ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്‌റ്റോബര്‍ 05, 2020

ഓഫീസ് സ്പേസ് ലീസിംഗില്‍ കുത്തനെ ഇടിവ്

രാജ്യത്തെ പ്രമുഖ ഏഴ് നഗരങ്ങളില്‍ ഓഫീസ് സൗകര്യം പാട്ടത്തിനെടുക്കുന്നതില്‍ സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 50 ശതമാനം കുറവെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജെഎല്‍എല്‍ ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, പൂനൈ, ഹൈദരാബാദ്, ബംഗലൂരു എന്നീ നഗരങ്ങളിലെ കണക്കാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളും കോ വര്‍ക്കിംഗ് കമ്പനികളും തങ്ങളുടെ പദ്ധതികള്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതുകൊണ്ടാണ് ഈ രംഗത്ത് ഇത്രമാത്രം ഇടിവ് പ്രകടമായിരിക്കുന്നത്. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് നെറ്റ് ഓഫീസ് സ്പേസ് ലീസിംഗില്‍ 47 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം വ്യാപകമായതും ഓഫീസ് സ്പേസ് ലീസിംഗ് കുറയാന്‍ കാരണമായിട്ടുണ്ട്.

2021 ജൂലൈയോടെ 25 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍; മന്ത്രി ഹര്‍ഷ് വര്‍ധന്‍

2021 ജൂലൈ ആകുന്നതോടെ രാജ്യത്ത് 20-25 കോടി പേര്‍ക്ക് കോവിഡ് -19 വാക്‌സിന്‍ നല്‍കാനാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. 40-50 കോടി ഡോസ് കോവിഡ് വാക്‌സിനാണ് അടുത്ത വര്‍ഷം ജൂലൈക്ക് മുന്‍പ് രാജ്യത്ത് വിനിയോഗിക്കുകയെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ നല്‍കുന്നതിനായുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വിശദാക്കി. കോവിഡ് -19 നല്‍കുന്നത് മുന്‍ഗണനാ ക്രമത്തിലായിരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാകും വാക്‌സിന്‍ ആദ്യമെത്തുകയെന്നും അദ്ദേഹം വിശദമാക്കി.

മോറട്ടോറിയം കേസ്: സുപ്രിംകോടതി സമയം വീണ്ടും നീട്ടി നല്‍കി

മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇന്ന് വാദത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച കാബിനറ്റ് നോട്ടും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു.മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുമ്പോള്‍ 5,000 – 7000 കോടി രൂപയുടെ സാമ്പത്തിക ഭാരം ബാങ്കുകള്‍ക്ക് വരുമെന്നാണ് സൂചന. ഈ തുക കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കൈമാറും. മോറട്ടോറിയം കാലയളവില്‍ വായ്പ എടുത്തവര്‍ തിരിച്ചടവ് കൃത്യമായി നടത്തിയിരുന്നെങ്കില്‍ ബാങ്കുകള്‍ക്കുണ്ടാകുന്ന നേട്ടവും അതില്ലാതെ വന്നപ്പോള്‍ സംഭവിച്ച നഷ്ടങ്ങളും എല്ലാം കണക്കിലെടുത്ത് കൂട്ടുപലിശയുടെ നോഷണല്‍ മൂല്യം കൂടി പരിഗണിച്ചാവും ബാങ്കുകള്‍ക്ക് തുക നല്‍കുകയെന്നും സൂചനയുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ബാങ്കുകള്‍ക്ക് പണം നല്‍കാനുള്ള സമയപരിധി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇനിയും തീരുമാനിക്കേണ്ടതുണ്ട്. മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുമ്പോള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ അനുമാനം

റഷ്യയില്‍നിന്ന് രണ്ട് ഡസന്‍ യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

റഷ്യയില്‍നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. നിലവില്‍ നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ ഇന്ത്യയുടെ പക്കലുള്ള യുദ്ധ ടാങ്കുകള്‍ വിന്യസിക്കുന്നത് സംബന്ധിച്ച് ഏറെ പരിമിതികളുണ്ട്. ഇവയുടെ ഭാരക്കൂടുതലാണ് പ്രശ്നം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് നിലവില്‍ ഇന്ത്യയുടെ പദ്ധതി. ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരങ്ങള്‍. നിലവില്‍ റഷ്യയില്‍ പരീക്ഷണ ഘട്ടത്തിലാണ് സ്പ്രൂട്ട് ടാങ്കുകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വീട്ടിലിരുന്നും പഠിക്കാം; സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗരേഖ

