Top

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 10, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

ഇന്ന് കേരളത്തില്‍ 416 പേര്‍ക്ക് കൂടി കോവിഡ്. 3099 പേരാണ് ഇതുവരെ കോവിഡ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 793,802 (ഇന്നലെ വരെയുള്ള കണക്ക്:767,296)

മരണം : 21,604 (ഇന്നലെ വരെയുള്ള കണക്ക്: 21,129 )

ലോകത്ത് ഇതുവരെ

രോഗികള്‍: 12,268,518 (ഇന്നലെ വരെയുള്ള കണക്ക്: 12,041,480 )

മരണം : 554,924 ( ഇന്നലെ വരെയുള്ള കണക്ക്: 549,468 )

ഓഹരി വിപണിയില്‍ ഇന്ന്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നു. സെന്‍സെക്സ് 143 പോയ്ന്റ് ഇടിഞ്ഞ് 36,594 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സിലെ 30 ഓഹരികളില്‍ എട്ടെണ്ണം മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. നിഫ്റ്റി 45.4 പോയ്ന്റ് ഇടിഞ്ഞ് 10768 ല്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. അമേരിക്കയിലും മറ്റും കോവിഡ് കേസുകള്‍ ഉയരുന്നതും സാമ്പത്തിക വ്യവസ്ഥ കരകയറാന്‍ ഇനിയും സമയമെടുക്കുമെന്നുള്ള നിഗമനങ്ങളുമാണ് ആഗോള വിപണിയെ ബാധിച്ചത്. ഇന്ത്യന്‍ വിപണിയിലും പ്രാദേശികമായ ലോക്ക് ഡൗണുകള്‍ വര്‍ധിക്കുന്നതും കേസുകള്‍ വര്‍ധിക്കുന്നതും വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഇന്ന് എട്ട് കമ്പനികള്‍ മാത്രമാണ് ഗ്രീന്‍ സോണിലുണ്ടായിരുന്നത്. ബാങ്ക് ഓഹരികളുടെയെല്ലാം വില താഴേക്ക് പോയി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 4.18 ശതമാനവും സിഎസ് ബി ബാങ്ക് ഓഹരി വില 2.10 ശതമാനവും ഫെഡറല്‍ ബാങ്ക് 1.81 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.63 ശതമാനവും ഇടിഞ്ഞു. അതേ സമയം, ധനകാര്യ മേഖലയിലെ ഓഹരികളാണ് മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ജിയോജിത്ത്, ഇന്‍ഡിട്രേഡ് എന്നിവയുടെ വില ഉയര്‍ന്നു. ആസ്റ്റര്‍ ഡിഎം, ഈസ്റ്റേണ്‍ ട്രെഡ്സ്, വെര്‍ട്ടെക്സ്, വിക്ടറി പേപ്പര്‍ തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4575 രൂപ ഇന്നലത്തെ വിലയില്‍ മാറ്റമില്ല

ഒരു ഡോളര്‍: 75.20 രൂപ (ഇന്നലെ : 75.02 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude 39.90 +0.71%
Brent Crude 42.57 +0.52%
Natural Gas 1.801 +1.24%

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

കോവിഡ് അവലോകനത്തിന് സ്വതന്ത്ര പാനലുമായി ലോകാരോഗ്യ സംഘടന

കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും ലോകമെമ്പാടുമുളള സര്‍ക്കാരുകളുടെ പ്രതികരണത്തെ കുറിച്ചും അവലോകനം നടത്തുന്നതിനായി ഒരു സ്വതന്ത്ര പാനല്‍ രൂപീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറാനുളള തീരുമാനം യുഎസ് ഐക്യരാഷ്ട്രസഭയെ അറിയിച്ചതിന് പിറകെയാണ് സ്വതന്ത്രപാനല്‍ രൂപീകരിക്കുന്നത്. മുന്‍ ന്യുസീലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്, മുന്‍ ലൈബേരിയന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ പാനലിന് നേതൃത്വം നല്‍കാമെന്ന് സമ്മതിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു.

എച്ച്ഡിഎഫ്സിയിലെ ഓഹരി ചൈനീസ് ബാങ്ക് വിറ്റു

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു നിക്ഷേപത്തില്‍ നിന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പിന്മാറി. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഒന്നായ എച്ച്ഡിഎഫ്സിയില്‍ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോള്‍ ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തം പിബിഒസി ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ എച്ച്ഡിഎഫ്സി പുറത്തുവിട്ട ഷെയര്‍ഹോള്‍ഡിംഗ് വിവരരേഖയില്‍ പിബിഒസിയില്ല.

