ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 27, 2020

മോറട്ടോറിയം കാലത്തെ കൂട്ടുപലിശ തിരികെ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ തിരികെ അക്കൗണ്ടിലേക്കെത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. എക്സ്ഗ്രേഷ്യ എന്ന പേരില്‍ അതത് വായ്പാ അക്കൗണ്ടുകളിലേക്ക് വിവിധ ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ ഈ തുക എത്തിക്കും. രണ്ടുകോടി രൂപയില്‍ത്താഴെയുള്ള വായ്പയെടുത്തവര്‍ക്കും രണ്ടുകോടിയില്‍ത്താഴെ മാത്രം തരിച്ചടവ് ബാക്കിയുള്ളവര്‍ക്കുമാണ് എക്‌സ്‌ഗ്രേഷ്യ നല്‍കുന്നത്. മോറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അല്ലാത്ത വായ്പകള്‍ക്കാണ് ആനുകൂല്യം. ദീപാവലിക്കുമുമ്പ് തീരുമാനം നടപ്പിലാക്കണമെന്ന സുപ്രീം കോടതി ഉത്തവിനെതുടര്‍ന്നാണ് പെട്ടെന്ന് നടപടി ഉണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്ന തുക ഡിസംബര്‍ 15 ഓടെ വായ്പാ ദാതാക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറും.

ജമ്മു കാശ്മീരിലും ലഡാക്കിലും ഇനി ഏത് ഇന്ത്യക്കാരനും ഭൂമി വാങ്ങാം

ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കു വേണമെങ്കിലും ജമ്മു കശ്മീരിലും ലഡാക്കിലും ഇനി ഭൂമി വാങ്ങാം. മുന്‍പ് ജമ്മു കശ്മീരിലും ലഡാക്കിലും സ്ഥലം വാങ്ങണമെങ്കില്‍ 'സംസ്ഥാനത്തെ സ്ഥിരതാമസക്കാരനായിരിക്കണം' എന്ന നിബന്ധന ഉണ്ടായിരുന്നു. ഇതാണ് കേന്ദ്രം എടുത്തുമാറ്റിയത്. ഇതടക്കം 26 സംസ്ഥാന നിയമങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുള്ളത്. ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ മാറ്റങ്ങള്‍ ഉടന്‍ നിലവില്‍ വരും.

ടാറ്റ മോട്ടോഴ്‌സിന് രണ്ടാം പാദത്തില്‍ നഷ്ടം

സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 314.5 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്സ്. എന്നാല്‍, സിഎന്‍ബിസി-ടിവി 18 വോട്ടെടുപ്പില്‍ പ്രവചിച്ചത് പോലെ 1,290 കോടി രൂപയുടെ നഷ്ടത്തോളം എത്തിയില്ലെന്നത് ആശ്വാസകരമാണ്. അതേസമയം ടാറ്റ മോട്ടോഴ്‌സിന്റെ യുകെ ആസ്ഥാനമായുള്ള ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2020 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1,13,600 യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് -19 മൂലം വാര്‍ഷിക അടിസ്ഥാനത്തില്‍ 11.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ച്ചയായി 53 ശതമാനം വര്‍ധന നേടാന്‍ കമ്പനിയ്ക്കായി. 4.4 ബില്യണ്‍ പൗണ്ട് വരുമാനമാണ് ജെഎല്‍ആര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതായത്, ഒന്നാം പാദത്തില്‍ നിന്ന് 52.2 ശതമാനം വര്‍ധന. രണ്ടാം പാദത്തില്‍ 65 ദശലക്ഷം പൗണ്ടാണ് നികുതിക്ക് മുമ്പുള്ള ലാഭമായി (പിബിടി) കമ്പനി നേടിയത്.