അണ്‍ലോക്ക് 5ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ രാജ്യത്തെ സ്‌കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി മാര്‍ഗരേഖ പുറത്തിറക്കി. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം. സ്‌കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം. തിരക്കൊഴിവാക്കാന്‍ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മാസ്‌ക് ധരിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂളുകളില്‍ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത്. എന്നിങ്ങനെയാണ് മാര്‍ഗരേഖ പറയുന്നത്.

തിങ്കളാഴ്ച പവന് 240 രൂപ കുറഞ്ഞ് 37120 രൂപയായി

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും നേരിയ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 37120 രൂപയായി. ഒരു ഗ്രാമിന് 4640 രൂപയാണ് വില.
ദേശീയ വിപണിയിലും ആഗോള വിപണയിലും തിങ്കളാഴ്ച സ്വര്‍ണ വില ഇടിഞ്ഞു. എംസിഎക്സില്‍ 10 ഗ്രാം തങ്കത്തിന് 50130 രൂപയാണ് പുതിയ വില. ഒരു ശതമാനത്തോളമാണ് കുറവുണ്ടായത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1900 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഉയര്‍ച്ചയും താഴ്ചയും നേരിടുന്നുണ്ട്.

കൊറോണ ഭീതി അകന്നിട്ടില്ലാത്തതിനാല്‍ നിക്ഷേപകര്‍ക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത വന്നതിന് പിന്നാലെ വെള്ളിയാഴ്ച അമേരിക്കന്‍ ഓഹരി വിപണിയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഈ നേട്ടം പ്രതിഫലിക്കുമെന്ന്് കരുതുന്നു. ജിഎസ്ടി യോഗത്തില്‍ വിപണിക്ക് അനുകൂലമായ ചില തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.

കോവിഡ് ടെസ്റ്റ് എളുപ്പമാക്കുന്ന പേപ്പര്‍ സ്ട്രിപ്പ് കിറ്റുമായി ഇന്ത്യന്‍ ഗവേഷകര്‍

ലോകത്ത് ആദ്യമായി കോവിഡ് പരിശോധനയ്ക്ക് പേപ്പര്‍ സ്ട്രിപ് കിറ്റുമായി ഇന്ത്യന്‍ ഗവേഷകര്‍. ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഏകദേശം 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പര്‍ സ്ട്രിപ്പിന് ഫെലുദ എന്നാണ് പേരിട്ടിരിക്കുന്നത്. ജീന്‍ എഡിറ്റിംഗിന് ഉപയോഗിക്കുന്ന ക്രിസ്പര്‍ ടെക്നോളജിയിലാകും ഈ കിറ്റ് പ്രവര്‍ത്തിക്കുക. കൃത്യവും വേഗതയുള്ളതും എളുപ്പത്തില്‍ ഉപയോഗപ്പെടുത്തുന്നതുമായതായിരിക്കും കിറ്റ് എന്ന് ഗവേഷകര്‍ പറയുന്നു. ഡല്‍ഹി ആസ്ഥാനമായ സിഎസ്ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നില്‍.

