ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 01, 2020

സംസ്ഥാനത്ത് ഇന്ന് 151 കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 151 കോവിഡ് ബാധിതര്‍. ഇന്നലെ 131 കോവിഡ് രോഗികളായിരുന്നു ആകെ. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ജൂണ്‍ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍ എന്നയാളുടെ സ്രവ പരിശോധനാഫലം പോസിറ്റീവ് ആയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലയടിസ്ഥാനത്തിലുള്ള കണക്ക്.
തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവര്‍.

ഇന്ന് ഇന്ത്യയില്‍

രോഗികള്‍ : 585,493 (ഇന്നലെ :566,840 )

മരണം: 17,400 (ഇന്നലെ : 16,893 )

ഇന്ന് ലോകത്ത്

രോഗികള്‍ : 10,475,838 (ഇന്നലെ :10,278,458)

മരണം: 511,253 (ഇന്നലെ : 504,936 )

ഓഹരി വിപണിയില്‍ ഇന്ന്

ബാങ്ക് ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസും നിലമെച്ചപ്പെടുത്തിയപ്പോള്‍ അതിന്റെ പിന്‍ബലത്തില്‍ ഓഹരി വിപണി ഇന്ന് ഉയര്‍ന്നു. സെന്‍സെക്സ് 499 പോയ്ന്റ് അഥവാ 1.43 ശതമാനം ഉയര്‍ന്ന് 35,414.45 ല്‍ ക്ലോസ് ചെയ്തു. ആക്സിസ് ബാങ്ക് ഓഹരി വില ഇന്ന് ആറര ശതമാനം ഉയര്‍ന്നു. നിഫ്റ്റി 128 പോയ്ന്റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 10,430ല്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് 13 കേരള കമ്പനികളുടെ വിലകള്‍ താഴേയ്ക്ക് പോയി. വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ ഇന്ന് മുന്നോട്ട് പോയ ദിവസമായിരുന്നുവെങ്കിലും കേരള ബാങ്കുകളില്‍ നിലമെച്ചപ്പെടുത്തിയത് സിഎസ്ബി ബാങ്കും ഫെഡറല്‍ ബാങ്കും മാത്രമാണ്. നേതൃനിരയില്‍ കൂട്ട രാജി നടക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില ഇന്ന് താഴേയ്ക്ക് പോയി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലേറെ താഴ്ന്നു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ് ): 4520 രൂപ, (ഇന്നലത്തെ വില: 4475 രൂപ

ഒരു ഡോളര്‍ : 75.51 രൂപ (ഇന്നലത്തെ വില: 75.51 രൂപ

ക്രൂഡ് ഓയ്ല്‍ നിരക്ക്

WTI Crude39.20-0.07
Brent Crude41.22-0.05
Natural Gas1.670-0.081

കൂടുതല്‍ പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

എംഎസ്എംഇ രക്ഷാ പദ്ധതി: 750 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ച് ലോക ബാങ്ക്

കോവിഡ് -19 പ്രതിസന്ധി സാരമായി ബാധിച്ച ഇന്ത്യയിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) രക്ഷയ്ക്ക് വായ്പയായി 750 മില്യണ്‍ ഡോളര്‍ നല്‍കാനുള്ള പദ്ധതി ലോക ബാങ്ക് അംഗീകരിച്ചു. സ്വാശ്രയ ഇന്ത്യ പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസ്എംഇ പാക്കേജിനു പിന്തുണ നല്‍കുന്നതാകും ഈ വായ്പ.

ലോക ബാങ്കിന്റെ ഉപസ്ഥാപനം കിഫ്ബിക്ക് നല്‍കുന്നത് 1100 കോടി രൂപയുടെ വായ്പ

കിഫ്ബി പദ്ധതികള്‍ക്കായി ലോക ബാങ്കിന്റെ ഉപസ്ഥാപനമായ ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ (ഐഎഫ്സി) നിന്ന് 1100 കോടി രൂപയുടെ വായ്പയെടുക്കുന്നു. നിലവില്‍ കിഫ്ബിക്ക് ലഭിക്കുന്ന ഫണ്ടിന് നല്‍കുന്ന പലിശയിലും കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പാക്കാനാകുമെന്ന് കിഫ്ബി വൈസ് ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി.

