ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 28

ഇന്ന് 84 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് മാത്രമായി 84 കോവിഡ് രോഗികള്‍. ആകെ കോവിഡ് രോഗികളുടെ എണ്ണം 1088 ആയി വര്‍ധിച്ചു. ഇതുവരെയുള്ള രോഗനിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് (മഹാരാഷ്ട്ര 31, തമിഴ്നാട് 9, കര്‍ണാടക 3, ഗുജറാത്ത് 2, ഡല്‍ഹി 2, ആന്ധ്ര 1)വന്നവരുമാണ്.

ഇന്ത്യയില്‍

രോഗികള്‍ : 158,333 (ഇന്നലെ 151,767 )

മരണം :4,531 (ഇന്നലെ 4,337)

ലോകത്ത്

രോഗികള്‍: 5,691,790 (ഇന്നലെ 5,589,626 )

മരണം: 355,629 (ഇന്നലെ 350,453 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം: 4,276 രൂപ (ഇന്നലെ 4,275)

ഒരു ഡോളര്‍ : 75.70 രൂപ (ഇന്നലെ 75.78 )

ക്രൂഡ് ഓയ്ല്‍

WTI Crude 32.81 +0.00%

Brent Crude 34.87 +0.37%

Natural Gas 1.866 -1.06%

ഓഹരി വിപണിയില്‍ ഇന്ന്

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 175 പോയ്ന്റ് ഉയര്‍ന്ന് 9490 ലും സെന്‍സെക്സ് 595 പോയ്ന്റ് ഉയര്‍ന്ന് 32,201 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹന മേഖലയിലെ ഓഹരികളും സ്വകാര്യ ബാങ്ക് ഓഹരികളുമാണ് വിപണിയെ നയിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ സൂചിക ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇന്ന് ഉയര്‍ന്നു നിന്നു. നിഫ്റ്റിയിലെ 41 ഓഹരികളും നേട്ടത്തിലായിരുന്നു. സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടേഴ്സ്, എല്‍ ആന്‍ഡ് ടി, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മുഖ്യ ഓഹരികള്‍. സെന്‍സെക്സ് സൂചികയിലെ 27 ഓഹരികളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

സെന്‍സെക്സിന്റെ ചുവടുപറ്റി കേരള കമ്പനികളും ഇന്ന നേട്ടത്തിലായിരുന്നു. അഞ്ച് കമ്പനികള്‍ ഒഴികെ ബാക്കിയെല്ലാം ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നു. ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എവിറ്റി ഓഹരികളാണ്. ഓഹരി വില 13.61 ശതമാനം ഉയര്‍ന്ന് 40.90 രൂപയിലെത്തി. 10.94 ശതമാനം നേട്ടത്തോടെ വണ്ടര്‍ലാ ഹോളിഡേയ്സാണ് തൊട്ടു പിന്നില്‍. കേരള ആയുര്‍വേദ 7 ശതമനം നേട്ടമുണ്ടാക്കി.

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഞ്ച് ശതമാനം ചുരുങ്ങുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗും

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഞ്ച് ശതമാനം ചുരുങ്ങുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്. ക്രിസില്‍, ഫിച്ച് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളും ഇതേ നിഗമനത്തിലെത്തിയിരുന്നു. കോവിഡ് -19 ഇപ്പോഴും ഇന്ത്യക്കു ഭീഷണി തന്നെയാണെന്ന് റേറ്റിംഗ് ഏജന്‍സി പറഞ്ഞു. സമാന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടുന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്നും എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് അഭിപ്രായപ്പെട്ടു.

കടുത്ത ദാരിദ്ര്യത്തിലേക്ക് 12 ദശലക്ഷം ഇന്ത്യക്കാര്‍

കോവിഡ് -19 മൂലമുള്ള സാമ്പത്തിക നാശത്തിന്റെ നേരിട്ടുള്ള ഫലമായി വിവിധ രാജ്യങ്ങളിലെ 49 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതായി ലോകബാങ്ക്. ഇതില്‍ 12 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നിന്നുണ്ടാവുകയെന്നും കണക്കാക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ മാസം മാത്രം 122 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമായി.

