ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 04, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ: 962) 11,540 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,855,745 (ഇന്നലെ വരെയുള്ള കണക്ക്:1,803,695 )

മരണം : 38,938(ഇന്നലെ വരെയുള്ള കണക്ക്: 38,135)

ലോകത്ത് ഇതുവരെ

രോഗികള്‍: 18,282,208 (ഇന്നലെ വരെയുള്ള കണക്ക്: 18,079,136)

മരണം: 693,694 ( ഇന്നലെ വരെയുള്ള കണക്ക്: 689,347 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5035 രൂപ (ഇന്നലെ 5020 രൂപ )

ഒരു ഡോളര്‍: 75.06 രൂപ (ഇന്നലെ: 75.19 രൂപ )

ഓഹരി വിപണിയില്‍ ഇന്ന്

നാല് ദിവസം തുടര്‍ച്ചയായി താഴ്ന്ന ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയാണ് ഇന്ന് വിപണിയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന ഓഹരികള്‍. സെന്‍സെക്സ് 748 പോയ്ന്റ് ഉയര്‍ന്ന് 37,688 ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഓഹരി വില ഇന്ന് ഏഴ് ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി 204 പോയ്ന്റ് ഉയര്‍ന്ന് 11,095ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് രണ്ടു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി ഇന്ന് ഉയര്‍ന്നത് 1.87 ശതമാനമാണ്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ അഞ്ച് ഓഹരികളൊഴികെ മറ്റെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സിഎസ്ബിബാങ്ക് നാല് ശതമാനത്തിലധികം നഷ്ടമുണ്ടാക്കിയപ്പോള്‍ ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കും ഒരു ശതമാനത്തിനു താഴെ നഷ്ത്തെ പിടിച്ചു നിര്‍ത്തി. എന്‍ബിഎഫ്സികളില്‍ മണപ്പുറം ഫിനാന്‍സ് മാത്രമാണ് നഷ്ടമുണ്ടാക്കിയത്.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

ആലീസ് ജി. വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി വിരമിച്ച ആലീസ് ജി വൈദ്യനെ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിച്ചു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ആലീസ് വൈദ്യനെ സ്വതന്ത്ര നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. ഇന്ത്യന്‍ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ പ്രഥമ വനിതാ സിഎംഡിയായിരുന്നു ആലീസ് ജി വൈദ്യന്‍.

പ്രവാസിപ്പണമൊഴുക്ക് ഏറെ താഴുന്നതായി എ.ഡി.ബി ; കേരളത്തിനു വന്‍ നഷ്ടം

കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തികമാന്ദ്യം മൂലം പ്രവാസിപ്പണമൊഴുക്കില്‍ ഈ വര്‍ഷം സംഭവിക്കുന്ന ആഗോള തലത്തിലുള്ള ഇടിവിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവരുന്ന നാട് കേരളമായിരിക്കുമെന്ന് വ്യക്തമാക്കുന്നു ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്. 2020 ലെ പ്രവാസിപ്പണമൊഴുക്കില്‍ കേരളത്തിന് 30,000 കോടി രൂപയുടെ നഷ്ടം നേരിട്ടേക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്ത് പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ 20 ശതമാനവും ഒഴുകുന്നത് കേരളത്തിലേക്കാണ്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം ജൂലൈയില്‍ കുതിച്ചുയര്‍ന്നു, വര്‍ധിച്ചത് 322 ശതമാനം

സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്തും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വന്ന നിക്ഷേപം റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഈ ജൂലൈയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വന്ന നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 322 ശതമാനമാണ് ഉണ്ടായത്. ജിയോയിലേക്ക് വന്ന കനത്ത നിക്ഷേപമാണ് മൊത്തത്തിലുള്ള നിക്ഷേപം ഇത്രയും ഉയരത്തിലേക്ക് എത്തിച്ചത്.
Tracxn ആണ് ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഫണ്ട് ലഭിച്ച കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 120 എണ്ണത്തില്‍ നിന്ന് ഇപ്പോള്‍ 82 ആയി കുറഞ്ഞിട്ടുണ്ട്. ടെലികോം വിഭാഗത്തിലാണ് ഏറ്റവുമധികം നിക്ഷേപം വന്നിരിക്കുന്നത്. 4854 മില്യണ്‍ ഡോളറാണ് ഈ രംഗത്ത് മാത്രം ജൂലൈയില്‍ വന്നിട്ടുള്ള നിക്ഷേപം.

