ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 24, 2020

കേരളത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് 6000 പിന്നിട്ടു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തിന്റെ തിരിച്ചുവരവ് വൈകുമെന്ന് എസ് & പി. ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടുന്നു. അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ ഡിജിറ്റല്‍ സുരക്ഷ ശക്തമാക്കണമെന്ന് ആര്‍ബിഐ. ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടം 3.73 ലക്ഷം കോടി രൂപ. ഇന്നത്തെ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

news headlines
-Ad-
ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തിന്റെ തിരിച്ചുവരവ് വൈകും: എസ് & പി

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ബാങ്കിംഗ് രംഗം കരകയറി 2019ലെ തലത്തിലേക്ക് എത്താന്‍ ഏറെ കാലമെടുക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് & പി). 2023നു ശേഷമേ ഈ രംഗത്ത് തിരിച്ചുവരവ് പ്രകടമാകൂവെന്നാണ് ഏജന്‍സിയുടെ നിഗമനം. ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ എമര്‍ജിംഗ് മാര്‍ക്കറ്റുകളിലും സ്ഥിതി ഇതാകുമെന്നാണ് അനുമാനം. കോവിഡ് 19 വ്യാപനത്തിന് മുമ്പേ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ ഡിജിറ്റല്‍ സുരക്ഷ ശക്തമാക്കണം: റിസര്‍വ് ബാങ്ക്

രാജ്യത്തെ ഇതര ബാങ്കുകള്‍ക്കൊപ്പം സേവനങ്ങള്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളും നല്‍കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഭീഷണികള്‍ അതിജീവിക്കാന്‍ ഡിജിറ്റല്‍ സുരക്ഷ ശക്തമാക്കണമെന്ന് റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ രംഗത്ത് ഏറെ പ്രവര്‍ത്തനങ്ങളുള്ള അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറെ നിയമിക്കണം. മാത്രമല്ല, ഐറ്റി സ്ട്രാറ്റജി കമ്മിറ്റി, ഐറ്റി സ്റ്റിയറിംഗ് കമ്മിറ്റി പോലുള്ള കമ്മിറ്റികളും രൂപീകരിക്കേണ്ടി വരും.

ഡിജിറ്റല്‍ ബാങ്കിംഗിലേക്കുള്ള മാറ്റം ശാശ്വതം: എസ് ബി ഐ ചെയര്‍മാന്‍

ബാങ്കിംഗ് മേഖലയിലെ ഇടപാടുകാര്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്നതായും ഈ മാറ്റം ശാശ്വതമായിരിക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജനീഷ് കുമാര്‍. നിലവില്‍ 100 ഇടപാടുകള്‍ നടക്കുമ്പോള്‍ അതില്‍ ഏഴെണ്ണം മാത്രമാണ് എസ് ബി ഐ ശാഖകളിലൂടെ നടക്കുന്നുള്ളൂ. മൂന്നുവര്‍ഷമുമ്പ് 100 ഇടപാടുകളില്‍ 20 ഉം ശാഖകള്‍ വഴിയായിരുന്നുവെന്ന് രജനീഷ് കുമാര്‍ പറഞ്ഞു. ”ബാങ്കുകളില്‍ നിന്നും എന്തിന് എറ്റിഎമ്മുകളില്‍ നിന്നുപോലും ഇടപാടുകാര്‍ അകലും. മൊബീല്‍ ഇന്റര്‍നെറ്റ് ഇടപാടുകള്‍ കുതിച്ചുയരും,” ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കവേ രജനീഷ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗിന്റെ അനായാസത ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ ഈ മാറ്റം ശാശ്വതമായിരിക്കും. എന്നിരുന്നാലും ബാങ്ക് ശാഖകള്‍, ജനങ്ങള്‍ക്കിടയില്‍ അതിന്റെ സാന്നിധ്യം അറിയിക്കാന്‍ വേണ്ടി നിലനില്‍ക്കും. പക്ഷേ അവയുടെ രൂപവും രീതിയും മാറും. പുതിയ ബാങ്ക് ശാഖകള്‍ ഡിജിറ്റല്‍ ബ്രാഞ്ചുകളാകും. ഡാറ്റ അനലിറ്റിക്സിന്റെ സഹായത്താല്‍ എസ് ബി ഐയ്ക്ക് ഒട്ടനവധി പ്രീ അപ്രൂവ്ഡ് വായ്പകള്‍ അനുവദിക്കാന്‍ സാധിക്കുന്നുണ്ട്. ബാങ്കിന്റെ ഡിജിറ്റല്‍ വായ്പാ ബുക്കില്‍ വന്‍ വളര്‍ച്ചയാണുള്ളതെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

-Ad-
വിമാനയാത്രയിലും സേവനങ്ങള്‍ നല്‍കാനൊരുങ്ങി ജിയോ

വിമാനങ്ങളിലും മൊബൈല്‍ സേവനങ്ങള്‍ നല്‍കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. മാത്രമല്ല ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഓഫറുകളും ജിയോ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യാന്തര റൂട്ടുകളില്‍ 22 വിമാനങ്ങളിലാണ്  റിലയന്‍സ് ജിയോ മൊബൈല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി വിമാനക്കമ്പനികളുമായി ധാരണാ പത്രം ഒപ്പുവച്ചു.