ഫെഡറല്‍ ബാങ്ക് അറ്റാദായം; നാലാം പാദത്തില്‍ 301 കോടി

കോവിഡ് 19 പ്രതിസന്ധിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ നേരിടാന്‍ കരുതല്‍ ധനം നീക്കിവച്ചതു മൂലം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് അറ്റാദായം 21 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 382 കോടി രൂപയായിരുന്നത് ഇക്കുറി 301 കോടി രൂപയാണ്. കരുതല്‍ ധനം ഒരു വര്‍ഷം മുമ്പ് 178 കോടിയായിരുന്നെങ്കില്‍ 2020 മാര്‍ച്ചില്‍ ഇത് 568 കോടി രൂപയായി ഉയര്‍ന്നു.

പെട്രോള്‍,ഡീസല്‍ വില 4-5 രൂപ ക്രമേണ ഉയര്‍ത്താന്‍ കമ്പനികളുടെ പദ്ധതി

ലോക്ഡൗണ്‍ നീക്കുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപവരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ അന്താരാഷ്ട്ര വിലയുമായി താരതമ്യംചെയ്യുമ്പോള്‍ അഞ്ചു രൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.പ്രതിദിനം 40-50 പൈസവീതം വര്‍ധിപ്പിച്ച് രണ്ടാഴ്ച കൊണ്ട് നഷ്ടം നകത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

റെയില്‍വേ സ്റ്റാളുകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍

കോവിഡ് വ്യാപന സാധ്യത നില നില്‍ക്കുന്നതിനാല്‍ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപാര സേവനങ്ങള്‍ പുനരാരംഭിക്കാന്‍ തയാറല്ലെന്ന് റെയില്‍വേ ഫുഡ് വെന്‍ഡിംഗ് അസോസിയേഷന്‍ അറിയിച്ചു. സ്റ്റാളുകള്‍ തുറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സംഘടന അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു. അഖില്‍ ഭാരതീയ റെയില്‍വേ ഖാന്‍-പാന്‍ ലൈസന്‍സീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രവീന്ദര്‍ ഗുപ്ത റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന് അയച്ച കത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ഇന്ത്യ, ചൈന സംഘര്‍ഷം; മധ്യസ്ഥനെ നിയോഗിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ സംഘര്‍ഷം ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള ആളെ മധ്യസ്ഥനായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു. ആരാണ് മധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങള്‍ക്കും തീരുമാനിക്കാം.അക്കാര്യത്തില്‍ യു.എന്നിന് അഭിപ്രായങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും ഭക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

അതിഥി തൊഴിലാളികളുടെ തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് പണം ഈടാക്കരുതെന്ന് സുപ്രീം കോടതി. ബസ്, ട്രെയിന്‍ ടിക്കറ്റിനുളള പണം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഭക്ഷണവും വെള്ളവും സംസ്ഥാനങ്ങള്‍ നല്‍കണം. ഇവ വിതരണം ചെയ്യുന്ന സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സി.എസ്.ആര്‍ പട്ടികയില്‍ മുന്‍കാല പ്രാബല്യത്തോടെ 'പിഎം കെയേഴ്സ്'

കമ്പനികളുടെ സി.എസ്.ആര്‍ പട്ടികയില്‍ 'പിഎം കെയേഴ്സ്' (പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ട്) ഉള്‍പ്പെടുത്തി കമ്പനി നിയമത്തിന്റെ ഏഴാം പട്ടിക മാര്‍ച്ച് 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിച്ചു. പിഎം കെയേഴ്സിലേക്ക് കഴിഞ്ഞ 20 വരെ 9677.9 കോടി രൂപ ലഭിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഈ നിധിയില്‍നിന്നു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 3100 കോടി അനുവദിച്ചിട്ടുണ്ട്.