രാജ്യത്തെ മല്‍സ്യ മേഖലയ്ക്ക് 40 ദിവസത്തെ ലോക്ഡൗണ്‍ മൂലം നഷ്ടം 11,652 കോടി

കൊറോണ മൂലമുള്ള ലോക്ഡൗണിലെ ആദ്യ 40 ദിവസങ്ങളില്‍ ഇന്ത്യയിലെ മത്സ്യബന്ധന മേഖലയ്ക്കുണ്ടായ നഷ്ടം 11,652 കോടി രൂപയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ മൊത്തം മത്സ്യലഭ്യതയിലും ഗണ്യമായ കുറവുണ്ടായി. 15.4 ശതമാനമാണ് കുറവ്. 2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്ക്് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ എ ഗോപാലകൃഷ്ണന്‍ പുറത്തുവിട്ടു

ഭാരതി എയര്‍ടെല്‍ ഗ്രൂപ്പില്‍ അമേരിക്കന്‍ കമ്പനിയുടെ 1762 കോടി നിക്ഷേപം

ഭാരതി എയര്‍ടെലിന്റെ ഉടമസ്ഥതയിലുള്ള നെക്സ്ട്ര ഡാറ്റ ലിമിറ്റഡില്‍ അമേരിക്കയില്‍ നിന്നുള്ള കാര്‍ലൈല്‍ ഗ്രൂപ്പിന്റെ 1762 കോടി (23.5 കോടി ഡോളര്‍) രൂപ നിക്ഷേപമെത്തുന്നു. ഡാറ്റ സെന്റര്‍ ബിസിനസ് നടത്തുന്ന നെക്സട്രയില്‍ 25 ശതമാനം ഉടമസ്ഥാവകാശമാണ് കാര്‍ലൈല്‍ സ്വന്തമാക്കുക. ബാക്കിയുള്ള 75 ശതമാനം ഭാരതി എയര്‍ടെലിന്റെ കൈവശം തന്നെ തുടരും. ഇന്ത്യയിലെയും പുറത്തുമുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഡാറ്റ അനുബന്ധ സേവനം നല്‍കിവരുന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്ട്ര. ലൊക്കേഷന്‍ സര്‍വീസ്, ക്ലൗണ്ട് ഇന്‍ഫ്രസ്ട്രെക്ചര്‍, ഹോസ്റ്റിങ്, ഡാറ്റ ബായ്ക്കപ്പ് റിമോട്ട് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പ്രമുഖ സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നെക്സ്ട്രയുടെ ഉപയോക്താക്കളാണ്.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരേ ശ്രദ്ധിക്കൂ; ജൂലൈ ഒന്നു മുതല്‍ നിങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം

ഭാവിയിലേക്ക് ചെറിയ കരുതലെന്ന നിലയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്ഐപി), മ്യൂച്വല്‍ ഫണ്ട് നീക്ഷേപങ്ങള്‍ എന്നിവയെല്ലാമുള്ളവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി വരുന്നു. ജൂലൈ ഒന്നുമുതലാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്. നിക്ഷേപിക്കുന്ന തുകയുടെ 0.005 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുക. ഇതിനുപുറമെ, മ്യൂച്വല്‍ ഫണ്ട് യൂണിറ്റായ ഡിമാറ്റ് അക്കൗണ്ടിലേക്കുള്ള കൈമാറ്റത്തിന് 0.015 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തും. മൂന്നു മാസമോ(90 ദിവസം) അതില്‍ കുറവോ കാലയളവില്‍ കൂടിയ തുക നിക്ഷേപിച്ച ഹ്രസ്വകാല മ്യൂച്വല്‍ ഫണ്ടുകള്‍ക്കായിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി കൂടുതല്‍ ബാധകമാകുക. അതേസമയം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല.