കോവിഡിലും റെക്കോര്‍ഡ് വില്‍പ്പന നേടി മെഴ്സിഡസ് ബെന്‍സ്

കോവിഡ് മഹാമാരിക്കിടയിലും മെഴ്‌സിഡസ് ബെന്‍സ് വില്‍പ്പന ഉയര്‍ന്നതായി റിപ്പോര്‍ട്ട്. നവരാത്രിയും ദസറയും പ്രമാണിച്ച് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ 550 പുതിയ കാറുകളുടെ വില്‍പ്പന നടത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ ഡല്‍ഹി എന്‍സിആറില്‍ മാത്രം വിറ്റത് 175 കാറുകളാണത്രെ. വരാനിരിക്കുന്ന ഉത്സവ സീസണ്‍ പ്രമാണിച്ച് കമ്പനി കൂടുതല്‍ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. 2019 ല്‍ ഇതേ കാലയളവില്‍ കമ്പനി മികച്ച വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഉപഭോക്തൃ ആവശ്യം കൂടുതല്‍. ബിസിനസ് സമൂഹം തിരിച്ചുവരവിന്റെ പാതയിലാണെന്ന ശുഭ സൂചനയാണിതെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

മൊബൈല്‍ നിരക്കുകള്‍ കൂട്ടുന്നത് പുനപരിശോധിക്കണമെന്ന് ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം

മൊബൈല്‍ നിരക്കുകള്‍ കൂട്ടുന്നത് സംബന്ധിച്ചുള്ള ടെലികോം കമ്പനികളുടെ തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്ന് ട്രായിയോട് ആവശ്യപ്പെട്ട് ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം(ബിഐഎഫ്). സ്‌പെക്ട്രം നിരക്കുകള്‍, അലോക്കേഷന്‍, ഇ&വി ബാന്‍ഡ് തുടങ്ങിയവയില്‍ പുന:പരിശോധന നടത്താന്‍ ബിഐഎഫ് ട്രായ് ചെയര്‍മാന് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. നിരക്കുകള്‍ പുന:ക്രമീകരിക്കുന്നതിനുമുന്‍പ് സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കലാണ് തങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ബിഐഎഫ് പ്രസിഡന്റ് ടിവി രാമചന്ദ്രന്‍ പ്രതികരിച്ചു. എയര്‍ടെല്ലും ജിയോയും 'വി' യും അംഗങ്ങളായുള്ള സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശങ്ങള്‍ ട്രായ് മുന്‍പാകെ സമര്‍പ്പിച്ച് ദിവസങ്ങളാകുമ്പോളാണ് ബിഐഎഫും തങ്ങളുടെ ആവശ്യങ്ങളുമായി എത്തിയിട്ടുള്ളത്.

ജിഡിപി വളര്‍ച്ച തിരികെ കൈവരുന്നതായി പുതിയ റിപ്പോര്‍ട്ട്

രാജ്യത്ത് രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വളര്‍ച്ച തിരിച്ചു പിടിക്കുന്നതായി ബ്രോക്കറേജ് സ്ഥാപനം നൊമൂറ. ജിഡിപിയുടെ പുതിയ കണക്കുകള്‍ മുന്‍പത്തെ പാദത്തില്‍ നിന്നും വളര്‍ച്ച പ്രകടമാക്കുന്നുവെന്നും ആഭ്യന്തര ഉല്‍പ്പാദനത്തിലെ ചുരുങ്ങല്‍ -23.9 ശതമാനമെന്നത് -10.4 ആയി കുറഞ്ഞിട്ടുണ്ടെന്നുമാണ് നൊമൂറ ചൂണ്ടിക്കാട്ടുന്നത്.

