ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 05, 2020

കോവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കോവിഡ് ; ഭാരത് ബയോടെക് വിശദീകരണം നല്‍കി

കോവാക്‌സിന്‍ പരീക്ഷിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക് രംഗത്ത്. രണ്ടാഴ്ച മുന്‍പ് കോവാക്സിന്‍ ഒരു ഷോട്ട് സ്വീകരിച്ച ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്.'കൊവാക്സിന്‍' എന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം മാത്രമാണെന്നാണ്് ഭാരത് ബയോടെക് പറയുന്നത്. '28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ഷെഡ്യൂള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് '- ഭാരത് ബയോടെക് പ്രസ്താവനയില്‍ വിശദമാക്കുന്നു. വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവരില്‍ 50 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും മറ്റുള്ളവര്‍ക്ക് പ്ലേയ്‌സ്‌ബൊ (placebo) ആണ് നല്‍കിയതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കോവാക്‌സിന് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയില്‍ വാക്‌സിനെടുത്ത മന്ത്രിയുടെ പോസിറ്റീവ് റിപ്പോര്‍ട്ട് ആശങ്കകള്‍ക്കു വഴി വച്ചിരിക്കുകയാണ്.

ബ്രിട്ടന് ശേഷം ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

കോവിഡ് വാക്‌സിനായ ഫൈസറിന് അനുമതി നല്‍കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍. ഇതോടെ ബ്രിട്ടന് ശേഷം കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യവുമായി ബഹ്‌റൈന്‍. അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച വാക്സിന് ബഹ്‌റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിലാണ് അറിയിച്ചത്. എന്നാല്‍ മരുന്നു കുത്തിവയ്ക്കുന്നത് എന്നാണ് ആരംഭിക്കുക എന്ന വിവരം വ്യക്തമാക്കിയിട്ടില്ല.


ബിപിസിഎല്‍ താല്‍പര്യപത്രം സമര്‍പ്പിച്ചത് മൂന്ന് കമ്പനികള്‍

ബിപിസിഎല്‍ ടെന്‍ഡര്‍ നടപടികളുടെ ഭാഗമായി താല്‍പര്യപത്രം സമര്‍പ്പിച്ചതു 3 കമ്പനികളെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വേദാന്ത ഇന്‍ഡസ്ട്രീസ് ബിപിസിഎല്‍ സര്‍ക്കാര്‍ ഓഹരികള്‍ക്കായി താല്‍പര്യപത്രം സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും മറ്റ് രണ്ട് കമ്പനികളെക്കുറിച്ച് വിവരം പുറത്തുവിട്ടിരുന്നില്ല. ബിപിസിഎല്‍ വില്‍പനയ്ക്കുളള താല്‍പര്യപത്ര സമര്‍പ്പണം കഴിഞ്ഞ 16 നാണ് പൂര്‍ത്തിയായതെങ്കിലും എത്ര കമ്പനികള്‍ പങ്കെടുത്തുവെന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴാണ് മറ്റ് രണ്ട് കമ്പനികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്. യുഎസ് ആസ്ഥാനമായ അസറ്റ് മാനേജ്‌മെന്റ് ഫണ്ട്, അപ്പോളോ ഗ്ലോബല്‍ എന്നിവയാണ് വേദാന്തയ്‌ക്കൊപ്പം താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


രാജ്യത്ത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ പെട്രോള്‍

പെട്രോള്‍ വില ലിറ്ററിന് 83 രൂപ (ഡല്‍ഹി) കടന്നു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ഇന്ന് ലിറ്ററിന് 83.13 രൂപയാണ് രണ്ട് വര്‍ഷത്തിനു ശേഷം രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര എണ്ണ വിലയിലെ വര്‍ധനവിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലെ 13-ാമത്തെ വില വര്‍ധനവാണ് ഇത്. പെട്രോളിന് ശനിയാഴ്ച ലിറ്ററിന് 27 പൈസയും ഡീസല്‍ വില ലിറ്ററിന് 25 പൈസയും വര്‍ധിച്ച് ഡല്‍ഹിയില്‍ 73.32 രൂപയിലെത്തി. പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വില 2018 സെപ്റ്റംബറിന് ശേഷം ഡല്‍ഹി കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കാണ്. എണ്ണക്കമ്പനികള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ 20 ന് പ്രതിദിനം ഇന്ധന വില പരിഷ്‌കരണം പുനരാരംഭിച്ചിരുന്നു.

