ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 14, 2021

പാസഞ്ചര്‍ വാഹന വിപണി പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുമെന്ന് സിയാം
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുന്നതായി സിയാം. മെച്ചപ്പെട്ട സെയില്‍സും ബിസിനസ് പുനരുജ്ജീവനവും വീണ്ടെടുക്കാന്‍ വ്യവസായത്തിന് കഠിനമായി പരിശ്രമിക്കേണ്ടിവരുമെന്നും വ്യവസായ സ്ഥാപനമായ സിയാം പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബറിനും മൂന്നാം പാദത്തിനും (ഒക്ടോബര്‍-ഡിസംബര്‍) മൊത്തക്കച്ചവടങ്ങള്‍ വിലയിരുത്തിയുള്ളതാണ് ഈ നിഗമനം. ഡിസംബറില്‍ വളര്‍ച്ച പ്രകടമാക്കിയ വിപണിയില്‍ വരാനിരിക്കുന്നത് സെയ്ല്‍സ് നഷ്ടത്തിന്റെ നാളുകളെന്നും സിയാം.
സംസ്ഥാന ബജറ്റ് നാളെ
കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ധനമന്ത്രി തോമസ് ഐസക് നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. കൊറോണ പ്രതിസന്ധിയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത്തവണ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുമോയെന്നാണ് ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഫൈസര്‍ ഉള്‍പ്പെടെയുള്ള മറ്റ് വാക്‌സിന്‍ കമ്പനികള്‍ക്ക് ഇനിയും കടമ്പ
കോവിഡ് -19 വാക്‌സിന്റെ രാജ്യത്തെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയ ഫൈസര്‍ ഉള്‍പ്പെടെയുള്ള ഏത് വാക്‌സിന്‍ നിര്‍മ്മാതാവും രാജ്യത്തെ രോഗപ്രതിരോധ പദ്ധതിക്കായി പരിഗണിക്കുന്നതിനായി പ്രാദേശിക 'ബ്രിഡ്ജിംഗ്' സുരക്ഷയും രോഗപ്രതിരോധ പഠനവും നടത്തണമെന്ന് സര്‍ക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച ആസ്ട്രാസെനെക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ രാജ്യത്ത് അടിയന്തിര അനുമതി തേടുന്നതിനും സ്വീകരിക്കുന്നതിനും മുമ്പായി 1,500 ല്‍ അധികം ആളുകളെക്കുറിച്ച് സമാനമായ പഠനം നടത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുണ്ട്.
വീണ്ടും വൈറസ് ബാധ; ലക്ഷക്കണക്കിനാളുകളുള്ള നഗരം ലോക്ഡൗണാക്കി ചൈന
വിവാഹ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വീണ്ടും കൊറോണ വൈറസ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ രണ്ട് നഗരങ്ങളെ പൂര്‍ണമായും ലോക്ഡൗണാക്കി ചൈനീസ് ഭരണകൂടം. 17 ദശലക്ഷത്തിലധികം ആളുകളുള്ള രണ്ട് നഗരങ്ങളാണ് പൂട്ടിയത്. ഷിജിയാവുവാങ്, സിങ്ടായ്. അവിടത്തെ മിക്കവാറും എല്ലാ താമസക്കാരുടെയും ക്രാഷ് ടെസ്റ്റിംഗ് നടത്താനും ഉത്തരവിട്ടു, ഇത് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും.
ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗ്ള്‍
യൂസര്‍ സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ നിരവധി പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയതായി ഗൂഗ്ള്‍. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിനെ കുറിച്ച് ഇത്തരം മൊബീല്‍ ആപ്പുകളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. 'ഗൂഗ്ള്‍ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷിതമായ അനുഭവം നല്‍കുകയാണ് ഞങ്ങള്‍ക്ക് പ്രധാനം. യൂസര്‍ സേഫ്റ്റി വര്‍ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ നിരന്തരം ചെയ്യും' ബ്ലോഗ്‌പോസ്റ്റില്‍ ഗൂഗ്ള്‍ പറയുന്നു.
സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 36600 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 4575 രൂപയാണ് വില. ജനുവരി ആറ്, അഞ്ച് തീയതികളില്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. ഒരു പവന് 38,400 രൂപയാണ് ഈ ദിവസങ്ങളിലെ സ്വര്‍ണ വില.
ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നേരിയ മുന്നേറ്റം
നിറം മങ്ങിയ തുടക്കത്തിനു ശേഷം തിരിച്ചു കയറിയ വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ മൂന്നാം പാദ ഫലം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായെങ്കിലും തുടക്കത്തില്‍ ഐറ്റി ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയുന്നതാണ് കണ്ടത്. എന്നാല്‍ പെട്ടെന്നു തന്നെ കരയറിയ ഈ മേഖല സൂചികകള്‍ താഴാതെ പിടിച്ചു നിര്‍ത്തി. സെന്‍സെക്സ് 91.84 പോയ്ന്റ് ഉയര്‍ന്ന് 49,584.16 പോയ്ന്റിലും നിഫ്റ്റി 30.70 പോയ്ന്റ് ഉയര്‍ന്ന് 14,595.60 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1467 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1489 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it