ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്‌റ്റോബര്‍ 06, 2020

ജിഎസ്ടി കൗണ്‍സില്‍: കേന്ദ്ര നീക്കം പൊളിച്ചടുക്കി പ്രതിപക്ഷ സംസ്ഥാനങ്ങള്‍

ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ഈ വര്‍ഷത്തെ തുക കേന്ദ്രം നിര്‍ദേശിക്കും പോലെ കണ്ടെത്തണമെന്ന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍ പിരിയാനുള്ള നീക്കം പൊളിച്ചത് പ്രതിപക്ഷ സംസ്ഥാനങ്ങള്‍. നഷ്ടപരിഹാരതുക ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ പറ്റുന്ന പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന ഓപ്ഷന്‍ വണ്‍ നടപ്പാക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഏതാണ്ട് 21 ഓളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോട് അനുകൂലവുമായിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ കേന്ദ്രം വായ്പ എടുക്കണമെന്ന നിലപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്നലെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗം മണിക്കൂറുകളോളം നീണ്ടുപോയപ്പോള്‍ ഫിനാന്‍സ് സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള സംവിധാനം ഒരുക്കാന്‍ സാമ്പത്തിക കാര്യ വകുപ്പിന് നിര്‍ദേശം നല്‍കാമെന്ന് അറിയിച്ച് യോഗം പിരിച്ചുവിടാന്‍ ഒരുങ്ങി. ഇതിനെ കേന്ദ്ര തീരുമാനത്തെ അനുകൂലിക്കാത്ത സംസ്ഥാനങ്ങള്‍ ശക്തിയുക്തം എതിര്‍ത്തു. അതിനിടെ നേരത്തെ, കേന്ദ്രം അവതരിപ്പിച്ച ഓപ്ഷന്‍ വണ്ണിനോട് അനുകൂല സമീപനം പുലര്‍ത്തിയിരുന്ന ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാര്‍ കേന്ദ്രം തന്നെ കടമെടുത്ത് നല്‍കണമെന്ന നിലപാടിലേക്കും എത്തിച്ചേര്‍ന്നു.

ഇന്ത്യന്‍ കമ്പനികളുടെ വിദേശ കടമെടുപ്പില്‍ വന്‍ ഇടിവ്

ഇന്ത്യന്‍ കമ്പനികളുടെ വിദേശ കടമെടുപ്പ് കുറഞ്ഞതായി കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ഓഗസ്റ്റില്‍ മാത്രം 47 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിരിക്കുന്നത്. 1.75 ബില്യണ്‍ ഡോളറാണ് ഓഗസ്റ്റില്‍ ഇന്ത്യയിലെ കമ്പനികള്‍ വിദേശത്ത് നിന്നെടുത്ത ആകെ വായ്പ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 3.32 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം എടുത്ത വായ്പയില്‍ 1.61 ബില്യണ്‍ ഡോളര്‍ എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിംഗ്സ് (ഇസിബി) മുഖാന്തിരമാണ്. ബാക്കി 145.74 മില്യണ്‍ ഡോളര്‍ റുപ്പീ ഡോമിനേറ്റഡ് ബോണ്ടുകള്‍, മസാല ബോണ്ടുകള്‍ തുടങ്ങിയവ വഴിയാണ്.

