ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 20, 2020

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൂടി കോവിഡ്. ഓക്‌സ്‌ഫോര്‍ഡ് കൊറോണ വാക്‌സിന്‍ ആദ്യ ട്രയല്‍ ഫലം കണ്ടു. അമേരിക്കയില്‍ നിന്നുള്ള 1.5 ബില്യണ്‍ ഡോളര്‍ കരാര്‍ ഇന്‍ഫോസിസിന്. ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

-Ad-
കൊറോണ അപ്ഡേറ്റ്സ്
ഇന്ന് കേരളത്തില്‍

കേരളത്തില്‍ 794 പേര്‍ക്ക് കൂടി കോവിഡ്. 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,118,043 (ജൂലൈ 18 വരെയുള്ള കണക്ക്: 1038716)

മരണം : 27,497 (ജൂലൈ 18 വരെയുള്ള കണക്ക്: 26273 )

-Ad-
ലോകത്ത് ഇതുവരെ

രോഗികള്‍: 14,288,689 (ജൂലൈ 18 വരെയുള്ള കണക്ക് : 14127864 )

മരണം : 602,138 (ജൂലൈ 18 വരെയുള്ള കണക്ക് : 603289)

ഓഹരി വിപണിയില്‍ ഇന്ന്

ഇന്ത്യന്‍ ഓഹരി വിപണി അതിന്റെ മുന്നേറ്റം തുടരുകയാണ്. ഐറ്റി, ഫൈനാന്‍ഷ്യല്‍ കമ്പനികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും ഇന്ന് ഉയര്‍ന്നത് ഒരു ശതമാനത്തിലേറെ. 399 പോയ്ന്റ് ഉയര്‍ന്ന് (1.08 ശതമാനം) സെന്‍സെക്സ് 37,418ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 11,000 എന്ന തലം ഇന്ന് കടന്നു. 120.50 പോയ്ന്റുകള്‍ (1.11 ശതമാനം) ഉയര്‍ന്ന് നിഫ്റ്റി 11,022 ലെത്തി. സുപ്രീംകോടതിയുടെ കേസ് പരിഗണിക്കുന്ന ദിനമായിരുന്നതിനാല്‍ ടെലികോം ഓഹരികളായിരുന്നു ഇന്ന് ശ്രദ്ധ നേടിയ മറ്റൊരു വിഭാഗം. വോഡഫോണ്‍ ഐഡിയയുടെ കോടതിയിലെ ചില വെളിപ്പെടുത്തലുകള്‍ മൂലം കമ്പനിയുടെ ഓഹരികളില്‍ കനത്ത ചാഞ്ചാട്ടം ദൃശ്യമായി. ഭാരതി എയര്‍ടെല്‍ ഓഹരി വില രണ്ടുശതമാനം ഉയര്‍ന്നു. മികച്ച സാമ്പത്തിക ഫലത്തിന്റെ പിന്‍ബലത്തില്‍ എച്ച് ഡി എഫ് സി ബാങ്കിന്റെ ഓഹരി വില മൂന്നുശതമാനത്തോളം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസനോളം കേരള കമ്പനികള്‍ ഇന്ന് കഴിഞ്ഞ വാരാവസാനത്തേക്കാള്‍ നിലമെച്ചപ്പെടുത്തി. ബാങ്കിംഗ് ഓഹരികള്‍, കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്തു. ജിയോജിത് വിലയില്‍ ഒരു ശതമാനത്തിലേറെ ഇടിവുണ്ടായി. പ്രമുഖ എന്‍ബിഎഫ്സികളില്‍ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും നില മെച്ചപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വിലയില്‍ നേരിയ ഇടിവുണ്ടായി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,575 രൂപ (ഇന്നലെ 4,576 രൂപ )

ഒരു ഡോളര്‍: 74.77 രൂപ (ജൂലൈ 18 ന്: 74.90 രൂപ)

ക്രൂഡ് ഓയ്ല്‍
WTI Crude40.27-0.32
Brent Crude42.80-0.34
Natural Gas1.644-0.074
കൂടുതല്‍ വാര്‍ത്തകള്‍ ചുരുക്കത്തില്‍

കോവിഡ് വാക്സിന്‍: ഓക്സ്‌ഫോര്‍ഡിലെ ആദ്യ ട്രയല്‍ വിജയം

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്സിന്‍ കുത്തിവച്ചവരില്‍  കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തില്‍ തെളിഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ ശുഭസൂചനകള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതിന്റെ ഒരു കോടി ഡോസുകള്‍ ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ നിന്നുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇന്‍ഫോസിസിന്

