Top

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 02, 2020

ഇന്ന് 160 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. അതേസമയം കോട്ടയത്ത് നെഗറ്റീവ് ഫലമായ യുവതിയുടെ ഫലം വീണ്ടും പോസിറ്റീവായത് ആശങ്ക പരത്തുന്നു. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം പിടിപെട്ടത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈത്ത്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹ്റൈന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്‌നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

ഇന്ന് ഇന്ത്യയില്‍

രോഗികള്‍ : 604,641 (ഇന്നലെ :585,493 )

മരണം: 17,834 (ഇന്നലെ : 17,400)

ഇന്ന് ലോകത്ത്

രോഗികള്‍ : 10,694,060 (ഇന്നലെ :10,475,838 )

മരണം: 516,210 (ഇന്നലെ : 511,253 )

ഓഹരി വിപണിയില്‍ ഇന്ന്

ഓട്ടോ, ഐറ്റി ഓഹരികളുടെ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. സെന്‍സെക്സ് 429 പോയ്ന്റ് (1.2 ശതമാനം) ഉയര്‍ന്ന് 35,844 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 122 പോയ്ന്റ് (1.17 ശതമാനം) വര്‍ധിച്ച് 10,552ല്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

ആറ് കേരള കമ്പനികളുടെ വിലകള്‍ മാത്രമാണ് ഇന്ന് താഴേയ്ക്ക് പോയത്. പ്രമുഖ എന്‍ബിഎഫ്സികളെല്ലാം ഇന്ന് നിലമെച്ചപ്പെടുത്തി. മൂത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വിലയില്‍ നാലുശതമാനത്തോളം വര്‍ധനയുണ്ടായി. എന്നാല്‍ സിഎസ്ബി ബാങ്ക് താഴ്ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിലയിലും ഇടിവുണ്ടായി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ് ): 4480 രൂപ, (ഇന്നലത്തെ വില: 4520 രൂപ

ഒരു ഡോളര്‍ : 74.73 രൂപ (ഇന്നലത്തെ വില: 75.51 രൂപ

ക്രൂഡ് ഓയ്ല്‍ നിരക്ക്

WTI Crude40.09+0.27
Brent Crude42.34+0.31
Natural Gas1.687+0.016

കൂടുതല്‍ പ്രധാന വാര്‍ത്തകള്‍

ജി.എസ്.ടി വരുമാനം മെല്ലെ ഉയരുന്നു

ചരക്കു-സേവന നികുതി ഇനത്തിലെ വരുമാനം ജൂണില്‍ മെച്ചപ്പെട്ടതിന്റെ നേരിയ ആശ്വാസത്തില്‍ കേന്ദ സര്‍ക്കാര്‍. 90917 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം മാത്രം കുറവ്. 99940 കോടി രൂപയായിരുന്നു 2019 ജൂണിലെ സമാഹരണം. കഴിഞ്ഞമാസം ഇടിവ് 9.02 ശതമാനത്തില്‍ ഒതുങ്ങി.കോവിഡ് ആഘാതത്തില്‍ ഉലഞ്ഞ നടപ്പുവര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്താന്‍ ജി.എസ്.ടിക്ക് കഴിഞ്ഞിട്ടുണ്ട്

65 കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. രോഗ ബാധ സ്ഥീരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം.

പ്രതിരോധ മന്ത്രി ലഡാക്ക് സന്ദര്‍ശനം മാറ്റി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദര്‍ശനം മാറ്റിവെച്ചു. അതിര്‍ത്തിയിലെ സൈനിക തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് വെള്ളിയാഴ്ചയാണ് രാജ്‌നാഥ് സിങ്ങ് ലേയില്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

യു.എന്നില്‍ ഹോങ് കോങ് വിഷയം ഉയര്‍ത്തി ഇന്ത്യ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക് ഉള്‍പ്പടെയുള്ള 59 ആപ്പുകള്‍ നിരോധിച്ചതിന് പിറകേ ഒരു വര്‍ഷമായി നടക്കുന്ന ഹോങ് കോങ് പ്രതിഷേധത്തിന്റെ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച് ഇന്ത്യ. 2019 ജൂണില്‍ ആരംഭിച്ച പ്രതിഷേധത്തെ കുറിച്ച് ഇതാദ്യമായാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നത്.

