Top

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 13, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ: 1212 ) 12426 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,396,637(ഇന്നലെ വരെയുള്ള കണക്ക്: 2,329,638 )

മരണം : 47,033(ഇന്നലെ വരെയുള്ള കണക്ക്: 46,091 )

ലോകത്ത് ഇതുവരെ

രോഗികള്‍: 20,620,847 (ഇന്നലെ വരെയുള്ള കണക്ക്: 20,284,882 )

മരണം: 749,358 (ഇന്നലെ വരെയുള്ള കണക്ക്: 741,126 )

ഓഹരി വിപണിയില്‍ ഇന്ന്

വിപണിയില്‍ ലാഭമെടുപ്പുണ്ടായതോടെ തുടര്‍ച്ചയായ രണ്ടാം ദിനവും ഓഹരി സൂചികകള്‍ നഷ്ടത്തിന്റെ പിടിയില്‍. സെന്‍സെക്സ് 59 പോയ്ന്റ് ഇടിഞ്ഞ് 38,310 ലും നിഫ്റ്റി എട്ട് പോയ്ന്റ് ഇടിഞ്ഞ് 11,300 ലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. മെറ്റല്‍, ഓട്ടോ, മീഡിയ ഓഹരികള്‍ തിളങ്ങിയപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍, ഫാര്‍മ, ടെലികോം ഓഹരികള്‍ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കേരള കമ്പനികളില്‍ ഒരു ഡസണോളം ഓഹരികള്‍ നേട്ടത്തിലായിരുന്നു. പതിനൊന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ കൊച്ചിന്‍ മിനറല്‍സാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഓഹരി. ഈസ്റ്റേണ്‍ ട്രെഡ്സ്, നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ യഥാക്രം 4.93 ശതമാനം, 3.93 ശതമാനം നേട്ടമുണ്ടാക്കി. കേരള ബാങ്കുകളുടെ ഓഹരികളെല്ലാം തന്നെ ഇന്ന് നഷ്ടത്തിലായിരുന്നു. എന്‍ബിഎഫ്സികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടമുണ്ടാക്കി. ധനകാര്യ മേഖലയിലെ മറ്റു ഓഹരികളായ ജിയോജിത്തും ജെആര്‍ജിയും നഷ്ടത്തിന്റെ പാതയിലായിരുന്നു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4935 രൂപ (ഇന്നലെ 4900രൂപ )

ഒരു ഡോളര്‍: 74.79 രൂപ (ഇന്നലെ: 74.72 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.83+0.61
Brent Crude44.85+0.45
Natural Gas2.260+0.022

കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍:

ഖനന,ഉത്പാദന,സേവന വിഭാഗങ്ങളില്‍ സ്വകാര്യവല്‍ക്കരണ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ആണവോര്‍ജം, പ്രതിരോധം, അസംസ്‌കൃത എണ്ണ, കല്‍ക്കരി ഉള്‍പ്പെടെ സ്വകാര്യമേഖലയ്ക്കായി രാജ്യം തുറന്നുനല്‍കുന്നത് 18 തന്ത്ര പ്രധാന മേഖലകള്‍. ഖനനം, ഉത്പാദനം, സേവനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് 18 മേഖലകളെ സര്‍ക്കാര്‍ ഇതിനായി തരംതിരിച്ചിരിക്കുന്നത്.

കൊവിഡ് ചികിത്സയ്ക്ക് കാഡിലയുടെ മരുന്ന്;വില 100 മില്ലിഗ്രാമിന് 2,800 രൂപ

കൊവിഡ് ചികിത്സയ്ക്കായി ഏറ്റവും വിലകുറഞ്ഞ ആന്റിവൈറല്‍ മരുന്നിന്റെ ജനറിക് പതിപ്പ് സിഡസ് കാഡില പുറത്തിറക്കി. 100 മില്ലിഗ്രാം മരുന്നിന് 2,800 രൂപയാണ് വില. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് റെംഡാക്ക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ഈ മരുന്ന് വില്‍ക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ചരിത്ര നേട്ടവുമായി മാരുതി സുസുക്കി;40 ലക്ഷം യൂണിറ്റ് വില്‍പ്പന പൂര്‍ത്തിയാക്കി ആള്‍ട്ടോ

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റ് വില്‍പ്പന പൂര്‍ത്തിയാക്കിയ ഒരേയൊരു കാറായി മാറി മാരുതി ആള്‍ട്ടോ.'തുടര്‍ച്ചയായ പതിനാറാം വര്‍ഷവും ഇന്ത്യയില്‍ ഒന്നാം നമ്പര്‍ വില്‍പ്പനയുള്ള കാറായി മാരുതി ആള്‍ട്ടോ റാങ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. 40 ലക്ഷം മൊത്ത വില്‍പ്പനയെന്ന മറ്റൊരു ശ്രദ്ധേയ നാഴികക്കല്ലും ആള്‍ട്ടോ പിന്നിട്ടതില്‍ കമ്പനി അഭിമാനം കൊള്ളുന്നു,' മാരുതി സുസുക്കിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു

മിനിമം മൂല്യമുള്ള ഉല്പങ്ങള്‍ സ്വന്തമായുള്ള (എംവിപി) സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നടത്തുന്ന ആറുമാസ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉല്‍പ്പങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് 'ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് (എഫ്എഫ്എസ്-2)' എന്ന ഈ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഊന്നല്‍ നല്‍കുന്നത്. ആഗോള തലത്തിലുള്ള മാര്‍ഗനിര്‍ദേശം, പിച്ചിംഗ് പരിശീലനം, ബൂട്ട് ക്യാംപ്, വിപണി പ്രവേശം, സര്‍ക്കാരും നിക്ഷേപകരുമായുള്ള ബന്ധം, നിയമ സഹായം എന്നിവ ഉറപ്പാക്കുന്നതിനു പുറമേ ഉല്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഈ പ്രോഗ്രാമിലൂടെ ലഭ്യമാക്കും.

