ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 24, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ്. 19538 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 3,106,348 (ഓഗസ്റ്റ് 22 വരെയുള്ള കണക്ക്: 2,975,701 )

മരണം : 57,542(ഓഗസ്റ്റ് 22 വരെയുള്ള കണക്ക്: 55,794 )

ലോകത്ത് ഇതുവരെ

രോഗികള്‍: 23,420,418 (ഓഗസ്റ്റ് 22 വരെയുള്ള കണക്ക്: 22,949,234)

മരണം: 808,676(ഓഗസ്റ്റ് 22 വരെയുള്ള കണക്ക്:799,245 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4820 രൂപ (ഇന്നലെ രൂപ )

ഒരു ഡോളര്‍: 74.12 (ഇന്നലെ: 74.90രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.83+0.61
Brent Crude44.85+0.45
Natural Gas2.260+0.022

ഓഹരി വിപണിയില്‍ ഇന്ന്

ധനകാര്യകമ്പനികളുടെ കരുത്തില്‍ ഓഹരി സൂചികയില്‍ ഉയര്‍ച്ച. ബിഎസ്ഇ സൂചിക 0.95 ശതമാനം നേട്ടത്തോടെ 364.36 പോയ്ന്റ് ഉയര്‍ന്ന് 38,799.08 പോയ്ന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 95 പോയ്ന്റ് ഉയര്‍ന്ന് 11466 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. 0.83 ശതമാനം ഉയര്‍ച്ച. എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പവര്‍ ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികളില്‍ പെടുന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനം ഉയര്‍ന്ന് 15019 പോയ്ന്റിലെത്തി. നിഫ്റ്റി ബാങ്ക് സൂചികയില്‍ 2.39 ശതമാനം ഉയര്‍ച്ചയുണ്ടായി. 22833 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

മണപ്പുറം ഫിനാന്‍സ് (1.77 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.75 ശതമാനം), ആസ്റ്റര്‍ ഡി എം (1.72 ശതമാനം), ഫെഡറല്‍ ബാങ്ക് (1.43 ശതമാനം), കേരള ആയുര്‍വേദ (0.32 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (0.28 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.24 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.20 ശതമാനം), എഫ്എസിടി (0.20 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.12 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. നേട്ടമുണ്ടാക്കാനാകാതെ പോയ കമ്പനികളില്‍ മുന്നില്‍ ഹാരിസണ്‍സ് മലയാളമാണ്. 6.16 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. 6.25 രൂപ കുറഞ്ഞ് ഓഹരി വില 95.20 രൂപയായി.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

അദാനി ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി മാറുന്നു!

വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായി അദാനി ഗ്രൂപ്പ് മാറുന്നു. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേയ്ക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ അദാനി ഗ്രൂപ്പിന് വ്യോമയാന രംഗത്തെ ഒന്നാമനാകാനുള്ള സാധ്യതയുമായി അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂരിപക്ഷം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കുകയാണ്. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത്.

സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്; പവന് 320 രൂപ കുറഞ്ഞ് 38560 രൂപ

കേരളത്തില്‍ സ്വര്‍ണ വില ഓഗസ്റ്റ് മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38560 രൂപയായി. ഗ്രാമിന് 4820 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസങ്ങളായി 38880 രൂപയായിരുന്നു കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ തിങ്കളാഴ്ച വീണ്ടും കുറഞ്ഞു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് വരെ എത്തിയിരുന്നു.

ബിസിനസിലെ ഉണര്‍വിന്റെ സൂചനകള്‍ തെറ്റിദ്ധാരണാ ജനകം: മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ സുബ്ബറാവു

ഗുരുതര മാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരകയറുന്നതായും ബിസിനസ് മേഖല ഉണര്‍ന്നു വരുന്നതുമായുള്ള അവകാശവാദങ്ങള്‍ തള്ളി റിസര്‍ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ, ഇടത്തരം വളര്‍ച്ചാ സാധ്യതകള്‍ ഇപ്പോഴും ദയനീയാവസ്ഥയിലാണ്. ലോക്ക്ഡൗണ്‍ മൂലം രൂക്ഷമായ മാന്ദ്യത്തിന്റെ അടിത്തറയില്‍ നിന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചുവരുന്നുവെന്നതു ശരി. പക്ഷേ, ഇതിന്റെ പേരില്‍ അമിത ആത്മവിശ്വാസത്തിനു സമയമായിട്ടില്ലെന്ന് സര്‍ക്കാരിനെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബാങ്ക് എക്കൗണ്ടിലെ പണത്തിന് കണക്കില്ലേ? 83 ശതമാനവും നികുതി വകുപ്പ് പിടിച്ചെടുക്കും

