ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 14, 2020

1. പൊതുമേഖലാ ബാങ്കുകള്‍ക്ക് 20,000 കോടി രൂപ കൂടി

പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 20,000 കോടി രൂപ വിനിയോഗിക്കുന്നത് കേന്ദ്രം പാര്‍ലമെന്റിന്റെ അനുമതി തേടി. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്ത് സമര്‍പ്പിച്ച സപ്ലിമെന്ററി ഡിമാന്റ് ഫോര്‍ ഗ്രാന്റ്‌സ് ഫോര്‍ എക്‌സ്‌പെന്‍ഡിച്ചറിലാണ് ഇതുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ 3.5 ട്രില്യണ്‍ രൂപയാണ് പൊതുമേഖലാ ബാങ്കിംഗ് രംഗത്തെ ശക്തിപ്പെടുത്താനായി ഒഴുക്കിയിരിക്കുന്നത്.

ബാങ്കുകള്‍ക്കു വേണ്ടിയുള്ള 20,000 കോടി രൂപയുടേതടക്കം 1.67 ട്രില്യണ്‍ രൂപയുടെ അധിക ധനവിനിയോഗത്തിനുള്ള അനുമതിയാണ് കേന്ദ്രം തേടിയിരിക്കുന്നത്. ബാഡ് ഡെബ്റ്റ് മൂലം ദുര്‍ബലമായ ബാങ്കുകളുടെ രക്ഷയ്ക്ക് 20,000 കോടി, കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്ക് 14,000 കോടി രൂപ, തൊഴിലുറപ്പ് പദ്ധതിയിലേക്കായി 40,000 കോടി രൂപ തുടങ്ങിയ ഇനങ്ങള്‍ക്കായാണ് കേന്ദ്രം അധിക ധനവിനിയോഗത്തിന് പാര്‍ലമെന്റിന്റെ അനുമതി തേടിയിരിക്കുന്നത്.

2. 17 എംപിമാര്‍ കോവിഡ് പോസിറ്റീവ്

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് തൊട്ടുമുമ്പേ 17 പാര്‍ലമെന്റേറിയന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയിലെ 12 പേര്‍ക്കും വൈആര്‍എസ് കോണ്‍ഗ്രസിലെ രണ്ടുപേര്‍ക്കും ശിവസേന, ഡിഎംകെ, ആര്‍ എല്‍ പി എന്നിവയിലെ ഓരോ അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷത്തിന്റെ രാജ്യസഭാ പ്രാതിനിധ്യം കുറഞ്ഞിരിക്കുകയാണ്. ഇതില്‍ തന്നെ മുതിര്‍ന്ന അംഗങ്ങളില്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സഭയില്‍ സംബന്ധിക്കാനുമാവില്ല. ഭരണപക്ഷത്തിന് സഭയില്‍ മേല്‍ക്കൈ സമ്മാനിക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം.

3. 225 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ച് ഡ്രീം 11

സ്‌പോര്‍ട്‌സ് ടെക്‌നോളജി കമ്പനിയായ ഡ്രീം സ്‌പോര്‍ട്‌സിലേക്ക് 225 മില്യണ്‍ ഡോളര്‍ നിക്ഷേപം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റ്ല്‍ സ്‌പോണ്‍സറായ ഡ്രീം 11, ഫാന്‍കോഡ്. ഡ്രീം എക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം ഡ്രീം സ്‌പോര്‍ട്‌സിന്റേതാണ്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ടിപിജി ടെക്, ക്രിസ് കാപ്പിറ്റല്‍, ഫൂട്പാത് വെഞ്ച്വേഴ്‌സ് എന്നിവയില്‍ നിന്നാണ് ഇപ്പോള്‍ ഫണ്ട് വന്നിരിക്കുന്നത്. ടെന്‍സെന്റ്, കളരി കാപ്പിറ്റല്‍ തുടങ്ങി അനേകം പേര്‍ ഈ യൂണികോണില്‍ നേരത്തെ നിക്ഷേപം നടത്തിയിട്ടുണ്ട്.

4. പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ നീക്കമില്ല

പൊതുമേഖലാ ബാങ്കുകളിലെ വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപം ഉയര്‍ത്താന്‍ നീക്കമില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ സഭയില്‍ എഴുതി സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കി. 20 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കാന്‍ നീക്കം നടക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

5. എണ്ണ ഡിമാന്റ് വര്‍ധനയുടെ കാലം കഴിഞ്ഞു: ബിപി

എണ്ണയുടെ ഡിമാന്റിലെ വര്‍ധനയുടെ കാലം കഴിഞ്ഞുവെന്ന് ബ്രിട്ടണ്‍ എണ്ണ ഭീമനായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ റിപ്പോര്‍ട്ട്. കോവിഡ് കാലത്തിന് മുമ്പുള്ള എണ്ണ ഉപഭോഗം നിരക്കിലേക്ക് ഇനി ഒരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലോകം മറ്റ് ഊര്‍ജ്ജങ്ങളിലേക്ക് പോകുന്നതും ഇതിന് ആക്കം കൂട്ടുന്നതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

6. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒന്‍പത് ശതമാനം ചുരുങ്ങും: എസ്&പി ഗ്ലോബല്‍ റേറ്റിംഗ്‌സ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഒന്‍പത് ശതമാനം ചുരുങ്ങുമെന്ന് എസ് & പി ഗ്ലോബല്‍ റേറ്റിംഗ്‌സിന്റെ അനുമാനം. നേരത്തെ അഞ്ചു ശതമാനം ചുരുങ്ങുമെന്നായിരുന്നു ഇവരുടെ അനുമാനം. രാജ്യത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ സമ്പദ് വ്യവസ്ഥയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നതായി റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

7. വിപണി മൂല്യത്തില്‍ നാഴികകല്ല് പിന്നിട്ട് ടിസിഎസ്

തിങ്കളാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് താണ്ടിയത് മറ്റൊരു നാഴികക്കല്ല്. ഓഹരി വില ഒന്നരശതമാനം ഉയര്‍ന്ന് 2,408 രൂപയിലെത്തിയപ്പോള്‍ കമ്പനിയുടെ വിപണി മൂല്യം ഒന്‍പത് ട്രില്യണ്‍ രൂപ കടന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ടിസിഎസ്.