വ്യാപാരികള്‍ക്കും പ്രവാസികള്‍ക്കും ഉദാര വ്യവസ്ഥയില്‍ കെ.എസ്.എഫ്.ഇ വായ്പ

വ്യാപാരികള്‍ക്കും പ്രവാസികള്‍ക്കും കെ.എസ്.എഫ്.ഇ ഉദാര വ്യവസ്ഥയില്‍ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക അറിയച്ചു. കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ ഉയര്‍ത്തും. നോര്‍ക്ക റജിസ്ട്രേഷന്‍ ഉള്ള പ്രവാസികള്‍ക്ക് 3% പലിശയ്ക്ക് 1 ലക്ഷം രൂപ വരെ വായ്പ നല്‍കും. വ്യാപാരികള്‍ മൂന്നുപേര്‍ ചേര്‍ന്നാല്‍ പരസ്പര ജാമ്യത്തിന് 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. സ്വര്‍ണം ഈടായി നല്‍കിയാല്‍ 5.7% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

പ്രവാസി സമഗ്ര പുനരധിവാസ പദ്ധതി വിപുലീകരിക്കുന്നു

പ്രവാസികളുടെ സമഗ്ര പുനരധിവാസ പദ്ധതി വിപുലീകരിക്കാനൊരുങ്ങി നോര്‍ക്ക റൂട്ട്സ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു മടങ്ങുന്നവര്‍ക്കെല്ലാം ഉത്പാദന, നിര്‍മാണ മേഖലയ്ക്കൊപ്പം സേവന മേഖലയിലും സംരംഭങ്ങള്‍ തുടങ്ങുന്നതിനു സഹായം ലഭ്യമാക്കാനാണു പരിപാടി. 2019-20 സാമ്പത്തികവര്‍ഷം 1043 പേരാണ് പുനരധിവാസപദ്ധതി ഉപയോഗപ്പെടുത്തിയത്.

ജിഡിപി ഡാറ്റ നാളെ സര്‍ക്കാര്‍ പുറത്തുവിടും

ലോക്ഡൗണ്‍ അനുകൂല, പ്രതികൂല ക്യാമ്പുകള്‍ക്കിടയിലെ വാദപ്രതിവാദത്തിനു മൂര്‍ച്ഛ കൂട്ടിക്കൊണ്ട് ജനുവരി-മാര്‍ച്ച് പാദത്തിലെയും മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലെയും ജിഡിപി ഡാറ്റ നാളെ സര്‍ക്കാര്‍ പുറത്തുവിടും.ഇതുവരെയുള്ള എല്ലാ മാക്രോ ഇക്കണോമിക് സൂചകങ്ങളും സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള മോശം ചിത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്.

ബി.പി.സി.എല്‍ ഓഹരി വില്‍പ്പനാ നടപടിക്രമം വീണ്ടും ഇഴയുന്നു

പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള, താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അന്തിമ തീയതി രണ്ടാം വട്ടവും കേന്ദ്ര സര്‍ക്കാര്‍ നീട്ടി.പുതിയ വിജ്ഞാപന പ്രകാരം ജൂലൈ 31 വരെ താത്പര്യപത്രം നല്‍കാം. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് അന്തിമ തീയതി വീണ്ടും നീട്ടിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) വ്യക്തമാക്കി. മേയ് രണ്ട് ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ 13 വരെ നീട്ടി. കഴിഞ്ഞ നവംബറിലാണ്, ബി.പി.സി.എല്ലില്‍ സര്‍ക്കാരിനുള്ള 52.98 ശതമാനം ഓഹരികള്‍ പൂര്‍ണമായി വിറ്റൊഴിയാന്‍ കേന്ദ്ര കാബിനറ്റ് അനുമതി നല്‍കിയത്.

നൂറിലേറെ പത്രങ്ങളുടെ അച്ചടി നിര്‍ത്തി ഡിജിറ്റല്‍ ആക്കാന്‍ ഒരുങ്ങി റൂപര്‍ട്ട് മര്‍ഡോക്

റൂപര്‍ട്ട് മര്‍ഡോകിന് കീഴിലുള്ള ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയ നൂറിലേറെ പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നു. കോവിഡില്‍ പരസ്യവരുമാനം കുറഞ്ഞതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങളുടെ അച്ചടി നിര്‍ത്തി ഡിജിറ്റല്‍ മാധ്യമ മേഖലയിലേക്ക് ചുവടു മാറ്റുന്നത്. ഓസ്‌ട്രേലിയിലെ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതോടെ ജോലി നഷ്ടമാകുമെന്ന് ദ ഗാര്‍ഡിയന്‍ ഡോട്കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it