ഐഡിബിഐ ബാങ്കിന്റെയും കോള്‍ ഇന്ത്യയുടെയും ഓഹരി വില്പ്പനയ്ക്ക് സര്‍ക്കാര്‍ നീക്കം

സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്താന്‍ കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി വില്‍പ്പനാ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.20,000 കോടി രൂപ (2.7 ബില്യണ്‍ ഡോളര്‍)യാണ് സമാഹരണ ലക്ഷ്യം. ഇതിനായി വിപണിയിലെ നീക്കങ്ങള്‍ വിലയിരുത്തി വരികയാണ് സര്‍ക്കാരിനു വേണ്ടി വിദഗ്ധര്‍. കോവിഡ് വ്യാപനം മൂലം ദീര്‍ഘകാലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് സമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കി. ഇത് മൂലം ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകാത്ത നിലയാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകളുടെ ഭാഗമായി ഓഹരി വില്‍പ്പനാ നീക്കം.

പിഎന്‍ബി വായ്പയിലൂടെ ഡിഎച്ച്എഫ്എല്‍ തട്ടിപ്പ് 3700 കോടിയുടേത്

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന് (ഡിഎച്ച്എഫ്എല്‍) 3,688.58 കോടി രൂപ വായ്പ നല്‍കിയതിനു പിന്നില്‍ അടിമുടി തട്ടിപ്പു നടന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് സമ്മതിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ ആണ് രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാലാമത്തെ അഴിമതി ഏറ്റു പറഞ്ഞത്. മുംബൈ കോര്‍പ്പറേറ്റ് ബ്രാഞ്ചിലെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടിലൂടെയാണ് ഡിഎച്ച്എഫ്എല്‍ കൃത്രിമ രേഖകള്‍ ഹാജരാക്കി വായ്പ വാങ്ങിയത്.നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനിയായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് നിലവില്‍ പാപ്പരത്ത നടപടികളിലാണ്.

ഇന്ത്യന്‍ ഐ.ടി മേഖലയുടെ തളര്‍ച്ച വ്യക്തമാക്കുന്ന പാദ വര്‍ഷ ഫലവുമായി ടിസിഎസ്

കോവിഡ് മൂലം ഇന്ത്യന്‍ ഐ ടി മേഖലയിലുണ്ടായ തളര്‍ച്ചയുടെ വ്യക്തമായ സൂചന നല്‍കി ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തിലെ ഫലങ്ങളുമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ലാഭത്തില്‍ 13.81 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ പാദത്തില്‍ 7,008 കോടി രൂപയാണ് അറ്റാദായം.കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസം 8131 കോടിയുണ്ടായിരുന്നു. അതേസമയം, കമ്പനിയുടെ ഏകീകൃത വരുമാനം 0.39 ശതമാനം ഉയര്‍ന്ന് 38,322 കോടി രൂപയായി.

ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മാറ്റങ്ങള്‍ വരുന്നു

പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ നയത്തിലും നടത്തിപ്പിലും വരുത്തേണ്ട മൂന്നു മാറ്റങ്ങളാണ് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.

മാറ്റങ്ങള്‍ ഇവയാണ്. കൂടുതല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക.

യെസ് ബാങ്ക് കേസില്‍ കപൂര്‍, വാധവാന്‍മാരുടെ 2800 കോടി മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടി

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍, ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരായിരുന്ന കപില്‍ വാധവാന്‍, ധീരജ് വാധവാന്‍ എന്നിവരുടെ 2,800 കോടി രൂപയിലേറെ മൂല്യം വരുന്ന ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡിഎച്ച്എഫ്എല്‍ യെസ് ബാങ്കില്‍ നിന്ന് കൃത്രിമ നടപടിക്രമങ്ങളിലൂടെ വായ്പ നേടി തട്ടിപ്പു നടത്തിയെന്ന കേസിന്റെ ഭാഗമായാണ് നടപടി.

