Top

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്‌റ്റോബര്‍ 08, 2020

മുരുഗപ്പ കുടുംബപ്പോര് കോടതിയിലേക്ക്

ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗത്വം നിഷേധിച്ച നടപടിയെ ചോദ്യം ചെയ്ത് മുരുഗപ്പ കുടുംബത്തിലെ വള്ളി അരുണാചലം കോടതിയെ സമീപിച്ചു. മുരുഗപ്പ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ അമ്പാടി ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് മാനേജ്മെന്റിനും മുരുഗപ്പ കുടുംബാംഗങ്ങള്‍ക്കും വള്ളി അരുണാചലം വക്കീല്‍ നോട്ടീസ് അയച്ചു. മുന്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ എം വി മുരുഗപ്പന്റെ മകളാണ് വള്ളി അരുണാചലം. 2017ല്‍ മുരുഗപ്പന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. അമ്പാടി ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ പുരുഷന്മാര്‍ മാത്രമാണുള്ളത്. മുരുഗപ്പ കുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ച് പുരുഷന്മാര്‍ മാത്രമാണ് കമ്പനിയുടെ ഡയറക്റ്റര്‍മാരായി നിയമിതരാകുക.

കോവിഡ് കാലത്തും സമ്പത്ത് കൂടി; രാജ്യത്തെ സമ്പന്നരില്‍ മുന്നില്‍ മുകേഷ് അംബാനി തന്നെ

ഫോര്‍ബ്സ് മാസിക പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായി 13 ാം വര്‍ഷവും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. 88.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് ഫോര്‍ബ്സ് കണക്കുകൂട്ടുന്നു. രണ്ടാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കുള്ളത് 25.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ്. രാജ്യത്തെ ആദ്യ നൂറ് സമ്പന്നരുടെ ആകെ ആസ്തിയാകട്ടെ 517.5 ബില്യണ്‍ ഡോളറാണ്. കോവിഡ് കാലത്തും ഇവരുടെ ആസ്തിയില്‍ വര്‍ധനയുണ്ടായെന്നാണ് ഫോര്‍ബ്സ് റിപ്പോര്‍ട്ട്.

രാജ്യത്തെ സ്വര്‍ണം ഇറക്കുമതിയില്‍ വീണ്ടും വന്‍ ഇടിവ്

ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 2019 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതി 59% ശതമാനം കുറഞ്ഞു. 11 ടണ്‍ സ്വര്‍ണമാണ് ഈ സെപ്റ്റംബറില്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. ലോകത്തു സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ഇതേ സമയം 27 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 ല്‍ രേഖപ്പെടുത്തിയ 4 മാസത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാരം ഗണ്യമായി കുറഞ്ഞതാണ് ഇറക്കുമതി കുറയാന്‍ കാരണമെന്നാണ് നിരീക്ഷണം. സാമ്പത്തിക മാന്ദ്യവും കാരണം തന്നെ. എന്നാല്‍ കോവിഡ് ആയതോട് കൂടി ഇറക്കുമതി ഗണ്യമായി കുറയുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാജ്യത്തെ സ്വര്‍ണം ഇറക്കുമതിയില്‍ വലിയ ഇടിവാണു രേഖപ്പെടുത്തുന്നത്.

റഷ്യന്‍ കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്ഇന്ത്യയില്‍ അനുമതിയില്ല!

ലോകത്തെ ആദ്യത്തെ കോവിഡ് വാക്സിന്‍ എന്ന പേരില്‍ റഷ്യ വിപണിയിലിറക്കിയ സ്ഫുട്നിക് 5 വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാനുള്ള ശ്രമം പാളി. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) തള്ളി. അതേസമയം ചെറിയ പരീക്ഷണങ്ങള്‍ നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം. വാക്സിന്‍ റഷ്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ വന്‍തോതില്‍ പരീക്ഷിച്ച വിജയിച്ചുവെന്നതിനുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ചെറു ഗ്രൂപ്പുകളില്‍ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വന്‍കിട പരീക്ഷണം അനുവദിക്കാനാവില്ലെന്നുമാണ് സിഡിഎസ്സിഒയുടെ നിലപാട്. വാക്സിന്‍ രാജ്യാന്തര വിപണിയില്‍ പെട്ടെന്ന് എത്തിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയായി ഇത്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍, നേരത്തെ കണക്കുകൂട്ടിയ സമയത്ത് സ്ഫുട്നിക് 5 വിപണിയിലെത്തിക്കാന്‍ ഇനിയാവില്ല.

വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നു

രാജ്യത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനി ടിസിഎസിനു പിന്നാലെ വിപ്രോയും ഓഹരികള്‍ തിരികെ വാങ്ങുന്നതായി പ്രഖ്യാപനം. ഇക്കാര്യം ബോര്‍ഡ് പരിഗണിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരിവിലയില്‍ 9.69ശതമാനം കുതിപ്പുണ്ടായി. ഇതോടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 367.75 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നു. ഒക്ടോബര്‍ 13ന് നടക്കുന്ന ബോര്‍ഡ് യോഗത്തിലെ തീരുമാനത്തിനുശേഷം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇക്കാര്യം അറിയിക്കുമെന്നാണ് കമ്പനി അറിയിപ്പ്. അന്ന് തന്നെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലവും കമ്പനി പ്രഖ്യാപിക്കും. ജൂണില്‍ അവസാനിച്ച പാദത്തില്‍ വിപ്രോ 2,411.50 കോടി അറ്റാദായം നേടിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2.82ശതമാനമാണ് വര്‍ധന.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം കിഴിവ് വരുന്നു

രാജ്യത്തെ മുന്‍നിരയിലുള്ള സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ 50 ശതമാനംവരെ വിലക്കിഴിവ് നല്‍കി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സാംസംഗ്, എല്‍ജി, ഷവോമി, പാനസോണിക്, ടിസിഎല്‍, റിയല്‍മി, തോംസണ്‍, വിവോ, ബിപിഎല്‍, കൊടാക് തുടങ്ങിയ ബ്രാന്‍ഡുകളാണ് പ്രീമിയം ഉല്‍പന്നങ്ങള്‍ക്കുള്‍പ്പടെയുള്ളവ വിലക്കിഴിവില്‍ വിറ്റഴിക്കുക എന്നാണ് വിവരം. പലരും ഇതിനോടകം തന്നെ ഉപഭോക്താക്കള്‍ക്കായി ഓഫറുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഫെസ്റ്റിവല്‍ സെയ്‌ലില്‍ ഉള്‍പ്പെടുത്തിയാകും ഓഫറുകള്‍ ലഭ്യമാക്കുക.

കേരള സ്റ്റാര്‍ട്ടപ്പില്‍ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജെന്‍ റോബോട്ടിക്‌സ്' എന്ന സ്റ്റാര്‍ട്ടപ്പില്‍ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം. മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ ലോകത്തില്‍തന്നെ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച് ശ്രദ്ധേയരായ സ്റ്റാര്‍ട്ട്അപ്പാണ് ജെന്‍ റോബോട്ടിക്‌സ്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ മരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ അവസരമൊരുക്കുന്ന സ്റ്റാര്‍ട്ടപ്പിനെ തേടി ദേശീയ പുരസ്‌കാരം എത്തിയതിനു പിന്നാലെയാണ് ഈ നേട്ടവും.

വാടക ഇളവ് ലഭിക്കാതെ സ്മാര്‍ട്ട്‌സിറ്റിയിലെ കമ്പനികള്‍; സര്‍ക്കാര്‍ ഉത്തരവ് തിരിച്ചടിയാകുന്നു

