ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 07, 2020

ഇന്ന് സംസ്ഥാനത്ത് 272 കോവിഡ് ബാധിതര്‍. ഇന്ത്യയ്ക്ക് 5,600 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. ഐ.ടി സെക്രട്ടറി സ്ഥാനത്ത് എം. വൈ സഫറുള്ള. തുടര്‍ച്ചയായി അഞ്ചാംദിവസവും ഉയര്‍ന്ന് വിപണി. കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

-Ad-
ഇന്ന് സംസ്ഥാനത്ത് 272 കോവിഡ് ബാധിതര്‍, സമ്പര്‍ക്കം മൂലം 68 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19. 68 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗികളായവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. 111 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സിഐഎസ്എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട്-15, കാസര്‍കോട് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ആകെ വിവിധ ജില്ലകളിലായി 1,86,576 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 3034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

-Ad-
ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 719,665(ഇന്നലെ വരെയുള്ള കണക്ക്: 697,413 )

മരണം : 20,160 (ഇന്നലെ വരെയുള്ള കണക്ക്: 19,693)

ലോകത്ത് ഇതുവരെ

രോഗികള്‍: 11,620,096 (ഇന്നലെ വരെയുള്ള കണക്ക്: 11,449,707 )

മരണം : 538,058 ( ഇന്നലെ വരെയുള്ള കണക്ക്: 534,267 )

ഓഹരിവിപണിയില്‍ ഇന്ന്

187 പോയ്ന്റ് അഥവാ 0.51 ശതമാനം ഇന്നും സെന്‍സെക്സ് ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഗ്രീന്‍ സോണില്‍ തുടര്‍ച്ചയായി അഞ്ചാംദിവസം പിന്നിട്ടു. നിഫ്റ്റി 36 പോയ്ന്റ് ഉയര്‍ന്ന് 10,799.65ല്‍ ക്ലോസ് ചെയ്തു. ഇന്നും വിപണിയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഐറ്റി സ്റ്റോക്കുകള്‍ നിര്‍ണായക പങ്ക് വഹിച്ചു. ബജാജ് ഫിനാന്‍സ്, ബന്ധന്‍ ബാങ്ക് എന്നിവയുടെ റിസള്‍ട്ടുകളാണ് ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളുടെ ഉയര്‍ച്ചയ്ക്ക് കാരണമായത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ബാങ്കിംഗ്, ധനകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അനുകൂലമായിരുന്നു. ഈ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള ഓഹരികളായ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് എന്നിവ ഉയര്‍ന്നപ്പോള്‍ ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയെല്ലാം റെഡ് സോണിലായിരുന്നു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,515 രൂപ (ഇന്നലെ : 4,475 രൂപ)

ഒരു ഡോളര്‍ : 74.80 രൂപ (ഇന്നലെ :74.59 രൂപ)

ക്രൂഡ് ഓയ്ല്‍ :
WTI Crude40.24-0.39
Brent Crude42.81-0.29
Natural Gas1.908+0.078
മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി

തിരുനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി. കോണ്‍സുലേറ്റിലെ ആര്‍ക്കും കേസില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തു. സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണമെന്ന് സ്ഥാനപതി ആവശ്യപ്പെട്ടു.

ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ശിവശങ്കറിനെ മാറ്റി; എം. വൈ സഫറുള്ള പുതിയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറെ മാറ്റി. എം. വൈ സഫറുള്ളയാണ് പുതിയ ഐ.ടി സെക്രട്ടറി.ശിവശങ്കര്‍ അവധിക്ക് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് നടപടി. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.

ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്ക

വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

ചൈനക്കെതിരെ ഇന്ത്യക്കൊപ്പം ശക്തമായി തന്നെ അമേരിക്ക; വിമാനവാഹിനി കപ്പലുകള്‍ തയ്യാര്‍

ഇന്ത്യ-ചൈന സംഘര്‍ഷത്തിലും മറ്റ് സംഘര്‍ഷ മേഖലകളിലും അമേരിക്കന്‍ സേന ശക്തമായി തന്നെ നിലകൊളളുമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മീഡോസ്. ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കന്‍ സേന രണ്ട് വിമാനവാഹിനി കപ്പല്‍ അയച്ചിട്ടുണ്ട്.അമേരിക്കന്‍ സേന തയ്യാറാണെന്ന സന്ദേശം എതിര്‍ രാജ്യങ്ങള്‍ക്ക് അങ്ങനെ നല്‍കും. ലോകത്തെ ഏറ്റവും ശക്തമായ സേന അമേരിക്കയുടേത് തന്നെയാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ തങ്ങളെന്നും മാര്‍ക് അഭിപ്രായപ്പെട്ടു.