20-25 ശതമാനം ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ച് എച്ച്‌സിഎല്ലും ടെക് മഹീന്ദ്രയും

കോവിഡ് മഹാമാരിക്കാലത്ത് വര്‍ക്ക് ഫ്രം ഹോം നല്‍കിയ ഐടി കമ്പനികളില്‍ പലരും ഓഫീസ് വര്‍ക്കിലേക്ക് ജീവനക്കാരെ തിരികെ വിളിക്കുന്നു. പ്രമുഖ ഐടി കമ്പനികളായ എച്ച് സി എല്‍, ടെക് മഹീന്ദ്ര എന്നിവരാണ് 20- 25 ശതമാനം സ്റ്റാഫിനെ തിരികെ ഓഫീസ് ജോലികളില്‍ പ്രവേശിക്കുവാന്‍ ഒരുങ്ങുന്നത്. റൊട്ടേഷണല്‍ ഷിഫ്റ്റ് അനുസരിച്ചായിരിക്കും ഇത്. എന്നാല്‍ ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവര്‍ 97-99 ശതമാനം ജീവനക്കാരെയും വര്‍ക് ഫ്രം ഹോമില്‍ തുടരാനനുവദിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.

നഷ്ടം തിരിച്ച് പിടിച്ച് വിപണി സെന്‍സെക്സ് 377 പോയ്ന്റ് ഉയര്‍ന്നു; നിഫ്റ്റി 11,850 ലേക്ക് തിരിച്ചെത്തി

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ നഷ്ടം ഏതാണ്ട് മുഴുവനായും വിപണി തിരിച്ചു പിടിച്ചു. ധനകാര്യം, ഫാര്‍മ, എഫ്എംസിജി ഓഹരികളാണ് വിപണിയെ ഉയര്‍ത്തിയത്. സെന്‍സെക്സ് 377 പോയ്ന്റ് ഉയര്‍ന്ന് 40,522 ലും നിഫ്റ്റി 122 പോയ്ന്റ് ഉയര്‍ന്ന് 11,889 ലുമെത്തി. ബിഎസ് സി, മഡിക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലായിരുന്നു. പൊതുമേഖലാ ബാങ്ക്, ഐടി സൂചികകള്‍ നഷ്ടമുണ്ടാക്കി. കോട്ടക് ബാങ്ക്, ശ്രീ സിമന്റ്, ഏഷ്യന്‍ പെയ്ന്റസ്, ബജാജ് ഫിന്‍സെര്‍വ്, നെസ്ലെ, എല്‍ ആന്‍ഡ് ടി ഓഹരികള്‍ വില മെച്ചപ്പെടുത്തി. മികച്ച പാദഫലങ്ങള്‍ കോട്ടക് ബാങ്ക് ഓഹരി വില 11 ശതമാനം ഉയര്‍ത്തിയത് നിഫ്റ്റി ബാങ്ക് സൂചികകളിലും നേട്ടത്തിനിടയാക്കി. അതേസമയം എച്ച്ഡിഎഫ്സി, ടിസിഎസ്, ഒഎന്‍ജിസി, ഇന്‍പോസിസ്, വിപ്രോ എന്നീ ഓഹരികളുടെ വിലയിടിഞ്ഞു. മറ്റ് ഏഷ്യന്‍ വിപണികളുടെ പ്രകടനം ഇന്ന് മോശമായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റ് നെഗറ്റീവായാണ് തുടക്കം.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ മിക്കവയും ഇന്ന് നഷ്ടത്തിലായിരുന്നു. ബാങ്ക് ഓഹരികളിലെല്ലാം തന്നെ വിലയിടിവ് ദൃശ്യമായി.
അതേ സമയം എന്‍ബിഎഫ്സികള്‍ നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നാല് ശതമാനത്തിലധികം ഉയര്‍ച്ച നേടി. ധനകാര്യ മേഖലയിലെ മറ്റ് കമ്പനികളായ ജിയോജിത്തും ജെആര്‍ജിയും ഗ്രീന്‍ സോണിലായിരുന്നു. കേരള ആയുര്‍വേദ, ആസ്റ്റര്‍ ഡിഎം, ഏവിടി, ഹാരിസണ്‍സ് മലയാളം, വി-ഗാര്‍ഡ്, വെര്‍ട്ടെക്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

കോവിഡ് അപ്‌ഡേറ്റ്‌സ് (27- 10- 2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 5457

മരണം : 24

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,946,429

മരണം : 119,502

ലോകത്ത് ഇതുവരെ:

രോഗികള്‍: 43,483,973

മരണം : 1,159,397

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it