കാഥെ പസിഫിക്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേസ്, യൂറോ വിംഗ്‌സ്, ലുഫ്താന്‍സ, മാലിന്‍ഡോ എയര്‍, ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, അലിറ്റാലിയ തുടങ്ങി കമ്പനികളുമായാണ് റിപ്പോര്‍ട്ടുകളനുസരിച്ച് ജിയോ ധാരണയിലെത്തിയിട്ടുള്ളത്്. ഇതോടെ ഇന്‍-ഫ്‌ലൈറ്റ് സേവനം നല്‍കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ടെലികോം കമ്പനിയായി ജിയോ മാറി. ടാറ്റാ ഗ്രൂപ്പാണ് ആദ്യത്തേത്.

വെറും 499 രൂപയില്‍ ആരംഭിക്കുന്നതാണ് പ്ലാനുകള്‍. നിലവില്‍ മൂന്ന് രാജ്യാന്തര റോമിംഗ് പായ്ക്കുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ഒരു ദിവസത്തെ കാലാവധിയുള്ള 499 രൂപ, 699 രൂപ, 999 രൂപ എന്നിവയാണ് പ്ലാനുകള്‍. എല്ലാ പ്ലാനുകളിലും 100 മിനിറ്റ് ഔട്ട്ഗോയിംഗ് വോയ്സ് കോളുകളും 100 എസ്എംഎസും വാഗ്ദാനം ചെയ്യുമ്പോള്‍, 499 പ്ലാനില്‍ 250 മെഗാബൈറ്റ് (എംബി) മൊബൈല്‍ ഡേറ്റയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 699 പ്ലാനില്‍ 500 എംബിയും 999 പ്ലാനില്‍ 1 ജിബി ഡേറ്റയും ലഭിക്കും.

ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ ഒന്നാമത്

ക്രൂഡ് ഓയില്‍ ശേഖരത്തില്‍ ഇന്ത്യ ഒന്നാമതെത്തി. അടിയന്തര സമയങ്ങളില്‍ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ തന്ത്രപരമായി അസംസ്‌കൃത എണ്ണ ശേഖരിച്ചതിലൂടെ രാജ്യത്തിന് 685.11 ദശലക്ഷം ഡോളര്‍ ലാഭം രേഖപ്പെടുത്തി. സൗദി അറേബ്യയിലെയും യുഎഇയിലെയും പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രങ്ങളിലെ കുറഞ്ഞ വില മുതലെടുത്താണ് ഇന്ത്യ ക്രൂഡ് ഓയില്‍ ശേഖരം നടത്തിയിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കരുതല്‍ ശേഖരം നികത്താന്‍ ബാരലിന് ശരാശരി 19 ഡോളര്‍ നിരക്കിലാണ് ക്രൂഡ് ഓയില്‍ വാങ്ങിയത്.

കോവിഡ് വ്യാപനം രൂക്ഷം; ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

യൂറോപ്പിലും ബ്രിട്ടനിലും കോവിഡ് വ്യാപനം വീണ്ടും കൂടിയതാണ് മറ്റ് കറന്‍സികള്‍ ദുര്‍ബലമാകുകയും യുഎസ് ഡോളര്‍ കരുത്താര്‍ജിക്കുകയും ചെയ്തു. ഇതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.94ലിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. കഴിഞ്ഞദിവസം 73.54 നിലവാരത്തിലായിരുന്നു ക്ലോസിംഗ്. കോവിഡ് വാക്സിന്‍ സംബന്ധിച്ച പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ രണ്ടാംഘട്ട വ്യാപനമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു.

ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടുന്നു

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലെ വില്‍പ്പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാന്‍ അധികമായി 75 മില്യണ്‍ ഡോളര്‍ 2020ല്‍ ചെലവിടേണ്ടി വരുമെന്ന് കമ്പനി കുറിപ്പില്‍ പറയുന്നു. കൂടുതല്‍ ലാഭകരമായ മോഡലുകളിലേക്കും ലാഭം നല്‍കുന്ന വിപണിയിലേക്കും ശ്രദ്ധയൂന്നുമെന്ന് രണ്ടുമാസം മുമ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ തീരെ ചെറിയ ശതമാനം മാത്രം സംഭാവന ചെയ്യുന്ന വിപണിയില്‍ നിന്ന് പിന്‍വാങ്ങുമെന്നായിരുന്നു സൂചന. എന്നാല്‍ ആ വിപണികള്‍ ഏതെന്ന് വ്യക്തമാക്കിയിരുന്നില്ല. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ഇന്ത്യയില്‍ നിന്നുള്ളൂ.