അഞ്ച് കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ ജിഎസ്ടി റിട്ടേണ്‍

അഞ്ച് കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ അടുത്ത ജനുവരി ഒന്നു മുതല്‍ പ്രതിമാസ റിട്ടേണ്‍ നല്‍കേണ്ട,മൂന്നു മാസത്തിലൊരിക്കല്‍ മതിയെന്ന് ജിഎസ് ടി കൗണ്‍സില്‍ തീരുമാനം. എന്നാല്‍, എല്ലാ മാസവും നികുതി വരുമാനം അടയ്ക്കണം. ആദ്യ രണ്ട് മാസം അടയ്‌ക്കേണ്ടത് മുന്‍പത്തെ മൂന്നാം മാസം അടച്ച തുകയുടെ 35% ആണ്. നിലവില്‍ 3 മാസത്തിലൊരിക്കല്‍ റിട്ടേണ്‍ അടയ്ക്കുന്നവര്‍(ജിഎസ്ടി ആര്‍1), ജനുവരി ഒന്നു മുതല്‍, 4ാം മാസത്തിലെ 13ാം തീയതി റിട്ടേണ്‍ നല്‍കിയാല്‍ മതിയെന്നും തീരുമാനമായി. കൂടാതെ നഷ്ടപരിഹാര സെസ് 2022 ജൂണിനുശേഷവും തുടരാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. വരുമാന നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും വരെയായിരിക്കും ഇതെന്നാണ് അറിയിപ്പ്.

നിലപാടില്‍ അയവ് വരുത്തി ഗൂഗ്ള്‍; പ്ലേസ്റ്റോറിന്റെ തന്നെ ബില്ലിംഗ് വേണമെന്നില്ല

ഇന്‍ ആപ്പ് പര്‍ച്ചേസ് അഥവാ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലൂടെ ആപ്പുകള്‍ ഡിജിറ്റല്‍ സേവനം വില്‍ക്കുമ്പോള്‍ പ്ലേ സ്റ്റോറിന്റെ തന്നെ ബില്ലിംഗ് വേണമെന്ന ഗൂഗ്ള്‍ കടുംപിടുത്തം തല്‍ക്കാലം വേണ്ടെന്നു വച്ച് കമ്പനി. നേരത്തെ പ്ലേ സ്റ്റോറില്‍ സാന്നിധ്യമുറപ്പാക്കാന്‍ 30 ശതമാനം ഫീസ് നല്‍കണമെന്ന നിബന്ധനയാണ് ഗൂഗ്ള്‍ കൊണ്ടുവന്നത്. ഇത് നിലനില്‍ക്കവെയാണ് പുതിയ നിബന്ധനയുമായി എത്തിയത്. എന്നാല്‍ ആപ്പ് ഡവലപ്പര്‍മാര്‍ 'പ്ലേ ബില്ലിങ് സിസ്റ്റ'ത്തെക്കുറിച്ച് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ആപ്പുകള്‍ക്ക് 2022 മാര്‍ച്ച് 31 വരെ ഗൂഗിള്‍ ഇളവ് അനുവദിച്ചത്. 30 ശതമാനം ഫീസ് സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ഗൂഗ്ള്‍ കമ്പനിയായ ആല്‍ഫബെറ്റ് ഇന്‍ക് മൗനം പാലിക്കുകയാണ്.

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു ശാസ്ത്രജ്ഞര്‍ക്ക്

പ്രപഞ്ചത്തിലെ നിഗൂഢതയായ തമോഗര്‍ത്തങ്ങളെ (ബ്ലാക്ക് ഹോള്‍) സംബന്ധിച്ച കണ്ടുപിടുത്തങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെന്‍ഹാഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കാണു പുരസ്‌കാരം. 10 മില്യന്‍ സ്വീഡിഷ് ക്രോണയാകും നൊബേല്‍ സമ്മാനത്തുക.

കൊറോണ കാലത്ത് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പാക്കി വിവിധ ബാങ്കുകള്‍

കൊറോണ കാലത്തും ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ശമ്പള വര്‍ധനവ് വാഗ്ദാനം ചെയ്ത് പ്രമുഖ ബാങ്കായ ആക്‌സിസ് ബാങ്ക്. ആക്‌സിസ് ബാങ്ക് ലിമിറ്റഡ് ഒകേ്‌റ്റോബര്‍ 1 മുതല്‍ 4 ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ആക്‌സിസ് ബാങ്ക് 76,000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് ബോണസും നല്‍കി. ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ഐസിഐസിഐ ബാങ്ക് 100,000 ജീവനക്കാരില്‍ 80% പേര്‍ക്കും ബോണസും ജൂലൈ മുതല്‍ ശമ്പള വര്‍ധനയും നടപ്പാക്കി വരുന്നു.

