ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 08, 2020

കോവിഡ് പ്രതിസന്ധി; ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് സാമ്പത്തിക പാക്കേജ് വന്നേക്കും

കൊറോണ മഹാമാരി വിതച്ച സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കേന്ദ്രം പുതിയൊരു ഉത്തേജക പാക്കേജുകൂടി പ്രഖ്യാപിച്ചേക്കും. ചെറുകിട, ഇടത്തരം ബിസിനസുകാരെയും മാസശമ്പളക്കാരല്ലാത്ത മധ്യവര്‍ഗക്കാരെയും പ്രധാനമായും ലക്ഷ്യമിട്ടുകൊണ്ടുള്ള പാക്കേജായിരിക്കുമിത്. 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍' പാക്കേജ് മെയില്‍ ആണ് പ്രഖ്യാപിച്ചത്. പ്രധാനമായും വളരെ പാവപ്പെട്ടവരെയും സംഘടിത മേഖലയിലുള്ളവരെയും ചെറുകിട - ഇടത്തരം സംരംഭങ്ങളെയും (എം.എസ്.എം.ഇ.) ഉദ്ദേശിച്ചായിരുന്നു അത്. എന്നാല്‍, ഈ വിഭാഗങ്ങളിലൊന്നും പെടാത്ത ശമ്പളക്കാരല്ലാത്ത മധ്യവര്‍ഗക്കാരും ഇടത്തരം കച്ചവടക്കാരും കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) വളര്‍ച്ച 23.9 ശതമാനം കുറഞ്ഞിരുന്നു. അടച്ചിടല്‍കാരണം സമ്പദ്വ്യവസ്ഥ പിറകോട്ടുപോകുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്രയുംവലിയ ആഘാതം പ്രതീക്ഷിച്ചിരുന്നില്ല. പ്രധാന സാമ്പത്തികശക്തികള്‍ക്കിടയില്‍ വളര്‍ച്ച ഇത്രയും താഴോട്ടുപോയത് ഇന്ത്യയിലാണ്. ജൂലായ്-സെപ്റ്റംബര്‍ പാദത്തിലും വലിയമാറ്റത്തിന് സാധ്യതയില്ല. പിന്നീടുള്ള മാസങ്ങളില്‍ സാമ്പത്തികരംഗം വീണ്ടും പിറകോട്ട് പോകാതിരിക്കാന്‍ ഏതാനും മേഖലകള്‍ക്ക് സഹായം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഈയിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സാമ്പത്തികാര്യസമിതി അംഗങ്ങളും നീതി ആയോഗ് പ്രതിനിധികളും ധന, വാണിജ്യ മന്ത്രാലയത്തിലെ ഉന്നതരും പലകുറി യോഗം ചേര്‍ന്നിരുന്നു.

കോവിഡ് അല്ല അവസാനത്തെ മഹാമാരി, സജ്ജരാകേണ്ടതുണ്ട്; ലോകാരോഗ്യസംഘടന മേധാവി

ലോകത്തെ ഏറ്റവും അവസാനത്തെ മഹാമാരി കോവിഡ് അല്ല എന്നും എന്തിനേയും നേരിടാന്‍ പൊതു ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാവണമെന്നും ലോകാരോഗ്യസംഘടന മേധാവി ടോഡ്രോസ്അഥനോം ഗബ്രിയേസസിന്റെ മുന്നറിയിപ്പ്. 'കോവിഡ് ആയിരിക്കില്ല ലോകത്തെ അവസാനത്തെ മഹാമാരി. മഹാമാരികളുടെ വ്യാപനം ജീവിതത്തിന്റെ ഭാഗമാണ്. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. എന്നാല്‍ അടുത്ത മഹാമാരി വരുമ്പോള്‍ ലോകം അതിനെ നേരിടാന്‍ കൂടുതല്‍ സജ്ജമായിരിക്കണം.'-ടോഡ്രോസ് പറഞ്ഞു. പൊതുആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആതര്‍ 450 എക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊച്ചിയില്‍ ലഭ്യമാകുന്നു

ആതര്‍ 450 എക്സ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ ഡെലിവറി നവംബറില്‍. കൊച്ചിയിലാകും ആദ്യ ഡെലിവറിയെന്നാണ് കമ്പനിയുടെ അറിയിപ്പ്. ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്നാണ് ആതര്‍ 450 എക്സ് കൊച്ചിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 84 കോടി രൂപയാണ് ഹീറോ മോട്ടോകോര്‍പ്പ് ആതര്‍ എനര്‍ജിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകള്‍, കൂടാതെ കൂടുതല്‍ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികള്‍ എന്നിവയാണ് ആതര്‍ 450X വാഗ്ദാനം ചെയ്യുന്നത്. കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷന്‍ മോഡലായ ആതര്‍ 450X ബെംഗളൂരു, ചെന്നൈ, പുണെ, ദില്ലി, മുബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കു ശേഷമാണ് കൊച്ചിയിലേക്ക് എത്തുന്നത്.

