ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 04, 2020

ഇന്ന് സംസ്ഥാനത്ത് 240 കോവിഡ് ബാധിതര്‍

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗബാധയുണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. - 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നൈജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് - 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന - 5, ഉത്തര്‍പ്രദേശ് - 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

ഇന്ന് ഇന്ത്യയില്‍

രോഗികള്‍ : 648,315 (ഇന്നലെ :625,544 )

മരണം: 18,655 (ഇന്നലെ : 18,213)

ഇന്ന് ലോകത്ത്

രോഗികള്‍ : 11,074,878 (ഇന്നലെ :10,869,739)

മരണം: 525,121 (ഇന്നലെ : 521,298 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്:

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ് ): 4491 രൂപ, (ഇന്നലത്തെ വില: 4495 രൂപ)

ഒരു ഡോളര്‍ : 74.68 രൂപ (ഇന്നലത്തെ വില: 74.67 രൂപ)

ക്രൂഡ് ഓയ്ല്‍ നിരക്ക്

WTI Crude40.32-0.33
Brent Crude42.80-0.34
Natural Gas1.750+0.016

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ഇന്ത്യന്‍ കമ്പനികളെ തടഞ്ഞ് ചൈനയെ സഹായിക്കുന്ന നിയമം മാറണം: ഗഡ്കരി

രാജ്യത്തെ കരാറുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളെ തടയുന്നതോടൊപ്പം ചൈനീസ് കമ്പനികള്‍ക്കു സഹായകമാവുകയും ചെയ്യുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നതായി കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ചൈനീസ് കമ്പനികള്‍ക്ക് അനുകൂലമായ ഇത്തരം കാലഹരണപ്പെട്ട നിയമങ്ങള്‍ ദേശീയ താല്‍പ്പര്യത്തിനനുസൃതമായി പരിഷ്‌കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിസിനസുകാര്‍ക്ക് ആശ്വാസം; ജി.എസ്.ടി റിട്ടേണ്‍ ലേറ്റ് ഫയലിംഗ് പിഴ 500 മാത്രം

ബിസിനസ് ലോകത്തിന് ആശ്വാസമേകി ജി എസ് ടി റിട്ടേണിന്റെ ലേറ്റ് ഫയലിംഗ് പിഴ 5000 രൂപയില്‍ ഇത് 5,00 രൂപയാക്കി കുറച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് (സിബിഐസി) ഉത്തരവായി. ജിഎസ്ടിആര്‍ -3 ബി റിട്ടേണ്‍ വൈകി സമര്‍പ്പിക്കുമ്പോള്‍ ഈടാക്കുന്ന തുകയാണ് ഇതോടെ കുറയുന്നത്.സെപ്റ്റംബര്‍ 30 നകം റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി 2017 ജൂലൈ മുതല്‍ 2020 ജൂലൈ വരെയുള്ള റിട്ടേണുകള്‍ക്ക് ഇത് ബാധകമാണ്.

സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ജൂലൈ ആറു മുതല്‍ നിക്ഷേപിക്കാം; പുതിയ വിലയും വിവരങ്ങളും

സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതിയുടെ നാലാം ഘട്ടം തിങ്കളാഴ്ച (ജൂലൈ 6) മുതല്‍ അഞ്ച് ദിവസത്തേക്ക് സബ്‌സ്‌ക്രിപ്ഷനായി തുറക്കും. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നല്‍കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാരാണ് ഇഷ്യു ചെയ്യുന്നത്. ജൂലൈ ആറിന് സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്ന നാലാം ഗഡു 2020 ജൂലൈ 10 ന് അവസാനിക്കും. ഒരു ഗ്രാമിന് 4852 രൂപയാണ്. മൂന്നാം ഘട്ട ഇഷ്യുവില്‍ ഗ്രാമിന് 4,677 രൂപയായിരുന്നു.

കൊവിഡ്: തിടുക്കത്തിലുള്ള ഇന്ത്യാ വാക്സിന്‍ വികസനം അപകടകരമെന്ന് വിദഗ്ധര്‍

ഇന്ത്യയുടെ കോവിഡ് -19 വാക്സിന്‍ പ്രോഗ്രാമിന്റെ വിജയം ഓഗസ്റ്റ് 15 ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കാനുള്ള നിര്‍ബന്ധ ബുദ്ധിയോടെ നടക്കുന്ന നീക്കങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രമുഖ ശാസ്ത്രജ്ഞര്‍. തിരക്കിട്ടു നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കണമെന്നില്ലെന്നും മരുന്നിന്റെ ഗുണഫലം കുറയാന്‍ അതിടയാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഊബര്‍ മുംബൈ ഓഫീസ് പൂട്ടി; കാറുകളുടെ എണ്ണം കുറച്ച് ഓലയും സൂം കാറും

ഓണ്‍ലൈന്‍ ടാക്സി സേവനമേഖലയിലെ രാജ്യാന്തര കമ്പനിയായ ഊബര്‍ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി. മെയ് മാസത്തില്‍ ഇന്ത്യയിലെ നാലിലൊന്ന് ജീവനക്കാരെ (600 ജീവനക്കാര്‍) പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനവും ഊബര്‍ പുറത്തുവിട്ടത്. എന്നാല്‍ ഓഫീസ് അടച്ചുപൂട്ടിയാലും ഊബറിന്റെ മുംബൈ ഓഫീസിലെ ജീവനക്കാര്‍ വീട്ടിലിരുന്നാവും ജോലി ചെയ്യുകെയന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പക്ഷെ ഔദ്യോഗിക അറിയിപ്പില്‍ ഡിസംബര്‍ വരെയാണ് ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുന്നത്.

