ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 28, 2020

അംഗങ്ങളില്ല, ആര്‍ ബി ഐ പണനയ മീറ്റിംഗ് മാറ്റി. വായ്പാ മോറട്ടോറിയം: സുപ്രീംകോടതി ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കും. ധനപ്രതിസന്ധി മറികടക്കാന്‍ ഡയസ്‌പോറ ബോണ്ടുമായി സര്‍ക്കാര്‍. ഇന്നത്തെ ബിസിനസ് വാര്‍ത്തകള്‍

-Ad-

അംഗങ്ങളില്ല, ആര്‍ ബി ഐ പണനയ മീറ്റിംഗ് മാറ്റി

നാളെ മുതല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നടക്കാനിരുന്ന റിസര്‍വ് ബാങ്ക് പണ നയ മീറ്റിംഗ് മാറ്റിവെച്ചതായി ഇന്ന് ആര്‍ ബി ഐ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും. മീറ്റിംഗ് മാറ്റിവെച്ചതിന്റെ കാരണം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടില്ലെങ്കിലും മോണിട്ടറി പോളിസി കമ്മിറ്റിയിലെ പുറമേ നിന്നുള്ള അംഗങ്ങളെ ഇതുവരെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ഇതാകാം യോഗം മാറ്റിവെയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിതമാക്കിയതെന്നാണ് സൂചന. അതാണ് കാരണമെങ്കില്‍, ഇതുവരെയുണ്ടാകാത്ത ഒന്നാകും ഈ സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും പണനയ മീറ്റിംഗ് ചേര്‍ന്നിരുന്നു.

ആഗസ്തില്‍ നടന്ന പണനയ മീറ്റിംഗില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതീവ ദുര്‍ബലാവസ്ഥയിലാണെന്നും യോഗത്തില്‍ നിരീക്ഷണം ഉയര്‍ന്നിരുന്നു.

-Ad-
വായ്പാ മോറട്ടോറിയം: സുപ്രീംകോടതി ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയത്തിന്റെ കാലയളവ് ദീര്‍ഘിപ്പിക്കണമെന്നും മോറട്ടോറിയം കാലഘട്ടത്തിലെ പലിശയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് പരാതികള്‍ പരിഗണിക്കുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് സുപ്രീംകോടതി മാറ്റി. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുമെന്നും കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തിയതി മാറ്റിവെച്ചത്.

സെപ്തംബര്‍ പത്തിനും സമാനമായി കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചിരുന്നു. റിസര്‍വ് ബാങ്കിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി സമയം അനുവദിച്ചിരിക്കുകയാണ്.

ഇതിനു മുമ്പ് കേസ് പരിഗണിച്ച വേളയില്‍, മോറട്ടോറിയം ഉപയോഗപ്പെടുത്തിയ എക്കൗണ്ടുകള്‍ കേസില്‍ വിധി വരും വരെ എന്‍ പി എ ആയി പ്രഖ്യാപിക്കരുതെന്നും സുപ്രിംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.

ബിസിനസ് നഷ്ടം, നികുതി ഒഴിവാക്കല്‍: ഡൊണാള്‍ഡ് ട്രംപിന്റെ നികുതി രേഖകള്‍ പറയുന്നത് ഇതൊക്കെ

അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുള്ള 15 വര്‍ഷങ്ങളില്‍ പത്ത് വര്‍ഷവും ഡൊണാള്‍ഡ് ട്രംപ് ഇന്‍കം ടാക്‌സ് അടച്ചിരുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസില്‍ നഷ്ടം രേഖപ്പെടുത്തിയതാണ് ഇതിന് കാരണം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2016ല്‍ ട്രംപ് 750 ഡോളര്‍ മാത്രമാണ് ഇന്‍കം ടാക്‌സായി അടച്ചത്. ട്രംപിന് 421 മില്യണ്‍ ഡോളര്‍ കടക്കാരനാണെന്നും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം കടത്തിന്റെ തിരിച്ചടവ് വേണ്ടിവരുമെന്നും ന്യുയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടീശ്വരനായ സംരംഭകന്‍ എന്ന പ്രതിച്ഛായയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിന്റെ മറ്റൊരു മുഖമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുമാനത്തിന് ഇതര രാജ്യങ്ങളെ ആശ്രയിക്കുന്നതിനാല്‍ അമേരിക്കയുടെ രാജ്യസുരക്ഷയ്ക്ക് തന്നെ ട്രംപ് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സ്റ്റോക്ക് മാര്‍ക്കറ്റില്‍ ടൈം ബോംബ് സ്പന്ദിക്കുന്നു: ജിം റോജേഴ്‌സ്

