ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 26, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കൂടി കോവിഡ്. 22344 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 3,234,474 (ഇന്നലെവരെയുള്ള കണക്ക്: 3,167,323 )

മരണം : 59,449 (ഇന്നലെ വരെയുള്ള കണക്ക്: 58,390)

ലോകത്ത് ഇതുവരെ

രോഗികള്‍: 23,889,150 (ഇന്നലെ വരെയുള്ള കണക്ക്: 23,647,377 )

മരണം: 819,414 (ഇന്നലെ വരെയുള്ള കണക്ക്:813,022)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4750 രൂപ (ഇന്നലെ 4780രൂപ )

ഒരു ഡോളര്‍: 74.27 രൂപ (ഇന്നലെ: 74.23 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude42.61-0.02%
Brent Crude45.35+0.49%
Natural Gas2.501-0.48%

ഓഹരി വിപണിയില്‍ ഇന്ന്

കഴിഞ്ഞ വാരാന്ത്യത്തില്‍ തുടങ്ങിയ മുന്നേറ്റം ഇന്നും വിപണിയില്‍ തുടര്‍ന്നു. ഇതോടെ സെന്‍സെക്സ് 39,000 പോയ്ന്റ് കടന്നു. 230 പോയ്ന്റ് അഥവാ 0.59 ശതമാനം ഉയര്‍ച്ചയാണ് ഇന്ന് സെന്‍സെക്സിലുണ്ടായത്. 39,074 പോയ്ന്റില്‍ ക്ലോസ് ചെയ്തു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക് എന്നിവയാണ് ഉയര്‍ന്ന നേട്ടം കൊയ്ത സെന്‍സെക്സ് സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികള്‍. നിഫ്റ്റി 77 പോയ്ന്റ്, 0.67 ശതമാനം ഉയര്‍ന്ന് 11,550ലും ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ സൂചിക ഒന്നര ശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ് സി മിഡ് കാപ്പ്, സ്മോള്‍ കാപ് സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കേരള ബാങ്കുകളുടെയെല്ലാം ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മണപ്പുറം ഫിനാന്‍സ് മാത്രമാണ് നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തത്. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 17 ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വില 13 ശതമാനത്തിലേറെയും ഉയര്‍ന്നു.

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

നികുതി പിരിവ് കുറഞ്ഞു, സംസ്ഥാനങ്ങള്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി

കൊവിഡ് -19 നെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളുടെ പ്രത്യാഘാതത്തെത്തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ വാറ്റ്, എക്‌സൈസ്, സ്റ്റാമ്പ് ഡ്യൂട്ടികളില്‍ 53,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) യുടെ ഇടിവ് ഇതിലേക്ക് ചേര്‍ത്താല്‍, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വരുമാന നഷ്ടം 1.2 ലക്ഷം കോടി രൂപയായി വര്‍ദ്ധിക്കും. എസ്ബിഐ റിപ്പോര്‍ട്ട് അനുസരിച്ച് 20 സംസ്ഥാനങ്ങളില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ വരുമാനക്കുറവാണുണ്ടായിരിക്കുന്നത്.

കോവിഡ് വാക്‌സിന്‍; മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ തുടങ്ങി

ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ തുടക്കമായി. ആദ്യം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. വാക്‌സിന്റെ ആദ്യ ഡോസ് മാത്രമാണ് ഇവരില്‍ നല്‍കിയിരിക്കുന്നത്. പൂനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച വാക്‌സിന്‍ ഇന്നലെ മുതലാണ് ഇന്ത്യയില്‍ പരീക്ഷിച്ച് തുടങ്ങിയത്.