പിടിച്ചു നിര്‍ത്താനാകാതെ എന്‍.പി.എ; അന്തം വിട്ട് പൊതുമേഖലാ ബാങ്കുകള്‍

രാജ്യത്തെ ചില പൊതുമേഖലാ ബാങ്കുകള്‍ക്ക് മാര്‍ച്ച് പാദ ഫലങ്ങള്‍ മികച്ചതായിരുന്നെങ്കിലും മൊത്തത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ കുത്തനെയാണുയര്‍ന്നത്. സ്വകാര്യ ബാങ്കുകളുടെ ഇരട്ടിയിലേറെയാണ് പൊതുമേഖലാ ബാങ്കുകളുടെ എന്‍പിഎ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് പശ്ചാത്തലത്തില്‍ ഈ ദുരവസ്ഥയുടെ ആഴം ഇനിയും വിലയിരുത്താനിരിക്കുന്നതേയുള്ളൂ.

കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന സംഘം ചൈനയിലേക്ക്

കോവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ്-2 വിന്റെ ഉറവിടം അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും.

ആന്‍ഡമാനില്‍ സൈനികശേഷി കൂട്ടുന്നു

ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ സൈനിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തന്ത്രപ്രധാനമായ ഭാഗമാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍.ഏറെക്കാലമായി നടപ്പാകാതെ കിടന്ന പദ്ധതികള്‍ക്ക് ചടുലവേഗം കൈവന്നിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റും ജപ്പാന്‍ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച റദ്ദാക്കി

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുളള കൂടിക്കാഴ്ച റദ്ദാക്കി. ഷി ജിന്‍പിംഗിനെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് ഷിന്‍സോ ആബെ വ്യക്തമാക്കി. ഷി ജിന്‍പിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനെതിരേ ടോക്കിയോയില്‍ വലിയ പ്രതിഷേധവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.ചൈനയും ജപ്പാനും തമ്മില്‍ ഹോങ്കോംഗിനെ ചൊല്ലി സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞ് ചൈന

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി. 'പൊതുവായ വെല്ലുവിളി'കളെ നേരിടാന്‍ പരസ്പരം സഹകരിക്കാനാണ് ഇരുവരും നടന്ന ചര്‍ച്ചയിലെ തീരുമാനം. ഇന്ത്യയുടെ അതിര്‍ത്തിയിലെ നടപ്പ് രീതികളും അതിര്‍ത്തി വകസന പദ്ധതികളും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നാണ് ഇരു രാജ്യങ്ങളും ആരോപിക്കുകയാണ്. മൂന്ന് വട്ടം അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പാക്-ചൈന ചര്‍ച്ച.

അഞ്ച് രാജ്യങ്ങളില്‍ നിന്നുളള ഒമ്പത് പേരെ ഇന്ത്യ തീവ്രവാദികളായി പ്രഖ്യാപിച്ചു

ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്ത ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമപ്രകാരം പഞ്ചാബില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതായി പറയപ്പെടുന്ന ഒമ്പത് പേരെ ഭീകരവാദികളായി പ്രഖ്യാപിച്ചു. അഞ്ച് രാജ്യങ്ങളില്‍ നിന്നുളളവരാണിവര്‍.ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹര്‍, ലഷ്‌കര്‍-ഇ-തായ്ബ സ്ഥാപകന്‍ ഹഫീസ് സയീദ്,ഓപ്പറേഷന്‍ കമാന്‍ഡര്‍ സാക്കി-ഉര്‍-റഹ്മാന്‍ ലഖ്വി, ദാവൂദ് ഇബ്രാഹിം എന്നിവരെ ഇന്ത്യന്‍ നിയമപ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ പുനരാധിവാസ വില്ലേജിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍കോട് മുളിയാര്‍ പഞ്ചായത്തില്‍ സാമുഹ്യ നീതി വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന പുനരാധിവാസ വില്ലേജിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്ന് വാങ്ങിയ മുതലപ്പാറയിലെ 25.12 ഏക്കര്‍ സ്ഥലത്ത് 58.75 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഗ്രാമത്തില്‍ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, തൊഴില്‍ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്സുകള്‍, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയവ് നടപ്പിലാക്കും.

കെയര്‍ ഹോം പദ്ധതിയില്‍ 2000 വീടുകള്‍ പൂര്‍ത്തിയായി

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയില്‍ 2000 വീടുകള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് രണ്ടായിരാമത്തെ വീടിന്റെ താക്കോല്‍ ദാനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ് കെയര്‍ ഹോം പദ്ധതി. ആകെ 2092 വീടുകളാണ് ഈ പദ്ധതിയിലൂടെ സഹകരണ വകുപ്പ് നിര്‍മിച്ച് കൈമാറുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it