ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 21, 2020

ലോക്ക് ഡൗണ്‍ മൂലം സ്വര്‍ണ കള്ളക്കടത്ത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം സെന്‍സെക്സ് 731 പോയ്ന്റ് ഇടിഞ്ഞു. ജിഎസ്ടി കുറവ് പരിഹരിക്കാനുള്ള കടമെടുക്കലിന് തയ്യാറായി 21 സംസ്ഥാനങ്ങള്‍, കേരളമില്ല. ഇന്നത്തെ ബിസിനസ് വാര്‍ത്തകള്‍

-Ad-
ജിഎസ്ടി കുറവ് പരിഹരിക്കാനുള്ള കടമെടുക്കലിന് തയ്യാറായി 21 സംസ്ഥാനങ്ങള്‍; കേരളമില്ല

ചരക്കു സേവന നികുതിയില്‍ വന്ന കുറവ് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ഇപ്പോഴും മുഖം തിരിച്ച് കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍. കേരളം കൂടാതെ ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, വെസ്റ്റ് ബംഗാള്‍ എന്നിവരാണ് സോവറീന്‍ ഫണ്ടുകള്‍ കാത്ത് കടമെടുക്കുന്നതില്‍ നിന്നും ഒഴിവായിട്ടുള്ളത്. കേരളത്തിനും ബംഗാളിനും പുറമെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി കെ പളനിസ്വാമി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ധനമന്ത്രി നിര്‍മല സീതാരാമനും ഇതു സംബന്ധിച്ച് നേരത്തെ തന്നെ കത്തെഴുതിയതാണ്.

ആകെ 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഇത്തവണ ജിഎസ്ടിയില്‍ ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ രണ്ടു തരത്തിലുള്ള കടമെടുപ്പിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിശദീകരിച്ചിരുന്നു. എന്നാല്‍ ജിഎസ്ടി പ്രതിസന്ധി രൂക്ഷമായത് ലോക്ഡൗണ്‍ നയങ്ങളുമായി ഉണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളാണെന്നും നഷ്ടം നികത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് കേരള ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിരുന്ന നിലപാട്. മാത്രമല്ല 21 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ കൂടുതല്‍ കടമെടുക്കുന്ന ഫണ്ടുകളാണെന്നാണ് തോമസ് ഐസക് വ്യക്തമാക്കിയത്. അതേസ്ഥാനത്ത് ഇവിടെ ആവശ്യം 2.35 ലക്ഷം കോടി രൂപയുടേത് മാത്രവുമാണത്രെ. ഇത് എളുപ്പത്തില്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിനാവുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി.

അതേസമയം ജിഎസ്ടി വരുമാന നഷ്ടമായ മൂന്നര ലക്ഷം കോടിയോളം രൂപയില്‍ 97,000 കോടി രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജിഎസ്ടി നടപ്പിലാക്കിയതു മൂലമുള്ള നഷ്ടമെന്നും ബാക്കി 2.35 ലക്ഷം കോടി രൂപ കോവിഡ് മൂലമുണ്ടായതാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇത് നികത്താന്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് കടമെടുക്കാനുള്ള സാഹചര്യമൊരുക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. കൂടുതലായി സെസ് പിരിച്ച് തിരിച്ചടവിനുള്ള പണം കണ്ടെത്താമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

-Ad-
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുമോ? കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് ഇതാണ്

രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചിരിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടേയില്ലെന്ന് വ്യക്തമാക്കിയതോടെ ജനങ്ങള്‍ക്കിടയില്‍ നോട്ടുകള്‍ നിര്‍ത്തലാക്കിയേക്കുമെന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി കുറച്ചെങ്കിലും നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ലോക്സഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ഇക്കാര്യം അറിയിച്ചത്.

2000 നോട്ടിന്റെ പ്രചാരം ഓരോ വര്‍ഷവും കുറഞ്ഞ് വരികയാണെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ്. 2019-20 ,2020-21 വര്‍ഷത്തില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കന്നതിനായുള്ള കരാറുകള്‍ തയ്യാറല്ല, എങ്കിലും അച്ചടി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ യാതൊരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 2020 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 27398 ലക്ഷം രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 19 ല്‍ ഇത് 32910 ലക്ഷം നോട്ടുകളായിരുന്നു. നിലവില്‍ നോട്ട് അച്ചടി സംബന്ധിച്ച ചോദ്യത്തിന്, കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് നോട്ടടി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിആര്‍ബിഎന്‍എംപിഎല്‍) പ്രസ്സുകളിലെ അച്ചടി പ്രവര്‍ത്തനങ്ങള്‍ 2020 മാര്‍ച്ച് 23 മുതല്‍ മെയ് 3 വരെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ നീങ്ങിയതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നോട്ട് പ്രിന്റിംഗ് പ്രസ്സുകള്‍ ഘട്ടം ഘട്ടമായി ഉത്പാദനം പുനരാരംഭിച്ചതായും മന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍ ; സ്വര്‍ണ കള്ളക്കടത്തില്‍ ഗണ്യമായ കുറവ്

