ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 11, 2021


മൂന്നു കോടി ആളുകള്‍ക്കുള്ള വാക്‌സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി


മൂന്നു കോടി ആളുകള്‍ക്കുള്ള വാക്‌സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി. കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. സ്വകാര്യേമഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സീന്‍ നല്‍കും. മൂന്നു കോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുന്നത്. കോവിഷീല്‍ഡ് വാക്‌സീന്‍ നല്‍കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി.

തുണിയില്‍ പൊതിഞ്ഞ ബജറ്റില്‍ നിന്നും ഡിജിറ്റല്‍ ബജറ്റിലേക്ക് മാറി കേന്ദ്രം

കഴിഞ്ഞ തവണത്തെ തുണിയില്‍ പൊതിഞ്ഞ ബജറ്റില്‍ നിന്നും ഡിജിറ്റല്‍ ബജറ്റിലേക്ക് മാറി കേന്ദ്രം. കൊവിഡ് ആശങ്ക മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം ബജറ്റ് രേഖകള്‍ അച്ചടിക്കുന്നില്ല എന്ന് തീരുമാനിക്കുന്നത്. 1947 -ന് ശേഷം ഇതാദ്യമായാണ് അച്ചടിച്ച ബജറ്റ് രേഖകളില്ലാതെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഒരുങ്ങുന്നത്. ബജറ്റ് രേഖകള്‍ അച്ചടിക്കരുതെന്ന് പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അച്ചടിച്ച രേഖകള്‍ക്ക് പകരം ഡിജിറ്റല്‍ പകര്‍പ്പായിരിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിക്കുക.

ഇന്ത്യയുടെ മൊത്തം പെട്രോളിയം ആവശ്യം 20 വര്‍ഷത്തെ ഏറ്റവും കുറവില്‍

കോവിഡ് ലോക്ഡൗണിന്റെയും അടച്ചിടലുകളഉടെയും പഞ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പെട്രോളിയം ആവശ്യം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് ചുരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. വാഹന ഉപഭോഗം മാത്രമല്ല, ഫാക്ടറികള്‍ അടഞ്ഞ് കിടന്നതും പെട്രോളിയം ഉപഭോഗത്തിന് കോട്ടം വരുത്തിയിട്ടുണ്ട്. എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് പ്രസിദ്ധീകരിച്ച താല്‍ക്കാലിക കണക്കുകളുടെ ബ്ലൂംബെര്‍ഗ് കണക്കുകൂട്ടലുകള്‍ പ്രകാരം ഡീസല്‍, ഗ്യാസോലിന്‍, ജെറ്റ് ഇന്ധനം എന്നിവയുള്‍പ്പെടെ മൊത്തം പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം ഒരു വര്‍ഷത്തേക്കാള്‍ 10.8 ശതമാനം ഇടിഞ്ഞു.

പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍

പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പ്രതിരോധ പാര്‍ക്ക് ഒരുങ്ങിയത്. 60 ഏക്കറിലുള്ള പാര്‍ക്കില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.


ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 10.1 ശതമാനമായി വര്‍ധിക്കുമെന്ന് ഇക്ര

ഐസിആര്‍എ (ഇക്ര) യുടെ കണക്കനുസരിച്ച് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം ഇരട്ട അക്ക വളര്‍ച്ച, അതായത് 10.1 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020 സാമ്പത്തിക വര്‍ഷത്തെ മറികടക്കും. കോവിഡ് -19 വാക്സിനുകളുടെ വ്യാപനം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികതയിലേക്കെത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇതിനായുള്ള സൂചനകളുമുണ്ടെന്ന് ഇക്രയുടെ പ്രധാന സാമ്പത്തിക വിദഗ്ധ അദിതി നായര്‍ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണവില വീണ്ടും ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കേരളത്തില്‍ ഉയര്‍ച്ചയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും താഴേക്ക്. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. പുതുവര്‍ഷം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരമാണിത്. ഞായറാഴ്ച്ച 37,040 രൂപയായിരുന്നു പവന് വില. 4,590 രൂപയാണ് ഗ്രാം അടിസ്ഥാനപ്പെടുത്തിയുള്ള സ്വര്‍ണവില. നേരത്തെ, ജനുവരി 5, 6 തീയതികളില്‍ ഒരു ഗ്രാം വില 4,800 രൂപയാണ് തൊട്ടത്. പവന് വില 38,400 രൂപ വരെയും രേഖപ്പെടുത്തിയിരുന്നു. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.


കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ അനുകൂല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായി. വിദേശ ഫണ്ടിന്റെ ഒഴുക്കും 2021 ബഡ്ജറ്റിനെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും വിപണിയെ മുന്നോട്ട് നയിച്ചു. ഐറ്റി ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 486.81 പോയ്ന്റ് ഉയര്‍ന്ന് 49,269.32 പോയ്ന്റിലും നിഫ്റ്റി 137.50 പോയ്ന്റ് ഉയര്‍ന്ന് 14484.80 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.







Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it