ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 23, 2021

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന


കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇടതടവില്ലാതെ പിന്തുണ നല്‍കുന്നതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. ബ്രസീല്‍, മൊറോക്കോ കൂടാതെ മറ്റ് അയല്‍ രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും വാക്‌സിന്‍ അയക്കുന്നുണ്ട്. 'ഇന്ത്യയ്ക്കു നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവച്ചാല്‍ മാത്രമേ വൈറസിനെ തടയാനാകൂ, ജീവിതവും ജീവനും സംരക്ഷിക്കാന്‍ കഴിയൂ' ലോകാരോഗ്യ സംഘടന ഡയറക്റ്റര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം നല്‍കി സിയാല്‍

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2019-20 വര്‍ഷത്തെ ലാഭവിഹിതമായി സര്‍ക്കാരിന് 33.49 കോടി രൂപ നല്‍കി. 2019-20 സാമ്പത്തിക വര്‍ഷം 655.05 കോടി രൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു സിയാല്‍. സംസ്ഥാന സര്‍ക്കാരിന്റെ 32.42 % ഓഹരിയുടെ പങ്കാണ് സിയാല്‍ മാനേജിംഗ് ഡയറക്റ്റര്‍ വി.ജെ കുര്യന്‍ സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചെക്ക് സ്വീകരിച്ചത്.


സോളാര്‍ പദ്ധതിക്ക് 1,200 കോടി രൂപ നേടി ടാറ്റ പവര്‍



320 മെഗാവാട്ട് പദ്ധതി ആരംഭിക്കാന്‍ ടാറ്റ പവറിന് 1200 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത സോളാര്‍ കമ്പനിക്ക് സോളാര്‍ പിവി പദ്ധതി നിര്‍മ്മിക്കുന്നതിന് എന്‍ടിപിസിയുടെ 'ലെറ്റര്‍ ഓഫ് അവാര്‍ഡ് (LOA)' ആണ് ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഓര്‍ഡര്‍ മൂല്യം ഏകദേശം 1,200 കോടി രൂപയാണ്(162 ദശലക്ഷം ഡോളര്‍). ഈ പ്രോജക്റ്റിന്റെ വാണിജ്യ പ്രവര്‍ത്തനം 2022 മെയ് മാസം മുതല്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തില്‍ വിപുലീകരണത്തിന്

പൊതുമേഖല ബാങ്ക് ആയ ബാങ്ക് ഓഫ് മഹാരാഷ്ട്ര കേരളത്തില്‍ 2000 കോടി രൂപയുടെ ബിസിനസും 30 ശാഖകളും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഏതാനും മാസത്തിനകം സംസ്ഥാനത്തു സോണല്‍ ഓഫിസ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നു ചെയര്‍മാനും മാനേജിംഗ്് ഡയറക്ടറുമായ എ.എസ്. രാജീവ് അറിയിച്ചു. നിലവില്‍ ബാങ്കിന് 15 ശാഖകളാണു കേരളത്തിലുള്ളത്. മാര്‍ച്ച് 31നു മുമ്പു 10 ശാഖകളും ജൂണ്‍ 30നു മുമ്പ് 5 ശാഖകളും ആരംഭിക്കാനാണ് പദ്ധതി.


പിഎഫ്, ഇഎസ്‌ഐ വിഹിതം നല്‍കാത്ത കമ്പനികളെ കണ്ടെത്താന്‍ സര്‍വേ


എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ), പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതം എന്നിവ കൃത്യമായി അടച്ചിട്ടില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വേ നടത്തുന്നു. ദേശീയ തൊഴില്‍ നയം രൂപീകരിക്കാന്‍ നടത്തുന്ന സര്‍വേയ്‌ക്കൊപ്പമാകും ഇതെന്നും റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെ സ്ഥാപനങ്ങള്‍ ജീവനക്കാരോടു വിഹിതം പിരിക്കുന്നുണ്ടെങ്കിലും പിഎഫിലും ഇഎസ്‌ഐയിലും അടയ്ക്കാറില്ലെന്നും അറിയുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. നേരത്തേ ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പരിശോധനയുണ്ടായിരുന്നു. പിന്നീട് ഇതു സത്യവാങ്മൂലം നല്‍കുന്ന രീതിയിലാക്കി. കോവിഡ് കാലത്തു പലരും ഇതു മുടക്കിയതോടെയാണു പരിശോധന വ്യാപകമാക്കുന്നത് എന്നാണ് അറിയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it