ആദ്യമായി 100 കോടി രൂപയുടെ വിറ്റുവരവു നേടി കെഎസ്ഡിപി

100 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവു നേടി സര്‍ക്കാര്‍ മരുന്ന് നിര്‍മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി). കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 65 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. ആലപ്പുഴ കലവൂരില്‍ 1974 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം ആദ്യമായാണു 100 കോടി ക്ലബ്ബില്‍ എത്തുന്നത്. 2016 ല്‍ 26 കോടി രൂപ വിറ്റുവരവു ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ നേട്ടം. ഇത്തവണ 75 കോടിയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കോവിഡിനെ തുടര്‍ന്നു മരുന്നുകള്‍ക്കും സാനിറ്റൈസറിനും ആവശ്യം കൂടിയതോടെയാണ് കുതിച്ചുചാട്ടമുണ്ടായത്. കഴിഞ്ഞ വര്‍ഷം 7.2 കോടി രൂപയായിരുന്നു ലാഭം.

കേരള സര്‍ക്കാര്‍ എച്ച്എന്‍എല്‍ ഏറ്റെടുക്കുന്നതിനു വഴിയൊരുങ്ങുന്നു

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എന്‍എല്‍) ഏറ്റെടുക്കലിന് 142 കോടി രൂപയുടെ പദ്ധതി സമര്‍പ്പിക്കാന്‍ കിന്‍ഫ്രയ്ക്ക് കേരള സര്‍ക്കാര്‍ അനുമതി. എച്ച്എന്‍എല്‍ വില്‍പനയ്ക്കായി കോടതി നിയോഗിച്ച 'റസല്യൂഷന്‍ പ്രഫഷനല്‍' കുമാര്‍ രാജന് കിന്‍ഫ്ര പുതുക്കിയ ഏറ്റെടുക്കല്‍ പദ്ധതി തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും. നഷ്ടത്തിലായിരുന്ന കമ്പനിയുടെ വില്‍പന സംബന്ധിച്ച് നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലാണ് റസല്യൂഷന്‍ പ്രഫഷനലിനെ (ആര്‍പി) ചുമതലപ്പെടുത്തിയത്. ആര്‍പിയുമായി ചര്‍ച്ച നടത്താന്‍ കേരള സര്‍ക്കാര്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തി. നിലവിലെ കടങ്ങള്‍ തീര്‍ത്ത് കേരളത്തിനു കൈമാറുന്നതിന് 360 കോടി രൂപയാണ് ആര്‍പി ആവശ്യപ്പെട്ടത്. 133 കോടി രൂപ കിന്‍ഫ്ര ആദ്യം വാഗ്ദാനം ചെയ്തു. തുക കൂട്ടിത്തരണമെന്നായിരുന്നു ആര്‍പിയുടെ മറുപടി. അതോടെ 5% തുക കൂട്ടി നല്‍കാന്‍ (9 കോടി) കഴിഞ്ഞ ദിവസം തീരുമാനമാകുകയായിരുന്നു.


ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റ് ഇന്ത്യയിലും റിലീസായി


ആഗോളതലത്തില്‍ തന്നെ കോവിഡ് പല മേഖലകളിലും വന്‍ പ്രതിസന്ധി ഉണ്ടാക്കുകയും തൊഴില്‍ സാദ്ധ്യതകള്‍ ഇല്ലാതെ ആക്കുകയും ചെയെതെങ്കിലും, ഏകദേശം പൂര്‍ണമായി സ്തംഭിച്ചു പോയ ഒരു മേഖല ആണ് സിനിമ തീയറ്റര്‍ വ്യവസായം. കേരളത്തില്‍ തീയറ്ററുകള്‍ തുറക്കാതെ ആയിട്ടു ഏഴു മാസത്തില്‍ കൂടുതലായി.

നിരവധി സിനിമകള്‍ ഓ ടി ടി പ്ലാറ്റഫോം വഴി ഇതിനിടയില്‍ റിലീസ് ചെയ്‌തെങ്കിലും, സിനിമ തീയറ്ററുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന തീയറ്റര്‍ ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ഇനി എന്നെങ്കിലും സിനിമാശാലകള്‍ തുറന്നാല്‍ തന്നെ പഴയതു പോലെ പ്രേക്ഷകര്‍ എത്തുമോയെന്നതും അവരെ ആശങ്കയിലാക്കുന്നു.


കോവിഡ് അപ്‌ഡേറ്റ്‌സ് (ഡിസംബര്‍ 05, 2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍ : 5848

മരണം : 32

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 9,608,211

മരണം :139,700

ലോകത്ത് ഇതുവരെ

രോഗികള്‍ : 65,899,441

മരണം : 1,518,670

ഇന്നത്തെ ധനം ബിസിനസ് ന്യൂസ് റൗണ്ട് അപ്പ് Powered By Veegaland Homes. മികച്ച ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it