ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 20, 2020

ജിയോ മാര്‍ട്ട് വളരുന്നു; പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട് ബിഗ്ബാസ്‌കറ്റ്

രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് മത്സരം കടുക്കുമ്പോള്‍ ജിയോ മാര്‍ട്ടിനോട് പൊരുതി നില്‍ക്കാന്‍ പാടുപെട്ട് ബിഗ്ബാസ്‌കറ്റ്. ഓണ്‍ലൈന്‍ ഗ്രോസറി ഭീമനെന്ന പേരില്‍ ഇന്ത്യയിലെ നഗരങ്ങളില്‍ വളരെ നേരത്തെ സ്ഥാനമുറപ്പിക്കാന്‍ ബിഗ്ബാസ്‌കറ്റിന് കഴിഞ്ഞെങ്കിലും ജിയോ മാര്‍ട്ടിന്റെ വളര്‍ച്ചയ്‌ക്കൊപ്പം പിടിച്ച് നില്‍ക്കണമെങ്കില്‍ ബിഗ്ബാസ്‌കറ്റിന് ഇനിയും ഫണ്ട് കൂടിയേ തീരു. 200 നഗരങ്ങളില്‍ സാന്നിധ്യമുള്ള ജിയോ മാര്‍ട്ട് സേവനങ്ങള്‍ വിപുലമാക്കുമ്പോള്‍ ഒമ്പത് വര്‍ഷം കൊണ്ട് തങ്ങള്‍ നേടിയെടുത്ത ഉപഭോക്താക്കളെ കൂടി നഷ്ടപ്പെടുന്ന തരത്തിലാണ് ബിഗ്ബാസ്‌കറ്റിന്റെ നിലനില്‍പ്പെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു വര്‍ഷമായ ആമസോണ്‍ പ്രൈം നൗ, ഗ്രോഫേഴ്‌സ്, ഫ്‌ളിപ്കാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റും പിന്നില്‍ തന്നെ. എന്നാല്‍ ഇവരെക്കാള്‍ ഗ്രോസറി പ്രധാന ബിസിനസാക്കിയ ബിഗ്ബാസ്‌കറ്റാകും തിരിച്ചടി നേടുക. ആലിബാബ ഗ്രൂപ്പിന്റെ സഹായമില്ലാത്തതും ബിഗ്ബാസ്‌കറ്റിന്റെ നിലനില്‍പ്പിന് വെല്ലുവിളിയാകുന്നതായാണ് റിപ്പോര്‍ട്ട്.

ഇരുമ്പയിരിന് ക്ഷാമം, രാജ്യത്തെ സ്റ്റീല്‍ വ്യവസായം പ്രതിസന്ധിയില്‍

രാജ്യത്ത് ഇരുമ്പയിരിന് ക്ഷാമം നേരിട്ടതോടെ സ്റ്റീല്‍ കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സ്റ്റീല്‍ നിര്‍മാണ രംഗത്തെ പ്രധാന അസംസ്‌കൃത വസ്തുവായ ഇരുമ്പ് അയിരിന് ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും ലീസിംഗ് ഓണര്‍ഷിപ്പ് സംബന്ധിച്ച് വന്ന മാറ്റങ്ങളും ഇതിന് കാരണമായി കണക്കാക്കുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വിഭാഗത്തിന്റെയും ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍. ഇരുമ്പയിര് ഉല്‍പ്പാദനത്തില്‍ രാജ്യത്തുണ്ടായ വന്‍ ഇടിവ് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്ന് ഐഎസ്എ സെക്രട്ടറി ജനറല്‍ ഭാസ്‌കര്‍ ചാറ്റര്‍ജി പ്രസ്താവനയില്‍ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ ഇരുമ്പയിരിന്റെ ഉല്‍പ്പാദനം 50 ശതമാനം വരെ ഇടിഞ്ഞതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 63 ശതമാനം വരെ ഇരുമ്പയിര്‍ കയറ്റുമതി വര്‍ധിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് സര്‍വേ