അടുത്ത ദശാബ്ദം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാകുമെന്ന് പ്രശസ്ത നിക്ഷേപകന്‍ ജിം റോജേഴ്‌സ്. ഇ ടി നൗവുമായി നടത്തിയ സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തല്‍. മൂല്യമുള്ള ഓഹരികള്‍ക്ക് വീണ്ടും മൂല്യമേറും. മൂല്യം കുറഞ്ഞവയുടെ മൂല്യം വീണ്ടും ഇടിയും. ബുള്‍ മാര്‍ക്കറ്റിന്റെ അന്ത്യത്തോടെയാണ് ഈ പ്രവണത കണ്ടുവരുന്നത്. ഒരു പൊട്ടിത്തെറി വരും വരെ നിക്ഷേപകര്‍ കരുതും തങ്ങള്‍ സുരക്ഷിതരാണെന്ന്.

”ഇതാണ് ഇപ്പോള്‍ നടക്കുന്നത്. ബുള്‍ മാര്‍ക്കറ്റിന് അന്ത്യമാകുന്നതിന്റെ സൂചനയാണ്. അടുത്ത ബെയര്‍ മാര്‍ക്കറ്റ് വരുമ്പോള്‍ ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്ന പല ഓഹരികളുടെ വിലകളും തകര്‍ന്നടിയും,” അദ്ദേഹം പറയുന്നു.

ടെക്‌നോളജി ഓഹരികള്‍ക്കിടയിലാണ് ടൈം ബോംബ് സ്പന്ദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”നിക്ഷേപകര്‍ ചിന്തിക്കുന്നത് ആമസോണ്‍, ആലിബാബ എന്നീ ഓഹരികളുടെ വിലകള്‍ താഴേയ്ക്ക് പോകില്ലെന്നാണ്. നിക്ഷേപകരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ വിപണിയുടെ ചരിത്രം വായിക്കണം. അവയും താഴേയ്ക്ക് പോരും,” റോജേഴ്‌സ് പറയുന്നു. നിലവിലെ വിലയില്‍ ടെസ്്‌ല ഓഹരി മികച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ധനപ്രതിസന്ധി മറികടക്കാന്‍ ഡയസ്‌പോറ ബോണ്ടുമായി സര്‍ക്കാര്‍

പ്രവാസികളുടെ പണം കേരള വികസനത്തിന് ലഭ്യമാക്കുന്നതിന് ഡയസ്‌പോറ ബോണ്ടുകളുമായി സംസ്ഥാന സര്‍ക്കാര്‍. ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിച്ച് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തെ തന്നെ ലോകബാങ്കുമായി സഹകരിച്ച് ഡയസ്‌പോറ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടന്നു വരികയായിരുന്നു. ഇപ്പോ്ള്‍ കോവിഡ് വരുത്തി വെച്ച സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാനത്തില്‍ അത് യുദ്ധകാലാടിസ്ഥാനത്തില്‍ പുറത്തിറക്കാനാണ് തീരുമാനം. അതിനായി റെഗുലേറ്ററി അനുമതികള്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രവാസികള്‍, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവര്‍ കുറഞ്ഞ പലിശ നിരക്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം ഡയസ്‌പോറ ബോണ്ടുകളിലൂടെ സമാഹരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

