ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 16, 2020

ആദായനികുതി വരുമാനത്തില്‍ 22.5 ശതമാനം ഇടിവ്

സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്. ലോക്ഡൗണ്‍ മൂലമുള്ള അടച്ചിടലിനെ തുടര്‍ന്ന് സെപറ്റംബര്‍ 15 വരെയുള്ള കണക്കുപ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.5ശതമാനമാണ് കുറവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തിലെ മുന്‍കൂര്‍ നികുതിയിനത്തിലുള്ള വരവുള്‍പ്പടെയുള്ളതാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഈ കണക്ക്. എന്നാല്‍ 2019 സെപ്റ്റംബര്‍ 15-ലെ കണക്കു പ്രകാരം 3,27,320.2 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. ആദായ നികുതി വകുപ്പിന്റെ മുംബൈ റീജ്യണല്‍ ഓഫീസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിടിഐ റിപ്പോര്‍ട്ടുചെയ്ത വിവരങ്ങളിലാണ് ഇത് വെളിവാകുന്നത്.

നിലവിലെ വരുമാനം അറിയിച്ചെങ്കിലും മുന്‍കൂര്‍ നികുതിയിനത്തില്‍ ലഭിച്ച തുകസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. താല്‍ക്കാലിക കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അവസാന കണക്കുകള്‍ നാളെ പുറത്തുവന്നേക്കും.

ജൂണില്‍ അവസാനിച്ച പാദത്തില്‍ നികുതിയിനത്തില്‍ 36 ശതമാനമാണ് കുറവുണ്ടായത്. മുന്‍കൂര്‍ നികുതിയിനത്തില്‍ 76 ശതമാനവും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളും വരുമാന സ്രോതസ്സുകളായ മറ്റു സര്‍വീസുകളും നിര്‍ത്തലാക്കേണ്ടി വന്നതിനാലാണ് നികുതി വരുമാനം കുത്തനെ ഇടിഞ്ഞത്.

ആപ്പിള്‍ വാച്ച് സീരീസ് 6, എസ്ഇ, ഐപാഡ് എയര്‍; പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി ആപ്പിള്‍

രക്തത്തിലെ ഓക്സിജന്‍ നില അറിയാന്‍ ഇനി ആപ്പിള്‍ വാച്ച് കൈയില്‍ കെട്ടിയാല്‍ മതി. ആപ്പിള്‍ പുറത്തിറക്കിയ ആപ്പിള്‍ വാച്ച് 6ലാണ് ഇതിനായി പ്രത്യേക സെന്‍സറുള്ളത്. ഇന്നലെ നടന്ന ആപ്പിളിന്റെ 'ടൈം ഫ്ളൈസ്' എന്ന ഇവന്റില്‍ ഏറ്റവും ശ്രദ്ധേയമായത് ആപ്പിള്‍ വാച്ച് 6 തന്നെ. ഇത് കൂടാതെ ആപ്പിള്‍ വാച്ച് എസ്ഇ, ഐപാഡ് എയര്‍, എട്ടാം തലമുറ ഐപാഡ് എന്നീ ഉല്‍പ്പന്നങ്ങളും പുതിയ ചില സേവനങ്ങളും ആപ്പിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്.

ഇന്ത്യയില്‍ ആപ്പിള്‍ വാച്ച് സീരീസ് 6 (ജിപിഎസ്)ന്റെ വില 40,900 രൂപയാണ്. ജിപിഎസ്, സെല്ലുലാര്‍ സൗകര്യങ്ങളുള്ള വാച്ചിന്റെ വില 49,900 രൂപയാണ്. ആപ്പിള്‍ വാച്ച് എസ്ഇയുടെ വില 29,900 രൂപയില്‍ ആരംഭിക്കുന്നു.

എട്ടാം തലമുറ വൈഫൈ മോഡല്‍ ഐപാഡിന്റെ വില ആരംഭിക്കുന്നത് 29,900 രൂപയിലാണ്. വൈഫെ, സെല്ലുലാര്‍ മോഡലിന്റെ വില 41,900 രൂപയാണ്. ഈ മോഡലില്‍ ഒന്നാം തലമുറ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാം. സ്മാര്‍ട്ട് കീബോര്‍ഡിന്റെ വില 13,900 രൂപയാണ്.

പുതിയ ഐപാഡ് എയര്‍ ഒക്ടോബര്‍ മുതലാണ് ലഭ്യമാവുക. ഇതിന്റെ വില ആരംഭിക്കുന്നത് 54,900 രൂപയിലാണ്. ഇതില്‍ രണ്ടാം തലമുറ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാനാകും.

കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്ക് ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി- ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരമുള്ള രാജ്യത്തെ ആദ്യത്തെ ഡിഫെന്‍സ് പാര്‍ക്ക് അടുത്ത മാസം പാലക്കാട് ഒറ്റപ്പാലത്ത് പ്രവര്‍ത്തനാരംഭിക്കും. കിന്‍ഫ്രാ ഡിഫന്‍സ് പാര്‍ക്കിലെ നിക്ഷേപ സാധ്യതകള്‍ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വെര്‍ച്വല്‍ ബിസിനസ് കോണ്‍ക്ലേവില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐ എ എസ് ആണ് ഇക്കാര്യം അറിയിച്ചത്. കിന്‍ഫ്രയും സംസ്ഥാന വ്യവസായ വകുപ്പും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും(ഫിക്കി) ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഡിഫന്‍സ് പാര്‍ക്കിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും ബി ടു ബി മീറ്റും നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിരോധ ഉപകരണ നിര്‍മാണ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.

ഡിഫന്‍സ് പാര്‍ക്കില്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക നൂലാമാലകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഇളങ്കോവന്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ ഇ അപ്ലിക്കേഷന്‍ നല്‍കിയാല്‍ മൂന്നു വര്‍ഷത്തേക്ക് കമ്പനിക്ക് ഒരു തടസവും കൂടാതെ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അനുവദിക്കും. കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയില്‍ സ്ഥിതി ചെയ്യുന്നത് ഡിഫന്‍സ് പാര്‍ക്കിന്റെ വലിയ അനുകൂലഘടകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള പ്രോജക്ട് ഉടന്‍ ആരംഭിക്കുമെന്നും ഇളങ്കോവന്‍ അറിയിച്ചു.

ഡിഫന്‍സ് പാര്‍ക്കില്‍ നിക്ഷേപകര്‍ക്ക് രജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കുമെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് അറിയിച്ചു. 60 ഏക്കറുള്ള ഡിഫന്‍സ് പാര്‍ക്കില്‍ 47.50 ഏക്കര്‍ ഭൂമി കമ്പനികള്‍ക്ക് അലോട്ട് ചെയ്യും. 3,28,630 ചതുരശ്ര അടി കോമണ്‍ ഫെസിലിറ്റി സെന്ററും 19000 ചതുരശ്ര അടി വെയര്‍ഹൗസ് ഫെസിലറ്റിയും ഇവിടെയുണ്ട്. സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. സ്‌കില്‍ഡ് മാന്‍പവര്‍ പാര്‍ക്കില്‍ ലഭ്യമാക്കും. ചെറുകിട യൂണിറ്റുകളുടെ ഗുണനിലവാര പരിശോധക്ക് കേന്ദ്ര സര്‍ക്കാരിന്റെ ടെസ്റ്റിംഗ് ലാബ് കൂടി നടപ്പാക്കുന്നുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം 20 ശതമാനം കുറഞ്ഞുവെന്ന് കമ്പനികളുടെ വെളിപ്പെടുത്തല്‍

ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമില്‍ ഈ വര്‍ഷം 20ശതമാനം കുറവുണ്ടായതായി ഇന്‍ഷുറന്‍സ് കമ്പനികള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടല്‍മൂലം വീട്ടില്‍തന്നെ തുടരാന്‍ നിര്‍ബന്ധിതമായതാണ് മരണനിരക്ക് കുത്തനെകുറയാന്‍ കാരണം. ഈ കാലയളവില്‍ അപകട മരണ നിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ മൂലമാണിതെന്നും വിലയിരുത്തലുണ്ട്. കൂടാതെ അപകടം, കൊലപാതകം, ആത്മഹത്യ എന്നിവയില്‍ 35 മുതല്‍ 40 ശതമാനംവരെ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊറോണ വൈറസ് ഭീതി മൂലം മരണത്തെതുടര്‍ന്ന് ക്ലെയിം ചെയ്യാനുള്ള കുടുംബാംഗങ്ങളുടെ അവസരം കുറഞ്ഞതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണ്‍ലൈന്‍ ക്ലെയിം രേഖകള്‍ നല്‍കാനുള്ള സൗകര്യമുണ്ടെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ ക്ലെയിം അധികമാളുകള്‍ ചെയ്തിട്ടില്ല എന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.