ആപ്പുകള്‍ നിരോധിച്ച നടപടി 'ഡിജിറ്റല്‍ സ്‌ട്രൈക്കെ'് ; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു 'ഡിജിറ്റല്‍ സ്ട്രൈക്ക്' ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 'പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നാം ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. അതൊരു ഡിജിറ്റല്‍ സ്ട്രൈക്ക് ആയിരുന്നു.' ബംഗാളില്‍ നടന്ന ബി.ജെ.പി. റാലിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു

പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ 16ശതമാനം വര്‍ധന

രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ 16 ശതമാനം വര്‍ധന. ലോക്ഡൗണില്‍ ഇളവുനല്‍കിയതോടെ സ്വകാര്യ വാഹനങ്ങള്‍ വന്‍തോതില്‍ നിരത്തിലിറങ്ങിയതിനാലാണ് ഉപഭോഗം വര്‍ധിച്ചത്.എന്നിരുന്നാലും കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 14ശതമാനം കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഡീസല്‍ ഉപഭോഗത്തില്‍ 20ശതമാനമാണ് വര്‍ധനവുണ്ടായത്. 2019 ജൂണിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള്‍ 17 ശതമാനം കുറവാണിത്.

എല്ലാവര്‍ക്കും കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ വേണ്ടിവരില്ലെന്ന് ഓക്‌സ്ഫഡ് പ്രൊഫസര്‍

കോവിഡ് 19 പ്രതിരോധ വാക്സിന്‍ രോഗം ബാധിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും ആവശ്യം വരില്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത. കോവിഡ് 19 വ്യാപനം തടയാനുളള ദീര്‍ഘകാല പരിഹാരമല്ല ലോക്ഡൗണെന്നും അവര്‍ പറഞ്ഞു.കോവിഡ് 19 പ്രതിരോധ വാക്സിന്‍ നിലവില്‍ വരികയാണെങ്കില്‍ അത് ദുര്‍ബലരായവരെ ചികിത്സിക്കാനായി ഉപയോഗിക്കണം. ഭൂരിഭാഗം പേര്‍ക്കും വൈറസിനെ കുറിച്ചോര്‍ത്ത് ഭയപ്പെടേണ്ട കാര്യമില്ല - സുനേത്ര് ഗുപ്ത പറയുന്നു.

വൈദ്യുതി ബോര്‍ഡ് ബില്ലിംഗിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി അനുവദിച്ചില്ല

ലോക്ഡൗണ്‍ കാലത്ത് വൈദ്യതി ബോര്‍ഡ് നല്‍കിയ ബില്ലുകള്‍ അമിത തുക ഈടാക്കാനുള്ള നടപടിയാണെന്നും നിയമവിരുദ്ധമാണെന്നും ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഹൈക്കോടതി അനുവദിച്ചില്ല.ഉപഭോഗത്തിന് അനുസൃതമായി മാത്രമാണ് ബില്ല് നല്‍കിയതെന്നും ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും വൈദ്യുതി ബോര്‍ഡ് വിശദീകരിച്ചു.

മിഗ്, സുഖോയ് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം

ഇരുപത്തിയൊന്ന് മിഗ്-29 വിമാനങ്ങളും പന്ത്രണ്ട് സുഖോയ് എസ്യു-30 എംകെഐ വിമാനങ്ങളും ഉടന്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തു.നിലവിലുളള മിഗ്-29 വിമാനങ്ങള്‍ നവീകരിക്കും. ഇക്കാര്യങ്ങള്‍ക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത പ്രതിരോധ യോഗത്തില്‍ മൊത്തം 18148 കോടി രൂപയുടെ അടിയന്തിര അനുമതിയാണ് നല്‍കിയിരിക്കുന്നത്. .