അമേരിക്കയിലെ ഭീമന്‍ നിക്ഷേപ സ്ഥാപനമായ വാന്‍ഗാര്‍ഡില്‍ നിന്നുള്ള 1.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാട് സ്വന്തമാക്കി ഇന്‍ഫോസിസ്. ഇന്‍ഫോസിസിന്റെ  ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടാണിത്. കരാര്‍ പത്ത് വര്‍ഷം വരെ പുതുക്കിയേക്കാമെന്നും അങ്ങനെയെങ്കില്‍ ഇടപാട് മൂല്യം 2 ബില്യണ്‍ ഡോളര്‍ വരെയാകാനിടയുണ്ടെന്നുമാണ് സൂചന. ഇന്ത്യന്‍ കമ്പനികളുള്‍പ്പെടെയുള്ളവയുമായുള്ള കടുത്ത മത്സരത്തിന് ശേഷമാണ് ഇന്‍ഫോസിസ് കരാര്‍ സ്വന്തമാക്കിയത്.പല പ്രമുഖരേയും മറികടന്നാണ് ഇന്‍ഫോസിസ് ഈ നേട്ടം സ്വന്തമാക്കിയത്. അവസാന റൗണ്ടില്‍ വിപ്രോയുമായായിരുന്നു കടുത്ത മത്സരം.ഇന്ത്യന്‍ കമ്പനിയായ ടിസിഎസും ഐറിഷ് കമ്പനിയായ ആക്‌സെന്‍ച്വറും രംഗത്ത് വന്നിരുന്നു. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസിന് 1.7 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ കിട്ടിയിട്ടുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പുതിയ കരാര്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല,

ഐടി വകുപ്പിന്റെ ഇ-കാമ്പയിന്‍;ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അറിയിച്ചില്ലെങ്കില്‍ കുരുങ്ങും

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതെ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തിയിട്ടുള്ളവര്‍ക്ക് കുരുക്ക് വീഴും.വിശദപരിശോധനയ്ക്കായി ജൂലായ് 20 മുതല്‍ 11 ദിവസത്തെ ഇ-കാമ്പയിന്‍ ഐടി വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ഇതുവരെ നികുതി റീഫണ്ട് ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇടപാടുകള്‍ സംബന്ധിച്ച തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്.

ജിയോമാര്‍ട്ട് ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍; 200 നഗരങ്ങളില്‍ സേവനം ലഭ്യം

റിലയന്‍സ് ജിയോമാര്‍ട്ട് ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലെത്തി. ഫ്രഷ് ആയിട്ടുള്ള പഴങ്ങളും പച്ചക്കറിയും പ്രധാന ഭക്ഷണ പദാര്‍ഥങ്ങളും, പാനീയങ്ങള്‍, ബ്രാന്‍ഡഡ് ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയൊക്കെയാണ് തുടക്കത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ 200 നഗരങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കും.

ശൂന്യാകാശത്തില്‍ ശത്രുവിനെ ചെറുക്കാന്‍ അമേരിക്ക ഔട്ട്പോസ്റ്റ് നിര്‍മ്മിക്കുന്നു

യുദ്ധം കരയില്‍ നിന്നും കടലില്‍ നിന്നും മാറി ശൂന്യാകാശത്തേക്കു മാറുന്നതിന്റെ സാദ്ധ്യത മുന്നില്‍ കണ്ട്, അമേരിക്ക ശൂന്യാകാശത്ത് ഔട്ട്പോസ്റ്റ് നിര്‍മ്മിക്കാനൊരുങ്ങുന്നു. ഇതിന്റെ നിര്‍മ്മാണവും നിയന്ത്രണവും യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണിനാണ്. പുതിയ നാവിഗേഷന്‍ സിസ്റ്റം ചൈന വികസിപ്പിച്ചതു മുതലാണ് ഇത്തരമൊരു നീക്കത്തിന് അമേരിക്ക ആക്കം കൂട്ടിയത്.

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വ്യാപകം: മുന്നറിയിപ്പുമായി സര്‍ക്കാര്‍

ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) മുന്നറിയിപ്പ് നല്‍കി. കോവിഡില്‍ ഓണ്‍ലൈന്‍വ്യാപാരം കൂടിയ സാഹചര്യത്തില്‍ ഷോപ്പിങ് സൈറ്റുകളെയാണ് തട്ടിപ്പുസംഘം ലക്ഷ്യംവെക്കുന്നത്.

ഇന്‍ഡിഗോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടും

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സിഇഒ റോനോജോയ് ദത്ത പറഞ്ഞു.ഞങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് ചില ത്യാഗങ്ങള്‍ ചെയ്യാതെ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുക അസാധ്യമാണ്. സാധ്യമായ എല്ലാ സാഹചര്യങ്ങളും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് ദത്ത വിശദീകരിച്ചു.

കടം പരിധിക്കപ്പുറത്തേക്ക്; ലക്ഷ്യങ്ങള്‍ പാളി ഇന്ത്യ

2020 മാര്‍ച്ച് മുതല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉലഞ്ഞതോടെ സര്‍ക്കാരിന് വര്‍ദ്ധിച്ച തോതില്‍ വായ്പയെടുക്കേണ്ടിവരുന്നതിനാല്‍ ഇന്ത്യയുടെ കടം 170 ട്രില്യണ്‍ രൂപയിലേക്ക് ഉയര്‍ന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുറത്തുവിട്ട ‘ ഇക്കോറാപ്പ് ‘റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ കടം നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2020-21) മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 87.6 ശതമാനം വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here