കുവൈറ്റ് സ്വദേശിവത്കരണം ഊര്‍ജ്ജിതം; ആശങ്കയുടെ നിഴലില്‍ ഇന്ത്യന്‍ സമൂഹം

കൊറോണ വൈറസ് ലോക്ഡൗണിനു ശേഷം രാജ്യം ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുവൈറ്റ് സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതായി അറബ് ടൈംസ് റിപ്പോര്‍ട്ട്. നിരവധി പ്രവാസി ജീവനക്കാര്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇന്ത്യാക്കാരാണ് ഇതില്‍ നല്ലൊരു ശതമാനം. മലയാളികളുടെ എണ്ണം പുറത്തുവന്നിട്ടില്ല.

ന്യൂനമര്‍ദം; കനത്ത മഴ പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴയ്ക്ക് ശക്തിയേറുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ പണ നയ സമിതി യോഗം തുടങ്ങി

റിസര്‍വ് ബാങ്കിന്റെ പണ നയ സമിതി (എംപിസി) യോഗത്തിന് ഇന്നു തുടക്കമായി. 3 ദിവസത്തെ യോഗം വീണ്ടും പലിശ നിരക്കു കുറയ്ക്കുമോയെന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കുകയല്ല, വായ്പകള്‍ ഒറ്റത്തവണ പുനഃക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയാണു വേണ്ടതെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായകമാകുന്ന നടപടികളാണു വേണ്ടതെന്നും നിരീക്ഷണമുണ്ട്.

നെറ്റ്മെഡ്സ് ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്; ഇ-ഫാര്‍മസിയിലെ മുന്നേറ്റം ലക്ഷ്യം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ ഇ-കൊമേഴ്‌സ് വ്യവസായ ശൃംഖല വിശാലമാക്കുന്നതിന്റെ ഭാഗമായി ചെന്നൈ ആസ്ഥാനമായുള്ള നെറ്റ്മെഡ്സ് ഏറ്റെടുക്കാനൊരുങ്ങുന്നു. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആദ്യ വിതരണക്കാരില്‍ ഒരാളായ പ്രദീപ് ദാധ 2015 ല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനി ഏറ്റെടുക്കുന്നതിന് 120 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് രൂപപ്പെടുന്നത്. വിവരം പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില ഉയര്‍ന്നു.

അതിഥി തൊഴിലാളികള്‍ നഗരങ്ങളിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് തിരികെ പോയ അതിഥി തൊഴിലാളികള്‍ നഗരങ്ങളിലേക്ക് വീണ്ടും ചേക്കേറാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ ഫലം.അഗ ഖാന്‍ റൂറല്‍ സപ്പോര്‍ട്ട് പ്രോഗ്രാം (ഇന്ത്യ), ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം, ഗ്രാമീണ്‍ സഹാറ, ഐ-സാക്ഷം, പ്രധാന്‍, സാതി-യുപി, തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ചേര്‍ന്ന് 4,835 വീടുകളില്‍ നടത്തിയ സര്‍വേയിലാണ് മൂന്നില്‍ രണ്ട് ഭാഗവും ഒന്നുകില്‍ നഗരത്തിലേക്ക് തിരിച്ചെത്തിയെന്നോ അല്ലെങ്കില്‍ തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെന്നോ ഉള്ള കണ്ടെത്തല്‍.

വാട്ട്സ്ആപ്പ് പേ ഇന്ത്യയില്‍ ലൈവ് ആകാന്‍ വൈകില്ല

വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവനമായ 'വാട്ട്സ്ആപ്പ് പേ' കടമ്പകളെല്ലാം പൂര്‍ത്തിയാക്കി പേയ്മെന്റ് സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള അന്തിമ തയ്യാറെടുപ്പിലേക്കു കടന്നു. വാട്സാപ്പ് യുപിഐ പേയ്മെന്റ് ഫീച്ചര്‍ അടുത്ത കാലം വരെ ബീറ്റ പരിശോധനയുടെ ഭാഗമായിരുന്നു. ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് വാട്ട്സ്ആപ്പ് റിസര്‍വ് ബാങ്കിനും എന്‍പിസിഐയ്ക്കും ഉറപ്പ് നല്‍കി.

ഐപിഎല്‍ 2020: മുഖ്യ സ്‌പോണ്‍സര്‍ വിവോ പിന്‍വാങ്ങുന്നു

ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനി വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it