ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 12, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ: 1184) 13045 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,329,638 (ഇന്നലെ വരെയുള്ള കണക്ക്: 2,268,675 )

മരണം : 46,091 (ഇന്നലെ വരെയുള്ള കണക്ക്: 45,257 )

ലോകത്ത് ഇതുവരെ

രോഗികള്‍: 20,284,882 (ഇന്നലെ വരെയുള്ള കണക്ക്: 20,089,624)

മരണം: 741,126 (ഇന്നലെ വരെയുള്ള കണക്ക്: 736,191 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4900 രൂപ (ഇന്നലെ 5100 രൂപ )

ഒരു ഡോളര്‍: 74.72 രൂപ (ഇന്നലെ: 74.62 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.82+0.60
Brent Crude44.84+0.44
Natural Gas2.258+0.020

ഓഹരി വിപണിയില്‍ നിന്ന്

മെറ്റല്‍, ഫാര്‍മ, എഫ്എംസിജി ഓഹരികളിലെ വില്‍പ്പനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബുധനാഴ്ച ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം ഇന്ന് സെന്‍സെക്സ് 37 പോയ്ന്റ് ഇടിഞ്ഞ് 38,370 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 14 പോയ്ന്റ് ഇടിഞ്ഞ് 11,308 ല്‍ എത്തി. ആറ് ദിവസത്തെ നേട്ടത്തിനു ശേഷമാണ് നിഫ്റ്റിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 1487 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1207 ഓഹരികളുടെ വില താഴ്ന്നു. 140 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസനിലധികം കമ്പനികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ധനലക്ഷ്മി ബാങ്ക്, വിഗാര്‍ഡ്, ജെആര്‍ജി ഓഹരികളാണ് ഇന്ന് എട്ടു മുതല്‍ പത്ത് ശതമാനം വരെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. എന്‍ബിഎഫ്സികല്‍ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് നേരിയ നേട്ടത്തോടെ പിടിച്ചു നിന്നു. കൊച്ചിന്‍ മിനറല്‍സ്, കിറ്റെക്സ്, നിറ്റ ജെലാറ്റിന്‍ ഓഹരികളും ഇന്ന് അഞ്ചു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്; ഇന്ത്യന്‍ സമൂഹം ആവേശത്തില്‍

അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തമിഴ് വംശജയായ കമല ഹാരിസിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ സമൂഹം. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കമലയുടെ പേര് പ്രഖ്യാപിച്ചത്. അഭിഭാഷകയായ കമല നിലവില്‍ കാലിഫോണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്. ഇതോടെ യു.എസില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയെന്ന ഖ്യാതിയും 55 കാരിയായ കമല സ്വന്തമാക്കി. ഉപരിസഭയായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ് കമല.

വണ്ടര്‍ലാ ഹോളിഡേയ്സ് ഫുഡ് ബിസിനസിലേയ്ക്കും

വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഫുഡ് ബിസിനസിലേക്ക് ചുവടുവച്ചിരിക്കുന്നു. കാക്കനാട്, കൊച്ചി എന്നിവിടങ്ങളില്‍ സെപ്റ്റംബറില്‍ സംരഭംത്തിന് തുടക്കമിടാനാണ് പദ്ധതി. 'വണ്ടര്‍ കിച്ചന്‍' എന്ന പേരിലാരംഭിച്ച പുതിയ സംരംഭം 2020 ജൂണ്‍ 17ന് ബെംഗളൂരുവിലെ കെംഗേരി സാറ്റലൈറ്റ് ടൗണില്‍ ആണ് പ്രവര്‍ത്തനമാരംഭിച്ചത്. ബെംഗളൂരുവിലെ തന്നെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ഓഗസ്റ്റ് 15ന് രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനമാരംഭിക്കും. ടേക്ക് എവേ ബിസിനസായാണ് നിലവിലുള്ള ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

റഷ്യന്‍ വാക്‌സിന്റെ ഗുണ ദോഷങ്ങള്‍ വിലയിരുത്തും: ലോകാരോഗ്യ സംഘടന

റഷ്യ പുതുതായി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ യോഗ്യത വ്യവസ്ഥകള്‍ സംബന്ധിച്ച് കര്‍ശന നടപടികള്‍ക്ക് തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന. റഷ്യന്‍ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യ സംഘടന ഉടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വക്താവ് താരിക്ക് ജസാരെവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വാക്‌സിന്റെ ഫലപ്രാപ്തി, സുരക്ഷ എന്നിവ സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യവും ലോകാരോഗ്യ സംഘടന വിലയിരുത്തിവരുന്നു.

നികുതി പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍, പ്രഖ്യാപനം നാളെ

സത്യസന്ധരായ നികുതി ദായകരെ സഹായിക്കാനായി നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ആപ്പ് വന്നതോടെ ബെവ്ക്യൂ മദ്യ വില്‍പ്പന മൂന്നിലൊന്നായി താഴ്ന്നു

ബെവ്ക്യൂ ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം വില്‍പ്പന മൂന്നിലൊന്നായി ഇടിഞ്ഞെന്നും ബാറുകള്‍ വന്‍ നേട്ടമാണ് കൊയ്യുന്നതെന്നുമുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന എം.ഡിക്ക് കത്തയച്ചു.കഴിഞ്ഞ മാസം ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ വഴി 380 കോടിയുടെ വില്‍പ്പനയാണ് നടന്നത്. എന്നാല്‍ വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടര്‍ന്നാല്‍ ബെവ്കോയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതിയുണ്ടാകുമെന്ന് കത്തിലുണ്ട്.നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ പ്രതിദിനം ശരാശരി 35 കോടിയുടെ വിപ്പനയുണ്ടായിരുന്നു. ബാറുകളില്‍ 10 കോടിയോളവും.

ജൂലൈയില്‍ എന്‍ഇടിസി ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണം വര്‍ധിച്ചു

നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ ഇ ടി സി) പ്രോഗ്രാമിന് കീഴിലുള്ള എന്‍ഇടിസി ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണം ജൂലൈയില്‍ 86 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് 54 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. ജൂലൈയില്‍, ഫാസ്റ്റാഗിന്റെ ഇടപാട് എണ്ണം 86.26 ദശലക്ഷമായിരുന്നു. ഇടപാട് മൂല്യം 1623.30 കോടി രൂപയും. 2020 ജൂണിലെ ഇടപാടുകളുടെ എണ്ണം 81.92 ദശലക്ഷവും ഇടപാട് മൂല്യം 2020 ജൂണില്‍ 1511.93 കോടിയുമായിരുന്നു.

ആക്‌സിസ് ബാങ്ക് ക്യൂഐപി വഴി 10,000 കോടി രൂപ സമാഹരിച്ചു

രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി 10,000 കോടി രൂപ സമാഹരിച്ചു. നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനുള്ള ക്യുഐപി നടത്താന്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം നേരത്തെ അനുമതി നല്‍കിയിരുന്നു.

ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനവാസ മേഖലയില്‍ നിന്ന് ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 50 മീറ്റര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

കരിപ്പുര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡിജിസിഎ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ കരിപ്പൂരിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അരുണ്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൈലറ്റുമാരെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Money Tok: സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന ഏഴ് തരം വായ്പകള്‍

Wednesday Wanderings : ലൂവ്‌റിനുള്ളിലെ ചങ്ങലക്കിട്ട മൊണാലിസ!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it