രാജ്യത്തെ നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ) പുറത്തിറക്കിയ ത്രൈമാസ ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്). 2018 ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 9.7 ശതമാനത്തില്‍ നിന്ന് 2019 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.4 ശതമാനമായും 2019 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 8.9 ശതമാനമായും കുറഞ്ഞതായാണ് കണക്കുകള്‍വെളിപ്പെടുത്തുന്നത്. 2019 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍, 15-29 വയസിനിടയിലുള്ളവരില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 20.6 ശതമാനമാണ്. ഇത് മുന്‍ പാദത്തിലെ 21.6 ശതമാനവും മുന്‍ വര്‍ഷം ഇതേ കാലയളവിലെ 23.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഡിമാന്‍ഡ് ഉയരുന്നു; കൂടുതല്‍ കണ്‍സള്‍ട്ടന്റ്‌സിനെ നിയമിക്കാനൊരുങ്ങി ഐടി കമ്പനികള്‍

കഴിഞ്ഞ കുറച്ചു നാളുകളിലെ കണക്ക് പരിശോധിച്ചാല്‍ രാജ്യത്ത് തൊഴില്‍ മേഖലയില്‍ ഏറ്റവും അധികം ഉണര്‍വുണ്ടായിട്ടുള്ളത് ഐടി മേഖലയിലാണ്. ഇപ്പോളിതാ ഐടി മേഖലയിലെ പുതിയ പ്രോജക്ടുകള്‍ക്കായി കൂടുതല്‍ ഐടി കണ്‍സള്‍ട്ടന്റുകളെ കമ്പനി നിയമിക്കാനൊരുങ്ങുന്നതായി വാര്‍ത്ത. ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവരുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോജക്ടുകള്‍ കൂടുതലും ഓണ്‍ലൈന്‍ ആയതോടെയാണ് ഈ രംഗത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കണ്‍സള്‍ട്ടിംഗ് സ്‌കില്‍, സീനിയര്‍ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെടും.

അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വിലയില്‍ വര്‍ധനവ്

അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍വില കുതിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് നാട്ടിലും വിലയുയര്‍ന്നു തുടങ്ങി. ഏറെക്കാലത്തിനുശേഷം തിങ്കളാഴ്ച ആര്‍.എസ്.എസ്.-4 ന് വില കിലോയ്ക്ക് 140 രൂപയായി. ഇന്നത് 142 (കൊച്ചി)ആയി വര്‍ധിച്ചിട്ടുണ്ട്. കുറച്ചുകൂടി മുകളിലേക്കുപോകുമെന്നാണ് സൂചനകള്‍. ബാങ്കോക്ക് വിപണിയില്‍ ആര്‍.എസ്.എസ്.-3 (ഇന്ത്യയുടെ ആര്‍.എസ്.എസ്.-4 ) ഇനത്തിന് തിങ്കളാഴ്ച 156.40 രൂപയായി. ഈ മാസം മാത്രം 14 രൂപയുടെ വര്‍ധന. അതേ തോതിലല്ലെങ്കിലും ഇതാണ് നാട്ടിലും പ്രതിഫലിച്ചത്. ഒക്ടോബര്‍ തുടങ്ങുമ്പോള്‍ 133.50 രൂപയായിരുന്നു റബറിന് വില. ടാപ്പിംഗ് മുടങ്ങിയതും വില കൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ കച്ചവടം നടത്താത്തതും വില വര്‍ധിക്കാനിടയായേക്കാമെന്ന് നിരീക്ഷകര്‍.

ശതാബ്ദി വര്‍ഷത്തില്‍ നൂറു കോടി രൂപയിലേറെ അര്‍ധ വാര്‍ഷിക ലാഭം നേടി സിഎസ്ബി ബാങ്ക്

കോവിഡ് കാലത്ത് ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കി മുന്നേറുകയാണ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക്. സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 301.9 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്ക് നേടിയത്. രണ്ടാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 172.8 കോടി രൂപയുമാണ്.


