ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 4, 2021

സെബിയുടെ വിലക്ക് റിലയന്‍സ് കരാറിനെ ബാധിക്കില്ലെന്ന് ഫ്യൂച്ചര്‍ റീറ്റെയ്ല്‍
ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ചെയര്‍പേഴ്സണ്‍ കിഷോര്‍ ബിയാനിക്കും മറ്റ് ചില പ്രൊമോട്ടര്‍മാര്‍ക്കും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്നുള്ള സെബിയുടെ വിലക്ക് റിലയന്‍സുമായുള്ള കരാറിനെ ബാധിക്കില്ലെന്ന് കമ്പനി. ഒരു വര്‍ഷത്തെ വിലക്കാണ് കിഷോര്‍ ബിയാനി ഉള്‍പ്പെടെ നാലു പേര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഫ്യൂച്ചര്‍ റീറ്റെയ്ല്‍ വ്യാപാരത്തില്‍ നിന്ന് രണ്ട് വര്‍ഷത്തെ വിലക്കും ഒരു കോടി രൂപ പിഴയും ഇത് കൂടാതെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ റിലയന്‍സുമായുള്ള 24,713 കോടി രൂപയുടെ ഇടപാടിനെ ഇതൊന്നും ബാധിക്കില്ലെന്ന് ഫ്യൂച്ചര്‍ റീറ്റെയില്‍ ലിമിറ്റഡ് അറിയിച്ചു.
വിമാനത്താവള സ്വകാര്യവല്‍ക്കരണം അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍
രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ സ്വകാര്യവത്കരണം അടുത്ത വര്‍ഷം ഏപ്രില്‍ മുതലെന്ന് റിപ്പോര്‍ട്ട്. ലാഭകരമായ വിമാനത്താവളങ്ങള്‍ക്കൊപ്പം നഷ്ടമുണ്ടാക്കുന്ന വിമാനത്താവളങ്ങള്‍ വില്‍ക്കാനുള്ള സാധ്യതയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പരിശോധിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. ''50 വര്‍ഷത്തേക്കുള്ള കരാറില്‍ പത്തോളം വിമാനത്താവളങ്ങള്‍ ഉള്‍പ്പെട്ടേക്കും. ലാഭത്തിലുള്ള വിമാനത്താവളങ്ങളും ലാഭമുണ്ടാക്കുന്ന വിമാനത്താവളങ്ങളും ഒരു പാക്കേജായി നല്‍കുന്നത് AAI പരിശോധിക്കുന്നുണ്ട്.''സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സെക്രട്ടറി പ്രദീപ് ഖരോല പറഞ്ഞു
ടെക്‌നോസിറ്റിയില്‍ 1500 വരെ കോടി രൂപയുടെ ടിസിഎസ് നിക്ഷേപത്തിന് മന്ത്രിസഭ അനുമതി
പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1200 മുതല്‍ 1500 വരെ കോടി രൂപ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭ അനുമതി നല്‍കി. ടെക്‌നോപാര്‍ക്കും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മിലാണ് ധാരണാപത്രം. ഈ പദ്ധതിക്കുവേണ്ടി 97 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ പാട്ടത്തിനു നല്‍കും.
2950 കോടിയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി കൈകോര്‍ത്ത് കെഎസ്‌ഐഎന്‍സി
കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും (കെഎസ്‌ഐഎന്‍സി)അമേരിക്കന്‍ കമ്പനിായ ഇഎംസിസി ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു. അസന്‍ഡ് 2020 ല്‍ തീരുമാനിക്കപ്പെട്ട 2950 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമാകുന്നത്. കെഎസ്‌ഐഎന്‍സി എം.ഡി എന്‍.പ്രശാന്തും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.
കുവൈറ്റില്‍ മാന്ദ്യം പിടിമുറുക്കുന്നുവെന്ന് ഫിച്ച്
കുവൈറ്റിന്റെ ഹ്രസ്വകാല റേറ്റിംഗ് നെഗറ്റീവിലേക്ക് താഴ്ത്തി ഫിറ്റ്ച്ച് റിപ്പോര്‍ട്ട്. നേരത്തെ സ്റ്റേബിള്‍ എന്ന റേറ്റ് ആയിരുന്നു കുവൈറ്റിന് നല്‍കിയിരുന്നത്. പണ ദ്രവ്യത ലഭ്യമാകില്ല എന്ന ആശങ്കയാണ് റേറ്റിംഗ് കുറയാന്‍ ഇടയാക്കിയതായി കണക്കാക്കുന്നത്. കുവൈറ്റില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുക്കല്‍ പരിധി ഉയര്‍ത്തേണ്ടതുണ്ട്. ഇതിന് പാര്‍ലമെന്റ് അനുമതി ആവശ്യമാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ബന്ധപ്പെട്ട ബില്ല് പാസാക്കാന്‍ ഭരണകൂടത്തെ അനുവദിക്കുന്നില്ല. ഇതാണ് കുവൈറ്റില്‍ സാമ്പത്തിക ഭദ്രത ആശങ്കയിലാകാന്‍ കാരണം.