ഇന്ത്യന്‍ കമ്പനി ചരിത്രത്തിലെ ഏറ്റവും കനത്ത നഷ്ടവുമായി വോഡഫോണ്‍ ഐഡിയ

ഇന്ത്യന്‍ കോര്‍പ്പറേറ്റ് വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 73,878 കോടി രൂപയാണ് കമ്പനിയുടെ അറ്റ നഷ്ടം.
സ്പെക്ട്രം ചാര്‍ജ് ഉള്‍പ്പെടെ സുപ്രീം കോടതി വിധി പ്രകാരമുള്ള നിയമാനുസൃത കുടിശ്ശിക നല്‍കുന്നതിനുള്ള വകയിരുത്തല്‍ വന്നതാണ് നഷ്ടം കുന്നുകൂടാനുള്ള കാരണം. 51,400 കോടി രൂപ കുടിശ്ശിക നല്‍കാന്‍ കമ്പനി നിര്‍ബന്ധിതമായിരുന്നു.2019-20 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 44,957.5 കോടി രൂപയാണ്. 2018-19ല്‍ ഇത് 37,092.5 കോടി രൂപയായിരുന്നു.

ചെറുകിട സമ്പാദ്യ പദ്ധതി പലിശ നിരക്കില്‍ മാറ്റമില്ല; പിപിഎഫ് നിരക്ക് കുറച്ചു

പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 2020 ജൂലൈ 1 മുതല്‍ 2020 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. അതേസമയം, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ പിപിഎഫ് പലിശ നിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറച്ചു. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം പലിശ നിരക്ക് 8.6 ശതമാനത്തില്‍ നിന്ന് 7.4 ശതമാനമായും കുറച്ചു. 1 വര്‍ഷത്തെ ടേം നിക്ഷേപ നിരക്ക് 6.9 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമാക്കി.

ഇന്ത്യ-ചൈന സൈനിക പ്രതിനിധി ചര്‍ച്ച തുടരാന്‍ തീരുമാനം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചില ധാരണകളായെങ്കിലും അടുത്ത ദിവസം കൂടുതല്‍ ചര്‍ച്ച തുടരാനുള്ള തീരുമാനത്തോടെ യോഗം പിരിഞ്ഞു. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയത്.പാന്‍ഗോങ് തടാക മേഖലയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സേനാ വിന്യാസം

ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ പുതിയ സംഭവ വികാസങ്ങള്‍. ചൈനയെ സഹായിക്കാന്‍ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോര്‍ക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.പാക് അധീന മേഖലയായ ഗില്‍ജിത് ബാള്‍ട്ടിസ്താനിലേക്ക് പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതിന് പുറമെ പാകിസ്താനിലെ അല്‍ ബാദര്‍ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചര്‍ച്ചകള്‍ നടത്തിയെന്നും കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ അവര്‍ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദേശീയപാത പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി

സംയുക്ത സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശീയപാത പദ്ധതികളില്‍ ചൈനീസ് കമ്പനികളെ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി .മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്ന് ചൈനീസ് നിക്ഷേപകരെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ആപ്പുകളുടെ നിരോധനം ലോക വ്യാപാര സംഘടനാ നിയമം മറി കടന്നെന്ന് ചൈന

ചൈനീസ് ആപ്പുകളുടെ നിരോധനം ലോക വ്യാപാര സംഘടനാ നിയമങ്ങളുടെ ലംഘനമാണ് എന്ന് ചൈന. രാജ്യത്ത് തുറന്നതും ന്യായവുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു. ചില ചൈനീസ് ആപ്പുകളെ മാത്രം തിരഞ്ഞുപിടിച്ച് വിവേചനപരമായാണ് ഇന്ത്യ നടപടി സ്വീകരിച്ചതെന്നും ഇത് സുതാര്യമായ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ദേശീയ സുരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്നും ലോക വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും ചൈനീസ് എംബസി വക്താവ് ദി റോംഗ് ന്യൂഡല്‍ഹിയില്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബസ് ചാര്‍ജ് കൂടും, മിനിമം നിരക്കില്‍ മാറ്റമില്ല

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. രണ്ടര കിലോമീറ്ററിന് 8 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ ചാര്‍ജ്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.

കോവിഡ്: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനാവില്ലെന്ന് ടിക്കാറാം മീണ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. കൊവിഡ് വ്യാപനവും കാലവര്‍ഷവും കാരണം ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി ഉപതെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നായിരുന്നു നേരത്തയെുള്ള തീരുമാനം.

റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ: പദ്ധതിയുമായി കേന്ദ്രഗതാഗത മന്ത്രാലയം

റോഡപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. റോഡപകടത്തില്‍പ്പെടുന്നവരുടെ ചികിത്സയ്ക്കായി മോട്ടോര്‍ വാഹന അപകട ഫണ്ട് രൂപീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.കേന്ദ്രഗതാഗത മന്ത്രാലയമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ സമയബന്ധിതമായ പ്രഥമശുശ്രൂഷ നല്‍കുക, ഇരകളുടെ അതിജീവനത്തിനുള്ള സാധ്യത മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വിദേശ കടം 2.84 ശതമാനം വര്‍ധിച്ച് 558.5 ബില്യണ്‍ ഡോളര്‍

ഇന്ത്യയുടെ വിദേശ കടം 2.84 ശതമാനം വര്‍ധിച്ച് മാര്‍ച്ച് അവസാനത്തില്‍ 558.5 ബില്യണ്‍ ഡോളറിലെത്തി. 15.4 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 543.1 ബില്യണ്‍ ഡോളറായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; ആറ് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.

ചെലവ് ചുരുക്കാന്‍ വീണ്ടും നടപടികളുമായി ഇന്‍ഡിഗോ; ജീവനക്കാരെ പിരിച്ചുവിടുന്നു

ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടികളുടെ ഭാഗമായി, ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാന്‍ ആരംഭിച്ചു. അതേസമയം മറ്റു ചില ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി നീട്ടിക്കൊടുത്തു. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിശീലനത്തിലുള്ള പൈലറ്റുമാരുടെ ശമ്പളം 75 ശതമാനമായി കുറയ്ക്കും.

പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി; തിരഞ്ഞെടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ 100 ദിവസത്തിനകം നടപ്പാക്കും

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണലുകളും വിവിധ തൊഴില്‍ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ വൈദഗ്ധ്യം നേടിയവരും സംരംഭകത്വ മേഖലയില്‍ പരിചയമുള്ളവരുമായ പ്രവാസികളുടെ കഴിവുകള്‍ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കുണ്ട്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്: 4% പലിശ കെഎസ്എഫ്ഇയും 5% സര്‍ക്കാരും വഹിക്കും

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി കുട്ടികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതി കെഎസ്എഫ്ഇ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. കെഎസ്എഫ്ഇ വിദ്യാശ്രീ എന്ന പേരില്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ ചിട്ടിത്തുകയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനായി കെഎസ്എഫ്ഇ ആരംഭിക്കും. പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം തവണകള്‍ അടക്കുന്നവര്‍ക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്ടോപ് കെഎസ്എഫ്ഇ മുഖേന വായ്പയായി നല്‍കും. വായ്പയുടെ പലിശ നാല് ശതമാനം കെഎസ്എഫ്ഇയും അഞ്ച് ശതമാനം സര്‍ക്കാറും വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Listen Latest Podcast : Money Tok : നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം

ഒരു കാര്‍ വാങ്ങിയാല്‍ അതിന് ഇന്‍ഷുറന്‍സ് എടുക്കും. എന്തിന് ഒരു വില കൂടിയ മൊബൈല്‍ വാങ്ങിയാല്‍ അതിനു വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. എന്നാല്‍ നമ്മുടെ ജീവനോ. കാറിനെക്കാളും മൊബൈലിനെക്കാളുമെല്ലാം വിലപിടിപ്പില്ലാത്തതാണോ നമ്മള്‍. നമ്മുടെ നഷ്ടം നമ്മുടെ ആശ്രിതര്‍ക്ക് വരുത്തുന്ന പ്രയാസങ്ങള്‍ നമ്മള്‍ കണക്കിലെടുക്കാത്തതെന്താണ്. ഇവിടെയാണ് ടേം ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും. ഇന്‍ഷുറന്‍സ് ഒരു നിക്ഷേപമല്ലെന്നതാണ് ആദ്യമേ മനസിലാക്കേണ്ടത്. വരുമാനം ലഭിച്ചുതുടങ്ങിയാല്‍ നിങ്ങളെ സമീപിക്കുന്ന സുഹൃത്തോ ബന്ധുവോ ആയ ഏജന്റ് നിര്‍ദേശിക്കുന്ന ഇന്‍ഷുറന്‍സിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഇതാ ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്നത്തെ മണി ടോക് പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it