ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 14, 2020

രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ വര്‍ധനവ്

കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ വര്‍ധനവ്. 2020 സെപ്റ്റംബറില്‍ പണപ്പെരുപ്പ് 7.34 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. ഓഗസ്റ്റിലിത് 6.69 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ മൂന്നു ശതമാനം മാത്രമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ് പരിശോധിക്കുമ്പോള്‍ ഏറ്റവുമധികം പച്ചക്കറി വിലയിലാണ് പ്രതിഫലിക്കുന്നത്. പച്ചക്കറി വില 20.7 ശതമാനവും പയര്‍ വര്‍ഗങ്ങള്‍ക്ക് 14.67 ശതമാനവും ഇറച്ചി മീന്‍ വില 17.60 ശതമാനവും വര്‍ധിച്ചു.

യാഹൂ അടച്ചു പൂട്ടുന്നു

ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് ഗൂഗ്ള്‍ കഴിഞ്ഞാല്‍ ഏറ്റവും ഉപയോക്താക്കളുള്ള സെര്‍ച്ച് എന്‍ജിന്‍ ആയിരുന്നു യാഹൂ. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പുകളുടെ ഉപയോഗം ക്രമാതീതമായി കുറഞ്ഞിരുന്നു. ഇപ്പോള്‍ 19 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പ് 2020 ഡിസംബര്‍ 15 മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് യാഹൂ അറിയിച്ചിരിക്കുകയാണ്. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ അടച്ചു പൂട്ടുന്നതെന്ന് വെരിസോണ്‍ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.

മലയാളികള്‍ തുടങ്ങിയ 'ഫ്രഷ് ടു ഹോ'മിലേക്ക് കോടികളുടെ നിക്ഷേപമെത്തുന്നു

മലയാളികള്‍ തുടങ്ങിയ ഫ്രഷ് ടു ഹോം എന്ന സ്റ്റാര്‍ട്ടപ്പ് യൂണികോണ്‍ കമ്പനിയാകാനൊരുങ്ങുന്നു. 900 കോടി രൂപയുടെ നിക്ഷേപമാണ് ഈ കേരള സ്റ്റാര്‍ട്ടപ്പിനെ തേടി എത്തുന്നത്. അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്സി) ആണ് 'ഫ്രഷ് ടു ഹോമി'ല്‍ നിക്ഷേപം നടത്തുന്നത്. ഓഹരി മൂലധനമായിട്ടായിരിക്കും ഡിഎഫ്സി ഫ്രഷ് ടു ഹോമില്‍ ഫണ്ട് ഇറക്കുക. മലയാളികളായ മാത്യു ജോസഫും ഷാന്‍ കടവിലും ചേര്‍ന്നാണ് ഫ്രഷ് ടു ഹോമിന് തുടക്കമിട്ടത്. ബൈജൂസിന് ശേഷം ഇത്രയും വലിയ നിക്ഷേപമെത്തുന്ന മലയാളി കമ്പനി ആയിരിക്കും ഫ്രഷ് ടു ഹോം. മാത്രമല്ല ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്സി) നിക്ഷേപം നടത്തുന്ന ആദ്യ ഇ്ത്യന്‍ കമ്പനിയും ഇവരാണ്.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് ഐഎംഎഫ്

കോവിഡ് പ്രതസന്ധി എല്ലാ മേഖലയെയും തളര്‍ത്തിയ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇതേസമയം, അടുത്തവര്‍ഷം ഇന്ത്യ നഷ്ടങ്ങള്‍ നികത്തുമെന്നും മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തുമെന്നുമാണ് പുറത്തുവരുന്ന 'വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്' റിപ്പോര്‍ട്ട് പറയുന്നത്. 2021 -ല്‍ ഇന്ത്യ 8.8 ശതമാനം വളര്‍ച്ച കുറിക്കുമെന്ന് ചൊവാഴ്ച്ച രാജ്യാന്തര നാണ്യനിധി പ്രവചിച്ചു. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയായിരിക്കും മുന്നിലെന്നും രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെപ്പോലും ഇന്ത്യ പിന്നിലാക്കും. അടുത്തവര്‍ഷം 8.2 ശതമാനം വളര്‍ച്ചാനിരക്കായിരിക്കും ചൈന കാഴ്ച്ചവെക്കുകയെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡിന് പിന്നാലെയുള്ള ഗുരുതരരോഗങ്ങള്‍ മുതിര്‍ന്നവരിലും!