യെസ് ബാങ്ക് ഓഹരിയൊന്നിന് 12 രൂപ

യെസ് ബാങ്ക് എഫ്പിഒയുടെ ഓഹരി വില നിശ്ചയിച്ചു. ഓഹരിയൊന്നിന് 12 രൂപ നിരക്കില്‍ 15,000 കോടി രൂപയാണ് സമാഹരിക്കാനൊരുങ്ങുന്നത്. ക്യാപ് പ്രൈസ് 13 രൂപ. യോഗ്യരായ ജീവനക്കാര്‍ക്ക് ഓഹരിയൊന്നിന് 12 രൂപ നിരക്കില്‍ ലഭിക്കും.1000 ഓഹരികളടങ്ങിയ ലോട്ടായിട്ടായി വില്പന നടത്തും. ജൂലായ് 15 ആരംഭിച്ച് 17ന് ഫോളോ ഓണ് പബ്ലിക് ഓഫര്‍ അവസാനിക്കും.

ഡെയ്‌ലി ഹണ്ടും പബ്ജിയും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് കരസേനയുടെ വിലക്ക്

ന്യൂസ് ആപ്പ് ആയ ഡെയ്ലി ഹണ്ട്, ഏറ്റവുമധികം ഉപയോക്താക്കളുള്ള ഗെയ്മിംഗ് ആപ്പുകളിലൊന്നായ പബ്ജി എന്നിവയുടെ ഉപയോഗം കരസേനാംഗങ്ങള്‍ക്കിടയില് നിരോധിച്ചു. ഇവയോടൊപ്പം നേരത്തെ തന്നെ ഉപയോഗം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്ന ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് ഉള്‍പ്പെടെയുള്ള 87 ആപ്പുകള്‍ക്കും വിലക്കുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്താണ് കരസേനാംഗങ്ങള്‍ക്കിടയില്‍ ഇനി ഒരു അറിയിപ്പുണ്ടാകും വരെ ഈ 89 സമൂഹമാധ്യമ സൈറ്റുകളുടെ ഉപയോഗം പാടില്ലെന്ന് സേനാ നേതൃത്വം അറിയിച്ചിട്ടുള്ളത്.

ഇന്ത്യ-യുഎഇ സ്‌പെഷ്യല്‍ വിമാന സര്‍വ്വീസ് ജൂലൈ 12 മുതല്‍

ജൂലൈ 12 മുതല്‍ 26 വരെ ഇന്ത്യ-യുഎഇ സ്‌പെഷ്യല്‍ വിമാന സര്‍വ്വീസ് നടത്താന്‍ ഇന്ത്യയുടെയും യുഎഇയുടെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ ഭാഗമായി, നിലവില്‍ ഇന്ത്യയിലുള്ള യുഎഇ നിവാസികളെ യുഎഇയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിന്, ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ പ്രത്യേക ക്രമീകരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

റെയില്‍വെ ജീവനക്കാര്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ പുതിയ ഉപകരണം

കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് പുതിയ ഉപകരണം വികസിപ്പിച്ച് ദക്ഷിണ റെയില്‍വെയ്ക്കു കീഴിലുള്ള തിരുവനന്തപുരം ഡിവിഷന്‍. ഉപകരണം ധരിച്ച രണ്ടോ അധിലധികമോ ആളുകള്‍ രണ്ടോ, മൂന്നോ മീറ്ററിനുള്ളില്‍ വന്നാല്‍ മുന്നറിയിപ്പ് നല്‍കും. മൂന്നുമീറ്ററിനപ്പുറം ആളുകള്‍ മാറുന്നതുവരെ ഉപകരണം ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. 800 രൂപയില്‍ താഴെയാണ് തൃശ്ശൂരിലെ ആര്‍ നിധീജ് വികസിപ്പിച്ച ഉപകരണത്തിന് ചെലവ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 12 മണിക്കൂറിലേറെ സമയം ഉപയോഗിക്കാം.

സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമെന്ന് എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പി.എസ്. സരിത്ത്, സ്വപ്ന പ്രഭ സുരേഷ്, ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരെ പ്രതി ചേര്‍ത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. കേസിന് ദേശീയ-അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് എന്‍ഐഎ കരുതുന്നു.വിദേശത്ത് നിന്നും വലിയ തോതില്‍ സ്വര്‍ണമെത്തിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. യുഎപിഎ നിയമ പ്രകാരം സ്വര്‍ണക്കടത്തിനെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കി. സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ അനുമതി തേടി

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ അനുമതി തേടി. യു.എ.ഇ. എംബസിക്കാണ് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കിയത്. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.അതേസമയം, കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇ വിലയിരുത്തി. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it