സ്മാര്‍ട്ഫോണ്‍ വീശി പണമിടപാടുകള്‍ നടത്താവുന്ന സംവിധാനവുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

കാര്‍ഡ് സൈ്വപ് ചെയ്ത് പേമെന്റുകള്‍ നടത്തുന്നതിനു പകരം കയ്യിലുള്ള സ്മാര്‍ട്ഫോണ്‍ വീശി ഇടപാടുകള്‍ അനായാസം പൂര്‍ത്തിയാക്കാവുന്ന സെയ്ഫ്പേ സംവിധാനവുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) സംവിധാനമുള്ള പി.ഒ.എസ് യന്ത്രങ്ങളിലാണ് ഇങ്ങനെ മൊബൈല്‍ ഫോണ്‍ വീശി ഡെബിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്താവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മൊബൈല്‍ ആപ്പുമായി ഡെബിറ്റ്കാര്‍ഡിനെ ലിങ്ക് ചെയ്താണ് ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം. ഇതു വഴി സമ്പര്‍ക്കരഹിതമായി പേമന്റുകള്‍ നടത്താം. കാര്‍ഡിലും ഫോണിലും മറ്റാരുടേയും സ്പര്‍ശനമേല്‍ക്കാതെ, കൈമാറാതെ ഇടപാടു പൂര്‍ത്തിയാക്കാം എന്നതാണ് സവിശേഷത. 2000 രൂപ വരെയുള്ള പേമെന്റുകളെ സെയ്ഫ്പേ വഴി സാധ്യമാകൂ.

സൗദിയുടെ വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയെന്ന് എയര്‍ ഇന്ത്യ

സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വ്യോമയാന വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ് പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ എത്തിക്കുന്നതിനുള്ള സര്‍വീസുകള്‍ പഴയ നിലയില്‍ തുടരും. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ എത്തിക്കില്ല എന്നും സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുക എന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എന്നാല്‍ സൗദിക്കും ഇന്ത്യയ്ക്കും ഇടയിലെ ചാര്‍ട്ടേര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരും.

ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടം 3.73 ലക്ഷം കോടി രൂപ!

വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. ആറു വ്യാപര ദിനങ്ങളിലായി സെന്‍സെക്സിന് നഷ്ടമായത് 2850 പോയന്റിലേറെയാണ്. ആറു ദിവസം കൊണ്ട് നിക്ഷേപകനുണ്ടായ നഷ്ടം 11.3 ലക്ഷം കോടി രൂപ. ഇന്ന് ഒറ്റ ദിവസത്തെ മാത്രം നഷ്ടം 3.73 ലക്ഷം കോടി രൂപ! സെന്‍സെക്സ് 1114.82 പോയ്ന്റ് ഇടിഞ്ഞ് 36,553.60 ലും നിഫ്റ്റി 326.30 പോയ്ന്റ് ഇടിഞ്ഞ് 10805.55 ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. പ്രധാന ഓഹരികളടങ്ങിയ സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ എന്നിവ മാത്രമാണ് നേട്ടത്തില്‍. മാരുതി സുസുകി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ നഷ്ടത്തിലായി.

കരകയറാനാകാതെ കേരള കമ്പനികളുടെ ഓഹരികളും

കേരള കമ്പനികളില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ്, പാറ്റ്സ്പിന്‍, വണ്ടര്‍ലാ എന്നീ ഓഹരികള്‍ ഒഴികെ മറ്റെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു. ഏഴു ശതമാനത്തിലധികം വിലയിടിവ് രേഖപ്പെടുത്തിയ റബ്ഫിലയാണ് നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. എഫ് എസിടിയുടെ വില അഞ്ച് ശതമാനം ഇടിഞ്ഞു. അപ്പോളോ ടയേഴ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്, കേരള ആയുര്‍വേദ എന്നീ ഓഹരികള്‍ നാല് ശതമാനത്തിനു മുകളില്‍ നഷ്ടമുണ്ടാക്കി.

കമ്മോഡിറ്റി വിലകള്‍ (കൊച്ചി)

ഏലം: 1543.51 (Vandanmettu/Rs./Kg)

കുരുമുളക്:

Cochin Garbled 351.00 (Rs./Kg)
Cochin Ungarbled  331.00 (Rs./Kg)

റബ്ബര്‍:
Category (Per 100 Kg)

RSS4 13300.0
RSS5 12900.0
ISNR20 10850.0

സ്വര്‍ണം ( 1 ഗ്രാം,Rs)  :  4590, ഇന്നലെ : 4650
വെള്ളി ( 1 ഗ്രാം,Rs)  :   57, ഇന്നലെ :  59

കോവിഡ് അപ്‌ഡേറ്റ്‌സ്

കേരളത്തില്‍ : 

രോഗികള്‍ (ഇന്ന് ) :    6,324,     ഇന്നലെ 5,376
മരണം (ഇന്ന്) : 21
ആകെ രോഗികള്‍ :  45,919
ആകെ മരണം :  613
ഭേദമായവര്‍: 1,07,850

ഇന്ത്യയില്‍ ഇതുവരെ : 

രോഗികള്‍:   5,732,518  , (ഇന്നലെ വരെ : 5,646,010 
മരണം :   91,149 ,  ഇന്നലെ വരെ :  90,020

ലോകത്ത്  ഇതുവരെ:

രോഗികള്‍:  31,779,835 , ഇന്നലെ വരെ : 31,517,087
മരണം :  975,104 , ഇന്നലെ വരെ : 969,578

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here