ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 27, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ്. 19727 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :1,435,453 (ജൂലൈ 25 വരെയുള്ള കണക്ക്: 1336861 )

മരണം : 32,771 (ജൂലൈ 25 വരെയുള്ള കണക്ക്: 31358)

ലോകത്ത് ഇതുവരെ

രോഗികള്‍: 16,252,541(ജൂലൈ 25 വരെയുള്ള കണക്ക്: 15762392)

മരണം:648,637(ജൂലൈ 25 വരെയുള്ള കണക്ക്: 640278 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,825രൂപ (ഇന്നലെ 4,766 രൂപ )

ഒരു ഡോളര്‍: 74.74രൂപ (ഇന്നലെ: 74.71 രൂപ )

ക്രൂഡ് ഓയ്ല്‍

WTI Crude41.63+0.82%
Brent Crude43.67+0.76%
Natural Gas1.772-1.99%

ഓഹരിവിപണിയില്‍ ഇന്ന്

പുതിയ ആഴ്ചയുടെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചത് നേരിയ ഇടിവോടെ. ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണം. വെള്ളിയാഴ്ച, റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 12.5 ശതമാനം വരെയാകാമെന്നും ഏറ്റവും മോശം സാഹചര്യത്തില്‍ ഇത് 14.7 ശതമാനമായാലും അത്ഭുതപ്പെടാനില്ലെന്നും നിരീക്ഷിച്ചിരുന്നു. ഇതാണ് ഇന്ന് വിപണിയെ സ്വാധീനിച്ച ഒരു ഘടകം. സെന്‍സെക്സ് 194 പോയ്ന്റ്, 0.51 ശതമാനം താഴ്ന്ന് 37,935ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 62 പോയ്ന്റ്, 0.52 ശതമാനം താഴ്ന്ന് 11,132ല്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണിയുടെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു ഇന്ന് കേരള കമ്പനികളുടെ ഓഹരിവിലയിലും കണ്ടത്. പത്തോളം കമ്പനികള്‍ മാത്രമായിരുന്നു ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. കേരള ബാങ്കുകളെയെടുത്താല്‍ സി എസ് ബി ബാങ്ക് ഒഴികെയെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. 0.44 ശതമാനത്തിന്റെ നേരിയ നേട്ടമാണ് സി എസ് ബി ബാങ്ക് ഓഹരികള്‍ നേടിയത്. എന്‍ ബി എഫ് സി കളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില നാലു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില ഒരു ശതമാനം നേട്ടമുണ്ടാക്കി. അതേസമയം മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ മൂന്നു ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തി.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

കോവിഡ്: മൂന്ന് ഐസിഎംആര്‍ ലാബുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ആധുനിക കോവിഡ് ലാബുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുംബൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് ലാബുകള്‍. ഇവ കൂടി പ്രവര്‍ത്തനസജ്ജമായതോടെ പരിശോധനകള്‍ കൂട്ടാനാകുമെന്ന് ലാബുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മഹാമാരിയോടൊപ്പം വെളളപ്പൊക്കവും; ദുരന്തമുഖത്ത് ഉത്തരേന്ത്യ

കോവിഡ് മഹാമാരിക്ക് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ദുരിതത്തിലാക്കി വെള്ളപ്പൊക്ക ഭീണിയും. അസമില്‍ ഇരുപത്തിമൂന്ന് ജില്ലകളിലെ 25 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.107 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 457 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,000 പേരാണ് കഴിയുന്നത്.ബ്രഹ്മപുത്രയും പോഷക നദികളും കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്.

എക്‌സോണ്‍ മൊബീലിനെ മറികടന്ന് റിലയന്‍സ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി

ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വിപണിമൂല്യം 43.ശതമാനം ഉയര്‍ന്ന് 189 ബില്യണ്‍ ഡോളറായതോടെ എക്‌സോണ്‍ മൊബീലിനെയാണ് റിലയന്‍സ് മറികടന്നത്.

മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കാന്‍ 4,000 കോടി രൂപ സമാഹരിക്കുന്നു

സൈറസ് മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിലെ ഓഹരികള്‍ ഭാഗികമായി വിറ്റഴിച്ച് 4,000 കോടി രൂപ സമാഹരിക്കുന്നു.ഗ്രൂപ്പിനു കീഴിലുള്ള ഭൂമിവിറ്റ് പണംസമാഹരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് വ്യാപനംമൂലം അത് നടന്നില്ല.വില്‍സണ്‍ സോളാറിന്റെ കടബാധ്യത തീര്‍ക്കുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സണ്‍സില്‍ മിസ്ത്രി കുടുംബത്തിന് 18.5ശതമാനം ഓഹരികളുണ്ട്.

യുഎസ്-ചൈന സംഘര്‍ഷം മൂലം ഇന്ത്യയുടെ രത്ന-സ്വര്‍ണാഭരണ കയറ്റുമതി വര്‍ധിക്കും

യുഎസ്-ചൈന വ്യാപാര സംഘര്‍ഷം ഇന്ത്യയിലെ രത്ന-സ്വര്‍ണാഭരണ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകുമെന്നു വിലയിരുത്തല്‍. ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കിയതോടെ ഹോങ്കോങില്‍ നിന്നുള്ള ഇറക്കുമതിക്ക് 7.5 ശതമാനം നികുതി യുഎസ് ഏര്‍പ്പെടുത്തി. നേരത്തെ 3.3 ശതമാനം മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഏഷ്യയിലെ തന്നെ വന്‍കിട രത്ന-സ്വര്‍ണാഭരണ കയറ്റുമതി ഹബ്ബായി ഹോങ്കോങിനെ വളര്‍ത്താന്‍ ഇത് സഹായിച്ചു.പുതിയ സംഭവ വികാസങ്ങള്‍ ഇന്ത്യയുടെ കയറ്റുമതി വിഹിതം ഉയര്‍ത്താന്‍ സഹായകമാകും.

ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു.സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സംയുക്ത സമരസമിതിയാണ് ഇക്കാര്യം അറിയിച്ചത്.

47 ചൈനീസ് ആപ്പുകള്‍ക്കു കൂടി ഇന്ത്യയില്‍ നിരോധനം

ഇന്ത്യയില്‍ 47 ചൈനീസ് ആപ്പുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിട്ടുള്ളത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം.ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം ഇതോടെ 106 ആയി.ടിക്, ടോക്, യുസി ബ്രൗസര്‍ തുടങ്ങിയ ഏറെ പ്രചാരമുള്ള ചൈനീസ് ആപ്പുകളാണ് നേരത്തെ സര്‍ക്കാര്‍ നിരോധിച്ചത്.

മ്യൂച്വല്‍ ഫണ്ടുകളിലെ ത്രൈമാസ നിക്ഷേപം 1.24 ലക്ഷം കോടി രൂപ

2020 ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളില്‍ 1.24 ലക്ഷം കോടി രൂപ നിക്ഷേപമായെത്തി.അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഓണ്‍ ഇന്ത്യ (ആംഫി) യുടെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ 94,200 കോടി രൂപയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്.1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആര്‍ബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും നിക്ഷേപമായെത്തി. ഫണ്ടുകളുടെ മൊത്തം ആസ്തി ഇക്കാലത്ത് 25.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു. നിക്ഷേപ പലിശ ബാങ്കുകള്‍ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകള്‍ ആകര്‍ഷകമായത്.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേര്‍ന്ന് തീരുമാനിക്കണംം.വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്ക് അസഹനീയ ബുദ്ധിമുട്ടുണ്ടാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം മന്ത്രിസഭാ യോഗം കണക്കിലെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it