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ രാജ്യത്തേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് കുറച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം രണ്ടു ടണ്‍ എന്ന നിലയിലേക്ക് കള്ളക്കടത്ത് ഇടിഞ്ഞുവെന്നാണ് നിഗമനം. ഈ വര്‍ഷം ആകെ 25 ടണ്‍ സ്വര്‍ണം അനധികൃതമായി രാജ്യത്ത് എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം 120 ടണ്‍ സ്വര്‍ണമാണ് കള്ളക്കടത്തിലൂടെ രാജ്യത്തെത്തിയതെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. രാജ്യത്തെ വാര്‍ഷിക ഉപഭോഗത്തിന്റെ 17 ശതമാനം വരുമിത്. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം.

കഴിഞ്ഞ ആറുമാസമായി വിമാന സഞ്ചാരം ഇല്ലാതിരുന്നതാണ് കള്ളക്കടത്തിനെ പ്രധാനമായും ബാധിച്ചത്. നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വഴി കര-ജല മാര്‍ഗം എത്തുന്ന സ്വര്‍ണം താരതമ്യേന കുറവാണ്. കള്ളക്കടത്ത് കൂടുതലും വിമാനയാത്ര വഴിയാണ്.

നിലപാട് മാറ്റി ബൈറ്റ് ഡാന്‍സ്; ടിക് ടോക് ഗ്ലോബലിലും നിയന്ത്രണം തങ്ങളുടേത്

അമേരിക്കന്‍ കമ്പനികളായ ഒറാക്കിളും വാള്‍മാര്‍ട്ടുമായുള്ള കരാറിന്റെ ഭാഗമായി രൂപീകരിക്കുന്ന ടിക് ടോക്ക് ഗ്ലോബലിന് സമ്പൂര്‍ണ നിയന്ത്രണം കൈമാറുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ടിക് ടോക്ക് ഗ്ലോബലിന്റെ അഞ്ചില്‍ നാല് ഭാഗവും അമേരിക്കന്‍ പൗരന്മാര്‍ ആയിരിക്കുമെന്ന് വാള്‍മാര്‍ട്ടും ഒറാക്കിളും പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം സോഷ്യല്‍ മീഡിയാ അല്‍ഗൊരിതങ്ങള്‍ക്കുമേല്‍ സമ്പൂര്‍ണ നിയന്ത്രണം അപ്പോഴും തങ്ങള്‍ക്കുണ്ടാകുമെന്നും സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒറാക്കിളിന് സോഴ്സ് കോഡിലേക്ക് നിയന്ത്രിത പ്രവേശനം നല്‍കുമെന്നുമാണ് കമ്പനിഇപ്പോള്‍ പുറത്തുവിടുന്ന പ്രസ്താവനയില്‍ പറയുന്നത്.

പുതിയ കരാറിന്റെ ഭാഗമായി ഒറാക്കിളിനേയും വാള്‍മാര്‍ട്ടിനേയും ചേര്‍ത്ത് ടെക്സസ് ആസ്ഥാനമാക്കി ടിക് ടോക്ക് ഗ്ലോബല്‍ എന്ന പുതിയ കമ്പനിയ്ക്ക് രൂപം നല്‍കുമ്പോള്‍ വാള്‍മാര്‍ട്ടിന്റെ സിഇഓ ഡഗ്ഗ് മക്മില്ലന്‍ ടിക് ടോക്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാവും. ബൈറ്റ്ഡാന്‍സിന്റെ സ്ഥാപകനായ ഷാങ് യിമിങ്, സെക്കോയ ചൈനയുടെ നീല് ഷെന്‍, ജനറല്‍ അറ്റലാന്റികിലെ വില്യം ഫോര്‍ഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ബൈറ്റ്ഡാന്‍സിന്റെ നിലവിലെ ഡയറക്ടര്‍മാരെല്ലാം ടിക് ടോക്ക് ഗ്ലോബലിലും തുടരും. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഒറാക്കിളിന്റെ സ്ഥാനമെന്തെന്ന് വ്യക്തമായിട്ടില്ല.

