Top

ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 22, 2021


റിലയന്‍സ് മൂന്നാം പാദ ഫലം; വാര്‍ഷിക ലാഭം 12.5% ഉയര്‍ന്നു, വില്‍പ്പന ഇടിവ് 21 %

ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റുചെയ്ത കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്നാം പാദ ഫലങ്ങള്‍ പുറത്തു വിടുമ്പോള്‍ വില്‍പ്പന ഇടിവ് 21 ശതമാനം. എന്നാല്‍ ഏകീകൃത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 12.5 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക മൊത്തലാഭം 13,101 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. 1.2 ലക്ഷം കോടി രൂപയുടെ ഏകീകൃത വരുമാനമാണ് മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 21.10 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കര്‍ഷക സമരം; പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായി നടന്ന പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ചയ്ക്കുള്ള തിയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുര്‍ജീത് സിഭ് ഫുല്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം ഏറ്റവും മികച്ചതും ഒടുവിലത്തേതുമാണെന്ന് സര്‍ക്കാര്‍ കര്‍ഷകരോടു പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മൂന്നാം പാദത്തില്‍ 91.62 കോടി രൂപ നഷ്ടം

സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനകലയളവില്‍ 90.54 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്. മൂന്നാം പാദത്തിലെ പ്രവര്‍ത്തന ലാഭം 377 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ പ്രവര്‍ത്തനലാഭം 1,195 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 1,112 കോടി രൂപയായിരുന്നു. മൊത്ത നിഷ്‌ക്രിയാസ്തി 4.96 ശതമാനത്തില്‍ നിന്നും 4.90 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 3.44 ശതമാനത്തില്‍ നിന്ന് 2.12 ശതമാനമായി താഴ്ന്നു. നിഷ്‌ക്രിയ ആസ്തിക്കുളള നീക്കിയിരുപ്പ് അനുപാതം 50.37 ശതമാനത്തില്‍ നിന്നും 72.03 ശതമാനം ആയി മെച്ചപ്പെടുത്തി.

ഇന്ധനവില വീണ്ടും ഉയര്‍ന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ രണ്ടു ദിവസത്തിനൊടുവില്‍ ഇന്ന് വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോളിന് 22-25 പൈസയും ഡീസലിന് 23-27 പൈസയുമാണ് കൂട്ടിയത്. കൊച്ചില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില.

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 36880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4610 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36400 രൂപയാണ്. ജനുവരി 16 മുതല്‍ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

859 രൂപ മുതലുള്ള നിരക്കില്‍ ടിക്കറ്റ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍

റിപ്പബ്ലിക് ദിന ഓഫറുമായി വിമാന കമ്പനിയായ ഗോ എയര്‍. ഇന്നു തുടങ്ങിയ റിപ്പബ്ലിക് ദിന ഫ്രീഡം സെയില്‍ ഈ മാസം 29 വരെയുണ്ടാകും. ആഭ്യന്തര സര്‍വീസുകള്‍ക്ക് അത്യാകര്‍ഷകമായ ഇളവുകളാണ് ഗോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 859 രൂപ മുതലുള്ള നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. ജനുവരി 29വരെ ബുക്കിംഗ് നടത്താം. ജനുവരി 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ടിക്കറ്റുകള്‍ മാത്രമാകും ഇക്കാലയളവില്‍ ബുക്ക് ചെയ്യാനാകുക.

മൂന്നാം പാദത്തിലെ അറ്റദായത്തില്‍ വി മാര്‍ട്ടിന് 18 ശതമാനം ഇടിവ്

2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ശൃംഖലയായ വി-മാര്‍ട്ട് റീട്ടെയിലിന്റെ അറ്റദായത്തില്‍ 17.77 ശതമാനം ഇടിവ് രേഖപ്പെടുത്തി. 47.87 കോടി രൂപയാണ് മൂന്നാം പാദത്തിലെ അറ്റാദായം. 2019-20 കാലയളവില്‍ 58.22 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.


സൂചികകള്‍ ഇന്നലെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന 50000 പോയ്ന്റ് തൊട്ടതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് ഓഹരി വിപണി ഇടിയാന്‍ കാരണമായി. ദുര്‍ബലമായ ആഗോള വിപണിയും ഇതിന് ആക്കം കൂട്ടി. യൂറോപ്യന്‍ വിപണിയുടെ പ്രകടനവും ആശാവഹമായിരുന്നില്ല. സെന്‍സെക്സ് 746.22 പോയ്ന്റ് ഇടിഞ്ഞ് 48878.54 പോയ്ന്റിലും നിഫ്റ്റി 218.50 പോയ്ന്റ് ഇടിഞ്ഞ് 14371.90 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, എച്ച് യു എല്‍, ടിസിഎസ് തുടങ്ങിയവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it