ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 08, 2020

ഇന്ന് കേരളത്തില്‍ 301 കോവിഡ് ബാധിതര്‍; ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്

കേരളത്തില്‍ ഇന്നു മാത്രമായി 301 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ഇതില്‍ 90 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗികളായവര്‍. ഇന്നലെ ആകെ 272 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതേസമയം ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധയുണ്ടായത്.

സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന് കോവിഡ് പോസിറ്റീവായവര്‍. കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 742,417 (ഇന്നലെ വരെയുള്ള കണക്ക്: 719,665 )

മരണം : 20,642 (ഇന്നലെ വരെയുള്ള കണക്ക്: 20,160)

ലോകത്ത് ഇതുവരെ

രോഗികള്‍:11,829,602 (ഇന്നലെ വരെയുള്ള കണക്ക്: 11,620,096 )

മരണം :544,163 ( ഇന്നലെ വരെയുള്ള കണക്ക്: 538,058 )

ഓഹരിവിപണിയില്‍ ഇന്ന്

രാവിലെ മുതല്‍ ചാഞ്ചാട്ടത്തിലായിരുന്ന സൂചികകള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. സെന്‍സെക്സും നിഫ്റ്റിയും തുടര്‍ച്ചയായ അഞ്ചു ദിവസം നേട്ടം കാണിച്ചെങ്കിലും ഇന്ന് റെഡ് സോണിലേക്ക് വീഴുകയായിരുന്നു. ഓട്ടോ, ഐടി സൂചികകളാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്. സെന്‍സെക്സ് 345.51 പോയ്ന്റ് അഥവാ 0.94 ശതമാനം താഴ്ന്ന് 36329.01 ലും നിഫ്റ്റി 0.87 ശതമാനം താഴ്ന്ന് 93.90 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 10 കമ്പനികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. 13.14 ശതമാനം നേട്ടം നല്‍കി ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരികളാണ് മുന്നില്‍. കേരള ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്ക് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില 2.84 ശതമാനം ഉയര്‍ന്ന് 14.13 രൂപയായി. സിഎസ്ബി ബാങ്ക് ഓഹരികള്‍ 3.11 ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 2.68 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 0.75 ശതമാനവും താഴേക്കു പോയി. മണപ്പുറം ഫിനാന്‍സ്(3.08 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്(2.76ശതമാനം), മുത്തൂറ്റ് ഫിനാന്‍സ്(1.73) തുടങ്ങിയവയുടെ ഓഹരികളും നഷ്ടത്തിലായിരുന്നു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4540(ഇന്നലെ : 4,515 രൂപ)

വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ വില. ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. പവന് 200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,540 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 36,320 രൂപയും.

ഒരു ഡോളര്‍ : 74.97 രൂപ (ഇന്നലെ :74.80 രൂപ)

ക്രൂഡ് ഓയ്ല്‍ :

WTI Crude40.56-0.06
Brent Crude43.11+0.03
Natural Gas1.853-0.023

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

കോവിഡ് വായുവില്‍ കൂടിയും പകരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവില്‍ കൂടിയും പകരുമെന്ന പഠനങ്ങള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഇത്തരമൊരു അഭിപ്രായം ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നത് രോഗവ്യാപനം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളിലും കരുതലിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥയായ മരിയ വാന്‍ കെര്‍ക്കോവാണ് രോഗം വായുവില്‍ കൂടി പകരാമെന്ന പഠനങ്ങള്‍ ഉള്ളതായി ആദ്യം വ്യക്തമാക്കിയത്.

കുല്‍ഭൂഷണ്‍ ജാഥവിന് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് പാകിസ്ഥാന്‍

വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണ്‍ ജാഥവ് അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് പാകിസ്ഥാന്‍.പക്ഷേ, ജാഥവ് ദയാഹര്‍ജിയില്‍ തുടര്‍നടപടി ആവശ്യപ്പെട്ടുവെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ജാഥവിന് കുടുംബാംഗങ്ങളെ വീണ്ടും കാണാന്‍ അവസരം നല്‍കും. ഇന്ത്യന്‍ ചാരനെന്നു പറഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ട ജാഥവിന്റെ വധശിക്ഷ പുനഃപരിശോധിക്കാനുള്ള നിയമനടപടികള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.

