ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 30, 2020

കേരളത്തില്‍ ഇന്ന് എണ്ണായിരത്തിലേറെ കോവിഡ് രോഗികള്‍. ധനലക്ഷ്മി ബാങ്ക് ബോര്‍ഡില്‍ ആര്‍ബിഐ പ്രതിനിധിയെ നിയമിച്ചു. സിമന്റിന് വില കൂട്ടിയേക്കും. നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. ഇന്നത്തെ പ്രധാന ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

news headlines
-Ad-
വൈദ്യുതിവിതരണം; നഗരങ്ങളില്‍ 100 ശതമാനവും സ്വകാര്യമേഖലയ്ക്ക്

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു. നഗരങ്ങളിലെ വൈദ്യുതി വിതരണം പൂര്‍ണമായും ഗ്രാമീണനഗര സങ്കലന മേഖലകളില്‍ 74 ശതമാനവും സ്വകാര്യമേഖലയ്ക്ക് നല്‍കാനാണ് കേന്ദ്രതീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാന്‍ഡേഡ് ബിഡ്ഡിംഗ് ഡോക്യുമെന്റ് പുറത്തിറക്കി. ആദ്യമായാണ് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ പുറത്തിറക്കുന്നത്.

ടെന്‍ഡര്‍ രേഖകള്‍, നടപടികള്‍ തുടങ്ങിയവയുടെ കരട്  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആത്മനിര്‍ഭര്‍ പാക്കേജ് പ്രകാരമാണ് സ്വകാര്യവല്‍ക്കരണം നടത്തുന്നത്. വൈദ്യുതി ഉല്‍പാദനവും പ്രസരണവും കേന്ദ്രസര്‍ക്കാരിനു കീഴിലാണ്. വിതരണം സംസ്ഥാനസര്‍ക്കാരുകള്‍ക്കും. കേരളത്തില്‍ വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഡോക്യുമെന്റിന് പ്രസക്തിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഹീന്ദ്ര ഥാര്‍ ലേലത്തുകയുടെ ഇരട്ടി കോവിഡ് പ്രതിരോധത്തിനെന്ന് കമ്പനി

മഹീന്ദ്രഥാറിന്റെ ആദ്യവാഹന വില്‍പ്പന സംബന്ധിച്ച് ലേലത്തുക ഉറപ്പിച്ചു. 1.11 കോടി രൂപയ്ക്കാണ് ആദ്യ ഥാര്‍ വില്‍ക്കുക. ഒക്ടോബര്‍ രണ്ടിനാണ് കമ്പനി ആദ്യ ഉടമയെ പ്രഖ്യാപിക്കുക. ലേലത്തുകയായ 1.11 കോടി രൂപയുടെ ഇരട്ടി തങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. രണ്ടാം തീയതി പുതിയ ഥാറിന്റെ വിപുലമായ ബുക്കിംഗ് ആരംഭിക്കും.

-Ad-
ധനലക്ഷ്മി ബാങ്ക് ബോര്‍ഡില്‍ ആര്‍ബിഐ പ്രതിനിധിയെ നിയമിച്ചു

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിലെ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സില്‍ ആര്‍ബിഐ പ്രതിനിധിയെ നിയമിച്ചു. ബാങ്കില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും മുമ്പേ റിസര്‍വ് ബാങ്ക് അടിയന്തിരമായി ഇടപെടണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം ഇക്കാര്യം ഗൗരവതരമായി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ നടപടിയും. എന്നാല്‍ പുതിയ ആര്‍ബിഐ തീരുമാനത്തിന്റെ കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനം അനുസരിച്ച് ആര്‍ബിഐ ജനറല്‍ മാനേജര്‍ ഡി. കെ കശ്യപ് രണ്ട് വര്‍ഷത്തേക്ക് ധനലക്ഷ്മി ബാങ്കിന്റെ അഡീഷണല്‍ ഡയറക്റ്റര്‍ ആയിരിക്കും.

ഉത്സവ വിപണി കൊഴുപ്പിക്കാന്‍ 1125 കോടിയിറക്കി ആമസോണ്‍

ദീപാവലി വിപണി കണക്കിലെടുത്ത് ശക്തരായ എതിരാളികളെ നേരിടാന്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കി ആമസോണ്‍. കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റിലേക്കാണ് മാതൃകമ്പനിയായ ആമസോണ്‍ 1125 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ട്, റിലയന്‍സിന്റെ ജിയോമാര്‍ട്ട് തുടങ്ങിയ വിപണിയിലെ എതിരാളികളേക്കാള്‍ മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ഈ വര്‍ഷം ആമസോണ്‍ ഇന്ത്യയിലേക്ക് മൂന്നാം തവണയാണ് പണമിറക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് ഓരോ മിനിറ്റിലും മുകേഷ് അബാനിയുടെ ആ്സ്തി വര്‍ധന 1.5 കോടി !