ഈക്കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 68.9 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 24.6 കോടി രൂപയെ അപേക്ഷിച്ച് 179.8 ശതമാനവും മുന്‍ ത്രൈമാസത്തിലെ 53.6 കോടി രൂപയെ അപേക്ഷിച്ച് 28.5 ശതമാനവും വര്‍ധനവാണിതു കാണിക്കുന്നത്. അര്‍ധ വര്‍ഷത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.13 ശതമാനം വര്‍ധനവോടെ 122.5 കോടി രൂപയുടെ ലാഭമാണ് നികുതിക്കു ശേഷം നേടിയിരിക്കുന്നത്. കോവിഡ് കാലത്തെ അര്‍ധ വര്‍ഷത്തില്‍ ആരോഗ്യകരമായ രീതിയില്‍ 58.2 കോടി രൂപ വകയിരുത്തല്‍ നടത്തിയ സാഹചര്യത്തില്‍ കൂടിയാണിത്.

ഐടി ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് 113 പോയ്ന്റ് ഉയര്‍ന്നു; 11,900 തൊടാന്‍ നിഫ്റ്റി

തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടി ഓഹരികളിലെ നേട്ടമാണ് വിപണിയെ ഉയര്‍ത്തിയത്.സെന്‍സെക്‌സ് 113 പോയ്ന്റ് ഉയര്‍ന്ന് 40,544 ലും നിഫ്റ്റി 24 പോയ്ന്റ് ഉയര്‍ന്ന് 11,897 ലുമെത്തി. എച്ച്‌സിഎല്‍ ടെക് ( 4 ശതമാനം) , ടെക് മഹീന്ദ്ര(3 ശതമാനം), ഏഷ്യന്‍ പെയ്ന്റ്‌സ് (രണ്ടു ശതമാനത്തിനടുത്ത്) ഓഹരികളാണ് സെന്‍സെക്‌സിനെ ഉയര്‍ത്തിയത്.നിഫ്റ്റി ഐടി 1.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.5 ശതമാനം നഷ്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ ഒരു ഡസണില്‍ താഴെ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചത്. ബാങ്ക് ഓഹരികളില്‍ ധനലക്ഷ്മി ബാങ്കും ഫെഡറല്‍ ബാങ്കും നേട്ടമുണ്ടാക്കിയപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി. ധനകാര്യ മേഖലയിലെ മറ്റു കമ്പനികളെയെടുത്താല്‍ ജിയോജിത്ത്്, ജെആര്‍ജി, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കോവിഡ് രോഗികളില്‍ പകുതി പേരും മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍

ഇന്ത്യയില്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരില്‍ പകുതിയോളം പേരും മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെയുള്ള ആക്ടീവ് കേസുകളില്‍ 23.28 % പേരാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. കര്‍ണാടകത്തില്‍ 14.19 ശതമാനവും കേരളത്തില്‍ ഇത് 12.40 ശതമാനവുമാണ്. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, ിരുവനന്തപുരം,മലപ്പുറം തൃശൂര്‍ എന്നീ ജില്ലകളിലാണ് ഏറ്റവുമധികം രോഗബാധിതരെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയിലുള്ള 64 ശതമാനം പേരും ഉള്ളത് തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് അപ്‌ഡേറ്റ്‌സ് (20-10-2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍:6591 , ഇന്നലെ : 5022

മരണം : 24 , ഇന്നലെ : 21

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,597,063 , ഇന്നലെ വരെ : 7,550,273

മരണം : 115,197 , ഇന്നലെ വരെ : 114,610

ലോകത്ത് ഇതുവരെ:

രോഗികള്‍: 40,348,737, ഇന്നലെ വരെ : 39,899,915

മരണം : 1,117,572, ഇന്നലെ വരെ : 1,112,599

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it