ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 19, 2020

കോവിഡില്‍ രാജ്യത്ത് ജോലി നഷ്ടമായത് 66 ലക്ഷം പ്രൊഫഷണലുകള്‍ക്ക്. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ 30 ലക്ഷം രൂപ വരെ വായ്പ. കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച. കാലാവസ്ഥാവ്യതിയാനം കോവിഡിനെക്കാള്‍ മാരകമായേക്കാമെന്ന് ബില്‍ ഗേറ്റ്സ്. ഇന്നത്തെ ബിസിനസ് വാര്‍ത്തകള്‍

news headlines
-Ad-

കോവിഡില്‍ രാജ്യത്ത് ജോലി നഷ്ടമായത് 66 ലക്ഷം പ്രൊഫഷണലുകള്‍ക്ക്

കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും അധ്യാപകരും എക്കൗണ്ടന്‍രുമാരും, വിശകലന വിദഗ്ധരും അടക്കം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും ദി സെന്റര്‍ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

എല്ലാ മേഖലകളിലും തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് വൈറ്റ് കോളര്‍ ജോലികള്‍ക്കാണെന്നതാണ് പ്രത്യേകത. എന്നാല്‍ സെല്‍ഫ് എംപ്ലോയ്ഡ് പ്രൊഫഷണല്‍ സംരംഭകര്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കപ്പെട്ടില്ല.

-Ad-

2019 മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് 1.88 കോടി പേര്‍ വൈറ്റ് കോളര്‍ ജോലി ചെയ്തിരുന്നുവെങ്കില്‍ 2020 ല്‍ ഇതേ കാലയളവ് ആയപ്പോഴേക്കും 1.22 കോടിയായി ഇത് കുറഞ്ഞു. 2016 ന് ശേഷം ഏറ്റവും കുറഞ്ഞ എണ്ണമാണിത്.

വ്യവസായ മേഖലയാണ് തൊഴില്‍ നഷ്ടം കൂടുതല്‍ നേരിട്ട മറ്റൊരു മേഖല. 50 ലക്ഷം തൊഴിലുകളാണ് വ്യവസായ മേഖലയില്‍ നഷ്ടമായിരിക്കുന്നത്. ചെറുകിട സംരംഭങ്ങളിലാണ് ഏറെ തൊഴില്‍ നഷ്ടമുണ്ടായിട്ടുള്ളതെങ്കിലും താമസിയാതെ എംഎസ്എംഇ മേഖലയിലേക്ക് കൂടി ഇത് ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വൈറ്റ് കോളര്‍ ക്ലറിക്കല്‍ ജോലികളെ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചില്ല. ഡാറ്റ എന്‍ട്രി ഓപറേറ്റേഴ്സ്, സെക്രട്ടറിമാര്‍, ഓഫീസ് ക്ലര്‍ക്ക് തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്. ഇവരില്‍ പലരും ജോലി വീട്ടിലിരുന്ന് ചെയ്യാന്‍ തുടങ്ങി എന്നതാണ് ലോക്ക് ഡൗണില്‍ ഉണ്ടായിരിക്കുന്ന മാറ്റം.

നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ 30 ലക്ഷം രൂപ വരെ വായ്പ

നാട്ടിലെത്തുന്ന പ്രവാസി സംരംഭകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പയൊരുക്കി നോര്‍ക്കയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും. 30 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വായ്പ നല്‍കാനാണ് പദ്ധതി. ഇത് കൂടാതെ കോവിഡ് പ്രതിസന്ധിയിലായവര്‍ക്ക് വിവിധ തരം വായ്പകളും കെഎഫ്സി പദ്ധതി ഇട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എന്‍ട്രപ്രണര്‍ഷിപ് ഡവലപ്മെന്റ് പ്രോഗ്രാം പ്രകാരമാണ് പുതിയ വായ്പാ പദ്ധതി നടപ്പിലാക്കുക. 30 ലക്ഷം വരെ പരമാവധി വായ്പാ തുക ലഭിക്കുന്നതില്‍ 15 % മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെയാണ് ) യും ലഭ്യമാണ്.

ഈ സ്‌കീമിന്റെ മറ്റൊരു പ്രത്യേകത കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3 % പലിശ ഇളവ് ലഭിക്കുമെന്നതാണ്. 10 ശതമാനമാണ് വായ്പയുടെ പലിശയെങ്കിലും 3 ശതമാനം വീതം നോര്‍ക്ക, കെഎഫ്സി സബ്സിഡി ഉള്ളതിനാല്‍ ഉപഭോക്താവ് 4 ശതമാനം പലിശ അടച്ചാല്‍ മതിയാകും.