ഓണം ബമ്പര്‍ ഇതുവരെ വിറ്റത് 13.25 ലക്ഷം ടിക്കറ്റ്

ഈ വര്‍ഷത്തെ ഓണം ബംപര്‍ ഭാഗ്യക്കുറി ഓഗസ്റ്റ് നാലിനാണ് ധനകാര്യ മന്ത്രി ഡോ ടിഎം തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത്. ഇതു വരെ 13,25,000 ടിക്കറ്റുകള്‍ വിറ്റു പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 27 ലക്ഷം ടിക്കറ്റുകളാണ് നിലവില്‍ അച്ചടിച്ചിരിക്കുന്നത്, പരമാവധി 54 ലക്ഷം ടിക്കറ്റുകള്‍ വരെയാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ സാധിക്കുക. കഴിഞ്ഞ വര്‍ഷം 46 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കല്‍ ഫലം കണ്ടില്ല

സര്‍ക്കാര്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി കുത്തനെ വെട്ടിക്കുറയ്ക്കല്‍ പദ്ധതി നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പക്ഷെ, കമ്പനികള്‍ കടം കുറയ്ക്കുന്നതിനും ക്യാഷ് ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇത് ഉപയോഗിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ്വ്യവസ്ഥയില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുര്‍ബലമായതിനാല്‍, സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാര്‍ഗമായി ആസ്തി ധനസമ്പാദനവും പ്രധാന തുറമുഖങ്ങളുടെ സ്വകാര്യവല്‍ക്കരണവും വഴി ധനസഹായം നല്‍കുന്ന 'ടാര്‍ഗെറ്റു ചെയ്ത പൊതുനിക്ഷേപം' റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.

ഓഗസ്റ്റ് മാസത്തില്‍ 42000 രൂപയില്‍ നിന്ന് 38000 രൂപയിലെത്തി സ്വര്‍ണം

കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ് 38000 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4750 രൂപയായി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇത്. ഓഗസ്റ്റ് മാസത്തില്‍ ഏഴ് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിലാണ് റെക്കോര്‍ഡ് സ്വര്‍ണ വില കേരളത്തില്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയായിരുന്നു. പിന്നീട് കുറയുകയായിരുന്നു. എന്നാല്‍ ഇന്ന് ദേശീയ വിപണിയില്‍ കഴിഞ്ഞ അഞ്ച് സെഷനുകളില്‍ നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് സ്വര്‍ണ വില ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യയില്‍ ഉടന്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങാനൊരുങ്ങി ആപ്പിള്‍

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത് പ്രകാരം ദീപാവലിക്കു മുന്‍പ് ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കാനും അതിലൂടെ ഉല്‍പനങ്ങള്‍ വിറ്റു തുടങ്ങാനുമാണ് കമ്പനിയുടെ പദ്ധതി. ഐഫോണ്‍, മാക് ആക്‌സസറികള്‍ തുടങ്ങിയവ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ മികച്ച രീതിയില്‍ വില്‍ക്കുന്നുണ്ട്. തുടര്‍ന്നും ഇവരിലൂടെയും വിറ്റേക്കുമെന്നും കരുതുന്നു. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കമ്പനിയുടെ ആദ്യ റീട്ടെയ്ല്‍ സ്റ്റോറും തുറക്കാനാണ് സാധ്യത. ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ മുംബൈയിലായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, അധികം താമസിയാതെ ബെംഗളൂരുവിലും കമ്പനി റീട്ടെയ്ല്‍ സ്റ്റോര്‍ ആരംഭിച്ചേക്കും. എന്നാല്‍, റീട്ടെയ്ല്‍ വില്‍പ്പനയില്‍ തങ്ങള്‍ പ്രാദേശിക പങ്കാളികളെ അടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ആപ്പിള്‍ കമ്പനിയുടെ മേധാവി ടിം കുക്ക് അടുത്തിടെ പറഞ്ഞത്.

Money Tok: കോവിഡ് കാലത്ത് സമ്പത്ത് സൃഷ്ടിക്കാന്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

ഈ കോവിഡ് കാലത്ത് പണമുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല എന്നു നമുക്കറിയാം. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇന്നത്തെ മണി ടോക്കില്‍ പറയുന്നത്. (പോഡ്കാസ്റ്റ് കേള്‍ക്കാന്‍ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it