എന്‍ഐഎയ്ക്ക് ആരെയും ചോദ്യംചെയ്യാം; ഗവര്‍ണര്‍

എന്‍ഐഎ മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്ത വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം എല്ലാവര്‍ക്കും മുകളിലാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എന്‍.ഐ.എ.യുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം ആരോപണത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ‘രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനയെകുറിച്ച് എന്നോട് പ്രതികരണം ആരായുകയാണോ ? അതേ കുറിച്ച് അഭിപ്രായം പറയുന്നത് എന്റെ പദവിക്ക് അനുയോജ്യമല്ല.’ – അദ്ദേഹം പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. അവരെ നാം വിശ്വസിക്കണം. എന്‍.ഐ.എയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. നിങ്ങള്‍ എത്ര വലിയവനായാലും നിയമത്തിന് കീഴ്പ്പെട്ടനാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ നമുക്കറിയില്ല. അതിനാല്‍ ക്ഷമയോടെ എന്‍.ഐ.എ.യുടെ അന്വേഷണത്തിന്റെ പരിണാമത്തിനായി കാത്തിരിക്കണം.- ഗവര്‍ണര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്നവിലയില്‍ വീണ്ടും സ്വര്‍ണം

കേരളത്തില്‍ തിങ്കളാഴ്ച വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 4770 രൂപയാണ് തിങ്കളാഴ്ചത്തെ വ്യാപാര നിരക്ക്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വര്‍ണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ സൂചിപ്പിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 51637 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.13 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 67790 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.52 ശതമാനവും വെള്ളി 0.2 ശതമാനം താഴ്ച്ചയിലായി.

യുഎസ് ഡോളറിന്റെ ദുര്‍ബലതയും ലോകമെമ്പാടുമുള്ള കൊവിഡ് രോഗികളുടെ വര്‍ദ്ധനവും ആഗോള വിപണികളില്‍ സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായി. സ്പോട്ട് സ്വര്‍ണം 0.3 ശതമാനം ഉയര്‍ന്ന് 1,954.65 ഡോളറിലെത്തി. ഡോളര്‍ സൂചിക ഇന്ന് 0.12 ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.6 ശതമാനം ഉയര്‍ന്ന് 26.92 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 1.3 ശതമാനം ഉയര്‍ന്ന് 939.75 ഡോളറിലെത്തി. അതേ സമയം സ്വര്‍ണത്തിനുള്ള നിക്ഷേപ ആവശ്യം ഉയര്‍ന്നതായാണ് രേഖകള്‍. 

എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോംഗിലേക്കും വിലക്ക് 

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഹോങ്കോങ്ങിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ച് കൊണ്ട് ഹോങ്കോംഗ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. നിലവിലെ അറിയിപ്പു പ്രകാരം എയര്‍ ഇന്ത്യയുടെ ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ രണ്ടാഴ്ചത്തേക്കാണ്( ഒക്ടോബര്‍ 3 വരെ) നിര്‍ത്തിവച്ചിരിക്കുന്നത്. വിമാനങ്ങളില്‍ കൊവിഡ് -19 പോസിറ്റീവ് യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്പനികള്‍ക്കെതിരെ ഹോങ്കോംഗ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓഗസ്റ്റ് മാസം തന്നെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നെങ്കിലും അടിയന്തര ആരോഗ്യ ചട്ടങ്ങള്‍ സെപ്റ്റംബര്‍ 15 ന് കര്‍ശനമാക്കുകയും ഇത് പ്രകാരം, അഞ്ച് കൊവിഡ് -19 യാത്രക്കാരോ അതില്‍ കൂടുതലോ യാത്ര ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കും അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടോ മൂന്നോ അതിലധികമോ കൊവിഡ് രോഗികളായ യാത്രക്കാരെ വഹിച്ചെത്തുന്ന വിമാനങ്ങള്‍ക്കും ഹോങ്കോങ്ങില്‍ വിലക്ക് നേരിടേണ്ടി വരുമെന്നാണ് വിവരം. നേരത്തെ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലേക്ക് കൊവിഡ് -19 പോസിറ്റീവ് യാത്രക്കാരെ വിമാനത്തില്‍ എത്തിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓഗസ്റ്റില്‍ നിയന്ത്രണം വന്നത്.

ദുബായിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 2 വരെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനി കൊവിഡ് -19 രോഗബാധിതരായ യാത്രക്കാരെ ദുബായില്‍ എത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഗള്‍ഫ് എമിറേറ്റ്‌സിലെ വ്യോമയാന അധികൃതര്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു.

ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം സെന്‍സെക്സ് 731 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 11300 നു താഴെ

ആഗോള വിപണികളിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം മൂലം ഇന്ത്യന്‍ ഓഹരി വിപണയും നഷ്ടത്തില്‍. സെന്‍സെക്സിലും നിഫ്റ്റിയിലും രണ്ടു ശതമാനത്തിലധികം ഇടിവാണ് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഉണ്ടായിരിക്കുന്നത്. സെന്‍സെക്സ് 731 ഇടിഞ്ഞ് 38107.22 ലും നിഫ്റ്റി 240.65 പോയ്ന്റ് ഇടിഞ്ഞ് 11269.50 ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറല്‍ ഓഹരികളും നഷ്ടത്തിലാണ്.