ലോക്ഡൗണ്‍ കാലത്ത് ഐടി കമ്പനികള്‍ക്കു നല്‍കിയ വാടക ഇളവ് കൊച്ചി സ്മാര്‍ട്‌സിറ്റിയിലെ കമ്പനികള്‍ക്കില്ല എന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ഐടി കെട്ടിടങ്ങളിലുള്ള കമ്പനികള്‍ക്കു മാത്രമാണ് ഇളവെന്നും സ്മാര്‍ട്‌സിറ്റി പോലെയുള്ള സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്ക് ഇതു ബാധകമല്ലെന്നുമാണു വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെയും ദുബായ് ഹോള്‍ഡിംഗിന്റെയും സംയുക്ത സംരംഭമാണു സ്മാര്‍ട്‌സിറ്റി. 3 മാസം വാടക ഇളവിനുള്ള സര്‍ക്കാര്‍ നിര്‍ദേശം സ്മാര്‍ട്‌സിറ്റി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചു ചില കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍ കമ്പനികളുടെയും സ്മാര്‍ട്‌സിറ്റിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഹിയറിംഗ്് നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് ഉത്തരവ് വന്നത്. ഉത്തരവിറങ്ങിയതോടെ ചെറു കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ആറാം ദിനവും ഉയര്‍ന്ന് വിപണി; ഐടി ഓഹരികള്‍ കരുത്തായി,സെന്‍സെക്‌സ് 40000 കടന്നു

ടിസിഎസിന്റെ മികച്ച പാദഫല റിപ്പോര്‍ട്ടുകളാണ് ഐടി ഓഹരികളെ ഉയര്‍ത്തിയത്. രണ്ടാം പാദഫലങ്ങളും ബൈ ബാക്ക് പ്രഖ്യാപനവും ഉണ്ടായതിനു പിന്നാലെ ടിസിഎസിന്റെ ഓഹരി വില ഇന്ന് മൂന്നു ശതമാനം ഉയര്‍ന്നു. വിപ്രോ ഓഹരിയാണ് നിഫ്റ്റിയിലെ ടോപ് ഗെയ്‌നര്‍. ടിസിഎസിനു പിന്നാലെ ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ വിപ്രോയുടെ ബോര്‍ഡും തീരുമാനിച്ചത് കമ്പനിയുടെ ഓഹരി വില ഏഴ് ശതമാനത്തോളം വര്‍ധിപ്പിച്ചു. യുഎസ് ആസ്ഥാനമായ അനലറ്റിക്‌സ് സ്ഥാപനത്തെ 125 ദശലക്ഷം ഡോളറിന് ഏറ്റെടുത്ത വാര്‍ത്തകള്‍ വന്നതോടെ ഇന്‍ഫോസിസ് ഓഹരി വില മൂന്നു ശതമാനത്തോളം ഉയര്‍ന്നു.ഫാര്‍മ സെക്ടറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിപ്ല, അള്‍ട്ര ടെക് സിമന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ 5 ശതമാനം വരെ ഉയര്‍ച്ച നേടി.

കേരള കമ്പനി ഓഹരികള്‍ മങ്ങി മങ്ങി

കേരള കമ്പനികളുടെ ഓഹരികളില്‍ വെറും എട്ടെണ്ണം മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഒരു ശതമാനത്തിനു മേല്‍ വില വര്‍ധന നേടി. ജെആര്‍ജി ഓഹരി വില നാലു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നപ്പോള്‍ ജിയോജിത് ഓഹരികള്‍ നേരിയ നേട്ടത്തില്‍ നിലനിന്നു. ധനകാര്യ മേഖലയിലെ മറ്റെല്ലാം ഓഹരികളും നഷ്ടത്തിലായിരുന്നു. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ്, അപ്പോളോ ടയേഴ്‌സ്, ഏവിടി എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍.

കോവിഡ് അപ്ഡേറ്റ്സ് (08-10-2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 5445 (ഇന്നലെ : 10606 )
മരണം : 24 ( ഇന്നലെ : 22 )

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 2,58,850 (ഇന്നലെ വരെ :2,53,405)
മരണം : 930 (ഇന്നലെ വരെ :906 )

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 6,835,655 (ഇന്നലെ വരെ :6,757,131 )

മരണം : 105,526 (ഇന്നലെ വരെ : 104,555 )

ലോകത്ത് ഇതുവരെ:

രോഗികള്‍: 36,077,702( ഇന്നലെ വരെ :35,733,340 )
മരണം : 1,054,712 (ഇന്നലെ വരെ : 1,048,742 )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it