വര്‍ക്ക് ഷോപ് , സര്‍വീസ് സെന്റര്‍, ബ്യൂട്ടി പാര്‍ലര്‍, ഹോട്ടല്‍ , ഹോം സ്റ്റേ, ലോഡ്ജ് , ക്ലിനിക്, ജിം, സ്പോര്‍ട്സ് ടര്‍ഫ്, ലോണ്‍ട്രി സര്‍വീസ് എന്നിവയും ഫുഡ് പ്രോസസിങ്, ബേക്കറി ഉല്‍പന്നങ്ങള്‍ , ഫ്ലോര്‍ മില്‍, ഓയില്‍ മില്‍ , കറി പൗഡര്‍ യൂണിറ്റ്, ചപ്പാത്തി നിര്‍മാണം, വസ്ത്ര നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്.

കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച നടക്കും

ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കും. പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണംസാസൂണ്‍ ജനറല്‍ ആശുപത്രിയിലാകും ആരംഭിക്കുക. ‘കോവിഷീല്‍ഡ്’വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച സസൂണ്‍ ആശുപത്രിയില്‍ ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ഘട്ടം തിങ്കളാഴ്ച മുതല്‍ തന്നെ തുടക്കമിടാന്‍ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ചില സന്നദ്ധപ്രവര്‍ത്തകര്‍ പരീക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് അറിയുന്നത്. 150 മുതല്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരീക്ഷണടിസ്ഥാനത്തില്‍ വാക്സിന്‍ ഡോസ് നല്‍കും’ സസൂണ്‍ ആശുപത്രി സൂപ്രണ്ട് ഡോ.മുരളീധര്‍ അറിയിച്ചു. വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിന്റേ കീഴിലും കെ.ഇം.എം ആശുപത്രിയിലുമാണ് നടത്തിയിരുന്നത്.

ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല തയ്യാറാക്കിയ വാക്സിന്‍ യുകെയില്‍ പരീക്ഷിച്ച ഒരു സന്നദ്ധപ്രവര്‍ത്തകന് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം യുകെയില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 15 ഓടെയാണ് ഡിസിജിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന് യാതൊരു നിയന്ത്രണങ്ങളും ഇതിനോടകം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയവും പ്രത്യാശയോടെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.

അതേസമയം ഇന്ത്യയില്‍ 53 ലക്ഷം കോവിഡ് രോഗികള്‍ കടന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും രാജ്യത്തെ കോവിഡ് മരണം കുതിച്ചുയരുകയാണ്. ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. ഇന്നും ആയിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു.

കാലാവസ്ഥാവ്യതിയാനം കോവിഡിനെക്കാള്‍ മാരകമായേക്കാം; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്

കൊറോണ വൈറസിന് അവസാനമുണ്ടാക്കാന്‍ ശതകോടികള്‍ ചെലവഴിച്ച് വാക്സിന്‍ കണ്ടെത്താം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം അതിനെക്കാള്‍ ഭീകരമാണ്. ഇതുമൂലം ഓരോ വര്‍ഷവും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഇപ്പോഴത്തെ മഹാമാരിയെക്കാള്‍ വലുതായിരിക്കും. 2060 ആകുമ്പോഴേക്കും ഇത് കോവിഡ് 19നെപ്പോലെ നാശകരമായി മാറും. 2100 ആകുമ്പോള്‍ അതിനെക്കാള്‍ അഞ്ചിരട്ടി ഭീകരമാകും. ബില്‍ ഗേറ്റ്സിന്റെ ഈ പ്രവചനം ആഗോളതലത്തില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.

ബ്ലൂംബെര്‍ഗുമായി നടത്തിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്സ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ബില്‍ ഗേറ്റ്സ് നേരത്തെ തന്റെ ബ്ലോഗിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന നാശം മനസിലാക്കണമെങ്കില്‍ കോവിഡ് 19 മൂലമുള്ള അവസ്ഥ പരിശോധിക്കുക. എന്നാല്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള ബുദ്ധിമുട്ട് ദീര്‍ഘകാലം നീളുന്നതാണ്. കാര്‍ബണ്‍ പുറത്തേക്ക് വിടുന്നത് കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെടുന്നതിനും സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനും സമാനമായ അവസ്ഥ സ്ഥിരമായി നാം അനുഭവിക്കേണ്ടിവരും- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നികുതി വെട്ടിക്കുറച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ടെലികോം കമ്പനികള്‍

നികുതി വെട്ടിക്കുറയ്ക്കണം, ബേയ്‌സ് പ്രൈസ് നിശ്ചയിക്കണം; എങ്കില്‍ മാത്രമേ കടക്കെണിയില്‍ കഴിയുന്ന ടെലികോം കമ്പനികള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂവെന്ന് വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്ലിന്റെയും മേധാവികള്‍. ക്രമീകരിച്ച മൊത്ത വരുമാന വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ 2018 -ലെ ദേശീയ കമ്മ്യൂണിക്കേഷന്‍സ് ഡിജിറ്റല്‍ നയം അതിവേഗം നടപ്പിലാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സമ്പാദിക്കുന്ന ഓരോ 100 രൂപയ്ക്കും 30 രൂപ എന്ന കണക്കിന് കമ്പനികള്‍ നികുതി അടയ്ക്കുന്നുണ്ട്. നികുതി നിരക്ക് വെട്ടിക്കുറച്ചാല്‍ മാത്രമേ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂവെന്ന് ടെലികോം കമ്പനികള്‍ ചൂണ്ടിക്കാട്ടി.

