ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 21, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ 2333 ) 18673 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,905,823 (ഇന്നലെ വരെയുള്ള കണക്ക്: 2,836,925 )

മരണം : 54,849 (ഇന്നലെ വരെയുള്ള കണക്ക്: 53,866 )

ലോകത്ത് ഇതുവരെ

രോഗികള്‍: 22,678,483 (ഇന്നലെ വരെയുള്ള കണക്ക്: 22,411,300)

മരണം: 793,698 (ഇന്നലെ വരെയുള്ള കണക്ക്: 787,672 )

ഓഹരി വിപണിയില്‍ ഇന്ന്

ആഗോള വിപണികളിലെ കരുത്തുറ്റ മുന്നേറ്റം ഇന്ത്യന്‍ നിക്ഷേപകരെയും വാങ്ങലിന് പ്രേരിപ്പിച്ചത് സൂചികകളില്‍ മുന്നേറ്റമുണ്ടാക്കി. സെന്‍സെക്സ് 214 പോയ്ന്റ് ഉയര്‍ന്ന് 38434.72 ലും നിഫ്റ്റി 59.40 പോയ്ന്റ് ഉയര്‍ന്ന് 11,378 ലും ക്ലോസ് ചെയ്തു. എന്‍ടിപിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഊര്‍ജ്ജമേഖലയിലെ കമ്പനികള്‍ ഇന്ന് നാല് ശതമാനത്തിലധികം വളര്‍ച്ച നേടിയതാണ് സെന്‍സെക്സിനെയും ഉയര്‍ത്തിയത്. ഏഷ്യന്‍ പെയ്ന്റ്സ്, എച്ച് ഡി എഫ് സി ബാങ്ക്, സണ്‍ ഫാര്‍മ, എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ എന്നിവയുടെ വില ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ എഴെണ്ണമൊഴികെയെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. കൊച്ചിന്‍ ഷിപ് യാര്‍ഡ്, ജെആര്‍ജി, റബ്ഫില എന്നിവയുടെ ഓഹരികള്‍ ഇന്ന് അഞ്ച ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കേരളബാങ്കുകളില്‍ സിഎസ്ബി ബാങ്കും എന്‍ബിഎഫ്സികളില്‍ മുത്തൂറ്റ് ഫിനാന്‍സുമാണ് നഷ്ടമുണ്ടാക്കിയവ.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4861 രൂപ (ഇന്നലെ 4860 രൂപ )

ഒരു ഡോളര്‍: 74.95 രൂപ (ഇന്നലെ: 75.10 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude 41.83 +0.61
Brent Crude 44.85 +0.45
Natural Gas 2.260 +0.022

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍ :

കോവിഡ് വാക്സിന്‍ നിര്‍മാണം; ഇന്ത്യയെ പങ്കാളിത്തത്തിന് ക്ഷണിച്ച് റഷ്യ

ആദ്യ കോവിഡ് വാക്സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ 'സ്പുട്നിക് 5' ന്റെ നിര്‍മാണ പങ്കാളിത്തത്തിന് സഹകരിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) ചീഫ് എക്‌സിക്യൂട്ടീവ്. ആര്‍ഡിഐഎഫിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചീഫ് എക്സിക്യൂട്ടീവ് കിറില്‍ ദിമിത്രീവ് ഇന്ത്യയെക്കുറിച്ച് ശക്തമായി പ്രതിപാദിച്ചത്. സ്പുട്നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അതിനാല്‍ തന്നെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നെങ്കിലും ഇന്ത്യയാണ് തങ്ങളുടെ മുന്‍ഗണനാ പട്ടികയിലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജിയോയിലേക്ക് വീണ്ടും 7500 കോടി നിക്ഷേപം? സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കരാര്‍ ഒപ്പുവച്ചേക്കും

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ മറ്റൊരു വിഷയമാണ് റിലയന്‍സിലേക്ക് ഈ കാലഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപവും കമ്പനിയുടെ വളര്‍ച്ചയും. ഇതാ ജിയോ പ്ലാറ്റ്‌ഫോംസിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

24.64 ലക്ഷം നികുതിദായകര്‍ക്ക് 80,000 കോടി രൂപയിലധികം റീഫണ്ട് നല്‍കി ആദായനികുതി വകുപ്പ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 24.64 ലക്ഷം നികുതിദായകര്‍ക്ക് 88,652 കോടി രൂപയുടെ റീഫണ്ടുകള്‍ ആദായനികുതി വകുപ്പ്. 23,05,726 കേസുകളില്‍ 28,180 കോടി രൂപയുടെ ആദായനികുതി റീഫണ്ടുകളും 1,58,280 കേസുകളില്‍ 60,472 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളും അനുവദിച്ചു.കോവിഡ്-19 ന്റെ വ്യാപനവും അതുമായി ബന്ധപ്പെട്ട ലോക്ക്ഡൗണും മൂലം ഉണ്ടാകുന്ന സ്ഥിതി കണക്കിലെടുത്ത് എല്ലാ റീഫണ്ടുകളും എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതായി ധനമന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.

കെ വി കാമത്ത് കമ്മിറ്റി ശുപാര്‍ശകള്‍ സെപ്റ്റംബറില്‍; ബിസിനസ്സ് വായ്പകള്‍ പരിശോധിക്കും

കെ വി കാമത്ത് നേതൃത്വം നല്‍കുന്ന ബിസിനസ് ലോണ്‍ റെസല്യൂഷന്‍ കമ്മിറ്റി കമ്മിറ്റി ശുപാര്‍ശകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.1,500 കോടി രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് വായ്പകള്‍ കമ്മിറ്റി പരിശോധിക്കും.

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു കൈമാറാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍വകക്ഷി യോഗത്തിനു ശേഷമാണ് വിഷയത്തില്‍ നിയമപരമായ നീക്കത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്.

മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ; ലക്ഷ്യം ഓണവില്‍പന

ഓണവില്‍പന മുന്നില്‍ക്കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.

പാലാരിവട്ടം പാലം ഉടന്‍ പൊളിച്ചു പണിയാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയില്‍

പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് അടിയന്തരമായി നീക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പാലത്തില്‍ തല്‍സ്ഥിതി തുടരണം എന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. മോശമായ നിര്‍മ്മാണം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാലാരിവട്ടം പാലം അടഞ്ഞു കിടക്കുകയാണ്. ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഭേദഗതി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്ലേ മ്യൂസിക് നിര്‍ത്തുന്നു; പകരം യുട്യൂബ് മ്യൂസിക് ഉപയോഗിക്കാമെന്ന് ഗൂഗിള്‍

പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പുമായി ഗൂഗിള്‍. ഇമെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില തുടരുന്നു

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന് (വെള്ളി). പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് വില 38,880 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു. ഇതാണ് സ്വര്‍ണത്തിന്റെ നിരക്കിലെ സര്‍വകാല റെക്കോര്‍ഡ്.

വിദേശത്തുള്ളവര്‍ക്കും യുപിഐ വഴി പണമയയ്ക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമായേക്കും

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടു രംഗത്ത് ഏറ്റവും ജനങ്ങള്‍ ഉപയോഗപ്പെടുത്തിയ യു.പി.ഐ.(യുണീക് പേമെന്റ് ഇന്റര്‍ഫേസ്), റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ലഭ്യമായേക്കും. കൊറോണ പ്രതിസന്ധി അനുഭവിച്ചു തുടങ്ങിയത് മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഈ സൗകര്യം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതാണ് പുതിയ കമ്പനിയുടെ ആലോചനയിലേക്ക് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) എത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it