താന്‍ പ്രസിഡന്റ് ആയാല്‍ യു.എസ് -ഇന്ത്യ ബന്ധം അതിശക്തമാകും: ജോ ബൈഡന്‍

നവംബറില്‍ നടക്കാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ പറഞ്ഞു.സുരക്ഷയ്ക്ക് ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും പ്രസിഡന്‍ഷ്യല്‍ കാമ്പെയിനിന്റെ ഭാഗമായുള്ള വെര്‍ച്വല്‍ ഫണ്ട് സമാഹരണ പരിപാടിയ്ക്കിടെ ബൈഡന്‍ ചൂണ്ടിക്കാട്ടി.

മുംബൈയിലെ കനത്ത വെദ്യുതി ബില്‍: പരാതി ഏറ്റു ; ഇഎംഐ സൗകര്യമനുവദിച്ച് അദാനി

കെ.എസ്.ഇ ബോര്‍ഡിനെപ്പോലെ തന്നെ ലോക്ഡൗണ്‍ വേളയില്‍ കനത്ത തുകയുടെ വെദ്യുതി ബില്‍ നല്‍കി ഉപയോക്താക്കളെ ഞെട്ടിക്കുകയും ന്യായീകരണ നീക്കങ്ങള്‍ ഏല്‍ക്കാതെ പോവുകയും ചെയ്ത ശേഷം 'ഇഎംഐ ഓപ്ഷന്‍'അടക്കം രോഷമടക്കാനുള്ള വിവിധ നടപടികളിലേക്കു നീങ്ങുന്നു മുംബൈയില്‍ അദാനി ഇലക്ട്രിസിറ്റി ലിമിറ്റഡ്.

2036 വരെ റഷ്യ ഭരിക്കുന്ന നേതാവായി പുടിന്‍!

ഏകാധിപതി എന്ന നിലയില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 2036 വരെ പുടിന് തുടര്‍ന്നും ഭരിക്കാന്‍ അനുമതി നല്‍കുന്ന സുപ്രധാന ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരം ലഭിച്ചു. രണ്ട് പതിറ്റാണ്ടായി റഷ്യയില്‍ ഭരണം തുടരുന്ന പുടിന് ഒന്നര പതിറ്റാണ്ട് കൂടി തുടര്‍ ഭരണം ഇതോടെ സാധ്യമാകും. വന്‍ ഭൂരിപക്ഷത്തോടെയാണ് പുടിന്റെ ഭരണം തുടരാനുള്ള ഭേദഗതിക്ക് രാജ്യം അംഗീകാരം നല്‍കിയത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഏഴ് ദിവസങ്ങളിലായി നടന്ന ഭരണഘടനാ ഭേദഗതിക്കുള്ള വോട്ടെടുപ്പില്‍ 60 ശതമാനവും എണ്ണിക്കഴഞ്ഞപ്പോള്‍ തന്നെ അതില്‍ 76.9 ശതമാനം ജനങ്ങളും പുടിനെ പിന്തുണച്ചുവെന്ന് കമ്മിഷന്‍ അറിയിച്ചു.

ഗ്രാമീണ മേഖല ഉണരുന്നതിന്റെ പ്രതീക്ഷയില്‍ വാഹന വിപണി

കോവിഡ് ഭീതിയും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം രാജ്യത്തെ ആഭ്യന്തര കാര്‍ വിപണിയില്‍ പരിതാപകരമായ അവസ്ഥയായിരുന്നു ജൂണിലും ദൃശ്യമായതെങ്കിലും ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് മെല്ലെ ഉയര്‍ന്നുവരുന്നതിന്റെ നേരിയ പ്രതീക്ഷ പങ്കുവച്ചു തുടങ്ങി വാഹന വ്യവസായ മേഖല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്‌കോര്‍ട്ട്സ് കമ്പനികള്‍ക്ക് ട്രാക്ടര്‍ വില്‍പ്പനയില്‍ 2019 ജൂണിലേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് മികച്ച സൂചനയായി വിലയിരുത്തപ്പെടുന്നു.