8. ബ്ലു ചിപ്പുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം, നേട്ടം നിലനിര്‍ത്താനാകാതെ വിപണി

വ്യാപാരത്തിനിടെയുണ്ടായ നേട്ടം വ്യാപാര അന്ത്യത്തോടെ കളഞ്ഞുകുളിച്ച് വിപണി. ബ്ലു ചിപ് കമ്പനികളിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സൂചികകള്‍ നേട്ടം നിലനിര്‍ത്താനാകാതെ താഴേയ്ക്ക് പോയത്. അതേസമയം മള്‍ട്ടി കാപ് ഫണ്ടുകളുടെ അലോക്കേഷനില്‍ സെബി വരുത്തിയ മാറ്റങ്ങളെ തുടര്‍ന്ന് സ്‌മോള്‍, മിഡ് കാപ് സൂചികകളില്‍ നേട്ടമുണ്ടായി.

സെന്‍സെക്‌സ് 98 പോയ്ന്റ്, 0.25 ശതമാനം ഇടിഞ്ഞ് 38,757 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 39,230.16ല്‍ എത്തിയിരുന്നു.

നിഫ്റ്റി 24 പോയ്ന്റ് , 0.21 ശതമാനം താഴ്ന്ന് 11,440ല്‍ ക്ലോസ് ചെയ്തു.

അതേസമയം മിഡ്കാപ് സൂചികയില്‍ 1.56 ശതമാനം വര്‍ധനയും സ്‌മോള്‍ കാപ് സൂചികയില്‍ നാല് ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി.

നിഫ്റ്റി ഐറ്റി സൂചികയും നേട്ടം തുടരുകയാണ്.

കോവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആഗോള വിപണികളില്‍ ഓഹരി വിലകള്‍ ഉയര്‍ന്നു. എണ്ണ വില ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഭൂരിഭാഗം കേരള കമ്പനികളും നേട്ടമുണ്ടാക്കി. 20 ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ അഞ്ചു ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. രണ്ടു ഓഹരികളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായതുമില്ല.
നേട്ടമുണ്ടാക്കിയ കമ്പനികളില്‍ അപ്പോളോ ടയേഴ്‌സ് ആണ് മുന്നില്‍. എട്ടു ശതമാനം ഉയര്‍ച്ചയോടെ ഓഹരി വില 125.55 രൂപയിലെത്തി. 9.30 രൂപയുടെ വര്‍ധന. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഓഹരി വില 9.45 രൂപ ഉയര്‍ന്ന് (7.73 ശതമാനം) 131.65 രൂപയിലും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റേത് 26.20 രൂപ ഉയര്‍ന്ന് (6.46 ശതമാനം) 431.95 രൂപയിലും വി ഗാര്‍ഡിന്റേത് 10.70 രൂപ ഉയര്‍ന്ന് (6.36 ശതമാനം) 178.85 രൂപയിലും എത്തി.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.88 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.64 ശതമാനം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.28 ശതമാനം), ഫെഡറല്‍ ബാങ്ക് (2.99 ശതമാനം), എവിറ്റി (2.89 ശതമാനം), കിറ്റെക്‌സ് (2.71 ശതമാനം), കേരള ആയുര്‍വേദ (1.85 ശതമാനം), കെഎസ്ഇ (1.83 ശതമാനം), സിഎസ്ബി ബാങ്ക് (1.24 ശതമാനം), നിറ്റ ജലാറ്റിന്‍ (1.00 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (0.89 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.89 ശതമാനം), എഫ്എസിടി (0.87 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.53 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.13 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

9. പരസ്യക്കരാര്‍: അമിതാഭ് ബച്ചനെപിന്നിലാക്കി കോലിയും ധോണിയും

പരസ്യക്കരാറുകളുടെ കാര്യത്തില്‍ ബോളിവുഡിനെ പിന്നിലാക്കി കുതിപ്പ് തുടരുകയാണ് ക്രിക്കറ്റ് താരങ്ങള്‍. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി അടുത്തിടെ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നേടുന്ന രണ്ടാമത്തെ സെലിബ്രിറ്റിയായി. ഒന്നാമത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ്. അമിതാഭ് ബച്ചന്‍, കരീന കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ധോണിയും കോലിയും മുന്നിലെത്തിയതെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ കാലമായി പട്ടികയില്‍ മുന്നിലുള്ള വിരാട് കോലിയുടെ സ്ഥാനത്തിന് ഇപ്പോഴും ഇളക്കമൊന്നും തട്ടിയിട്ടില്ല. ജൂണില്‍ രണ്ടാം സ്ഥാനത്ത് ബോളിവുഡ് നടന്‍ അക്ഷയ്കുമാറും മൂന്നാം സ്ഥാനത്ത് കരീന കപൂറും, നാലാം സ്ഥാനത്ത് അമിതാഭ് ബച്ചനുമായിരുന്നു. ജൂലൈ ആയപ്പോഴേക്കും അക്ഷയ്കുമാര്‍ ആദ്യ നാലില്‍ നിന്ന് പുറത്തായി. പകരം ധോണി രണ്ടാം സ്ഥാനത്തെത്തി. അമിതാഭ്ബച്ചനും കരീന കപൂറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it