450X നു മുമ്പ് ആതര്‍ 340, ആതര്‍ 450 ഇ സ്‌കൂട്ടറുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. വിപണിയില്‍ ആവശ്യകത വളരെ കുറഞ്ഞത് കാരണം ആതറിന്റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഏത് തിരക്കിലും ഈസിയായി ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്നതും ഒരു മണിക്കൂര്‍ ചാര്‍ജില്‍ തന്നെ ഏറെ ദൂരം പോകുന്നതുമായ സ്‌കൂട്ടര്‍ എന്നതാണ് ഈ ഇലക്ട്രിക് വാഹനത്തെ ശ്രദ്ധേയമാക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കാവുന്ന നാനോബോഡികള്‍ ഗവേഷകര്‍ കണ്ടെത്തി

സാര്‍സ് കോവ്-2 വൈറസ് മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കുന്നത് ഫലപ്രദമായി തടയാന്‍ സാധിക്കുന്ന നാനോബോഡികള്‍(ചെറു ആന്റിബോഡികള്‍) ഗവേഷകര്‍ കണ്ടെത്തി. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഠ്യ1 എന്ന് പേരിട്ടിരിക്കുന്ന ഈ നാനോബോഡികള്‍ തിരിച്ചറിഞ്ഞത്. കൊറോണ വൈറസിന്റെ മുനകള്‍ പോലുള്ള പ്രോട്ടീനുമായി ഒട്ടിച്ചേരുന്ന ഈ നാനോബോഡികള്‍ കോശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വൈറസിനെ തടയുന്നു. തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരു തരം ഒട്ടകമായ അല്‍പാക്കയുടെ ശ്വേതരക്താണു കോശമായ ബി സെല്ലുകളില്‍ നിന്നാണ് ഈ നാനോബോഡി സീക്വന്‍സുകള്‍ ക്ലോണ്‍ ചെയ്തെടുത്തത്.

ബ്ലൂചിപ്പുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം, നേട്ടം നിലനിര്‍ത്താനാവാതെ ക്ലോസിംഗ്

ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. സെന്‍സെക്സ് 52 പോയ്ന്റ്, 0.14 ശതമാനം ഇടിഞ്ഞ് 38,365ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 38 പോയ്ന്റ്, 0.33 ശതമാനം ഇടിഞ്ഞ് 11,317ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി ഐറ്റി സൂചിക ഒഴികെ മറ്റെല്ലാ സെക്ടറല്‍ സൂചികകളും റെഡ് സോണിലായിരുന്നു. ബിഎസ്ഇ സ്മോള്‍ കാപ്, മിഡ് കാപ് സൂചികകളും ഇന്ന് താഴ്ച രേഖപ്പെടുത്തി. യുഎസ് ടെക് കമ്പനികള്‍ നേട്ടമുണ്ടാക്കുമോ എന്ന് ഉറ്റുനോക്കിയാണ് ആഗോള നിക്ഷേപകരുടെ നീക്കങ്ങള്‍. എണ്ണ വില ബാരലിന് 42 ഡോളറില്‍ താഴെ എത്തി.

കേരള കമ്പനികളുടെ പ്രകടനം

വെറും നാല് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചത്. ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ നിന്നുള്ള ഈസ്ട്രെഡ്സ് ഓഹരി വില ഇന്നും ഉയര്‍ന്നു. നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്്ലയ്ക്ക് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിന്റെ ഭൂരിഭാഗം ഓഹരി വിറ്റൊഴിഞ്ഞ ഈസ്റ്റേണ്‍ ഗ്രൂപ്പ്, ഗ്രൂപ്പിലെ ഇതര കമ്പനികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഇന്നത്തെ സ്വര്‍ണം, ക്രൂഡ് ഓയ്ല്‍, എക്‌സ്‌ചേഞ്ച് നിരക്ക്

ഒരു ഗ്രാം (22 കാരറ്റ് ) സ്വര്‍ണം: 4700 രൂപ

ക്രൂഡ് ഓയ്ല്‍ :

Brent Crude 42.66 1.41

എക്‌സ്‌ചേഞ്ച് നിരക്ക്

(rates May Vary)

കൊറോണ അപ്‌ഡേറ്റ്‌സ്

കേരളത്തില്‍ ഇന്ന്

രോഗികള്‍: 3026, മരണം:372

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍:4,280,422 മരണം: 72,775

ലോകത്ത് ഇതുവരെ

രോഗികള്‍:27,332,433, മരണം: 892,443

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it