ഗൂഗ്‌ളിന്റെ മേധാവിത്വത്തിനെതിരെ രംഗത്തുവരാന്‍ തയ്യാറെടുപ്പുകളുമായി പേടിഎം

സെപ്റ്റംബര്‍ 18 നാണ് പേടിഎം ആപ്പിന് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ താല്‍ക്കാലിക വിലക്ക് വന്നത്. പിന്നീട് വിലക്കു നീങ്ങിയെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിയുമായി പേടിഎം രംഗത്ത്. പേടിഎം മിനി ആപ്പ് സ്റ്റോര്‍ എന്ന പേരില്‍ സ്വതന്ത്ര പ്ലാറ്റ് ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയടക്കം സഹായിക്കുന്ന തരത്തിലാണ് മിനി സ്റ്റോര്‍ തുറന്നിരിക്കുന്നത്. ഇതിനോടകം തന്നെ ഡിക്കാത്തലോണ്‍, ഓല, റീപ്പിഡോ, ഡോമിനോസ്, ഫ്രഷ് മെനു, നോ ബ്രോക്കര്‍, നെറ്റ്‌മെഡ്‌സ്, വണ്‍ എംജി തുടങ്ങിയവയെല്ലാം പേടിഎം മിനിയില്‍ ലഭ്യമാണ്. ഓരോ ആപ്പും പ്രത്യേകം പ്രത്യേകം ഡൗണ്‍ലോഡ് ചെയ്യാതെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിക്കൊണ്ടാണ് മിനി എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ 300 ഓളം ആപ്പുകള്‍ മിനി ആപ് സ്റ്റോറില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. പ്ലേ സ്റ്റോറില്‍ ഒരു ആപ്ലിക്കേഷന്‍ നിലനിര്‍ത്താന്‍ 30 ശതമാനം തുക ഈടാക്കാനുള്ള ഗൂഗ്‌ളിന്റെ തീരുമാനത്തിനെതിരെ ശക്തമായ തിരിച്ചടി തന്നെയാകും പേടിഎമ്മിന്റെ നീക്കമെന്ന് ബിസിനസ് സ്റ്റാന്‍ഡോര്‍ഡും റോയിട്ടേഴ്‌സുമടക്കമുള്ള മാധ്യമങ്ങള്‍ വിശദമാക്കുന്നു.

സൗദി വീണ്ടും ഉംറ തീര്‍ഥാടനം ആരംഭിച്ചു

ഉംറ തീര്‍ഥാടനം വീണ്ടും ആരംഭിച്ചതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കൊറോണ രോഗം വ്യാപിച്ച ഘട്ടത്തിലായിരുന്നു കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഉംറ തീര്‍ഥാടനമാണ് സൗദി ഭരണകൂടം നിര്‍ത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വിമാന സര്‍വീസും സൗദി താല്‍ക്കാലികമായി നിര്‍ത്തി. ഈ വര്‍ഷത്തെ ഹജ്ജും കടുത്ത നിയന്ത്രണത്തോടെയാണ് സൗദി അനുവദിച്ചത്. നാമമാത്രമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഹജ്ജ്. നാല് ഘട്ടങ്ങളായിട്ടാണ് ഇപ്പോള്‍ ഉംറ തീര്‍ഥാടനം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ആദ്യഘട്ടം ആരംഭിച്ചു. ഒരു സമയം 20000 പേര്‍ക്ക് വരെ തീര്‍ഥാടനം അനുവദിക്കാമെന്ന് നേരത്തെ കണക്കാക്കിയിരുന്നു. ഇതിന്റെ 30 ശമതാനം പേര്‍ക്കാണ് ഇപ്പോള്‍ അനുമതിയുള്ളത്. ഒക്‌റ്റോബര്‍ 18 മുതല്‍ 75 ശതമാനം പേര്‍ക്ക് അനുമതി ലഭിക്കും.

10 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ടിസിഎസ്

തിങ്കളാഴ്ച ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഓഹരി വില ആറുശതമാനം ഉയര്‍ന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ 10 ലക്ഷം കോടി രൂപ മറികടക്കുന്ന രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ടിസിഎസ്. ബിഎസ്ഇയിലെ 2,678.80 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ടിസിഎസിന്റെ വിപണിമൂല്യം 10,03,012.43 കോടിയായി ഉയര്‍ന്നു. ഓഹരി തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനം ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് പുതിയ നേട്ടം. ഈ ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഓഹരി തിരിച്ചുവാങ്ങുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2018 ലാണ് തങ്ങളുടെ 16,000 കോടി മൂല്യമുള്ള ഓഹരികള്‍ തിരിച്ചുവാങ്ങിയത്.

