Top

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 19, 2020

ഇന്ത്യയില്‍ സ്ഫുട്നിക് 5 മാന്‍കൈന്‍ഡ് ഫാര്‍മ വില്‍ക്കും

റഷ്യന്‍ കോവിഡ് വാക്സിനായ സ്ഫുട്നിക് 5 ന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്കായി റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) ഡല്‍ഹി ആസ്ഥാനമായുള്ള മാന്‍കൈന്‍ഡ് ഫാര്‍മയുമായി കരാറില്‍ ഒപ്പുവെച്ചു. സ്ഫുട്നിക്ക് 5ന്റെ മാര്‍ക്കറ്റിംഗും ഡിസ്ട്രിബ്യൂഷനുമാകും മാന്‍കൈന്‍ഡ് ഫാര്‍മ നടത്തുക. വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഡോ.റെഡ്ഢീസുമായി നേരത്തേ ആര്‍ഡിഐഎഫ് ധാരണയിലെത്തിയിരുന്നു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: അദാനി ഗ്രൂപ്പിന് എതിരായ സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേലനടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്നത് ന്യായീകരിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമായത്. ടെന്‍ഡര്‍ നടപടികളില്‍ അദാനിയാണ് മുന്നിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസി രണ്ടാമതായി. വിമാനത്താവള സ്വകാര്യവല്‍ക്കണത്തിനെതിരെ പ്രതിപക്ഷത്തും വിരുദ്ധ അഭിപ്രായമുണ്ട്.

ലുലു ഗ്രൂപ്പില്‍ വീണ്ടും 7500 കോടി രൂപയുടെ നിക്ഷേപം

ലുലു ഗ്രൂപ്പില്‍ രണ്ടാമതും നിക്ഷേപം നടത്തി അബുദാബി രാജകുടുംബം. ഇത്തവണ 7500 കോടി രൂപ(നൂറ് കോടി ഡോളര്‍)യാണ് നിക്ഷേപിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശൈഖ് താനൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനുമായുള്ള കമ്പനി എ.ഡി.ക്യുവാണ് ലുലുവില്‍ നിക്ഷേപം നടത്തുന്നത്. ഈജിപ്റ്റ് കേന്ദ്രീകരിച്ചുള്ള വ്യവസായ പദ്ധതിയിലേക്കാകും ഈ നിക്ഷേപം. ഈജിപ്റ്റില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകളും നൂറ് മിനി മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമായി ലുലു ആരംഭിക്കും. കഴിഞ്ഞ മാസം 8,200 കോടി രൂപയായിരുന്നു നിക്ഷേപിച്ചത്.

ചൈനീസ് സാന്നിധ്യമുള്ള എല്ലാ എഫ്ഡിഐകള്‍ക്കും സര്‍ക്കാര്‍ എന്‍ഓഡി നിര്‍ബന്ധം

ചെറിയ തോതില്‍ ചൈനീസ് സാന്നിധ്യമുള്ള കമ്പനികള്‍ക്ക് പോലും ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റു(എഫ്ഡിഐ)കള്‍ക്ക് ഗവണ്‍മെന്റ് എന്‍ഓഡി നിര്‍ബന്ധമാക്കി. 10- 25 ശതമാനം ചൈനീസ് ഹോള്‍ഡിംഗ്‌സ് ഉള്ളവര്‍ക്ക് എഫ്ഡിഐ പ്രൊപ്പോസലുകള്‍ സ്വീകരിക്കാമെന്ന് ഏപ്രിലില്‍ക്യാബിനറ്റ് തീരുമാനം പുറത്തു വന്നെങ്കിലും പിന്നീട് ആറ് മാസത്തിന് ശേഷം പുനപരിശോധന നടത്തുകയായിരുന്നു. ചൈനീസ് കമ്പനികളുടെ അധിനിവേശം തടയുന്നതിനായിരുന്നു ഇത്. എന്നാല്‍ പേടിഎം, സൊമാറ്റോ, ബിഗ്ബാസ്‌കറ്റ് എന്നീ ചൈനീസ് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ഇപ്പോള്‍ വിവിധ അനുമതികള്‍ മുടങ്ങി പ്രശ്‌നത്തിലായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കല്യാണ്‍ ജൂവലേഴ്‌സിന് ഐപിഓ അനുമതി

ഐപിഓയുമായി മുന്നോട്ട് പോകാന്‍ കല്യാണ്‍ ജൂവലേഴ്‌സിന് സെബിയുടെ അനുമതി. ഓഹരിവില്‍പ്പനയിലൂടെ 1750 കോടി രൂപ സമാഹരിക്കുവാനാണ് കല്യാണ്‍ ജൂവലേഴ്‌സ് ഐപിഓ പദ്ധതിയിട്ടിട്ടുള്ളത്. ഓഗസ്റ്റില്‍ സെബിയില്‍ സമര്‍പ്പിച്ച പേപ്പറുകള്‍ക്ക് ഒക്ടോബര്‍ 15ന് അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

