ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 20, 2021


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്ക് 25000 കോടി ലഭിച്ചേക്കും

വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനം നല്‍കുന്നത് പരിഗണിക്കാന്‍ സാധ്യത. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി 2021- 22 ധനകാര്യ ബജറ്റില്‍ ഏകദേശം 25,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം ബാങ്ക് വായ്പക്കാരെ സമ്മര്‍ദ്ദത്തിലാക്കുകയും ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തികളുടെ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. മൂലധന ആവശ്യകതകള്‍, കണക്കാക്കിയ വായ്പകള്‍, ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ കടം കൊടുക്കുന്നവരില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.


ബിഗ്ബാസ്‌ക്കറ്റിന്റെ 60 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങുന്നു

പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോമായ ബിഗ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ചെലവിടുക 200-250 ദശലക്ഷം ഡോളറെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇ ഗ്രോസറി കമ്പനിയായ ബിഗ്ബാസ്‌ക്കറ്റിന്റെ 60 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ബിഗ്ബാസ്‌ക്കറ്റുമായി ധാരണയിലെത്തി. നിലവില്‍ ചൈനീസ് ഇ കൊമേഴ്സ് വമ്പനായ അലിബാബ, ഇക്വിറ്റി സ്ഥാപനമായ അബ്രാജ് ഗ്രൂപ്പ് എന്നിവയ്ക്ക് ബിഗ്ബാസ്‌ക്കറ്റില്‍ 46 ശതമാനം ഓഹരികളുണ്ട്. ഇവരില്‍ നിന്നടക്കം ഓഹരികള്‍ വാങ്ങുന്നതിനാണ് ധാരണയായിരിക്കുന്നത്. കുറേ മാസങ്ങളായി നടക്കുന്ന ചര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇതില്‍ തീരുമാനം ആയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


2020ല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതില്‍ 14 ശതമാനവും ഇന്ത്യയില്‍

രാജ്യം ഡിജിറ്റലിലേക്കും മിക്കവരും സ്മാര്‍ട്ട്ഫോണുകളിലേക്കും മാറിയപ്പോള്‍ രാജ്യത്ത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ കണക്കില്‍ വലിയ വര്‍ധന. 2020ല്‍ ആഗോളതലത്തില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതില്‍ 14 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഇന്‍മൊബിയുടെ വാര്‍ഷിക മൊബൈല്‍ മാര്‍ക്കറ്റിംഗ് ഹാന്‍ഡ്ബുക്കില്‍ പറയുന്നു. 'മൊബൈല്‍ യുഗത്തിലെ മാര്‍ക്കറ്റിംഗ്' എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകളുടെ വളര്‍ച്ചാനിരക്ക് 28 ശതമാനമാണ്.

ടാറ്റാ മോട്ടോഴ്സിന്റെ ഓഹരികള്‍ ഇന്ന് 28 മാസത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലെത്തി

ടാറ്റാ മോട്ടോഴ്സിന്റെ ഓഹരികള്‍ കുതിപ്പ് തുടരുകയാണ്. ഓഹരി വില 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 278 രൂപ വരെയെത്തി (274.4 ജനുവരി 20 വൈകിട്ട് 9 മണിക്ക്). ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ബിഎസ്ഇയില്‍ 7 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. ടാറ്റ ഗ്രൂപ്പ് വാണിജ്യ വാഹന കമ്പനിയുടെ ഓഹരി 2018 സെപ്റ്റംബര്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) ബിസിനസ്സിലെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടും നിക്ഷേപകരുടെ താല്‍പ്പര്യം നിലനിര്‍ത്താന്‍ ഓഹരികള്‍ക്ക് കഴിഞ്ഞു.

കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു

കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. പവന് 120 രൂപ വര്‍ധിച്ച് 36640 രൂപയായി. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 4580 രൂപയിലേക്കാണ് വര്‍ധിച്ചത്. ഗ്രാമിന് 4565 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36400 രൂപയാണ്. ജനുവരി 16 മുതല്‍ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നിരുന്നത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില ജനുവരി 5, 6 തീയതികളില്‍ രേഖപ്പെടുത്തിയ 38400 രൂപയാണ്.


ഓട്ടോ, ഐറ്റി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയ ഓഹരികളുടെ മുന്നേറ്റം ഇന്ത്യന്‍ ഓഹരി വിപണിയെ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു. പാശ്ചാത്യ വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിക്ക് നേട്ടമായി. സെന്‍സെക്സ് 393.83 പോയ്ന്റ് ഉയര്‍ന്ന് 49,792.12 പോയ്ന്റിലും നിഫ്റ്റി 123.50 പോയ്ന്റ് ഉയര്‍ന്ന് 14,644.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മിക്ക കമ്പനികളുടെയും മൂന്നാം പാദ ഫലം പ്രതീക്ഷിച്ചതിലും മികച്ചു നിന്നത് നേട്ടമായി.










Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it