കോവിഡ് വ്യാപനത്തില്‍ കമ്പനികള്‍ നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ റിലയന്‍സ് റീറ്റെയല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി അതിശയകരമായ വളര്‍ച്ച നേടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയ ശേഷം മണിക്കൂറില്‍ 90 കോടി രൂപ അഥവാ മിനിറ്റില്‍ 1.5 കോടി രൂപ വച്ചാണ് മുകേഷിന്റെ സമ്പാദ്യം വര്‍ധിക്കുന്നതെന്ന് ഐഐഎഫ്എല്‍ വെല്‍ത്ത് ഹറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 സൂചിപ്പിക്കുന്നു.

ഈ വര്‍ഷം അംബാനിയുടെ സമ്പാദ്യം 73ശതമാനം വര്‍ധിച്ച് 6.58 ട്രില്യണ്‍ ആയി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നിലനിര്‍ത്തുന്നു. അടുത്ത അഞ്ച് സ്ഥാനങ്ങളില്‍ വരുന്നവരുടെ മൊത്തം സമ്പാദ്യമാണ് മുകേഷ് ഒറ്റയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം നേടികൊടുക്കുന്ന ഓഹരിയാണ് റിലയന്‍സ് റീറ്റെയ്ലിന്റേത്. ഈ വര്‍ഷം ഇതു വരെ 158 ശതമാനം വര്‍ധനയാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. 2020 മാര്‍ച്ചില്‍867.82 രൂപയായിരുന്ന ഓഹരി ഇപ്പോള്‍ 2200 രൂപയിലെത്തിയിരിക്കുന്നു.

നിര്‍മാണ മേഖലയ്ക്ക് തിരിച്ചടി, സിമന്റിന് വില കൂട്ടിയേക്കും

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ വിലയില്‍ ഇടിവ് നേരിട്ട സിമന്റിന് വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികള്‍ തയാറെടുക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലോ ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ കഴിഞ്ഞ ഉടനെയോ വില കൂട്ടിയേക്കുമെന്നാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബറില്‍ ബാഗിന് 3 രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വില കുറഞ്ഞിരുന്നത്. ദേശീയ വിപണിയില്‍ 3.7 ശതമാനം വരെ വിലയിടിവ് രണ്ടാം പാദത്തില്‍ ഉണ്ടായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആദ്യ രണ്ട് ത്രൈമാസങ്ങളിലും സിമന്റിന് ആവശ്യക്കാര്‍ കുറവായിരുന്നു. മൂന്നാം പാദത്തില്‍ വടക്ക്, കിഴക്ക്, മധ്യ മേഖലകളില്‍ സിമന്റ് വില്‍പ്പന കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യാത്രക്കാര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത്  3 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി

സംസ്ഥാനത്ത്  3 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. മുന്‍പത്തേത് പോലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. ചെന്നൈ എഗ്മൂര്‍ കൊല്ലം അനന്തപുരി എക്‌സ്പ്രസ്, എറണാകുളംകാരയ്ക്കല്‍ എക്‌സ്പ്രസ്, ചെന്നൈആലപ്പി എക്‌സ്പ്രസ് എന്നിവയാണു സര്‍വീസ് ആരംഭിക്കുന്നത്. അനന്തപുരി സ്‌പെഷല്‍ ചെന്നൈയില്‍ നിന്ന് ഒക്ടോബര്‍ 3നും കൊല്ലത്തു നിന്നു 4നും സര്‍വീസ് ആരംഭിക്കും. ചെന്നൈ ആലപ്പി എക്‌സ്പ്രസ് സ്‌പെഷല്‍ ചെന്നൈയില്‍ നിന്നു 2നും ആലപ്പുഴയില്‍ നിന്നു 3നും സര്‍വീസ് തുടങ്ങും. എറണാകുളംകാരയ്ക്കല്‍ സ്‌പെഷല്‍ എറണാകുളത്തു നിന്നു 3നും കാരയ്ക്കലില്‍ നിന്നുളള സര്‍വീസ് 4നും തുടങ്ങും. എറണാകുളത്തു നിന്നുള്ള ട്രെയ്ന്‍ രാത്രി 10.30നായിരിക്കും പുറപ്പെടുക.