പാകിസ്താനിലെ ടിക് ടോക് ബാന്‍ നീക്കം ചെയ്തു

കമ്യൂണിറ്റി സ്റ്റാര്‍ഡേര്‍ഡ്‌സിന് വിരുദ്ധമായ അനാവശ്യ കണ്ടന്റ് പ്രസിദ്ധപ്പെടുത്തിയെന്നാരോപിച്ച് ടിക് ടോക്കിനെ വിലക്കിയ പാകിസ്താന്റെ നടപടി പിന്‍വലിച്ചു. പ്രാദേശിക നിയമങ്ങള്‍ അനുസരിച്ച് ടിക് ടോക് തങ്ങളുടെ നിയമങ്ങള്‍ സാധൂകരിക്കുമെന്ന് പറഞ്ഞെങ്കിലും അത് ചെയ്യാതെ ഉപയോക്താക്കളെ കൂടുതല്‍ നേടാന്‍ അനാവശ്യ കണ്ടെന്റ് ഉപയോഗിക്കുകയാണ് ടിക് ടോക് ചെയ്തത്. എന്നാല്‍ ഇത് മാറ്റാമെന്ന ഉടമ്പടിയില്‍ പട്ടു ദിവസത്തിന് ശേഷം വിലക്ക് നീക്കുകയായിരുന്നു.

ഡോ. പി രവീന്ദ്രനാഥ് ഐ.എ.സി.സി ദക്ഷിണേന്ത്യാ കൗണ്‍സില്‍ റീജിയണല്‍ പ്രസിഡന്റ്

2020 - 2021 പ്രവര്‍ത്തന കാലയളവിലെ ദക്ഷിണേന്ത്യാ കൗണ്‍സില്‍ റീജിയണല്‍ പ്രസിഡന്റായി ഡോ. പി. രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. നിലവില്‍ ആര്‍.കെ സ്വാമി ബി.ബി.ഡി.ഒ (പി) ലിമിറ്റഡിന്റെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റാണ് അദ്ദേഹം. 2017-2019 കാലയളവില്‍ ഐ.എ.സി.സി കേരള ഘടകത്തിന്റെ ചെയര്‍മാനായും 2019-2020ല്‍ ദക്ഷിണേന്ത്യാ കൗണ്‍സില്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഐ.എ.സി.സി കേരള ഘടകത്തിന് ഒരു റീജിയണല്‍ പ്രസിഡന്റിലെ ലഭിക്കുന്നത്.

കോവിഡ് മാറി മാസങ്ങള്‍ക്ക് ശേഷവും ലക്ഷണങ്ങള്‍ പിന്തുടരാമെന്ന് ഓക്‌സ്‌ഫോര്‍ഡ്

കോവിഡ് രോഗിക്ക് അസുഖം ഭേദമായി ദിവസങ്ങള്‍ക്ക് ശേഷവും രോഗ ലക്ഷണങ്ങള്‍ തുടരുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠനം. മാസങ്ങള്‍ വരെ ചില രോഗികളില്‍ നെഗറ്റീവ് ഫലം പുറത്തു വന്നെങ്കിലും അതി തീവ്ര രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളെ പിടിപെടുന്ന രോഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് രോഗികളില്‍ സാധ്യത കൂടുതലെന്നും പഠനം പറയുന്നു.

പുതിയ വാരത്തില്‍ നേട്ടത്തോടെ സൂചികകള്‍; ബാങ്ക്, മെറ്റല്‍ ഓഹരികള്‍ മുന്നേറി

പുതിയ വാരത്തിലെ ആദ്യ വ്യാപരദിനത്തില്‍ ഓഹരി സൂചികകള്‍ മുന്നേറി. സെന്‍സെക്‌സ് 449 പോയ്ന്റ് ഉയര്‍ന്ന് 40,432 ലും നിഫ്റ്റി 111 പോയ്ന്റ് ഉയര്‍ന്ന് 11,876 ലാണ് ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മികച്ച പാദഫലങ്ങള്‍ മറ്റു ബാങ്ക് റിസള്‍ട്ടുകളിലും പ്രതിഫലിച്ചേക്കാമെന്ന പ്രതീക്ഷയില്‍ ബാങ്ക് ഓഹരികളാണ് വിപണി സൂചികകളെ മുന്നോട്ട് നയിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് പ്രൊഫിറ്റ് 18 ശതമാനം ഉയര്‍ന്ന് 7,513 കോടി രൂപയായി.

കേരള കമ്പനികളുടെ പ്രകടനം

ഫെഡറല്‍ ബാങ്കാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ച കേരള ഓഹരി. വില ഏഴു ശതമാനത്തിലധികം വര്‍ധിച്ച് 56.25 രൂപയായി. നാല് ശതമാനത്തിലധികം നേട്ടവുമായി ഏവിടി തൊട്ടുപിന്നിലുണ്ട്. അപ്പോളോ, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ആസ്റ്റര്‍, എഫ് എ സിടി എന്നീ ഓഹരികള്‍ രണ്ടു ശതമാനം മുതല്‍ മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാത്രമാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസും രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ മണപ്പുറം നേരിയ നേട്ടത്തിലായിരുന്നു.


കോവിഡ് അപ്ഡേറ്റ്സ് (19- 10 - 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 5022
മരണം : 21

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,550,273

മരണം : 114,610

ലോകത്ത് ഇതുവരെ:

രോഗികള്‍: 39,899,915

മരണം : 1,112,599

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it