ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 6, 2020

കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കൂടി കോവിഡ്. റിപ്പോ നിരക്കില്‍ മാറ്റമില്ല; നവംബര്‍ വരെ നിലവിലെ പലിശ നിരക്ക് തുടരും. റിസര്‍വ് ബാങ്കിന്റെ പുതിയ നയങ്ങള്‍ ഓഹരി വിപണിയെ അനുകൂലമായി സ്വാധീനിച്ചു. ആഗോള ബ്രാന്‍ഡുകളില്‍ റിലയന്‍സ് രണ്ടാമത്. കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍.

-Ad-
കൊറോണ അപ്ഡേറ്റ്സ്
ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ: 962) 11,983 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,964,536(ഇന്നലെ വരെയുള്ള കണക്ക്: 1,908,254 )

മരണം : 40,699 (ഇന്നലെ വരെയുള്ള കണക്ക്: 39,795)

-Ad-
ലോകത്ത് ഇതുവരെ

രോഗികള്‍: 18,810,392 (ഇന്നലെ വരെയുള്ള കണക്ക്: 18,540,119)

മരണം: 707,666 (ഇന്നലെ വരെയുള്ള കണക്ക്: 700,647)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5190 രൂപ (ഇന്നലെ 5150 രൂപ )

ഒരു ഡോളര്‍: 74.91 രൂപ (ഇന്നലെ: 74.80 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

ഓഹരി വിപണിയില്‍ ഇന്ന്

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ, എംഎസ്എംഎ വായ്പാ പുനഃക്രമീകരണത്തിന് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയ, സ്വര്‍ണവായ്പയുടെ എല്‍ ടി വി ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് നീക്കങ്ങള്‍ വിപണിക്ക് ഇന്ന് മുന്നോട്ടുള്ള പ്രചോദനമായി. സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ നല്‍കാമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം സ്വര്‍ണപ്പണയ രംഗത്ത് സജീവമായുള്ള ബാങ്കുകള്‍ക്ക് ഗുണകരമാകും. നേരത്തെ സ്വര്‍ണവിലയുടെ 75 ശതമാനം മാത്രമായിരുന്നു സ്വര്‍ണപ്പണയ വായ്പയായി നല്‍കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

കേരള കമ്പനികളുടെ പ്രകടനം

സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനത്തോളം വായ്പയായി നല്‍കാമെന്ന റിസര്‍വ് ബാങ്ക് നയം ദക്ഷിണേന്ത്യ കേന്ദ്രമായുള്ള ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകുമെന്ന് ഒരു വിഭാഗം വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഇന്ന് കേരളത്തിലെ എന്‍ ബി എഫ് സികളുടെയെല്ലാം വിലകള്‍ ഇന്നലെത്തേതിനേക്കാള്‍ താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്ത്.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍
തെറ്റ് പ്രചരിപ്പിച്ചതിന് 2,600 ചൈനീസ് യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കി

തെറ്റായ വിവരങ്ങള്‍ ഉള്ളടക്കത്തിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ചൈനയില്‍നിന്നുള്ള 2,600 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി.ഭരണകൂട പിന്തുണയുള്ള ഹാക്കിംഗും ആക്രമണങ്ങളും നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കുഴപ്പക്കാരായ ചാനലുകളെ എടുത്തുമാറ്റിയത്. ബൈജൂസ് ആപ്പ് ‘വൈറ്റ് ഹാറ്റ് ജൂനിയര്‍’ വാങ്ങുന്നു; നടത്തുന്നത് 300 മില്യണ്‍ ഡോളര്‍ ക്യാഷ് ഡീല്‍ കോഡ് ലേണിംഗ് ആപ്പ് രംഗത്ത് പ്രസിദ്ധിയാര്‍ജിച്ച വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ ബൈജൂസ് ആപ്പ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 മില്യണ്‍ ഡോളര്‍ ക്യാഷ് ഡീലാണ് ബൈജൂസ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. ഡിസ്‌കവറി നെറ്റ്വര്‍ക്ക്സ് ഇന്ത്യ സിഇഓ കരണ്‍ബജാജ് 2018 ല്‍ സ്ഥാപിച്ച വൈറ്റ് ഹാറ്റ് ജൂനിയര്‍ കെ- 12 സെഗ്മെന്റിലെ പ്രമുഖ എഡ്യൂടെക് ആപ്പാണ്. പ്രോഡക്റ്റ് ക്രിയേഷന്‍, കോഡിംഗ് കിരക്കുലം എന്നിവ മുന്‍നിര്‍ത്തി ലൈവ് ക്ലാസുകളും ഇന്ററാക്ടീവ് ഓണ്‍ലൈന്‍ സെഷനും പ്രദാനം ചെയ്യുന്നതില്‍ ശ്രദ്ധേയരാണ് വൈറ്റ് ഹാറ്റ് ടീം.

റിപ്പോ നിരക്കില്‍ മാറ്റമില്ല; നവംബര്‍ വരെ നിലവിലെ പലിശ നിരക്ക് തുടരും

നിലവിലെ 4 ശതമാനം റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനവുമായി ആര്‍ബിഐ. ഇതു മൂലം അടുത്ത മൂന്നു മാസത്തേക്ക് പലിശ നിരക്ക് കുറയില്ല.കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുളള സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 75 ശതമാനം വരെ വായ്പ നല്‍കി വരുന്നത് 90 ശതമാനമായി ഉയര്‍ത്തി. 2021 മാര്‍ച്ച് 31 വരെ ഇതു തുടരും. കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമ്പത്തികേതര സബ്സിഡിയറി തുടങ്ങും

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ സാമ്പത്തികേതര സബ്സിഡിയറി സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സേവന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സബ്സിഡിയറി സ്ഥാപിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

സ്വര്‍ണവില വീണ്ടും കൂടി; പവന് 41,520 രൂപയായി

കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,520 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെയുള്ളത്. ഗ്രാമിന് 5190 രൂപയാണ് കേരളത്തില്‍ ഇന്നു വില. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്.