ആവശ്യപ്പെട്ടാല്‍ വീടുകളിലെത്തി ക്ലെയിം രേഖകള്‍ ശേഖരിക്കുമെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ടാറ്റ എഐഎ തുടങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ക്ലെയിം ചെയ്യുന്നതിന് വാട്സാപ്പ്, ചാറ്റ്ബോട്ട് സൗകര്യങ്ങളും കമ്പനികള്‍ ഒരുക്കിയിട്ടുമുണ്ട്.

വോഡഫോണ്‍- ഐഡിയക്കാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ്; ജിഗാനെറ്റ് അവതരിപ്പിക്കാനൊരുങ്ങി 'വി'

ഇന്ത്യയിലെ ഏറ്റവും ശക്തമായ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖലയാകുമെന്ന അവകാശവാദവുമായി വി ബ്രാന്‍ഡിന്റെ ജിഗാനെറ്റ് എത്തുന്നു. വോഡഫോണും ഐഡിയയും ചേര്‍ന്ന പുതിയ ബ്രാന്‍ഡ് 'വി' അവതരിപ്പിച്ച 4 ജി ശൃംഖലയാണ് ജിഗാനെറ്റ്. വേഗമാര്‍ന്ന ഇന്റര്‍നെറ്റ് ശേഷിയും ഉയര്‍ന്ന സ്പെക്ട്രവും ജിഗാനെറ്റിന്റെ പ്രധാന പ്രത്യേകതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള യൂണിവേഴ്‌സല്‍ ക്ലൗഡ് സാങ്കേതികവിദ്യയാണ് ജിഗാനെറ്റ് ഉപയോഗിക്കുന്നത്. അതിവേഗം വന്‍തോതിലുള്ള ഡേറ്റ ഉപയോഗവും കൈമാറ്റവും ഇതു സാധ്യമാക്കും. മികച്ച ഡൗണ്‍ലോഡിംഗ് സ്പീഡും അപ് ലോഡിംഗ് സ്പീഡും ഇത് വാഗ്ദാനം ചെയ്യുന്നു.

കോളുകള്‍ കണക്റ്റ് ചെയ്യാനുള്ള വേഗത, ഇന്റര്‍നെറ്റ് സെര്‍ച്ചിംഗിനുള്ള സ്പീഡ് എന്നിവയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ ടെലികോം ശൃംഖലകളുടെ പങ്കെന്ന് ജിഗാനെറ്റ് അവതരിപ്പിക്കവെ 'വി' ചീഫ് ടെക്നോളജി ഓഫിസര്‍ വിഷാന്ത് വോറ വ്യക്തമാക്കി. കണക്ടിവിറ്റിയെ ഡിജിറ്റല്‍ സമൂഹത്തിന്റെ അടിത്തറയാക്കി മാറ്റാനുള്ള വിയുടെ ശ്രമമാണ് പുതിയ 4 ജി ശൃംഖലയായ ജിഗാനെറ്റ്. വ്യക്തിഗതഉപയോഗത്തേക്കാളേറെ വന്‍കിട കോര്‍പറേറ്റുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം ആവശ്യമായ കണക്ടിവിറ്റി തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ജിഗാനെറ്റിന് സാധിക്കുമെന്ന് വോറ ചൂണ്ടിക്കാട്ടി.

നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്പനിയെ അലട്ടുന്നുണ്ട്. 7,854 കോടി രൂപയാണ് ഇതുവരെ എജിആര്‍ കുടിശ്ശികയില്‍ കമ്പനി അടച്ചത്. 10 വര്‍ഷം കൊണ്ട് മിച്ചമുള്ള തുക അടയ്ക്കണം. വരിക്കാരുടെ കൊഴിഞ്ഞുപോക്കാണ് വോഡഫോണ്‍ ഐഡിയ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ജിയോയുടെ വരവോടെ ഏറ്റ ഈ ആഘാതത്തില്‍ നിന്നും കരകയറാന്‍ വി എന്ന പേരില്‍ ബ്രാന്‍ഡ് പുനര്‍നാമകരണം ചെയ്ത് ശക്തമായ തിരിച്ചുവരവാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്‍ വില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് റഷ്യ

കൊറോണ വ്യാപനത്തില്‍ അമേരിക്കയ്ക്ക് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. ഇത്തരത്തില്‍ വര്‍ധിച്ചു വരുന്ന കേസുകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ വില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ. റഷ്യയില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള സ്പുട്‌നിക് വി എന്ന വാക്‌സിന്‍ 10 കോടി ഡോസാണ് ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയ്ക്ക് വിതരണം ചെയ്യുക.