ധനകാര്യവകുപ്പിന് കീഴില്‍ രൂപീകരിക്കപ്പെട്ട കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആയിരിക്കും ബോണ്ട് പുറത്തിറക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയടക്കം ഡയസ്‌പോറ ബോണ്ടിന് ആവശ്യമായ അനുമതികള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കിഫ്ബിയെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറഞ്ഞ നിരക്കില്‍ വായ്പാ ഓഫറുകളുമായി എസ്ബിഐ

റീറ്റെയ്ല്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക വായ്പാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യോനോ പ്ലാറ്റ്‌ഫോം മുഖേന അപേക്ഷിക്കുന്ന വ്യക്തിഗത, കാര്‍, സ്വര്‍ണപ്പണയ വായ്പകളുടെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും എടുത്തു കളഞ്ഞതാണ് അതിലൊന്ന്. മാത്രമല്ല, ക്രെഡിറ്റ് സ്‌കോറിന്റെയും വായ്പാ തുകയുടെയും അടിസ്ഥാനത്തില്‍ പ്രത്യേക പലിശയിളവും നല്‍കുന്നുണ്ട്.
ബാങ്ക് നല്‍കുന്ന ഓഫറുകള്‍ ഇവയാണ്.

സ്വര്‍ണപ്പണയ വായ്പ: 7.5 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്നതിനൊപ്പം സൗകര്യത്തിനനുസരിച്ച് 36 മാസം വരെ തിരിച്ചടവ് കാലാവധിയും അനുവദിക്കുന്നു.

വ്യക്തിഗത വായ്പ: 9.6 ശതമാനം പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ എളുപ്പത്തിലും ചെലവുകുറഞ്ഞതുമായ വായ്പ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാര്‍ വായ്പ: 7.5 ശതമാനം മുതല്‍ പലിശ നിരക്കില്‍ വാഹന വായ്പ നല്‍കും. മാത്രമല്ല, തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 100 ശതമാനം ഓണ്‍ റോഡ് ഫിനാന്‍സും നല്‍കുന്നു.

മാരുതി സുസുക്കിയുടെ സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീം വിജയിക്കുമോ?

മാന്ദ്യത്തെ മറികടക്കാന്‍ ഉപഭോക്താവിന് ഗുണകരമാകുന്ന വിവിധ പദ്ധതികളാണ് കാര്‍ കമ്പനികള്‍ ആവിഷ്‌കരിക്കുന്നത്. വലിയ ഓഫറുകളും വിലക്കിഴിവുമൊക്കെ നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ ഒരു വിഭാഗം കാര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുമ്പോള്‍ നൂതനമായ പദ്ധതികളാണ് മറ്റുള്ളവര്‍ ആവിഷ്‌കരിക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലുള്ള സ്‌കീമുമായി വന്നിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.
ഡല്‍ഹി എന്‍സിആറി(നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം)ലും ബാംഗളൂരിലുമാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കാര്‍ സ്വന്തമായി വാങ്ങാതെ, മാസം തുക അടച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന സൗകര്യമാണിത്. കാറിന്റെ മെയ്ന്റന്‍സ്, ഇന്‍ഷുറന്‍സ്, റോഡ് അസിസ്റ്റന്‍സ് എന്നിവയെകുറിച്ചൊന്നും ഉപഭോക്താവ് ആശങ്കപ്പെടുകയും വേണ്ട. അതെല്ലാം കമ്പനിനോക്കിക്കോളും.

ജപ്പാനിലെ ഒറിക്‌സ് കോര്‍പ്പറേഷന്‍ന്റെ സബ്‌സിഡിയറി കമ്പനിയായ ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ഇന്ത്യയുമായി സഹകരച്ചാണ് മാരുതി സുസുസുക്കി സബ്‌സ്‌െ്രെകബ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

മാരുതി സുസുക്കി അരീനയുടെ പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര, ബ്രെസ, എര്‍ട്ടിഗ എന്നിവയും നെക്‌സയുടെ ബലേനോ, സിയാസ്, തഘ16 എന്നീ മോഡലുകളും സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെയുള്ള കാലവധിയിലേക്കാണ് വരിക്കാരാകാവുന്നത്. നികുതിയുള്‍പ്പെടെ മാസം 14,463 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍.
സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി അവസാനിച്ചാല്‍ വാഹനം അപ്‌ഗ്രേഡ് ചെയ്യാനും കാലാവധി നീട്ടാനും അല്ലെങ്കില്‍ വിപണി വിലയില്‍ സ്വന്തമാക്കാനുമുള്ള സൗകര്യവുമുണ്ട്.