ബാങ്ക് എക്കൗണ്ടില്‍ വലിയ തുകയുടെ നിക്ഷേപമുള്ളവര്‍ക്ക് അതിന്റെ സ്രോതസുള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പ് 83.25 ശതമാനം പിഴ ചുമത്തും. തുകയുടെ 16.75 ശതമാനം മാത്രമേ നിക്ഷേപത്തില്‍ ബാക്കി കിട്ടൂ എന്ന് ആദായനികുതി വകുപ്പിന്റെ വിശദീകരണത്തില്‍ പറയുന്നു.

എല്ലാ മേഖലയിലും ചൈനീസ് കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

ചൈനീസ് ആപ്പുകള്‍ ബഹിഷ്‌കരിച്ചത് പോലെ എല്ലാ മേഖലയിലും ചൈനീസ് കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്. പേര് വ്യക്തമാക്കാത്ത സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ചുള്ള ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലാണ് എല്ലാ ചൈനീസ് കമ്പനികളേയും ബഹിഷ്‌കരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ചില ചൈനീസ് കമ്പനികള്‍ക്ക് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മ്മിയുമായി ബന്ധമുണ്ടെന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.ചില ചൈനീസ് കമ്പനികള്‍ക്ക് രാജ്യത്ത് കാതലായ രീതിയില്‍ നിക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ചൈനീസ് ബഹിഷ്‌കരണ ട്രെന്‍ഡ് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാനാവില്ല.

ടിക്കറ്റില്ലാത്തവരില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 561.73 കോടി രൂപ

ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ യാത്രക്കാരില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 561.73 കോടി രൂപ. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വരുമാനത്തില്‍ ഉണ്ടായതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. റെയില്‍വേയ്ക്ക് 2016 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം ടിക്കറ്റിലാതെ യാത്ര ചെയ്തവരില്‍ നിന്ന് ആകെ ലഭിച്ചത് 1,938 കോടി രൂപയാണ്. 2016 ല്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ 38.57 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

മുടങ്ങിയ അടല്‍ പെന്‍ഷന്‍ യോജന തവണകള്‍ സെപ്റ്റംബര്‍ 30 നകം പിഴയില്ലാതെ അടയ്ക്കാം

2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) തവണകള്‍ പിഴയില്ലാതെ സെപ്റ്റംബര്‍ 30 നകം അടയ്ക്കാമെന്ന് പിഎഫ്ആര്‍ഡിഎ ട്വീറ്റില്‍ അറിയിച്ചു. ഏപ്രിലില്‍, എപിവൈ സംഭാവനകള്‍ക്കായുള്ള വരിക്കാരുടെ ഓട്ടോ ഡെബിറ്റിംഗ് സേവിംഗ്‌സ് അക്കൗണ്ട് ജൂണ്‍ 30 വരെ പിഎഫ്ആര്‍ഡിഎ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് വരിക്കാരെ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്തത്.എപിവൈ സംഭാവനകളുടെ ഓട്ടോ ഡെബിറ്റ് ജൂലൈ 1 മുതല്‍ പുനരാരംഭിച്ചു. 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ശേഷിക്കുന്ന എപിവൈ സംഭാവനകള്‍ 2020 സെപ്റ്റംബര്‍ 30 നകം പിഴയില്ലാതെ നല്‍കാം.

എസ്ബിഐ, പിഎന്‍ബിയും ഈ സാമ്പത്തിക വര്‍ഷം തന്നെ ഓഹരി വില്‍പ്പനയ്ക്ക്

എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ രാജ്യത്തെ വലിയ വാണിജ്യ ബാങ്കുകള്‍ യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി ധനസമാഹരണത്തിനായി ഓഹരി വില്‍പ്പന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് -19 നെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധികളെ പ്രതിരോധിക്കാനായി മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ഇതിനായുളള നടപടികളിലേക്ക് ബാങ്കുകള്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണനയില്‍; ടിക്കറ്റ് നിരക്കില്‍ ഇളവ് പരിഗണനയില്‍

അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്ത ഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക. സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക. സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്ക്കെത്തിക്കാന്‍ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇളവുകളും നല്‍കിയേക്കുമെന്നാണ് വ്യവസായ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it