Top

ഇന്ന് നിങ്ങളറിയേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 21, 2021


ലോക്ഡൗണ്‍ കാലത്ത് ഇന്ത്യക്കാര്‍ അധികമായി ലാഭിച്ചത് 200 ബില്യണ്‍ ഡോളര്‍

കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണുകളും ജീവിതത്തെയും ബിസിനസിനെയും ഒരു പോലെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ ഈ സമയത്ത് ചെലവ് ചുരുക്കല്‍ ശീലമാക്കിയെന്ന് റിപ്പോര്‍ട്ട്. ഈ സമയത്ത് സംരംഭകരുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ 200 ബില്യണ്‍ ഡോളര്‍ അധികമായി ലാഭിച്ചുവെന്നാണ് പഠന റിപ്പോര്‍ട്ട്. യുബിഎസ് സേവിംഗ്‌സ് & വെല്‍ത്ത് ട്രാക്കര്‍ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചെലവഴിക്കല്‍ കുറച്ചത് ജിഡിപിയിലും പ്രകടമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഫെഡറല്‍ ബാങ്ക് എംഡി ശ്യാംശ്രീനിവാസന്‍ ബിഎസ് ബാങ്കര്‍ ഓഫ് ദി ഇയര്‍


ഫെഡറല്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ ശ്യാംശ്രീനിവാസന് 2019-20 വര്‍ഷത്തെ 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ബാങ്കര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ്. മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബാങ്കിനും കഴിഞ്ഞുവെന്നതാണ് അംഗീകാരത്തിന് സഹായകമായത്.


ആദ്യദിനം തന്നെ 17 ഉത്തരവുകളില്‍ ഒപ്പിട്ട് ബൈഡന്‍

അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ദിനം തന്നെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്‍. കോവിഡ് നേരിടുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ട്രംപിന്റെ പാരിസ്ഥിതിക അജണ്ട ബൈഡന്‍ തിരുത്തിയെഴുതി. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പിന്‍വലിച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക ശക്തി ഉയര്‍ത്തുന്നതിനും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ബൈഡന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കാര്‍ഷിക നിയമം : ജനുവരി 22ന് വീണ്ടും കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തും

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പത്താം വട്ട ചര്‍ച്ചയും പരിഹാരം കണ്ടില്ല. ജനുവരി 22ന് വീണ്ടും കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് നിയമങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചെങ്കിലും കര്‍ഷകര്‍ അംഗീകരിച്ചില്ല. താല്‍ക്കാലികമായി റദ്ദാക്കുന്നതില്‍ കാര്യമില്ലെന്നും പൂര്‍ണമായയും പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

പിഎംഎവൈ വഴി 1.68 ലക്ഷം പുതിയ വീടുകള്‍

പ്രധാന്‍മന്ത്രി ആവാസ് യോജന വഴി (പിഎംവൈ) 1.68 ലക്ഷത്തിലധികം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് സെന്‍ട്രല്‍ സാങ്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (സിഎസ്എംസി) 52 ാമത് മീറ്റിംഗില്‍ തീരുമാനമായി. 1.1 കോടി വീടുകളാണ് ഇത്തരത്തില്‍ ആകെ പദ്ധതിയുടെ കീഴില്‍ ഇന്ത്യയില്‍ നിര്‍മിച്ചു നല്‍കുന്നത്. ഗുണഭോക്താക്കളുടെ നേതൃത്വത്തിലുള്ള നിര്‍മാണം, അവരുടെ കൂടെ പങ്കാളിത്തത്തില്‍ ഒരുങ്ങുന്ന താങ്ങാനാവുന്ന ചെലവിലുള്ള ഭവനം, സ്ഥലത്തെ ചേരി പുനര്‍വികസനം എന്നിവയും ഈ പദ്ധതിയോട് ചേര്‍ന്നുപോകുന്നു.

കോവിഡ് വാക്സിന്‍ സ്വീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കും. രണ്ടാംഘട്ടത്തില രാജ്യവ്യാപകമായുള്ള വിതരണത്തിലാണ് പ്രധാനമന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൂചന. രണ്ടാംഘട്ടത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഉപദേശകസമിതിയില്‍ ക്രിസ് ഗോപാലകൃഷ്ണനൊപ്പം ബൈജു രവീന്ദ്രനും

നാഷണല്‍ സ്റ്റാര്‍ട്ടപ് ഉപദേശക സമിതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനൊപ്പം ബൈജൂസ് ആപ് സ്ഥാപകനും മേധാവിയുമായ ബൈജു രവീന്ദ്രനുള്‍പ്പെടെ തുടങ്ങി 28 പേരെ തെരഞ്ഞെടുത്തു. സ്റ്റാര്‍ട്ടപ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി രൂപീകരിച്ചതാണു നിയുക്ത സമിതി. 2 വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി.


ഇന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയ സൂചികകള്‍ ഉയര്‍ന്ന വില്‍പ്പന സമ്മര്‍ദ്ദം താങ്ങാനാവാതെ താഴേക്ക് പതിച്ച് നേട്ടമൊന്നുമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഒരു 50184.01 പോയന്റ് എന്ന സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ സെന്‍സെക്സ് 49,624.76 പോയ്ന്റിലാണ് വ്യാപാരം അവസാനിച്ചത്. ഇന്നലത്തേതില്‍ നിന്ന് 167 പോയ്ന്റ്ാണ് ഇടിഞ്ഞത്. നിഫ്റ്റിയും 14,753.55 എന്ന പുതിയ ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 54 പോയന്റ് താഴ്ന്ന് 14590.35 പോയ്ന്റില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.88 ശതമാനവും സ്മോള്‍കാപ് സൂചിക 0.68 പോയ്ന്റും ഇടിഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it