നിഫ്റ്റി മെറ്റല്‍സ്, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ നാലു ശതമാനത്തിനുമേല്‍ ഇടിഞ്ഞു. നിഫ്റ്റി സ്മോള്‍ ക്യാപ് 100, നിഫ്റ്റി മിഡ് ക്യാപ് 100 സൂചികകളും കനത്ത നഷ്ടത്തിലാണ്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍.

തകര്‍ച്ചയില്‍ പെട്ട് കേരള കമ്പനികളും

കൊച്ചിന്‍ മിനറല്‍സ്, പാറ്റ്സ്പിന്‍, വെര്‍ട്ടെക്സ് എന്നിവയൊഴികെ മറ്റെല്ലാ കമ്പനികളും ഇന്ന് നഷ്ടത്തിലായിരുന്നു. ആസ്റ്റര്‍ ഡിഎം, ജിയോജിത്ത് ഓഹരികള്‍ എഴു ശതമാനത്തിലധികം ഇടിവുണ്ടാക്കിയപ്പോള്‍ കേരള ആയുര്‍വേദ, അപ്പോളോ ടയേഴ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നാല് ശതമാനത്തിനും ആറു ശതമാനത്തിനും ഇടയില്‍ നഷ്ടം രേഖപ്പെടുത്തി.

നിക്ഷേപകര്‍ക്ക് നഷ്ടം 4.58 കോടി രൂപ!

ആഭ്യന്തര സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയ രാജ്യങ്ങളില്‍ വീണ്ടും രോഗികകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ്് പ്രധാനമായും വിപണി സെന്റിമെന്റ്സിനെ ബാധിച്ചത്. ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയെ ബാധിച്ചു. സെന്‍സെക്സ് 811.68 പോയ്ന്റ് ( 2.09 ശതമാനം) ഇടിഞ്ഞ് 38,034 ലും നിഫ്റ്റി 282.75 പോയ്ന്റ്(2.46 ശതമാനം) ഇടിഞ്ഞ് 11,222.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിയിലെ ചില കമ്പനികളൊഴികെ ബാക്കി സെക്ടറുകളെല്ലാം തന്നെ കനത്ത വില്‍പ്പന ദൃശ്യമായി.  ഈ വീഴ്ചയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 4.58 ലക്ഷം കോടിയാണ്. ഇന്ന് വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങള്‍ ഇവയാണ്: Click here 

ആരോഗ്യ ഇന്‍ഷുറന്‍സ്; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒക്ടോബര്‍ മുതല്‍

അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം വര്‍ധിച്ചേക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനായി ഐആര്‍ഡിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയാണ്. നിലവിലുള്ള പോളിസികള്‍ക്ക് 2021 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമാവുക.

കമ്പനികളെല്ലാം തന്നെ ഇതു പ്രകാരം പോളിസികളില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന പ്ലാനുകളായിരിക്കും അവതരിപ്പിക്കപ്പെടുകയെങ്കിലും പോളിസി പ്രീമിയത്തില്‍ 5 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

അവ്യക്തത ഒഴിവാക്കാന്‍ പോളിസിയുടെ പരിധിയില്‍ വരാത്ത രോഗങ്ങള്‍, ആരോഗ്യ അവസ്ഥകള്‍ എന്നിവ ഏകീകരിക്കണമെന്നാണ് ഐആര്‍ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ കമ്പനികള്‍ അവരുടെ സ്വന്തം നിലയ്ക്കാണ് പോളിസി ഫീച്ചറുകള്‍ നിശ്ചിക്കുന്നത്. അതിനാല്‍ തന്നെ പ്രീമിയത്തിലും പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫീച്ചറുകളിലും വ്യത്യാസം വരുത്താറുണ്ട്. പുതിയ നിര്‍ദേശമനുസരിച്ച് എല്ലാ കമ്പനികളും സമാനമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തേണ്ടി വരും.

ഇത് വില കൂടുതല്‍ മത്സരാധിഷ്ഠിതമാകാനും ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ നല്ല പോളിസികള്‍ തെരഞ്ഞെടുക്കാനും അവസരമൊരുക്കും. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്നതിന് 48 മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിക്കുന്ന എല്ലാ രോഗങ്ങളും ‘പ്രീ എക്സിസ്റ്റിംഗ് ഡിസീസില്‍’ ഉള്‍പ്പെടും. കൂടാതെ, പോളിസി അനുവദിച്ച് ആദ്യ മൂന്നു മാസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്ന അസുഖങ്ങളും പ്രീ എക്സിസ്റ്റിംഗ് ഡിസീസ് ആയാണ് കണക്കാക്കപ്പെടുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here