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍; ഗുരുതര ആരോപണവുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്. ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചതായി ഔദ്യഗികമായി അറിയിക്കുന്നതിനുമുമ്പ് കമ്പനിയിലെ ഉന്നത തല ഉദ്യോഗസ്ഥര്‍ അവരുടെ സ്വകാര്യ നിക്ഷേപം പിന്‍വലിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് ഓഡിറ്റിനായി സെബി നിയോഗിച്ച ചോക്സി ആന്‍ഡ് ചോക്സി കമ്പനിയുടേതാണ് കണ്ടെത്തല്‍.

താഴ്ചയില്‍ നിന്ന് ഒക്റ്റോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം

ഒക്റ്റോബറിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന സ്വര്‍ണം ഒറ്റദിവസം കൊണ്ട് കുതിപ്പിലേക്ക്. ചൊവ്വാഴ്ച പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപ. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 37120 രൂപയായിരുന്നു സ്വര്‍ണ വില. എന്നാല്‍ ദേശീയ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു.

നാലാം ദിനവും വിപണിയില്‍ ഉയര്‍ച്ച; സെന്‍സെക്സ് 601 പോയ്ന്റ് ഉയര്‍ന്നു, നിഫ്റ്റി 11,662 പോയ്ന്റില്‍

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ച്ച നേടി. ബ്ലൂചിപ് ഓഹരികളില്‍ മികച്ച വാങ്ങാലുണ്ടായതാണ് വിപണിയെ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത്. സെന്‍സെക്സ് ഇന്ന് 601 പോയ്ന്റ്(1.54 ശതമാനം) ഉയര്‍ന്ന് 39,575 ലെത്തി. നിഫ്റ്റി 159 പോയ്ന്റ്(1.38 ശതമാനം) ഉയര്‍ന്ന് 11,662 ആയി. എച്ച്ഡിഎഫ്സി(8.35 ശതമാനം), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്(3.44 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(3.42 ശതമാനം), ഏഷ്യന്‍ പെയ്ന്റ്സ്(3.16 ശതമാനം) തുടങ്ങിയ ഓഹരികളാണ് മുഖ്യമായും നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീലാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. റിലയന്‍സ്, സണ്‍ഫാര്‍മ, നെസ് ലെ ഇന്ത്യ, എല്‍ &ടി, എന്‍ടിപിസി എന്നിവയും നഷ്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഇന്ന് സമ്മിശ്രപ്രകടനമായിരുന്നു. ഏഴു ശതമാനത്തിലധികം വില ഉയര്‍ന്ന കിറ്റെക്സാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. വിക്ടറി പേപ്പര്‍, കേരള ആയുര്‍വേദ തുടങ്ങിയ ഓഹരി വിലകളും ഉയര്‍ന്നു. ബാങ്ക്- ധനകാര്യ ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ മാത്രമാണ് താഴേക്ക് പോയത്.

കോവിഡ് അപ്ഡേറ്റ്സ്

‌കേരളത്തില്‍ ഇന്ന് :

രോഗികള്‍: 7871 (ഇന്നലെ :5042 )
മരണം : 25 ( ഇന്നലെ : 23 )

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 2,42,799 ( ഇന്നലെ വരെ :2,34,928 )
മരണം : 884 (ഇന്നലെ വരെ : 859 )

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 6,685,082 (ഇന്നലെ വരെ :6,623,815)

മരണം : 103,569 ( ഇന്നലെ വരെ : 102,685 )

ലോകത്ത് ഇതുവരെ:

രോഗികള്‍: 35,414,612 ( ഇന്നലെ വരെ :35,079,152 )
മരണം : 1,043,061(ഇന്നലെ വരെ :1,036,111)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it