വീട്ടിലിരുന്ന് തന്നെ സ്വര്‍ണപ്പണയ വായ്പയെടുക്കാം; 'ലോണ്‍ അറ്റ് ഹോം'

ഉപഭോക്താക്കള്‍ക്ക് കോവിഡ് കാലത്ത് സുരക്ഷിതമായ സ്വര്‍ണ വായ്പാ പദ്ധതിയൊരുക്കി മുത്തൂറ്റ് ഫിനാന്‍സ്. മൊബൈലിലൂടെ മുത്തൂറ്റ് ഫിനാന്‍സിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോണിന് അഫേക്ഷിക്കുകയും വീടിനു പുറത്തിറങ്ങാതെ തന്നെ സ്വര്‍ണം ഈടുവച്ചു വായ്പ എടുക്കാനുള്ള സംവിധാനമാണ് കമ്പനി ഇതിലൂടെ ഒരുക്കിയിട്ടുള്ളത്. ലോണ്‍ അറ്റ് ഹോം എന്ന ഈ പദ്ധതിയിലൂടെ കമ്പനി് ഇടപാടുകാരന്റെ സൗകര്യം, സമയം എന്നിവയനുസരിച്ചാണ് വായ്പ ലഭ്യമാക്കുക.

വില്‍പ്പനയില്‍ മുകളിലായിട്ടും മൂല്യത്തില്‍ ടൊയോട്ടയെ പിന്നിലാക്കി ടെസ്‌ല

ഇലക്ട്രിക് കാറുകളുടെ തലവര മാറ്റിയെഴുതിയ ടെസ്‌ല ലോകത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി. ജൂലൈ ഒന്നിലെ സ്റ്റോക്ക് മാര്‍ക്കറ്റ് നിലവാരമനുസരിച്ചാണ് 209.47 ബില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂല്യവുമായി ജപ്പാന്‍ കാര്‍ഭീമന്മാരായ ടോയോട്ടയെയും പിന്നിലാക്കി ടെസ്ല ഒന്നാമതെത്തിയത്. എന്നാല്‍ വില്‍പ്പനയില്‍ ഇപ്പോഴും ടൊയോട്ട തന്നെയാണ് ഒന്നാമന്‍. ഇലക്ട്രിക് കാര്‍ മാര്‍ക്കറ്റിലെ 1,134 ഡോളര്‍ ഷെയറുകളാണ് ടെസ്‌ലയെ കാര്‍ നിര്‍മാതാക്കളില്‍ ഏറ്റവും മൂല്യമേറിയ കമ്പനിയാക്കിയത്.

കൊറോണ തുണച്ചു; ചരിത്രം തിരുത്തി 100 % സമയനിഷ്ഠ സ്വന്തമാക്കി റെയില്‍വേ

ഒരു ദിവസം സര്‍വീസ് നടത്തിയ മുഴുവന്‍ ട്രെയിനുകളും കൃത്യസമയം പാലിച്ചെന്ന അവകാശ വാദവുമായി ഇന്ത്യന്‍ റെയില്‍വേക്ക് മുന്നോട്ടുവരാന്‍ കൊറോണ വൈറസ് തുണയേകി.ജൂലായ് ഒന്നിന് ഓടിയ 201 ട്രെയിനുകളും കൃത്യസമയം പാലിച്ചതായാണ് അറിയിപ്പ്. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അവകാശവാദം നടത്താന്‍ ഇന്ത്യന്‍ റെയില്‍വേക്ക് സാധ്യമായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it