മാരുതി സുസുക്കി സബ്‌സ്‌െ്രെകബില്‍ കസ്റ്റമേഴ്‌സിന് സ്വന്തം പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ വൈറ്റ് നമ്പര്‍ പ്ലേറ്റ് ലഭിക്കും. അല്ലെങ്കില്‍ ഒറിക്‌സിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ബ്ലാക്ക് നമ്പര്‍ പ്ലേറ്റ് തെരഞ്ഞെടുക്കാം.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 60 ഓളം നഗരങ്ങളില്‍ പദ്ധതി വ്യാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ വാരത്തില്‍ നല്ല തുടക്കം: വിപണിയെ മുന്നേറ്റത്തിലേക്ക് നയിച്ച് ബാങ്ക് ഓഹരികള്‍

തിങ്കളാഴ്ച വിപണിക്ക് നല്ല ദിനം. സര്‍ക്കാരിന്റെ മൂലധന പാക്കേജ് പ്രതീക്ഷയുടെ പിന്‍ബലത്തില്‍ പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് വിപണിയെ ഉയര്‍ത്തിയത്. ഒപ്പം മറ്റ് ഏഷ്യന്‍ വിപണികളിലുണ്ടായ നേട്ടവും സഹായകമായി.

സെന്‍സെക്‌സ് 592.97 പോയ്ന്റ് ഉയര്‍ന്ന് 37,981.63 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 177.30 പോയ്ന്റ് ഉയര്‍ന്ന് 11,227.55 ല്‍ എത്തി.

യൂറോപ്യന്‍ വിപണികളും കഴിഞ്ഞയാഴചത്തെ കനത്ത നഷട്ത്തില്‍ നിന്ന് ഭാഗികമായി തിരിച്ചു വന്നിട്ടുണ്ട്.

കേരള കമ്പനി ഓഹരികളും നേട്ടത്തില്‍

മൂന്നു കമ്പനികളൊഴികെ എല്ലാം ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. സ്റ്റിമുലസ് പാക്കേജ് പ്രതീക്ഷ കേരള ബാങ്ക് ഓഹരികള്‍ക്കും തുണയായി. സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്കുകളുടെ ഓഹരി വിലകള്‍ രണ്ടു സതമാനത്തിലധികവും വര്‍ധിച്ചു.

പത്ത് ശതമാനത്തിലധികം നേട്ടവുമായി എഫ്എസിടി ഓഹരികളാണ് ഇന്ന് മുന്നില്‍. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കെഎസ്ഇ, റബ്ഫില എന്നീ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.

ഏവിറ്റി, കൊച്ചിന്‍ മിനറല്‍സ്, വെര്‍ട്ടെക്‌സ് എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികള്‍.

കോവിഡ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 4,538
മരണം : 20

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 1,79,922 , സെപ്റ്റംബര്‍ 26 വരെ :167, 939
മരണം : 697, സെപ്റ്റംബര്‍ 26 വരെ:   656

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 6,074,702 (സെപ്റ്റംബര്‍ 26 വരെ:   5,903,932 )

മരണം :   95,542 (സെപ്റ്റംബര്‍ 26 വരെ:  93,379)

ലോകത്ത്  ഇതുവരെ:

രോഗികള്‍:  32,995,554 (സെപ്റ്റംബര്‍ 26 വരെ: 32,476,713)
മരണം : 996,695 ( സെപ്റ്റംബര്‍ 26 വരെ: 987,775)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here