ഐടി ഓഹരികള്‍ പിന്തുണച്ചു; സെന്‍സെക്സ് 276 പോയ്ന്റ് ഉയര്‍ന്നു, നിഫ്റ്റി 11500 ന് മുകളില്‍

പുതിയ വാരത്തില്‍ ഓഹരിവിപണിയില്‍ മോശമല്ലാത്ത തുടക്കം. ഓഹരിസൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. ഐടി, സ്വകാര്യ ബാങ്ക് ഓഹരികളും ഫാര്‍മ ഓഹരികളുമാണ് ഇന്ന് വിപണിയെ നയിച്ചത്. ഇന്‍ഫ്രാ, പവര്‍ മേഖലകളിലെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേ സമയം, ബജാജ് ഫിന്‍ സെര്‍വ്, ശ്രീ സിമെന്റ്സ്, ഗെയ്ല്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടമുണ്ടാക്കി.

ആഗോള വിപണികള്‍ നേട്ടത്തില്‍

രാജ്യാന്തര വിപണികളില്‍ ഇന്ന് സ്ഥിതിഗതികള്‍ മെച്ചമായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന വാര്‍ത്തകള്‍ യുഎസ് വിപണിയില്‍ ഉണര്‍വുണ്ടാക്കി. കഴിഞ്ഞയാഴ്ച നിക്ഷേപകര്‍ സുരക്ഷിതമായ മറ്റ് നിക്ഷേപങ്ങളിലേക്ക് പായുകയായിരുന്നു.
യുഎസ് എസ് &പി 500 ഇ-മിനി ഫ്യൂച്ചേഴ്സ് 6.2 ശതമാനം ഉയര്‍ന്നു. നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.89 ശതമാനവും. കമ്മോഡിറ്റി, എ്ണ്ണ വിലകളും വര്‍ധിച്ചു.

വലിയ നേട്ടമില്ലാതെ കേരള കമ്പനികളുടെ ഓഹരികള്‍

കേരള കമ്പനികളുടെ ഓഹരികളില്‍ മിക്കവയും ഇന്ന് നഷ്ടത്തിലായിരുന്നു. കേരള ബാങ്കുകളുടെ ഓഹരികളെടുത്താല്‍ ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ബാങ്ക് ഓഹരികള്‍ നേരിയ നേട്ടത്തോടെ പിടിച്ചു നിന്നപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി. എന്‍ബിഎഫ്സികളില്‍ മുത്തൂറ്റ് ക്യാപിറ്റില്‍ സര്‍വീസസ് ഓഹരി വിലകള്‍ മാത്രമാണ് താഴേക്ക് പോയത്.

ഒക്‌റ്റോബര്‍ 05

ഡോളര്‍ 73.25

പൗണ്ട് 94.80

യുറോ 86.09

സ്വിസ് ഫ്രാങ്ക് 79.90

കാനഡ ഡോളര്‍ 55.17

ഓസിസ് ഡോളര്‍ 52.60

സിംഗപ്പൂര്‍ ഡോളര്‍ 53.84

ബഹ്‌റൈന്‍ ദിനാര്‍ 194.25

കുവൈറ്റ് ദിനാര്‍ 239.16

ഒമാന്‍ റിയാല്‍ 190.24

സൗദി റിയാല്‍ 19.52

യുഎഇ ദിര്‍ഹം 19.94

കോവിഡ് അപ്‌ഡേറ്റ്‌സ്കേരളത്തില്‍ ഇന്ന് :

രോഗികള്‍: 5042 (ഒക്റ്റോബര്‍ 03 :7834 )
മരണം : 23 ( ഒക്റ്റോബര്‍ 03: 22 )

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 2,34,928 ( ഒക്റ്റോബര്‍ 03 വരെ :2,21,333 )
മരണം : 859 (ഒക്റ്റോബര്‍ 03 വരെ :813 )
ഇന്ത്യയില്‍ ഇതുവരെ :
രോഗികള്‍:6,623,815(ഒക്റ്റോബര്‍ 03 വരെ : 6,473,544 )

മരണം : 102,685 (ഒക്റ്റോബര്‍ 03 വരെ : 100,842 )

ലോകത്ത് ഇതുവരെ:

രോഗികള്‍: 35,079,152 ( ഒക്റ്റോബര്‍ 03 വരെ :34,503,125 )
മരണം : 1,036,111(ഒക്റ്റോബര്‍ 03 വരെ :1,026,756 )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it