ക്ക് തലവേദനയായിരുന്നു. എന്നാല്‍ ആര്‍ക്കും ചരക്കുകള്‍ കയറ്റിറക്കാനും ഏത് യന്ത്രങ്ങളും ഇതിനായി ഉപയോഗപ്പെടുത്താനുമുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. അതായത് രജിസ്റ്റര്‍ ചെയ്ത ചുമട്ടു തൊഴിലാളികള്‍ക്ക് അതാത് പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലെ കയറ്റിറക്കു സംബന്ധിച്ച കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാനാകില്ല എന്നതാണ് വാസ്തവം. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി കേരളത്തിലെ ചുമട്ടു തൊഴിലാളി നിയമം തന്നെ ഭേദഗതി ചെയ്തിട്ടുണ്ട്.

കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിക്ഷേപ പ്രോത്സാഹന സൗകര്യമൊരുക്കല്‍ ഓര്‍ഡിനന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ വ്യവസായ സ്ഥാപനങ്ങളിലെ കയറ്റിറക്കിന് സംരംഭകര്‍ക്ക് എവിടെനിന്നുമുള്ള ജോലിക്കാരെ ഉപയോഗിക്കാമെന്നായിട്ടുണ്ട്. ഈ ആവശ്യത്തിനായി ഇഷ്ടമുള്ള യന്ത്രങ്ങളും എത്തിക്കാം, ഉപയോഗിക്കാം.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍

കോവിഡ് വ്യാപനം വന്നതുമുതല്‍ പേമെന്റുകളെല്ലാം കാര്‍ഡ് വഴിയും ഡിജിറ്റലുമൊക്കെ ആക്കിയിരിക്കുകയാണ് നമ്മളെല്ലാവരും. എന്നാല്‍ ഇതുവരെയുള്ള ഉപയോഗക്രമത്തില്‍ നിന്നും ഇവയ്ക്കെല്ലാം ഇന്നുമുതല്‍ മാറ്റം വരുകയാണ്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നുള്ള ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2020 ഒക്റ്റോബര്‍ 1 മുതല്‍ ഇവ പ്രാബല്യത്തില്‍ വരുന്നു. ഇന്നു മുതല്‍ നിങ്ങള്‍ക്കും ബാധകമാകുന്ന ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ധനലക്ഷ്മി ബാങ്ക് സിഇഒയെ പുറത്താക്കി

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ ഓഹരി ഉടമകള്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പുറത്താക്കി. ഗുര്‍ ബക്‌സാനിയുടെ നിയമനത്തിനെതിരെ 90 ശതമാനത്തിലധികം വോട്ടുകളാണ് ഓഹരിയുടമകള്‍ രേഖപ്പെടുത്തിയത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകളിലൂടെ വോട്ടിംഗ് ഫലങ്ങള്‍ പരസ്യമാക്കി. കഴിഞ്ഞയാഴ്ച ലക്ഷ്മി വിലാസ് ബാങ്കിലും ഇതേ സംഭവം നടന്നിരുന്നു. 60 ശതമാനം ഓഹരിയുടമകളും എംഡിയും സിഇഒയുമായ എസ് സുന്ദര്‍ ഉള്‍പ്പെടെ ഏഴ് ഡയറക്ടര്‍മാര്‍ക്കെതിരെ വോട്ട് ചെയ്തിരുന്നു.

ഒക്‌റ്റോബര്‍ ആദ്യം തന്നെ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 80 രൂപ കുറഞ്ഞ് 37280 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ 24ന് പവന് 36720 രൂപയായിരുന്നു. സ്വര്‍ണത്തിന് കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. എന്നാല്‍ 28ാം തീയതി മുതലാണ് സെപ്റ്റംബറിലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. റീട്ടെയ്ല്‍ വിപണിയിലെ വില്‍പ്പന വീണ്ടും ഇടിഞ്ഞു. ആഭ്യന്തര വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. എംസിഎക്സിലെ സ്വര്‍ണ്ണ ഫ്യൂച്ചര്‍ 10 ഗ്രാമിന് 0.06 ശതമാനം ഇടിഞ്ഞ് 50,305 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചേഴ്‌സ് 0.25 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,055 രൂപയിലെത്തി.

ഇളവുകള്‍ തുണയായി, നേട്ടമുണ്ടാക്കി സൂചികകള്‍

ലോക്ക് ഡൗണിലെ അഞ്ചാംഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതും ജിഎസ്ടി കളക്ഷനില്‍ ഉണ്ടായ ഉയര്‍ച്ചയും ഏഷ്യന്‍ വിപണികളില്‍ പൊതുവായുണ്ടായ ഉണര്‍വും ഓഹരി സൂചികയില്‍ നേട്ടമായി. സെന്‍സെക്‌സ് 629 പോയ്ന്റ് ഉയര്‍ന്ന് 38697.05 പോയ്ന്റിലും നിഫ്റ്റി 169 പോയ്ന്റ് ഉയര്‍ന്ന് 11416.95 പോയ്ന്റിലും എത്തി. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐറ്റിസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവയ്ക്ക് കാലിടറി.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളില്‍ ഭൂരിഭാഗവും നേട്ടം കൊയ്ത ദിനമാണിന്ന്. 22 ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്. എന്നാല്‍ നാലെണ്ണത്തിന് നേട്ടം കൈവരിക്കാനാകാതെ വരികയും ഒരെണ്ണത്തിന്റെ വിലയില്‍ മാറ്റമൊന്നും ഇല്ലാതിരിക്കുകയും ചെയ്തു. 9.47 ശതമാനം വില ഉയര്‍ന്ന കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള ഓഹരി. 11.70 രൂപ വര്‍ധിച്ച് 135.20 രൂപയായി.

കോവിഡ് അപ്‌ഡേറ്റ്‌സ്കേരളത്തില്‍ ഇന്ന് :

രോഗികള്‍: 8135 , ഇന്നലെ :8830
മരണം : 29 , ഇന്നലെ: 23

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 2,04,241 , ഇന്നലെ വരെ :1,96,106
മരണം : 771 , ഇന്നലെ വരെ :742

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 6,312,584 , ഇന്നലെ വരെ : 6,225,763

മരണം : 98,678 , ഇന്നലെ വരെ : 97,497

ലോകത്ത് ഇതുവരെ:

രോഗികള്‍: 33,881,272, ഇന്നലെ വരെ : 33,561,081

മരണം : 1,012,980 , ഇന്നലെ വരെ : 1,006,576

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it