കോവിഡ് ബാധിതരായ കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം എന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെ അത് മുതിര്‍ന്നവരെയും ബാധിക്കുമെന്ന് പഠനം. യുഎസിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇത് സ്ഥിരീകരിച്ചത്. ഹൃദയം അടക്കം ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണിത്. ഇത്തരം അവസ്ഥയില്‍ കോവിഡ് ലക്ഷണങ്ങളായ ഉയര്‍ന്ന പനി, ശ്വസന ബുദ്ധിമുട്ടുകള്‍, രക്തത്തിലെ കുറഞ്ഞ ഓക്‌സിജന്‍ നിരക്ക് തുടങ്ങിയ ലക്ഷണങ്ങള്‍ ചിലരില്‍ ഉണ്ടാകാം. മറ്റു ചിലരില്‍ ഈ ലക്ഷണങ്ങളൊന്നും കാണുകയുമില്ല. കോവിഡ് സ്ഥിരീകരിച്ചവരില്‍ പോലും ലക്ഷണങ്ങള്‍ ഒന്നും കാട്ടാത്ത സ്ഥിതിയുണ്ടെന്നും ഡോക്റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 37,800 രൂപയായിരുന്നു ഇന്നലെ വരെ കേരളത്തിലെ സ്വര്‍ണ വില. ചൊവ്വാഴ്ച സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 37560 രൂപയായി. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ബാങ്ക് ഓഹരികള്‍ തുണച്ചു,സെന്‍സെക്‌സ് 169 പോയ്ന്റ് ഉയര്‍ന്നു; നിഫ്റ്റി 11900 ന് മുകളില്‍

ബാങ്ക്, ധനകാര്യ ഓഹരികളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളും മുന്നേറി. സെന്‍സെക്‌സ് 169 പോയ്ന്റ് ഉയര്‍ന്ന് 40,794 ലും നിഫ്റ്റി 0.3 ശതമാനം ഉയര്‍ന്ന് 11,971 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസനിലധികം ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ജെആര്‍ജി ഓഹരികള്‍ രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ ബാക്കി ഓഹരികളെല്ലാം നേരിയ നേട്ടത്തിലായിരുന്നു. ബാങ്ക് , ധനകാര്യ ഓഹരികളില്‍ മിക്കവയും ഇന്ന് നേട്ടത്തിലായിരുന്നു. ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് , ജിയോജിത്, ജെആര്‍ജി ഓഹരികള്‍ നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ, കെഎസ്ഇ, വെര്‍ട്ടെക്‌സ്, വിഗാര്‍ഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

Today's Podcast:

Money Tok : ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍

കോവിഡ് അപ്‌ഡേറ്റ്‌സ് (14-10-2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍:6244 , ഇന്നലെ :8764
മരണം : 20, ഇന്നലെ: 21

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 3,10,140 , ഇന്നലെ വരെ : 303896
മരണം : 1,066 , ഇന്നലെ വരെ : 1046

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,239,389 , ഇന്നലെ വരെ : 7,175,880

മരണം : 110,586, ഇന്നലെ വരെ : 109,856
ലോകത്ത് ഇതുവരെ:

രോഗികള്‍: 38,066,297 , ഇന്നലെ വരെ : 37,801,526
മരണം : 1,085,411, ഇന്നലെ വരെ : 1,080,680

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it