ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 23, 2020

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി വീണ്ടും നരേന്ദ്ര മോദി. നവംബര്‍ ഒന്നുമുതല്‍ പച്ചക്കറികള്‍ക്ക് തറവില. ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍

news headlines
-Ad-
സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി

സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസ് നിര്‍ത്തി. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് നിരക്ക് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.  ഇനിയൊരറിയിപ്പ്  ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍  രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ല. സൗദി അറേബ്യയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സര്‍വീസുകളെയും ബാധിക്കും. വിസ കാലാവധി കഴിയുന്നതിനു മുന്‍പ് നിരവധി പ്രവാസി മലയാളികള്‍ സൗദിയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ കൂടുതല്‍ അറിയിപ്പുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രവാസി സമൂഹം.

മുരുഗപ്പ ഗ്രൂപ്പിലെ തര്‍ക്കം; കോടതിയെ സമീപിക്കുമെന്ന് കുടുംബാംഗങ്ങള്‍

ഇന്ത്യന്‍ കുടുംബ ബിസിനസുകള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മുരുഗപ്പ ഗ്രൂപ്പില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കിടയിലെ തര്‍ക്കം മറനീക്കി പുറത്തേക്ക്. പെണ്‍മക്കള്‍ക്ക്, ആണ്‍മക്കളെ പോലെ തന്നെ കുടുംബ സ്വത്തിലും അധികാരത്തിലും അവകാശമുണ്ടെന്ന നിയമ പിന്‍ബലമുണ്ടായിട്ടു പോലും മുരുഗപ്പ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയില്‍ ബോര്‍ഡ് പ്രാതിനിധ്യം മുന്‍ ചെയര്‍മാന്റെ മകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ പോലും മടിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു.

-Ad-

വ്യാഴാഴ്ച നടന്ന എജിഎമ്മിലെ തീരുമാനമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ എം വി മുരുഗപ്പന്റെ മകള്‍ 59 കാരിയായ വള്ളി അരുണാചലം ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ അമ്പാടി ഇന്‍വെസ്റ്റ്മെന്റ്സ് (എഐഎല്‍) ബോര്‍ഡില്‍ അംഗത്വം തേടി കത്തയച്ചിരുന്നു. വള്ളിയുടെ ആവശ്യം കമ്പനിയുടെ എജിഎം വോട്ടിനിട്ട് തള്ളുകയായിരുന്നു.

നവംബര്‍ ഒന്നുമുതല്‍ പച്ചക്കറികള്‍ക്ക് തറവില

സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന 16 ഇനം പച്ചക്കറികള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ തറവില നിലവില്‍ വരും. ഉല്‍പ്പാദന ചെലവിനേക്കാള്‍ 15-25 ശതമാനം കൂട്ടിയാണ് തറവില നിശ്ചയിക്കുക. തറവിലയേക്കാള്‍ വിപണി വില താഴെ വന്നാല്‍, വില വ്യത്യാസം സര്‍ക്കാര്‍ വഹിക്കും. ഓരോ വര്‍ഷത്തേക്കാണ് തറവില നിശ്ചയിക്കുക.

വാഴപ്പഴം, പൈനാപ്പിള്‍, കപ്പ, കുമ്പളം, വെള്ളരി, പാവയ്ക്ക, പടവലം, പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി (കാന്തല്ലൂര്‍) എന്നിവയ്ക്കാണ് തറവില പ്രഖ്യാപിക്കുന്നത്.

രണ്ടാഴ്ചക്കിടെ രണ്ടാമത്തെ നിക്ഷേപം ആകര്‍ഷിച്ച് റിലയന്‍സ് റീറ്റെയ്ല്‍

റിലയന്‍സ് റീറ്റെയ്‌ലിലേക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നു. ഏറ്റവുമൊടുവില്‍ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആര്‍ 5500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ്. ഇതോടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് റീറ്റെല്‍സ് വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ഒരാഴ്ച മുമ്പ് 7500 കോടി രൂപ നിക്ഷേപിച്ച് 1.75 ശതമാനം ഓഹരി കൈക്കലാക്കിയിരുന്നു. കെകെആറിന് പുതിയ നിക്ഷേപത്തിലൂടെ സ്വന്തമാകുക റിലയന്‍സ് റീറ്റെയ്‌ലില്‍ 1.28 ശതമാനം ഓഹരിയാണ്.

ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ കമ്പനി സ്വീകരിച്ച നിക്ഷേപം 13,050 കോടി രൂപയായി. നേരത്തേ കെകെആര്‍ റിലയന്‍സ് ജിയോയില്‍ 11367 കോടി രൂപ നിക്ഷേപം നടത്തിയിരുന്നു. ക്മ്പനിയുടെ 15 ശതമാനം ഓഹരികള്‍ കൈമാറ്റം ചെയ്ത് 60,000-63,000 കോടി രൂപ സമാഹരിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനം, അബുദാബി ആസ്ഥാനമായുള്ള മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി, കെകെആര്‍, എല്‍ കാറ്റേര്‍ട്ടന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ റിലയന്‍സ് റീറ്റെയ്‌ലില്‍ നിക്ഷേപം നടത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി വീണ്ടും നരേന്ദ്ര മോദി

ടൈം മാഗസിന്‍ വര്‍ഷാ വര്‍ഷം പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി. ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ മുമ്പും പ്രധാനമന്ത്രി ഇടം നേടിയിട്ടുണ്ട്.  2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികയില്‍ നാല് തവണ മോദിയ്ക്ക് ഇടം ലഭിച്ചു. 2014, 2015, 2017, വര്‍ഷങ്ങളിലാണ് അദ്ദേഹം പട്ടികയില്‍ ഇടം നേടിയത്.

2020 ലെ സ്വാധീനം ചെലുത്തിയ 100 വ്യക്തികളില്‍ ഇടംപിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഒരേഒരു രാഷ്ട്രീയ നേതാവെന്ന പദവിയും പ്രധാനമന്ത്രിക്ക് സ്വന്തം. ലോക്ഡൗണ്‍കാലത്ത് 30 ലേറെ ബ്രാന്‍ഡുകളുടെ അംബാസഡറായി മാറിയ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഷഹീന്‍ ബാഗ് ദാദി എന്ന പേരില്‍ അറിയപ്പെടുന്ന ബില്‍ക്കിസ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, പ്രൊഫ. രവീന്ദ്ര ഗുപ്ത എന്നിവരും ഇന്ത്യയില്‍ നിന്ന് ടൈം മാഗസിനില്‍ ഇടംനേടിയ 100 പേരുടെ പട്ടികയിലുണ്ട്.

സില്‍വര്‍ലൈന്‍ വേഗ പാത: സ്ഥലമെടുപ്പ് നവംബറില്‍ തുടങ്ങും

സില്‍വര്‍ലൈന്‍ വേഗ റെയ്ല്‍പാതയുടെ സ്ഥലമെടുപ്പ് നവംബറില്‍ തുടങ്ങാന്‍ ഉന്നതതല യോഗത്തില്‍ ധാരണ. സ്ഥലമേറ്റെടുപ്പിനായി 11 ജില്ലകളില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ 18 ജീവനക്കാരുള്ള സെല്‍ രൂപീകരിക്കും. ഉത്തരവ് ഇറങ്ങിയാലുടന്‍ കെട്ടിടങ്ങളുടെ മൂല്യനിര്‍ണയ ജോലികള്‍ തുടങ്ങും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെടുത്തേക്കും.

കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ്

സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. നേരത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും വ്യവസായ മന്ത്രി ഇ പി ജയരാജനും കോവിഡ് ബാധിച്ചിരുന്നു.

തൊഴില്‍നിയമങ്ങള്‍ ഉദാരമാക്കി: ചട്ടങ്ങള്‍ രാജ്യസഭയും പാസാക്കി

തൊഴില്‍ മേഖലയിലെ ഉദാരവല്‍ക്കരണവുമായി ബന്ധപ്പെട്ട മൂന്ന് ചട്ടങ്ങള്‍ രാജ്യസഭ പാസാക്കി. ഇന്നലെ ലോക്സഭ, പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ ഇവ പാസാക്കിയിരുന്നു. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ, വ്യവസായ ബന്ധം, ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ച ബില്ലുകളാണ് ഇരുസഭകളും പാസാക്കിയിരിക്കുന്നത്. അടുത്തവര്‍ഷം  ആദ്യം മുതല്‍ ഇതനുസരിച്ചുള്ള പുതുക്കിയ ചട്ടങ്ങള്‍ നിലവില്‍ വരും.

ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 27.63 ശതമാനം ഇടിവ്

ചൈനയില്‍നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 27.63 ശതമാനത്തിന്റെ കുറവുണ്ടായതായി വാണിജ്യ മന്ത്രാലയം. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇനത്തില്‍ ആകെ 2158 കോടി ഡോളര്‍(1.58 ലക്ഷം കോടി രൂപ ) രൂപയാണ് ആകെ വരുമാനം. ഓഗസ്റ്റില്‍ ഇത് 36,567 കോടി രൂപയുടേതും ജൂലായില്‍ 40, 973 കോടി രൂപയുമായി ഇത് കുറവു വന്നിട്ടുണ്ട്.

കടപ്പത്രങ്ങളുടെ വില്‍പ്പനയിലൂടെ ബിഎസ്എന്‍എല്‍ നേടിയത് 8,500 കോടി രൂപ

കടപ്പത്രങ്ങളുടെ വില്പനയിലൂടെ ബി.എസ്.എന്‍.എല്‍ 8,500 കോടി രൂപ സമാഹരിച്ചു. 229 നിക്ഷേപകരില്‍നിന്നായി 17,183.10 കോടി രൂപയുടെ അപേക്ഷകള്‍ ലഭിച്ചു. അതായത് 200 ശതമാനത്തിലേറെ അപേക്ഷകളാണ് നേടിയത്. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. പ്രൈമറി ഡീലേഴ്സ് എന്നിവരാണ് പണം മുടക്കിയ പ്രധാന നിക്ഷേപക സ്ഥാപനങ്ങള്‍. ദേശീയ പെന്‍ഷന്‍ സ്‌കീമും (എന്‍.പി.എസ്.) കടപ്പത്രങ്ങള്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു;സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍

ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ആഭ്യന്തര ഓഹരി വിപണി ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി താഴ്ക്ക് പോകുന്നത്. ഇന്ന് സെന്‍സെക്‌സ്  65.66 പോയ്ന്റില്‍ നഷ്ടം പിടിച്ചു നിര്‍ത്തിയപ്പോള്‍ നിഫ്റ്റി 21.80 പോയ്ന്റ് ഇടിഞ്ഞു. സെന്‍സെക്‌സ് 37,668.42 ലും നിഫ്‌റിറ്റി 11,131.85 ലുമാണ് ക്ലോസ് ചെയ്തത്.  

കേരള കമ്പനി ഓഹരികളില്‍ സമ്മിശ്ര പ്രകടനം

കേരള കമ്പനി ഓഹരികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. പകുതിയോളം കമ്പനികള്‍ നേട്ടത്തിലായിരുന്നു. കേരള ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്ക് മാത്രമായിരുന്നു നേട്ടത്തില്‍. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസും ഗ്രീന്‍ സോണില്‍ നിന്നപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില ഇടിഞ്ഞു. ജെആര്‍ജി ഓഹരികളാണ് ശതമാനകണക്കില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 9.3 ശതമാനം. കേരള ആയുര്‍വേദ, കെഎഫ്‌സി, എഫ്എസിടി, കൊച്ചിന്‍ ഷിപ് യാര്‍ഡ് തുടങ്ങിയ ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.

കോവിഡ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഇന്ന് :     5,376   രോഗികള്‍,  ആകെ : 42,786 മരണം:  20 ഇതുവരെ :  592

ഇന്ത്യയില്‍ ഇതുവരെ :    5,646,010 രോഗികള്‍, മരണം : 90,020
ഇന്നലെ :     5,562,663
മരണം:      88,935


ലോകത്ത്  ഇതുവരെ:   31,517,087 രോഗികള്‍, മരണം :  969,578 
ഇന്നലെ : 31,245,797
മരണം:   963,693   

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here