ആഗോള ബ്രാന്‍ഡുകളില്‍ റിലയന്‍സ് രണ്ടാമത്; മുന്നില്‍ ആപ്പിള്‍ മാത്രം

ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ് റിലയന്‍സ് അഭിമാന സ്ഥാനം നേടിയത്. സാംസംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

മോറട്ടോറിയം നീട്ടാനിടയില്ല; വായ്പ പുനഃക്രമീകരിക്കും

മോറട്ടോറിയം നീട്ടുന്ന കാര്യം ആര്‍ബിഐ പരിഗണിക്കുന്നില്ലെങ്കിലും കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടവിന് പ്രയാസം നേരിടുന്നവര്‍ക്ക് വായ്പ പുനഃക്രമീകരിക്കാനുള്ള അനുമതി ബാങ്കുകള്‍ക്കു ലഭിക്കും.പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചതാണിക്കാര്യം.പുനഃക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാന്‍ഡേഡ്)വായ്പയായി പരിഗണിക്കും. കോര്‍പ്പറേറ്റ്, വ്യക്തിഗത വായ്പകള്‍ക്കു പുറമേ ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോണ്‍, പണയ വായ്പ, ഭവന വായ്പ എന്നിവയ്ക്കും ഇത് ബാധകമാക്കും.

അജയ് ത്യാഗി സെബി ചെയര്‍മാന്‍ സ്ഥാനത്ത് തുടരും; കാലാവധി 18 മാസം നീട്ടി

സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്ത് അജയ് ത്യാഗിയുടെ കാലാവധി 18 മാസം കൂടി നീട്ടി. കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ 2017 മാര്‍ച്ചില്‍ തുടങ്ങിയ മൂന്ന് വര്‍ഷത്തേക്കുള്ള നിയമനം രണ്ട് വര്‍ഷത്തേക്ക് കൂടി നീളും. കോവിഡിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ ധനകാര്യ രംഗം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ കാലത്ത് സെബിയുടെ തലപ്പത്ത് ഒരു സ്ഥാനമാറ്റം വരുത്തി, തീരുമാനങ്ങളില്‍ കാലതാമസം വരുത്താന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

മാന്ദ്യം മറികടക്കാന്‍ വന്‍ നിക്ഷേപം അനിവാര്യമെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം വേഗത്തില്‍ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരും വന്‍കിടകമ്പനികളും കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ രജനീഷ് കുമാര്‍. പശ്ചാത്തലവികസനത്തിന് കൂടുതല്‍ നിക്ഷേപം കൊണ്ടുവരേണ്ടതുണ്ട്. ഇത് ആളുകളിലേക്ക് കൂടുതല്‍ പണമെത്തിക്കുകയും ഉപഭോഗം കൂട്ടുകയും ചെയ്യും. അക്കൗണ്ട് വഴി നേരിട്ട് പണം കൈമാറിയത് ഗ്രാമീണ ഉപഭോഗം മെച്ചപ്പെടുത്തിയിരുന്നു. ഇടത്തരക്കാര്‍ക്കും സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുണ്ട് -ഒരു മാധ്യമ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിസന്ധിയില്‍ നിന്നു കര കയറാതെ വ്യോമയാന വ്യവസായം

ഇന്ത്യയുടെ വ്യോമയാന വ്യവസായം പ്രതിസന്ധിയില്‍ തന്നെ തുടരുന്നു. കേന്ദ്രം പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷവും കോവിഡിനു മുമ്പുള്ള സര്‍വീസുകളുടെ 45 ശതമാനം മാത്രമാണ് വീണ്ടെടുക്കാനായത്. വ്യവസായ വിശകലന വിദഗ്ധര്‍ ഈ മേഖലയുടെ ദീര്‍ഘകാല പുനരുജ്ജീവനത്തെക്കുറിച്ച് പ്രവചിച്ചുകൊണ്ടിരിക്കെ, ഈ വര്‍ഷം നവംബറോടെ പുനരുജ്ജീവനമുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിനും സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ആഷിര്‍വാദ് ബ്രാന്‍ഡിലൂടെ വന്‍ വിറ്റുവരവ് നേടി ഐടിസി ഫുഡ് ബിസിനസ്

പാക്ക് ചെയ്ത ഭക്ഷ്യ വിഭവങ്ങള്‍ വിപണനം ചെയ്യുന്ന ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയായ ഐടിസിയുടെ ബിസിനസ്സ് 2019-20 ല്‍ 10,000 കോടി രൂപയുടെ വില്‍പ്പന പിന്നിട്ടു. ഐടിസിയുടെ ആഷിര്‍വാദ് ബ്രാന്‍ഡ് ആട്ടയുടെ റീട്ടെയില്‍ വില്‍പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,000 കോടി രൂപ മറികടന്നു. ഇത് ഇന്ത്യയിലെ ഭക്ഷ്യ വിഭാഗത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറി. ഐടിസിയുടെ ഭക്ഷ്യ വ്യാപാരം 7.3 ശതമാനം വര്‍ധിച്ച് 10,377.73 കോടി രൂപയുടെ വില്‍പ്പനയിലാണ് അവസാനിച്ചത്. ഈ വിഭാഗത്തില്‍ നെസ്ലെ ഇന്ത്യയാണ് മുന്നില്‍.ബ്രിട്ടാനിയ രണ്ടാമതും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here