ടെലികോം രംഗത്തു താത്കാലികമായെങ്കിലും തറവില നിശ്ചയിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തം. അടുത്ത മൂന്നു, നാലു വര്‍ഷത്തേക്ക് തറവില നിശ്ചയിച്ചാല്‍ ടെലികോം വ്യവസായം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഭാരതി ഇന്‍ഫ്രാടെല്‍ ചെയര്‍മാന്‍ അഖില്‍ ഗുപ്തയുടെ പക്ഷം. ഒന്നുകില്‍ ടെലികോം കമ്പനികള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി അടിസ്ഥാന നിരക്കുകള്‍ നിശ്ചയിക്കണം. അല്ലെങ്കില്‍ ടെലികോം മന്ത്രാലയം ഇടപെട്ട് അനാരോഗ്യകരായ വിലമത്സരമില്ലെന്ന് ഉറപ്പുവരുത്തണം, ഇദ്ദേഹം വ്യക്തമാക്കി.
ന്യോള്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തെക്കന്‍ ചൈന കടലില്‍ രൂപമെടുത്ത ന്യോള്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി രൂപപ്പെടുന്നതോടെ അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യോള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലിഷ രൂപപ്പെടാന്‍ സാധ്യതയുള്ള പുതിയ ന്യൂനമര്‍ദ്ദം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സെപ്തംബര്‍ 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഇത്തവണ 100 എംഎംന് മുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ട്രംപിനെതിരെ വീണ്ടും ടിക് ടോക് കമ്പനി
ട്രംപിനെതിരെ വീണ്ടും കോടതി കയറിയിരിക്കുകയാണ് പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്. അമേരിക്കയില്‍ ടിക്ടോക്കിനെ വിലക്കാനൊരുങ്ങുന്ന ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ കമ്പനിയുടെ ആവശ്യം. യുഎസ് കേന്ദ്രമായ വാര്‍ത്താ ചാനലാണ് ടിക്ടോക്ക് കോടതിയെ സമീപിച്ച കാര്യം പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ച്ച ടിക്ടോക്കും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡും വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ റദ്ദു ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. സെപ്തംബര്‍ 20 മുതല്‍ വീചാറ്റ്, ടിക്ടോക്ക് എന്നീ ചൈനീസ് ആപ്പുകളുടെ ഡൗണ്‍ലോഡ് വിലക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ കോടതി കയറിയിരിക്കുന്നത്.

നേരത്തെ തന്നെ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറണമെന്ന് ഡോണള്‍ഡ് ട്രംപ് ബൈറ്റ് ഡാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ രാജ്യത്തു നിന്ന് ടിക്ടോക്കിനെ നിരോധിക്കും. ട്രംപ് നല്‍കിയ സമയസാവകാശം സെപ്തംബര്‍ 20 -നാണ് അവസാനിക്കുന്നത്. ട്രംപിന്റെ നിര്‍ദ്ദേശം അറിഞ്ഞതിന് പിന്നാലെ അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റും ഓറക്കിളും ടിക്ടോക്കിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയുണ്ടായി. എന്നാല്‍ ഇരു കമ്പനികളുമായും ധാരണയിലെത്തിയിട്ടില്ല.

കേരളത്തില്‍ 4644 പേര്‍ക്ക് കൂടി കോവിഡ്, ഇന്ന് 18 മരണം

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേരാണുള്ളത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമുണ്ടായത്.

ഇന്നത്തെ എക്‌സ്‌ചേഞ്ച് റേറ്റ്

ഡോളര്‍ 73.61

പൗണ്ട് 95.08

യുറോ 87.15

സ്വിസ് ഫ്രാങ്ക് 80.76

കാനഡ ഡോളര്‍ 55:78

ഓസിസ് ഡോളര്‍ 53.67

സിംഗപ്പൂര്‍ ഡോളര്‍ 54.16

ബഹ്റൈന്‍ ദിനാര്‍ 195.24

കുവൈറ്റ് ദിനാര്‍ 241.04

ഒമാന്‍ റിയാല്‍ 191.21

സൗദി റിയാല്‍ 19.63

യുഎഇ ദിര്‍ഹം 20.04

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here