ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 18, 2021

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 20 ശതമാനം ഓഹരികള്‍ ഫ്രാന്‍സ് കമ്പനിക്ക്
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിലെ (എജിഇഎല്‍) 20 ശതമാനം ഓഹരികള്‍ ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയ്ല്‍& എനര്‍ജി കമ്പനിയായ ടോട്ടലിന് വില്‍ക്കാന്‍ ധാരണയായതായി അദാനി ഗ്രൂപ്പ് തിങ്കളാഴ്ച അറിയിച്ചു. അദാനി ഗ്രൂപ്പും ടോട്ടലും തമ്മിലുള്ള പുതിയ ബിസിനസ് സഖ്യത്തിന്റെ മറ്റൊരു ഘട്ടമാണ് എജിഇഎല്ലിലെ പുതിയ നിക്ഷേപം. ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ടെര്‍മിനലുകള്‍, ഗ്യാസ് യൂട്ടിലിറ്റി ബിസിനസ്,രാജ്യത്തുടനീളമുള്ള പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതായും അറിയിപ്പില്‍ വ്യക്തമാണ്.
അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ എത്തിക്കാനൊരുങ്ങി ഇന്ത്യ
ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് നിര്‍മിച്ച വാക്‌സീന്‍ അയല്‍ രാജ്യങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സൗജന്യ വാക്‌സീന്‍ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക്കയുടെ കോവിഷീല്‍ഡ് വാക്‌സീന്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ എന്നിവയാണ് ഇന്ത്യ അയച്ചുകൊടുക്കുക. 'വാക്‌സീന്‍ നയതന്ത്രത്തിന്റെ' ഭാഗമായാണ് പുതിയ നീക്കം.
റഷ്യയില്‍ നിന്ന് 33 മിഗ്, സുഖോയ് വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നു
റഷ്യയില്‍ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 33 അധിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ രാജ്യം തീരുമാനിച്ചതായി ഔദ്യോഗിക സ്ഥീരീകരണം. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു അനുമതി നല്‍കിയതിനു പിന്നാലെയാണിതുമെന്നത് ചൈനയ്ക്ക് വന്‍ തിരിച്ചടിയാകും. 21 മിഗ്29 പോര്‍വിമാനങ്ങള്‍ക്കു പുറമേ 12 സുഖോയ് 30 എംകെഐ വിമാനങ്ങളാണ് വാങ്ങുന്നത് എന്നതും ശ്രദ്ധേയം. കൂടാതെ 59 മിഗ് 29 വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കാനും പദ്ധതിയുണ്ട്.
രാജ്യത്ത് പെട്രോളിന് റെക്കോര്‍ഡ് വില
രാജ്യത്ത് ജനുവരി 18 തിങ്കളാഴ്ച പെട്രോള്‍ വില 25 പൈസ വര്‍ധിച്ചു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 25 പൈസ വര്‍ധിച്ച് ലിറ്ററിന് 84.70 രൂപയില്‍ നിന്ന് ലിറ്ററിന് 84.95 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീറ്റെയിലറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് ഡീസല്‍ വില ലിറ്ററിന് 74.88 രൂപയില്‍ നിന്ന് 75.13 രൂപയായി ഉയര്‍ന്നു. കേരളത്തിലും പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിലാണ്. ലിറ്ററിന് 87.40 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒക്ടോബറില്‍ ലീറ്ററിന് 87.39 രൂപ വരെയെത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ 50 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഗള്‍ഫിലെ ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ ഒന്നാമനായി യൂസഫലി
ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയ, പശ്ചിമേഷ്യയിലെ അതിധനികരുടെ പട്ടികയില്‍ ആദ്യ പതിനഞ്ച് പേരില്‍ പത്ത് പേരും മലയാളികളാണ്. പട്ടികയിലെ ഒന്നാം സ്ഥാനം എംഎ യൂസഫലിയ്ക്ക്. ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയും എംഎ യൂസഫലി ആണ്. സണ്ണി വര്‍ക്കി, രവി പിള്ള, ഡോ ഷംഷീര്‍ വയലില്‍, കെപി ബഷീര്‍, പിഎന്‍സി മേനോന്‍, തുംബൈ മൊയ്തീന്‍, അദീബ് അഹമ്മദ്, ഫൈസല്‍ കൊട്ടിക്കൊള്ളാന്‍, രമേശ് രാമകൃഷ്ണന്‍ എന്നിവരാണ് മറ്റുള്ളവര്‍.
രാജ്യത്തെ വായ്പകള്‍ 3.2 ശതമാനം വര്‍ധിച്ചു
ദേശീയതലത്തില്‍ ബാങ്ക് വായ്പകള്‍ 3.2 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തികവര്‍ഷം ആദ്യ 9 മാസങ്ങള്‍ക്കൊണ്ടുതന്നെ രാജ്യത്തെ ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ. മുന്‍ സാമ്പത്തികവര്‍ഷം 103.72 ലക്ഷം കോടി രൂപയായിരുന്നു ബാങ്കുകള്‍ വായ്പ അനുവദിച്ചത്. ഇത്തവണ ഏപ്രില്‍ - ഡിസംബര്‍ കാലം കൊണ്ടുതന്നെ ബാങ്ക് നിക്ഷേപങ്ങള്‍ 8.5 ശതമാനം ഉയര്‍ന്നതും കാണാം. 147.27 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി ബാങ്കുകളിലെത്തിയത്. 5.1 ശതമാനം ആണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേതിനെ അപേക്ഷിച്ച് വളര്‍ച്ച.
ലാഭമെടുപ്പ് തുടരുന്നു, ഓഹരി സൂചികകള്‍ ഇടിഞ്ഞു
തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതോടെ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്സ് 470.40 പോയ്ന്റ് താഴ്ന്ന് 48564.27 പോയ്ന്റിലും നിഫ്റ്റി 152.40 പോയ്ന്റ് ഇടിഞ്ഞ് 14281.30 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 900 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ 2074 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 144 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ആഗോള വിപണി ശോഭിക്കാതെ പോയതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it