ഇന്ത്യന്‍ സ്റ്റീല്‍ മില്ലുകള്‍ വിലകൂട്ടി
ഇന്ത്യന്‍ സ്റ്റീല്‍ മില്ലുകള്‍ ബെഞ്ച്മാര്‍ക്ക് ഹോട്ട് റോള്‍ഡ് കോയിലിന്റെ വില ബുധനാഴ്ച ടണ്ണിന് 1,000-1,500 രൂപ വര്‍ധിപ്പിച്ചു. ഉയര്‍ന്ന ആഭ്യന്തര വില കുറയ്ക്കാനുള്ള നീക്കമായാണ് യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ച സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ പട്ടികയില്‍ കസ്റ്റംസ് തീരുവ കുറച്ചത്. സ്റ്റേറ്റ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ വില ടണ്ണിന് 1,000 രൂപ ഉയര്‍ത്തി. ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്‍എസ്ഇ 1.88 ശതമാനവും ആഴ്‌സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ (എഎംഎന്‍എസ്) 1,500 രൂപയും ഉയര്‍ത്തി. മറ്റ് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഇത് പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ തപന്‍ രായഗുരു, ജോണ്‍ എം.തോമസ് ഐടി പാര്‍ക്ക് സിഇഒ
കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ആയി തപന്‍ രായഗുരുവിനെ തെരഞ്ഞെടുത്തു. ജോണ്‍ എം.തോമസിനെ സംസ്ഥാന ഐടി പാര്‍ക്കുകളുടെ സിഇഒ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. യുഎസ് ആസ്ഥാനമായ ട്രെഡന്‍സ് എന്ന അനലിറ്റിക്‌സ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്നു ബെംഗളൂരു സ്വദേശിയായ തപന്‍ രായഗുരു. കോട്ടയം തെള്ളകം സ്വദേശിയായ ജോണ്‍ എം.തോമസ് യുഎസിലെ ഇക്വിഫാക്‌സ് കമ്പനിയിലെ ക്ലൗഡ് ഡേറ്റ മൈഗ്രേഷന്‍ ലീഡറായി (സീനിയര്‍ ഡയറക്ടര്‍) പ്രവര്‍ത്തിക്കുകയായിരുന്നു.
കേരള ട്രാവല്‍ മാര്‍ട്ട് മാര്‍ച്ച് ഒന്നു മുതല്‍
കേരള ട്രാവല്‍ മാര്‍ട്ട് വെര്‍ച്വലായി നടത്താന്‍ തീരുമാനമായി. മാര്‍ച്ച് ഒന്നു മുതല്‍ 5 വരെ നടക്കുമെന്നാണ് അറിയിപ്പ്. കേരളത്തിലെ ടൂറിസം മേഖലയിലെ എഴുനൂറിലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വിദേശ സഞ്ചാരികളും വരുമെന്ന പ്രതീക്ഷയില്‍ അവര്‍ക്കു കൂടി പങ്കാളിത്തം നല്‍കും.
യപ് ടിവി ബിഎസ്എന്‍എല്ലുമായി ഒടിടി പ്ലാറ്റ്‌ഫോം മേഖലയിലേക്ക്
യപ് ടിവിയുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ യപ് ടിവി സ്‌കോപ് എന്ന വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായുള്ള ഒറ്റ സബ്‌സ്‌ക്രിപ്ഷനില്‍ അവതരിപ്പിക്കുന്നു. ലോകത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഇത്തരത്തിലുള്ള പദ്ധതിയില്‍ സോണി ലൈവ്,സീ5, തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഉണ്ടാവുക.
കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി
ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡിലെത്തിയ സൂചികകള്‍ അതേ ആവേശത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണി മുന്നേറ്റം തുടരുന്നത്. ബാങ്കിംഗ് ഓഹരികളാണ് ഇന്നത്തെ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. സെന്‍സെക്സ് 358.54 പോയ്ന്റ് ഉയര്‍ന്ന് 50614.29 പോയ്ന്റിലും നിഫ്റ്റി 105.70 പോയ്ന്റ് ഉയര്‍ന്ന് 14895.70 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1813 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1110 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 142 ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിവസമാണിന്ന്. 7.28 ശതമാനം നേട്ടവുമായി അപ്പോളോ ടയേഴ്സ് മുന്നില്‍ നിന്ന് നയിച്ചു. 16.55 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഓഹരി വില 243.85 രൂപയായി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (5.13 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.06 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.96 ശതമാനം), ഫെഡറല്‍ ബാങ്ക് (4.78 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.20 ശതമാനം) തുടങ്ങി 16 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it