കരാറുമായി അടുപ്പമുള്ള വൃത്തങ്ങളാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ റഷ്യന്‍ നിര്‍മിത വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയിലെ മരുന്ന് കമ്പനിയുമായി ചേര്‍ന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മരുന്ന് പരീക്ഷണവും വിതരണവും ഡ്രഗ് കണ്‍ട്രോളറുടെ അനുമതിയ്ക്കും അംഗീകാരത്തിനും അനുസൃതമായിട്ടായിരിക്കും ഉണ്ടാകുക.

ഇത് മാത്രമല്ല നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം 300 ദശലക്ഷം ഡോസ് സ്പുട്‌നിക് വി മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നതിനായി ഇന്ത്യയുമായും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് കരാരില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പിന്നീട് ഇന്ത്യയിലെ കമ്പനിയുടെ പേര് വെളിപ്പെടുത്തുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്‌സിക്കോ, എന്നീ രാജ്യങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് നേരത്തെ തന്നെ വാക്‌സിന്‍ വിതരണത്തിന് വേണ്ടി ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 3830 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ് രോഗികള്‍. ഇന്ന് മാത്രം 3830 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ല അനുസരിച്ചുള്ള കണക്ക്.

തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍

എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് , മഹീന്ദ്ര & മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ കാണിച്ച താല്‍പ്പര്യം ഓഹരി സൂചികകളെ ഇന്ന് ഉയര്‍ത്തി. ഈ ആഴ്ചയില്‍ തുടര്‍ച്ചയായി രണ്ടാംദിവസമാണ് സൂചികകള്‍ ഉയരുന്നത്. സെന്‍സെക്‌സ് 258.5 പോയ്ന്റ്, 0.66 ശതമാനം ഉയര്‍ന്ന് 39,303 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 83 പോയ്ന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 11,605ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റിയിലെ മിക്കവാറും സെക്ടര്‍ സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 0.44 ശതമാനം ഉയര്‍ന്നപ്പോള്‍ മിഡ്കാപ് സൂചിക 0.21 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഭൂരിഭാഗം കേരള കമ്പനി ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാനായി. 20 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അഞ്ചെണ്ണത്തിന് മാത്രമാണ് കാലിടറിയത്. രണ്ട് ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ 5.94 ശതമാനം ഉയര്‍ച്ചയോടെ കിറ്റെക്‌സ് മുന്നില്‍ നില്‍ക്കുന്നു. 6.20 രൂപ വര്‍ധിച്ച് 110.65 രൂപയിലാണ് കിറ്റെക്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 78 പൈസ ഉയര്‍ന്ന്(5.85 ശതമാനം) 14.11 രൂപയിലും കെഎസ്‌ഐയുടേത് 90.25 രൂപ ഉയര്‍ന്ന് (5 ശതമാനം) 1895.35 രൂപയിലും വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സിന്റേത് 4.95 രൂപ ഉയര്‍ന്ന് (4.99 ശതമാനം) 104.10 രൂപയിലും എത്തി.
എവിറ്റി (3.70 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.36 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.65 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.35 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.18 ശതമാനം), എഫ്എസിടി (1.09 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (0.99 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.97 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.73 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.69 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.51 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.40 ശതമാനം), സിഎസ്ബി ബാങ്ക് (0.31 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.31 ശതമാനം), ഹാരിസണ്‍സ് മലയാളം (0.11 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.09 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.പാറ്റസ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് മാറ്റമൊന്നും ഉണ്ടായില്ല.
ഇന്‍ഡിട്രേഡി (ജെആര്‍ജി) ന്റെ ഓഹരി വിലയില്‍ 55 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലത്തേതിനേക്കാള്‍ 1.74 ശതമാനം ഇടിവ്. 26.50 രൂപയാണ് ഇന്നത്തെ നില.
കേരള ആയുര്‍വേദ (1.74 ശതമാനം ഇടിവ്), നിറ്റ ജലാറ്റിന്‍ (1.42 ശതമാനം), ഫെഡറല്‍ ബാങ്ക് (1.29 ശതമാനം), ആസ്റ്റര്‍ ഡി എം (0.27 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ മറ്റു കേരള കമ്പനികള്‍.

{Data provided by Morningstar for Currency and Coinbase for Cryptocurrency}

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it