Top

ബിസിനസ് വാര്‍ത്തകള്‍; ഒക്‌ടോബര്‍ 13, 2020

റിപബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ കേസ് ഫയല്‍ ചെയ്ത് ബോളിവുഡ്

ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് റിപ്പബ്ലിക് ടിവി, ടൈംസ് നൗ എന്നീ ചാലനിതിരെ ബോളിവുഡില്‍ പ്രതിഷേധം ശക്തം. ടിആര്‍പി റേറ്റില്‍ കൃത്രിമം നടത്തിയതിനു പിന്നാലെ താരങ്ങളെ അപകീര്‍ത്തി പെടുത്തിയ സംഭവങ്ങള്‍ക്ക് ഇരു ചാനലുകള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും ചലച്ചിത്ര സംഘടനകളും. നടന്‍ അമീര്‍ ഖാന്റെ ഉടമസ്ഥതയിലുള്ള അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെ ബോളിവുഡിലെ 38 ഓളം നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

വൈദ്യുതി വിതരണ മേഖലയിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ജിയോ

വൈദ്യുതി വിതരണ മേഖലയില്‍ സാങ്കേതികത എത്തിക്കുന്ന ബിസിനസിലേക്ക് കടക്കാന്‍ ജിയോ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മീറ്റര്‍ ഡാറ്റാശേഖരണം, വിവരശേഖരണത്തിനായി കമ്യൂണിക്കേഷന്‍ കാര്‍ഡുകള്‍, ടെലികോം, ക്ലൗഡ് ഹോസ്റ്റിങ് സേവനങ്ങള്‍ എന്നിവ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കായുള്ള പ്രാരംഭ നടചപടികളിലാണ് കമ്പനി. പ്രസരണ നഷ്ടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടക്കുന്ന വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വൈദ്യുതി വിതരണ കമ്പനികളുടെ വാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 2,500 കോടി പരമ്പരാഗത മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതാണ് പദ്ധതി. ഓട്ടോമേറ്റഡ് സേവനങ്ങള്‍ മേഖലയിലെ കാര്യക്ഷ്മത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ക്ക് ശേഷമാണ് പുതിയ പദ്ധതിയിലേക്ക് കമ്പനി കടന്നിട്ടുള്ളത്.

മുംബൈ വിമാനത്താവളത്തില്‍ ഖത്തര്‍ നിക്ഷേപക ഏജന്‍സി നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ട്

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (മിയാല്‍) കൂടുതല്‍ നിക്ഷേപമെത്തിക്കാനുള്ള നീക്കത്തിലാണ് അദാനി എയര്‍പോര്‍ട്ട് എന്ന് ചില ദേശീയ മാധ്യമങ്ങള്‍യ. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സി(ക്യുഐഎ) യുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഖത്തര്‍ നിക്ഷേപക ഏജന്‍സി 750 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചേക്കും എന്നും പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറിയശതമാനം ഓഹരികള്‍ വിറ്റഴിച്ച് നിക്ഷേപം സമാഹരിക്കാനാണ് നീക്കമെന്നും സൂചന.

സ്‌കൂള്‍ അടച്ചിടുന്നതിലൂടെ രാജ്യത്തിന് നഷ്ടം 400 ബില്യണ്‍ ഡോളര്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്നതിലൂടെ നഷ്ടമാകുന്നത് ഏകദേശം 400 ബില്യണ്‍ ഡോളറാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. ഭാവിയിലെ വരുമാനത്തിലുണ്ടാകുന്ന കുറവും പഠന നഷ്ടവും കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ദക്ഷിണേഷ്യയുടെ ആകെ നഷ്ടം ഏകദേശം 622 ബില്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും സാഹചര്യം വഷളായാല്‍ ഇത് 880 ബില്യണ്‍ ഡോളറിലെത്തിയേക്കാം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുകയെങ്കിലും എല്ലാ രാജ്യങ്ങള്‍ക്കും ജിഡിപിയുടെ അടിസ്ഥാനത്തില്‍ സമാനമായ നഷ്ടം ഉണ്ടാകും.

എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്

ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച് പ്രതിദിനം അഞ്ച് ശതമാനം വരെ കാഷ്ബാക്ക് നല്‍കുന്ന ആക്‌സിസ് ബാങ്കിന്റെ എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മൊബൈല്‍ റീചാര്‍ജ്, ബില്‍ അടക്കല്‍ തുടങ്ങിയവ ഗൂഗിള്‍ പേയിലൂടെ നടത്തുമ്പോള്‍ ആണ് അഞ്ചു ശതമാനം കാഷ്ബാക്കാണ് നല്‍കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും പലചരക്കു സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതും അടക്കമുള്ളവയ്ക്ക് 4-5 ശതമാനം കാഷ്ബാക്ക് ലഭിക്കും. ഇത് സംബന്ധിച്ച് സ്വിഗ്ഗി, സോമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, ഓല തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്. മറ്റ് ഇടപാടുകള്‍ക്ക് പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും ലഭിക്കും.

ഐപിഒ, ഏറ്റെടുക്കല്‍: എം എ യൂസഫലി തുറന്നു പറയുന്നു

ലുലു ഗ്രൂപ്പ് ഐപിഒ ഉടനെയുണ്ടാകുമോ, ഇ കൊമേഴ്സ് മേഖലയില്‍ ഗ്രൂപ്പ് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി നിലപാട് വ്യക്തമാക്കുന്നു.

ലേഖനം വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക.

40 വയസ്സില്‍ താഴെയുള്ള സമ്പന്നരില്‍ ഒന്നാമത് നിതിന്‍ കാമത്തും നിഖില്‍ കാമത്തും

40വയസ്സിന് താഴെയുള്ള വ്യക്തികളുടെ സമ്പന്ന പട്ടികയില്‍ സെറോധ സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ഒന്നാം സ്ഥാനക്കാര്‍. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ അണ്ടര്‍ 40 പട്ടികയിലാണ് ഇവര്‍ ഒന്നാമതായി സ്ഥാനംനേടിയത്. ഇവരുടെ ആസ്തി ഈവര്‍ഷം 58 ശതമാനം ഉയര്‍ന്ന് 24,000 കോടിയാണ്. 40 കാരനായ നിതിന്‍ കാമത്തും 34കാരനായ നിഖില്‍ കാമത്തും സ്ഥാപിച്ച സെറോധ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളിലൊന്നാണ്.

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയില്‍ നേരിയ നേട്ടം; ബാങ്ക്, ഫാര്‍മ സൂചികകള്‍ നഷ്ടത്തില്‍

ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്നും ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു്. സെന്‍സെക്സ് 32 പോയ്ന്റിന്റെ ഉയര്‍ന്ന് 40,626 ലും നിഫ്റ്റി 3.55 പോയ്ന്റ് നേട്ടത്തോടെ 11,934.50 ലുമാണ് ക്ലോസ് ചെയ്തത്. ഐടി സ്റ്റോക്കുകളാണ് ഇന്നും വിപണിയെ പിന്തുണച്ചത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് നേട്ടത്തില്‍ തുടരുന്നത്. എന്നാല്‍ ആദ്യത്തെ ഉയര്‍ച്ച ഇപ്പോള്‍ വിപണിയില്‍ കാണാനാകുന്നില്ല.
പണപ്പെരുപ്പത്തില്‍ ഉയര്‍ച്ചയുണ്ടായത് വിപണി സെന്റിമെന്റിസിനെ ബാധിച്ചെന്നു വേണം കരുതാന്‍. ബിഎസ്ഇയിലെ 1129 ഓഹരികള്‍ നേട്ടത്തിലും 1459 നഷ്ടത്തിലുമായിരുന്നു. 177 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ബ്ലൂചിപ് കമ്പനികളില്‍ എച്ച്സിഎല്‍ ടെക് ഓഹരിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്ര ടെക് സിമന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ജെഎസ് ഡബ്ല്യു സ്റ്റീല്‍ എന്നിവയും നേട്ടമുണ്ടാക്കി. കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു.

കോവിഡ് അപ്ഡേറ്റ്സ് (13- 10 - 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 8764, ഇന്നലെ : 5,930
മരണം : 21, ഇന്നലെ: 22

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 303896 , ഇന്നലെ വരെ : 2,95,132
മരണം : 1046 , ഇന്നലെ വരെ : 1,025

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,175,880 , ഇന്നലെ വരെ : 7,120,538

മരണം : 109,856 , ഇന്നലെ വരെ : 109,150

ലോകത്ത് ഇതുവരെ:

രോഗികള്‍: 37,801,526 , ഇന്നലെ വരെ : 37,408,593
മരണം : 1,080,680 , ഇന്നലെ വരെ : 1,075,942

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it