ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 13, 2021


48,000 കോടി രൂപയുടെ വ്യോമയാനക്കരാറില്‍ ഒപ്പിട്ട് ഇന്ത്യ

ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തായി 83 മാര്‍ക്ക്-1 എ തേജസ് (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) യുദ്ധവിമാനങ്ങള്‍ കൂടി എത്തും. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇത്തരത്തിലുള്ള ഏറ്റവും ഉയര്‍ന്ന വ്യോമയാന കരാറാണിത്.

ഇന്‍ഫോസിസ് അറ്റാദായം 16.8 ശതമാനം വര്‍ധിച്ചു

ഇന്‍ഫോസിസ് അറ്റാദായം ഡിസംബര്‍ പാദത്തില്‍ 16.8 ശതമാനം വര്‍ധിച്ച് 5,215 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 4,466 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിലെ മൊത്ത വരുമാനം 12.3 ശതമാനം ഉയര്‍ന്ന് 25,927 കോടി രൂപയായി. മൂന്നാം പാദത്തിലെ പ്രവര്‍ത്തന മാര്‍ജിന്‍ 25.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 350 ബിപിഎസ് ആണ് വര്‍ധന.

പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനുവരി 15 ന്

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരി 15 ന് ആരംഭിക്കും. മകരസംക്രാന്തിക്ക് ശേഷം ആദ്യ പ്രഭാതത്തില്‍ പണി ആരംഭിക്കുന്നത് ശുഭകരമാണെന്ന് കരുതുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഈ ആഴ്ച ആദ്യം, 14 അംഗ പൈതൃക സമിതി പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നതിന് അംഗീകാരം നല്‍കി.

ബെംഗളുരുവില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് ടെസ്‌ല

ഇന്ത്യയില്‍ തങ്ങളുടെ വരവറിയിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ബെംഗളൂരുവില്‍ ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്‍ഡ് എനര്‍ജി ്രൈപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത വിലാസം നഗരത്തിന്റെ ഹൃദയഭാഗത്താണ്. പ്രശസ്തമായ യുബി സിറ്റി സമുച്ചയത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ.

കോവിഷീല്‍ഡ് വിതരണത്തിന് എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായി

സംസ്ഥാനത്തെ കോവിഷീല്‍ഡ് വിതരണത്തിന് എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായി. ആദ്യ ബാച്ച് വാക്‌സിന്‍ ഇന്ന് കൊച്ചിയില്‍ വിമാനമിറങ്ങി. മറ്റു ജില്ലകളിലേക്ക് വിതരണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സിയാലില്‍ എത്തിയ 15 പെട്ടി വാക്‌സിന്‍ എറണാകുളം ജില്ലയിലേക്കു മാത്രമുള്ളതാണ്. 1,33500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇപ്പോള്‍ വിതരണത്തിന് വേണ്ടി കൊച്ചിയിലേക്ക് എത്തിച്ചിട്ടുള്ളത്. 1.8 ലക്ഷം ഡോസ് തിരുവനന്തപുരത്തും എത്തിക്കും. 10 പെട്ടി വാക്‌സിന്‍ റോഡ് മാര്‍ഗം കോഴിക്കോടേയ്ക്കും എത്തും. ശീതീകരിച്ച പ്രത്യേക വാഹനങ്ങളിലായാണ് വാക്‌സിന്‍ സംഭരണങ്ങളിലേക്ക് മാറ്റുക. രണ്ടാമത്തെ ബാച്ച് കൊവിഡ് വാക്‌സിന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തും.

ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍ ഐപിഓ; ജനുവരി 18 വരെ അപേക്ഷിക്കാം

പൊതുമേഖലയിലെ ആദ്യത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍ അടുത്തയാഴ്ച ഐപിഒയുമായെത്തുന്നു. നേരത്തെ നിശ്ചയിക്കപ്പെട്ടത് പോലെ ജനുവരി 18 മുതല്‍ ജനുവരി 18 മുതല്‍ 20വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 25-26 രൂപ നിരക്കിലാകും വില നിശ്ചയിക്കുക. 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപ്പാക്കിയ എട്ടാമത്തെ സംസ്ഥാനമായി കേരളം

ധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള 'ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' വിജയകരമായി നടപ്പാക്കിയ രാജ്യത്തെ എട്ടാമത്തെ സംസ്ഥാനമായി കേരളം. ഇതോടെ ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പകളിലൂടെ 2,373 കോടി രൂപയുടെ അധിക സാമ്പത്തിക സ്രോതസ്സുകള്‍ സമാഹരിക്കാന്‍ സംസ്ഥാനത്തിന് യോഗ്യത ലഭിച്ചു. ഇതിനുള്ള അനുമതി ജനുവരി 12 ന് ചെലവ് വകുപ്പ് നല്‍കി.

മൂന്നാം പാദ വരുമാനത്തില്‍ 21 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി വിപ്രോ

2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനയോടെ വിപ്രോയുടെ വരുമാനം 2,968 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 2,456 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മൂന്നാം പാദത്തിലെ നേരിയ വര്‍ധനയോടെ 15,670 കോടി രൂപയായി.


ഇന്നും ഇന്ത്യന്‍ ഓഹരി വിപണി സ്വന്തം റെക്കോര്‍ഡ് തിരുത്താനുള്ള തയ്യാറെടുപ്പോടെയാണ് വ്യാപാരം തുടങ്ങിയത്. സര്‍വകാല റെക്കോര്‍ഡ് തലത്തിലേക്ക് സൂചികകള്‍ കുതിച്ചെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് ചുവടുമാറ്റി. അതോടെ വിപണിയുടെ താഴോട്ടിറക്കവും തുടങ്ങി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് റെക്കോര്‍ഡ് തലത്തില്‍ നിന്ന് 731 പോയ്ന്റും നിഫ്റ്റി 217 പോയ്ന്റും ഇടിഞ്ഞിരുന്നു. ഇന്ന് സെന്‍സെക്സ് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 49,795.19 പോയ്ന്റെന്ന റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 49,492 പോയ്ന്റിലാണ് ഇന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തത്.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it