സ്വര്‍ണ ബോണ്ട് വില്‍പ്പന ജൂലൈ 10 വരെ

2020 - 21 സാമ്പത്തിക വര്‍ഷത്തെ സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ജൂലൈ 10ന് അവസാനിക്കും. ഇഷ്യു വില 4,852 രൂപയാണ്. കഴിഞ്ഞ മാസത്തെ ഇഷ്യു വില 4,677 രൂപയായിരുന്നു. ജൂലൈ ആറിനാണ് സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ആരംഭിച്ചത്. മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

സ്വര്‍ണക്കടത്തുകേസ്: സി ബി ഐ സംഘം കസ്റ്റംസില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതായതിനാല്‍ പ്രാഥമിക വിവരരേഖരണത്തിനു വേണ്ടി സി ബി ഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തി അധികൃതരുമായി ചര്‍ച്ച നടത്തി. എന്‍ ഐ എ ഉള്‍പ്പെടെയുള്ള മറ്റ് അന്വേഷണ ഏജന്‍സികളും കേസിനെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍ മാസം വരെ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. 1.49 ലക്ഷം കോടി രൂപ ചെലവഴിക്കുന്ന പദ്ധതി 81 കോടി ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

നേപ്പാളില്‍ ഭരണ പ്രതിസന്ധി രൂക്ഷം

പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി സഹ ചെയര്‍മാനുമായ പുഷ്പകമല്‍ ദഹല്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരുന്ന പാര്‍ട്ടിയുടെ നിര്‍ണായക സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം അവസാനം നിമിഷം മാറ്റി.

പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്

ലോക്ഡൗണിന് ശേഷം പുതിയ ചിത്രങ്ങള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അനുബന്ധമായി ഈയിടെ ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്ന സാഹചര്യത്തിലാണ് പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബര്‍ വിലക്കിയത്. ഇതേ കാരണത്താല്‍ തന്നെ പുതിയ ചിത്രങ്ങള്‍ തുടങ്ങുന്നതില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പി രാധാകൃഷ്ണന്‍ എല്‍ഐസി റീജണല്‍ മാനേജര്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുള്ള പെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് സ്‌കീംസ് റീജണല്‍ മാനേജരായി പി. രാധാകൃഷ്ണന്‍ ചെന്നൈയില്‍ നിയമിതനായി. എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജരാണിപ്പോള്‍. കമ്പനികളുടെയും സര്‍ക്കാരുകളുടെയുമൊക്കെ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ ഗ്രൂപ്പ് നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് പെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് സ്‌കീംസ്.

ഫ്രാങ്ക്‌ളിന്റെ 6 ഫണ്ടുകളിലേക്ക് 6000 കോടി രൂപയെത്തുമെന്ന് ചീഫ് ഇന്‍വെസ്റ്റ് മെന്റ് ഓഫീസര്‍

പ്രവര്‍ത്തനം മരവിപ്പിച്ച ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിലെ 6000 കോടി രൂപയുടെ നിക്ഷേപം ഉടനെ തിരിച്ചെടുക്കാനാകുമെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ സന്തോഷ് കാമത്ത്. ദ്വിതീയ വിപണിയിലൂടെ വിറ്റഴിച്ച് പണം തിരിച്ചെടുക്കുന്നതിനു പുറമെ, കാലാവധിയെത്തുന്ന കടപ്പത്രങ്ങളില്‍നിന്ന് പണം ലഭിക്കുകയും ചെയ്യുന്നതോടെ ഈ തുക സമാഹരിക്കാനാകുമെന്ന് നിക്ഷേപകര്‍ക്ക് അയച്ച പോഡ്കാസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

ഹ്രസ്വകാല വായ്പാ പലിശ നിരക്ക് കുറച്ച് എസ്.ബി.ഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹ്രസ്വ കാല വായ്പകളുടെ പലിശ നിരക്ക് കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള മൂന്നു മാസം വരെയുള്ള പലിശ 5-10 ബേസിസ് പോയിന്റ് ആണ് കുറച്ചത്. ഇതോടെ മൂന്നു മാസ കാലയളവിലുള്ള പലിശ 6.75 ശതമാനത്തില്‍നിന്ന് 6.65 ശതമാനമായി കുറയും.

ഡബ്ല്യൂ.എച്ച്.ഒ ബന്ധം അമേരിക്ക അവസാനിപ്പിച്ചു; പ്രതിഷേധം വ്യാപകം

ലോകമെങ്ങും കോവിഡിനെതിരായ പോരാട്ടം തുടരുകയും അമേരിക്കയില്‍ രോഗികള്‍ കുത്തനെ വര്‍ധിക്കുകയും ചെയ്യുന്നതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇക്കാര്യം കോണ്‍ഗ്രസിനെയും ഐക്യരാഷ്ട്ര സഭയെയും ട്രംപ് ഭരണകൂടം അറിയിച്ചു. സെനറ്റിന്റെ വിദേശ കാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് അംഗം റോബര്‍ട്ട് മെനന്‍ഡെസ് ആണ് വിവരം ട്വിറ്ററില്‍ അറിയിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it