ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 15, 2020

തുടര്‍ച്ചയായി പത്തുദിവസത്തെ മുന്നേറ്റത്തിന് ശേഷം ഇന്ന് ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു, ഇന്ന ഓഹരി നിക്ഷേപകരുടെ നഷ്ടം 3.3 ലക്ഷം കോടി രൂപ. ബിഗ് ബാസ്‌ക്കറ്റില്‍ ഓഹരി പങ്കാളിത്തം നേടാന്‍ ടാറ്റ. ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

news headlines
-Ad-
1. വിപണി മൂക്കു കൂത്തി താഴേക്ക്; സെന്‍സെക്‌സ് 1066 പോയന്റ് ഇടിഞ്ഞു, ഒറ്റ ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടം 3.34 ലക്ഷം കോടി രൂപ

വിപണിയിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം കഴിഞ്ഞ പത്തു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് വിരാമമിട്ടു. സെന്‍സെക്‌സ് 1066.33 പോയ്ന്റ്(2.61 ശതമാനം) ഇടിഞ്ഞ് 39,728.41 ലേക്കും നിഫ്റ്റി 290.60 പോയ്ന്റ് ഇടിഞ്ഞ് 11680.40 ലേക്കും കൂപ്പുകുത്തി.

നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3,33,360.15 കോടി രൂപ.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ഐടി, ബാങ്കിംഗ്, ഫാര്‍മ സൂചികകളാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയച്. ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം താഴേക്ക് പോയി. ആഗോള വിപണികളിലെ നഷ്ടവും ഉയരുന്ന കോവിഡ് വ്യാപനവും ഉത്തേജപാക്കേജുകളിലെ അപര്യാപ്തതയുമാണ് വിപണിയില്‍ ഇടിവിന് കാരണമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ബ്ലൂചിപ് ഓഹരികളാണ് ഇന്ന് വില്‍പ്പനയുടെ പിടിയിലകപ്പെട്ടത്.

തകര്‍ച്ചയില്‍ കേരള കമ്പനി ഓഹരികളും

ഇന്ന് ഏഴു ഓഹരികളൊഴികെ ബാക്കിയെല്ലാം നഷ്ടത്തിലായിരുന്നു. കേരള ബാങ്ക് ഓഹരികളില്‍ സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും നേരിയ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിലനിന്നപ്പോല്‍ മറ്റെല്ലാ ഓഹരികളും തകര്‍ച്ചയില്‍പെട്ടു. ജിയോജിത്, ഹാരിസണ്‍സ് മലയാളം ഓഹരികള്‍ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നിറ്റ ജെലാറ്റിന്‍, റബ്ഫില, വിഗാര്‍ഡ് എന്നിവയാണ് കേരള കമ്പനികളില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

-Ad-
2. ലോകം ഇപ്പോള്‍ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തി മാന്ദ്യത്തിന്റെ പിടിയില്‍: ലോകബാങ്ക്

1930കളില്‍ ലോകം സാക്ഷ്യം വഹിച്ച മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തെയാണ് കോവിഡ് മൂലം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പ്പാസ്. ലോകത്തിലെ നിരവധി വികസിത, ദരിദ്ര രാജ്യങ്ങള്‍ക്ക് കോവിഡ് ഒരു മഹാദുരന്തമാണെന്ന് മല്‍പ്പാസ് പറയുന്നു. സമ്പദ് വ്യവസ്ഥയിലെ ചുരുങ്ങല്‍ മൂലം രാജ്യങ്ങളുടെ കടം കുത്തനെ ഉയരും. ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ ദരിദ്രമാക്കുമെന്ന് മല്‍പ്പാസ് മുന്നറിയിപ്പ് നല്‍കുന്നു.

3. ഇ കോമേഴ്‌സ് മേല്‍ക്കൈ നേടാന്‍ ബിഗ് ബാസ്‌ക്കറ്റിലും ഇന്ത്യ മാര്‍ട്ടിലും ഓഹരി പങ്കാളിത്തം നേടാന്‍ ടാറ്റ ഗ്രൂപ്പ്

ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ രംഗം വരെ പടര്‍ന്ന് പന്തലിച്ച് കിടിക്കുന്ന ടാറ്റ ഗ്രൂപ്പ് ഇ കോമേഴ്‌സ് രംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. മെട്രോമാന്‍ ഇ. ശ്രീധരന്റെ മകളുടെ ഭര്‍ത്താവും ഇന്ത്യയിലെ ഇ കോമേഴ്‌സ് മേഖലയില്‍ മുമ്പേ നടന്ന സംരംഭകനുമായ ഹരി മേനോന്‍ സഹസ്ഥാപകനും സിഇഒയുമായ ബിഗ് ബാസ്‌ക്കറ്റിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആലിബാബ ഉള്‍പ്പടെയുള്ളവരുടെ നിക്ഷേപം ആകര്‍ഷിച്ചിരിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഇപ്പോള്‍ പ്രതിദിനം മൂന്ന് ലക്ഷം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബിസിനസ് ടു ബിസിനസ് മാര്‍ക്കറ്റ് പ്ലേസായ ഇന്ത്യ മാര്‍ട്ടിലും നിക്ഷേപം നടത്താന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജിയോമാര്‍ട്ട്, വാള്‍ട്ട്മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്പ് കാര്‍ട്ട് എന്നിവര്‍ പടയോട്ടം നടത്തുന്ന ഇ കോമേഴ്‌സ് രംഗത്ത് ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള നീക്കങ്ങളാണ് ടാറ്റ നടത്തുന്നത്.

4. ടിആര്‍പി വിവാദം: ന്യൂസ് ചാനലുകളുടെ റേറ്റിംഗ് മൂന്ന് മാസത്തേക്കില്ല

ടിവി ന്യൂസ് ചാനലുകളുടെ വ്യുവര്‍ഷിപ്പ് ഡാറ്റ സംബന്ധിച്ച വിവാദത്തിനിടെ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) ടിവി ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് പുറത്തുവിടുന്നത് മൂന്നുമാസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു. എന്നാല്‍ സംസ്ഥാന, പ്രാദേശിക ഭാഷാ വാര്‍ത്താചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോര്‍ട്ട് തുടരും. കൗണ്‍സിലിന്റെ നടപടിയെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. മൂന്നുമാസക്കാലം കൊണ്ട് റേറ്റിംഗ് സംവിധാനം അഴിച്ചുപണിത് കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. റിപ്പബ്ലിക് ടിവിയും രണ്ട് മറാത്തി ചാനലുകളും ജനങ്ങള്‍ക്ക് പണം നല്‍കി റേറ്റിംഗ് കൂട്ടാന്‍ നടപടികള്‍ സ്വീകരിച്ചെന്ന വിവാദത്തെ തുടര്‍ന്നാണ് ഈ നടപടി. പരസ്യവരുമാനം കൂട്ടാന്‍ വേണ്ടിയായിരുന്നു കൃത്യമം നടത്തിയതെന്ന മുംബൈ പോലീസ് കമ്മീഷണര്‍ കഴിഞ്ഞാഴ്ച വെളിപ്പെടുത്തിയിരുന്നു.

5. രണ്ടാംഘട്ട ഉത്തേജക നടപടികള്‍ വളര്‍ച്ചയ്ക്ക് പര്യാപ്തമല്ല: മൂഡീസ്

വിപണിയില്‍ ഡിമാന്റ് കൂട്ടാന്‍ അടുത്തിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ ഹ്രസ്വകാലത്തേക്ക് ഉണര്‍വ് പകര്‍ന്നേക്കുമെങ്കിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കുന്ന പിന്തുണ ശുഷ്‌കമായിരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ഉത്സവകാല ബത്ത, അവധികാല യാത്രാ ഇളവിന് കാഷ് വൗച്ചര്‍ സ്‌കീം തുടങ്ങിയവയൊക്കെയാണ് പുതിയ പാക്കേജിലുണ്ടായത്. ഡിമാന്റ് കൂട്ടാനുള്ള ഉത്തേജക പാക്കേജ് 46,700 കോടി രൂപയുടേതാണ്. അതായത് ജിഡിപിയുടെ 0.2 ശതമാനം. അസാധാരണമാം വിധം ചുരുങ്ങിയിരിക്കുന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഇത് മതിയാകില്ലെന്ന് മൂഡീസ് വിലയിരുത്തുന്നു.

കോവിഡ് അപ്‌ഡേറ്റ്‌സ് (15- 10- 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 7,789 , ഇന്നലെ :6244
മരണം :  23 , ഇന്നലെ : 20

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 3,17,929 , ഇന്നലെ : 3,10,140
മരണം : 1,089 , ഇന്നലെ : 1,066

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,307,097 , ഇന്നലെ : 7,239,389

മരണം : 111,266 , ഇന്നലെ : 110,586

ലോകത്ത് ഇതുവരെ:

രോഗികള്‍: 38,442,524 , ഇന്നലെ : 38,066,297
മരണം :  1,091,464 , ഇന്നലെ : 1,085,411

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here