ഡിജിറ്റല്‍ പണമിടപാടു നടന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ പരാതി നല്‍കാം; നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്

ഡിജിറ്റല്‍ പണമിടപാടു നടന്നില്ലെങ്കില്‍ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കണമെന്ന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളോടും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. മൊബൈല്‍ ആപ്പുകള്‍ വഴിയാണ് പണമിടപാടു നടത്തുന്നതെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാനുള്ള സംവിധാനം അതില്‍ തന്നെ ഉണ്ടായിരിക്കണം. 2021 ജനുവരി ഒന്നോടു കൂടി ഈ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം.

രജിസ്ട്രേഷന്‍ നിഷേധിച്ച ബിഎസ്-4 വാഹനങ്ങള്‍ക്ക് ശാപമോക്ഷമേകി കോടതി

കോവിഡ് ലോക്ക്ഡൗണ്‍ കാരണം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ ബിഎസ്-4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്ത വാഹനങ്ങള്‍ക്കായിരിക്കും ഈ വിധി ബാധകമാകുകയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവായി.

ടിക് ടോക്കിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ ജിയോ കൈത്താങ്ങേകുമോ ?

ചൈന വിരുദ്ധ വികാരം മൂലം ഇന്ത്യയില്‍ പ്രവര്‍ത്തന നിരോധനം വന്ന ടിക് ടോക്കിന് പുനര്‍ ജന്മമേകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചര്‍ച്ച നടത്തുന്നതായി സൂചന. റിലയന്‍സും ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സും സഹകരണ നീക്കത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, ബൈറ്റ്ഡാന്‍സ് പ്ലാറ്റ്‌ഫോമില്‍ നിക്ഷേപിക്കാനുള്ള റിലയന്‍സിന്റെ പദ്ധതിയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭ്യമായതായി 'ടെക്ക്രഞ്ച് ' ന്യൂസ് വെബ് റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ ട്രെയിന്‍ സമയനിഷ്ഠ തെറ്റിച്ചാല്‍ പിഴ ഈടാക്കും: റെയില്‍വെ

യാത്രാ ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ റെയില്‍വെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയില്‍ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികള്‍. ഇതിന്റെ ആലോചനകള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബോംബാര്‍ഡിയര്‍, അല്‍സ്റ്റോം, സീമെന്‍സ്, ജിഎംആര്‍ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളും പങ്കെടുത്തു.സ്വകാര്യ കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബര്‍ എട്ടാണ്.
ആകെ 151 സ്വകാര്യ ട്രെയിനുകള്‍ക്കായാണ് കേന്ദ്ര നീക്കം.109 സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലെ ട്രെയിനുകള്‍ക്ക് പുറമെയായിരിക്കും പുതിയ ട്രെയിനുകള്‍. ആകെ 30000 കോടിയുടെ നിക്ഷേപം ഇതിലൂടെ പ്രതീക്ഷിക്കുന്നു.

നികുതിദായകരുടെ പ്രതീക്ഷ പാളി; 'പ്ലാറ്റ്ഫോം' സമര്‍പ്പണ പ്രസംഗത്തിലൊതുങ്ങി മോദി

നികുതിദായകര്‍ക്ക് സഹായകമായ വലിയ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താന്‍ പോകുന്നുവെന്ന പ്രചാരണം വെറുതെയായി. പ്രത്യക്ഷ നികുതി ബോര്‍ഡിനു കീഴില്‍ ടാക്സ്പെയേഴ്സ് ചാര്‍ട്ടര്‍ പദ്ധതിയുടെ ഭാഗമായി 'സുതാര്യമായ നികുതി സമര്‍പ്പണം; സത്യസന്ധര്‍ക്ക് ആദരം' എന്ന പേരിലുള്ള പുതിയ പ്ലാറ്റ്ഫോം രാജ്യത്തിനു സമര്‍പ്പിച്ച ചടങ്ങിലെ എങ്ങും തൊടാതെയുള്ള പ്രസംഗത്തിനപ്പുറം ജനങ്ങള്‍ പ്രതീക്ഷിച്ച തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല.

സ്വര്‍ണവില താഴ്ന്ന ശേഷം ഉയര്‍ന്നു; പവന് 39,480 രൂപ

തുടര്‍ച്ചയായ കുതിപ്പിനു മാറ്റം വന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 39,480 രൂപയായി.അതേസമയം, ലാഭമെടുപ്പ് തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ട സാധ്യതയുണ്ടെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില മെച്ചപ്പെട്ടുനില്‍ക്കുമെന്ന വിദഗ്ധരുടെ അനുമാനത്തിന് അടിവരയിട്ടാണ് നാലു ദിവസം കൊണ്ട് പവന് 2,800 രൂപ കുറഞ്ഞതിനു പിന്നാലെ ഇന്ന് 280 രൂപ കൂടിയത്. 4935 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില. പവന് കഴിഞ്ഞ ദിവസം 1,600 രൂപയുടെ ഇടിവുണ്ടായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it