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

കഴിഞ്ഞ രണ്ടരമാസത്തിലെ ഏറ്റവും ഇടിവിലേക്ക് പോയ സ്വര്‍ണവില വീണ്ടും മുകളിലേക്ക്. സെപ്റ്റംബര്‍ 24ന് പവന് 36720 രൂപയായിരുന്നു ഇന്നത് 37360 രൂപയായി. ഇന്ന് മാത്രം പവന് 160 രൂപ വര്‍ധിച്ചു.  ഇന്നലെയും സ്വര്‍ണ വില 400 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 4670 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ പവന് 40000 രൂപയിലേക്കെത്തിയ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്  കേരളത്തില്‍ ഈ മാസം സ്വര്‍ണ വിലയില്‍ കുറവുണ്ടായിരുന്നു. സെപ്റ്റംബര്‍ പകുതിയോടെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 15, 16 തീയതികളിലെ പവന് 38160 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. സെപ്റ്റംബര്‍ 21നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു.

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍

ദിവസം മുഴുവന്‍ നീണ്ടു നിന്ന ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. എഫ്എംസിജി, ഐറ്റി ഓഹരികളുടെ കരുത്തിലാണ് ഇന്ന് സൂചിക നേട്ടത്തില്‍ അവസാനിപ്പിച്ചത്. സെന്‍സെക്സ് 94.71 പോയ്ന്റ് ഉയര്‍ന്ന് 38067.93 പോയ്ന്റിലും നിഫ്റ്റി 25.10 പോയന്റ് ഉയര്‍ന്ന് 11247.50 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1196 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1370 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 151 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായതുമില്ല.

ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി, ടെക് മഹീന്ദ്ര, നെസ്ലെ, ഡോ റെഡ്ഡീസ് ലാബ്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവക്ക് കാലിടറി. ഇന്നലത്തേതിന് വിപരീതമായി എഫ്എംസിജി മേഖല നേട്ടമുണ്ടാക്കി. ഐറ്റി, ഫാര്‍മ മേഖലയിലും വില ഉയര്‍ന്നു. എന്നാല്‍ മെറ്റല്‍, ഊര്‍ജം, ഇന്‍ഫ്രാ മേഖലകളിലെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള ഓഹരികളുടെ പ്രകടനം

കേരള കമ്പനികള്‍ പകുതിയും നേട്ടമുണ്ടാക്കിയപ്പോള്‍ പകുതി ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 7.36 ശതമാനെ ഉയര്‍ച്ചയോടെ ഇന്‍ഡിട്രേഡ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നിലുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കേരള ആയുര്‍വേദ എന്നിവയ്ക്ക് പുറമേ വിക്ടറി പേപ്പര്‍ പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്,ഈസ്റ്റേണ്‍ ട്രെഡ്സ്, അപ്പോളോ ടയേഴ്സ്, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്സ്പിന്‍ ഇന്ത്യ എന്നിവയും നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരിയില്‍ 4.81 ശതമാനം ഇടിവ് നേരിട്ടു. റബ്ഫില ഇന്റര്‍നാഷണല്‍, എഫ്എസിടി, കിറ്റെക്സ്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ലാ ഹോളിഡേയ്സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിഎസ്ബി ബാങ്ക്, കെഎസ്ഇ, എവിറ്റി നാച്വറല്‍സ്, മണപ്പുറം ഫിനാന്‍സ് എന്നീ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ വിലയില്‍ ഇന്നു മാറ്റമൊന്നും ഉണ്ടായില്ല.

കോവിഡ് അപ്ഡേറ്റ്സ്
കേരളത്തില്‍ ഇന്ന് :

രോഗികള്‍: 8830, ഇന്നലെ :7354
മരണം : 23, ഇന്നലെ: 22

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 1,96,106 , ഇന്നലെ വരെ :1,87,276
മരണം : 742 , ഇന്നലെ വരെ : 719

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 6,225,763 , ഇന്നലെ വരെ : 6,145,291

മരണം : 97,497, ഇന്നലെ വരെ : 96,318

ലോകത്ത് ഇതുവരെ:

രോഗികള്‍: 33,561,081 , ഇന്നലെ വരെ : 33,353,615

മരണം : 1,006,576, ഇന്നലെ വരെ : 1,001,646

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here