ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 23, 2020

എസ് ബി ഐ കാര്‍ഡ്‌സ്: തിരിച്ചടവ് മുടങ്ങുന്നത് കുത്തനെ കൂടി

രാജ്യത്തെ വ്യക്തിഗത വായ്പക്കാരുടെ സാമ്പത്തിക സമ്മര്‍ദ്ദം പ്രതിഫലിപ്പിക്കുന്ന കണക്കുമായി എസ് ബി ഐ കാര്‍ഡ്‌സ് ആന്‍ഡ് പെയ്‌മെന്റ് സര്‍വീസസിന്റെ സാമ്പത്തിക ഫലം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗമായ എസ് ബി ഐ കാര്‍ഡ്‌സിന്റെ നിഷ്‌ക്രിയാസ്തി സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 4.3 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.3 ശതമാനമായിരുന്നു. കോവിഡ് കാലത്തെ വായ്പ തിരിച്ചടവില്‍ സംഭവിച്ച വീഴ്ചകള്‍ ബാഡ് ലോണ്‍ ആക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശമുള്ളതുകൊണ്ടാണ് എന്‍ പി എ ഈ തലത്തില്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്‍ പി എ 7.5 ശതമാനമായേനെ എന്ന് കമ്പനി പറയുന്നു.

അതുപോലെ തന്നെ ലോക്ക് ഡൗണും കച്ചവട സ്ഥാപനങ്ങളും മാളുകളും അടഞ്ഞ് കിടക്കുന്നതുകൊണ്ടും കാര്‍ഡ് വഴിയുള്ള ചെലവിടലില്‍ 10 ശതമാനത്തോളം ഇടിവും സംഭവിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിപണി തിരിച്ചുവരവിന്റെ പാതയിലെന്ന് യൂണിലിവര്‍

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ വിപണി തിരിച്ചുവരികയാണെന്ന് യൂണിലിവര്‍. ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഇന്ത്യയിലെ വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ് സംഭവിച്ചിരുന്നു. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 16 ശതമാനം വര്‍ധന വില്‍പ്പനയിലുണ്ടായിട്ടുണ്ട്.

ജിഡിപിയിലെ ആഘാതം: നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും

കോവിഡ് വ്യാപനം മൂലം ഇന്ത്യയുടെ ജിഡിപിയിലുണ്ടായ ആഘാതം മറികടന്ന് നഷ്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങളെടുത്തേക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര. റിസര്‍വ് ബാങ്ക് പണനയയോഗത്തിന്റെ പുറത്തുവിട്ട മിനിട്ട്‌സിലാണ് ഇക്കാര്യമുള്ളത്. കോവിഡ് കാലത്തിനു മുമ്പുള്ള സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളല്ല അതിനുശേഷമുണ്ടാകുക. സാമൂഹിക പെരുമാറ്റ രീതികള്‍ മാറി. വാണിജ്യ, തൊഴില്‍ സംബന്ധമായ സ്ഥലങ്ങളിലെ ശൈലികള്‍ മാറി. ഇതെല്ലാം കൊണ്ടുണ്ടാകുന്ന ആഘാതങ്ങള്‍ മറികടന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുകയറാന്‍ കാലമേറെ എടുക്കുമെന്നാണ് സൂചന. ഗ്രാമീണ മേഖലയിലെ ഡിമാന്റ് വര്‍ധനയുടെ പിന്‍ബലത്തില്‍ സാമ്പത്തിക രംഗത്ത് തിരിച്ചുവരവ് ഉണ്ടാകുമെന്ന അനുമാനമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തുന്നത്.

പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ വിസമ്മതം അറിയിച്ച് ആമസോണ്‍

പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ ബില്‍ 2019മായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സംയുക്ത സമിതിയുടെ മുമ്പാകെ വിസമ്മതം അറിയിച്ച് ആമസോണ്‍. കോവിഡ് മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആമസോണ്‍ പ്രതിനിധിക്ക് ഇന്ത്യയിലെത്താന്‍ സാധിക്കില്ലെന്ന കാരണമാണ് കാണിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് ഹാജരാകാനായിരുന്നു നിര്‍ദേശം. ആമസോണിന്റെ നീക്കത്തില്‍ സമിതി അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ ഫേസ്ബുക്ക് പ്രതിനിധികള്‍ സമിതിക്ക് മുമ്പാകെ ഹാജരായി. ട്വിറ്റര്‍ പ്രതിനിധികളെയും സമിതി വിളിപ്പിച്ചിട്ടുണ്ട്.

ആദിത്യ ബിര്‍ള ഫാഷനില്‍ ഫഌപ്കാര്‍ട്ട് നിക്ഷേപം

ഇ കോമേഴ്‌സ് രംഗത്തെ ശക്തമായ കമ്പനിയെ കൂട്ടുപിടിച്ച് ആദിത്യ ബിര്‍ള ഫാഷന്‍ വന്‍ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. ഫഌപ്പ്കാര്‍ട്ടിനെയാണ് ആദിത്യ ബിര്‍ള പങ്കാളിയാക്കിയിരിക്കുന്നത്. ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്‌ലില്‍ ഫഌപ്പ്കാര്‍ട്ട് 1500 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതോടെ ആദിത്യ ബിര്‍ള ഫാഷന്റെ 7.8 ശതമാനം ഓഹരികള്‍ ഫഌപ്പ്കാര്‍ട്ടിന്റെ കൈവശമാകും.

ദമാനി നിക്ഷേപിച്ചു, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വിലയില്‍ മുന്നേറ്റം

രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകന്‍ രാധാകിഷന്‍ ദമാനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ 0.53 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ ഓഹരി വിലയില്‍ മുന്നേറ്റം. ഇന്നലെയാണ് ദമാനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ 6,94,646 ഓഹരികള്‍ വാങ്ങിയത്. ഇതേ തുടര്‍ന്ന് രണ്ടു ദിവസം കൊണ്ട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വിലയില്‍ 16 ശതമാനത്തോളം വര്‍ധനയാണുണ്ടായിരിക്കുന്നത്.

സൂചികകള്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 127 പോയ്ന്റ് ഉയര്‍ന്നു

ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 127 പോയ്ന്റ് ഉയര്‍ന്ന് 40,686 ലും നിഫ്റ്റി 34 പോയ്ന്റ് ഉയര്‍ന്ന് 11930 ലുമെത്തി.
ബിഎസ്ഇ മിഡ് ക്യാപ് , സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തില്‍ താഴെ നേട്ടമുണ്ടാക്കി.
ബിഎസ്ഇയിലെ 1656 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1019 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല.

കേരള കമ്പനികളുടെ പ്രകടനം

ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്ക് ഒഴികെ എല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. അതേ സമയം എന്‍ബിഎഫ്‌സി ഓഹരികളിലെല്ലാം വിലയിടിവ് നേരിട്ടു. ജിയോജിത്, ജെആര്‍ജി ഓഹരികളും നഷ്ടത്തിലായിരുന്നു.
അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, ഹാരിസണ്‍സ് മലയാളം, നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ നേട്ടമുണ്ടാക്കി. എഫ്എസിടിയാണ് ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരി. ഏവിടി, കേരള ആയുര്‍വേദ, കെഎസ്ഇ, വണ്ടര്‍ലാ എന്നീ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.

കോവിഡ് അപ്‌ഡേറ്റ്‌സ് (23- 10- 2020)

കേരളത്തില്‍ ഇന്ന് :
രോഗികള്‍: 8,511
മരണം : 26

ഇന്ത്യയില്‍ ഇതുവരെ :
രോഗികള്‍: 7,761,312

മരണം : 117,306

ലോകത്ത് ഇതുവരെ:
രോഗികള്‍: 41,641,309
മരണം : 1,136,503

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it