കോവിഡ് ഇരകളുടെ കണക്കില്‍ ചൈനയെ മറികടന്ന് മുംബൈ

കോവിഡ് രോഗികളുടെയും മരണത്തിന്റെയും കണക്കില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ മറികടന്ന് മുംബൈ നഗരം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മുംബൈ നഗരത്തില്‍ 85,724 കോവിഡ് കേസുകളും 4,938 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ കോവിഡ് മരണങ്ങള്‍ 4,634 ആണ്. ആകെ രോഗബാധിതര്‍ 83,566 ഉം. ജൂലൈ ഒന്നിനു ശേഷം ദിവസേന ആയിരത്തില്‍ അധികം കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

സ്വകാര്യ തീവണ്ടികളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അവകാശം സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് റെയില്‍വെ കൈമാറും. ഇന്ത്യന്‍ റെയില്‍വെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിക്കാനുള്ള അവസരവും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കും. തുക അവരുടെ അക്കൗണ്ടിലേക്കാകും വരവു വെയ്ക്കുക. സ്വകാര്യ ട്രെയിനുകള്‍ പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞേ അതേ സ്റ്റേഷനില്‍നിന്ന് ഈ റൂട്ടില്‍ വേറൊരു ട്രയിന്‍ പുറപ്പെടൂ. സ്വകാര്യ കമ്പനികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായാണിത്.

എച്ച്1ബി1 വിസ നിരോധനം മൂലം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് നഷ്ടം 1,200 കോടി രൂപ

എച്ച്1ബി1 വിസയ്ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക്. നടപടി മൂലം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് 1,200 കോടി രൂപയുടെ നഷ്ടം ് ഉണ്ടാകുമെന്നാണ് ആദ്യ നിഗമനം.

ചൈനയില്‍ വ്യാപിക്കുന്നതിന് മുമ്പേ ലോകത്ത് കൊറോണ വൈറസ് ഉണ്ടായിരുന്നുവെന്ന് ഓക്‌സ്ഫഡ് വിദഗ്ധന്‍

ചൈനയില്‍ കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടും മുമ്പുതന്നെ കൊറോണ വൈറസ് ലോകമെമ്പാടും നിലവിലുണ്ടായിരുന്നുവെന്ന് ഓക്‌സ്ഫഡിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിനിലെ സീനിയര്‍ അസോസിയേറ്റ് ട്യൂട്ടറും, ന്യൂകാസില്‍ സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറുമായ ടോം ജെഫേഴ്‌സണ്‍. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വൈറസ് മഹാമാരിയായി പടരുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാമത്

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്നതിനുള്ള കേരളത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായി. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി വനിത

കേരളത്തിലെ ആദ്യ വനിതാ ഇന്‍കം ടാക്്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ചുമതലയേല്‍ക്കുന്നു. തിരുവനന്തപുരം സ്വദേശിനിയായ ശശികല നായരാണ് സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറായി സ്ഥാനമേല്‍ക്കുന്നത്. ധനം, പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയങ്ങളില്‍ ഉയര്‍ന്ന തസ്തികയില്‍ മുപ്പതു വര്‍ഷത്തിലേറെ പ്രവര്‍ത്തനാനുഭവമുള്ള വനിതയാണ് ശശികല.

ഇന്ത്യയുടെ ജിഡിപി 6 ശതമാനം ചുരുങ്ങുമെന്ന് സിറ്റി ഗ്രൂപ്പ്

കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ ആറ് ശതമാനത്തിന്റെ സങ്കാചമുണ്ടാകുമെന്ന നിരീക്ഷണവുമായി സിറ്റി ഗ്രൂപ്പ്. ഏപ്രില്‍- ജൂണ്‍ സാമ്പത്തിക പാദത്തില്‍ സമ്പദ്വ്യവസ്ഥ 21 ശതമാനം ഇടിഞ്ഞെന്ന പുതിയ കണക്കിന്റെ പിന്‍ബലത്തോടെയാണ് ബ്രോക്കറേജിന്റെ പുതിയ പുനരവലോകനം.

പേടിഎം, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക്

പ്രമുഖ ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയായ പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി പേടിഎമ്മും സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയും ചേര്‍ന്ന് മുംബൈ ആസ്ഥാനമായ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രഹേജ ക്യുബിഇ യെ ഏറ്റെടുക്കും. നിലവില്‍ രഹേജ ക്യുബിഇയില്‍ പ്രിസം ജോണ്‍സണ്‍ കമ്പനിക്ക് 51 ശതമാനവും ക്യുബിഇ ഓസ്ട്രേലിയയ്ക്ക് 49 ശതമാനം ഓഹരിയുമാണ് ഉള്ളത്. 568 കോടി രൂപയുടെ ഏറ്റെടുക്കല്‍ ഇടപാടാണ് പേടിഎമ്മുമായി നടക്കുക. നേരത്തേ പ്രിസം ജോണ്‍സണ്‍ ഡയറക്റ്റര്‍ ബോര്‍ഡ് തങ്ങളുടെ കൈവശമുള്ള 51 ശതമാനം ഓഹരി 289.68 കോടി രൂപയ്ക്ക് വിറ്റഴിക്കാന്‍ തീരുമാനിച്ചിരുന്നു.

5,600 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) സഹായിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ലോക ബാങ്ക് 750 ദശലക്ഷം ഡോളര്‍ (ഏകദേശം 5,600 കോടി രൂപ) വായ്പ നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാമ്പത്തിക കാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖാരെ, ലോക ബാങ്കിനെ പ്രതിനിധീകരിച്ച് കണ്‍ട്രി ഡയറക്ടര്‍ (ഇന്ത്യ) ജുനൈദ് അഹ്മദ് എന്നിവരാണ് കരാര്‍ ഒപ്പിട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here